21 March Thursday

ഭയം വിതയ്‌ക്കുന്നവർ

എ വി ഫിർദൗസ‌്‌Updated: Tuesday Jul 10, 2018


പോപ്പുലർ ഫ്രണ്ട‌് ഓ‌ഫ‌് ഇന്ത്യ എന്ന പ്രസ്ഥാനം നാൾക്കുനാൾ ജനങ്ങളിൽനിന്ന‌് അകലുകയും കൂടുതൽ ദുരൂഹതകളിലേക്ക‌് നീങ്ങിക്കൊണ്ടിരിക്കുകയുമാണ‌്. ഒരുവശത്ത‌് ‌ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും സാമൂഹ്യനീതിയുടെയും അവകാശവാദങ്ങൾ ഉന്നയിക്കുകയും അത്തരത്തിലുള്ള പ്രചാരണ പരിപാടികൾ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോൾത്തന്നെയാണ‌് ഈ പ്രസ്ഥാനത്തെക്കുറിച്ച‌് ആശങ്കകളും സംശയങ്ങളും വർധിച്ചുകൊണ്ടിരിക്കുന്നത‌്. സമീപകാലത്തായി സംഘപരിവാർ ഫാസിസ്റ്റ‌് ശക്തികൾ ഇവിടെ രൂപപ്പെടുത്തിയെടുക്കാൻ ശ്രമിക്കുന്ന ഭയത്തിന്റെ അന്തരീക്ഷം പോപ്പുലർ ഫ്രണ്ടിന്റെയും  പ്രധാനപ്പെട്ട ഒരു ലക്ഷ്യമാണ‌്. ഭയരഹിത ഇന്ത്യയെക്കുറിച്ച‌് ചുവരെഴുത്തുകൾ സജീവമായി നടത്തുന്ന പ്രസ്ഥാനം, മറുവശത്ത‌് സ്വയം ഒരു ഭയത്തിന്റെ കറുത്ത ശക്തിയായി മാറുകയാണ‌്. ഫാസിസത്തിന്റെ ഹിംസകൾ അകമേ പേറുന്നതുകൊണ്ടാണ‌് സ്വന്തം ഉപരിപ്ലവ വാദഗതികൾക്ക‌് വിരുദ്ധമായ വിധത്തിൽ ഈ പ്രസ്ഥാനത്തെക്കുറിച്ച‌് പൊതുസമൂഹത്തിൽ ഭീതികൾ ഉണ്ടായിവരുന്നത‌്. ജനങ്ങളിൽ ഭീതിയും സംശയങ്ങളും നിറയ‌്ക്കുന്ന ഏതൊരു പ്രസ്ഥാനവും ആത്യന്തികമായി ജനാധിപത്യവിരുദ്ധവും മാനവവിരുദ്ധവും ആയിരിക്കുന്നതിനാൽതന്നെ പോപ്പുലർ ഫ്രണ്ട‌് ഓഫ‌് ഇന്ത്യയും ഇന്ത്യൻ സമൂഹത്തിന‌് വിരുദ്ധമായ ഒരു ഭ്രാന്തമായ ആൾക്കൂട്ടമാണ‌്.

1993ൽ കേരളത്തിൽ പ്രത്യക്ഷപ്പെട്ട എൻഡിഎഫ‌് എന്ന മൂന്നക്ഷരം നാഷണൽ ഡെവലപ‌്മെന്റ‌് ഫ്രണ്ട‌് എന്നും നാഷണൽ ഡെമോക്രാറ്റിക‌് ഫ്രണ്ട‌് എന്നും മാറിമാറി ചിലർ വ്യാഖ്യാനിക്കുന്നത‌് കേട്ടിരുന്നു. എന്നാൽ, അന്നൊന്നും അതിന്റെ വക്താക്കൾ ഞങ്ങൾ ഡെവലപ‌്മെന്റ‌് ഫ്രണ്ടാണ‌് അല്ലെങ്കിൽ ഡെമോക്രാറ്റിക‌് ഫ്രണ്ടാണ‌് എന്ന‌ വ്യക്തതയുമായി രംഗത്തുവരികയുണ്ടായില്ല.  ഒരു പുകമറയുടെയും അവ്യക്തതയുടെയും സഹായം എന്നുമവർക്ക‌് ആവശ്യമുണ്ടായിരുന്നു. പിന്നീട‌് ഇന്ത്യയിലെ പല പേരുകളിലും നിലനിന്ന ഏതാനും സംഘടനകളെ ഒന്നിച്ചുചേർത്താണ‌് പോപ്പുലർ ഫ്രണ്ട‌് ഓഫ‌് ഇന്ത്യ രൂപംകൊണ്ടത‌്.പ്രത്യക്ഷത്തിൽ നേതൃവേഷം അണിയുന്ന ഏതാനും വ്യക്തികൾക്കപ്പുറത്ത‌് ചില ആഗോളബുദ്ധികളും ദുർബുദ്ധികളും ഈ പ്രസ്ഥാനത്തെ ചരടുകൾ വലിച്ച‌് നിയന്ത്രിക്കുന്നുണ്ടെന്ന‌് വ്യക്തം. ആഗോളതലത്തിൽ മുസ്ലിങ്ങൾക്കുമാത്രമല്ല മനുഷ്യരാശിക്കുതന്നെയും ഭീഷണിയായി പ്രത്യക്ഷപ്പെട്ടശേഷം ഇപ്പോൾ പിൻവാങ്ങി നിൽക്കുന്ന ഇസ്ലാമിക‌് സ‌്റ്റേറ്റിന്റെയും പോപ്പുലർ ഫ്രണ്ടിന്റെയും പ്രവർത്തന‐സംഘാടനങ്ങളിലെ സമാനതകൾ ശ്രദ്ധേയങ്ങളാണ‌്. ഇസ്ലാമിക‌് സ‌്റ്റേറ്റിനെക്കുറിച്ച‌് പല മുസ്ലിം ചിന്തകരും പങ്കുവച്ച ഒരാശങ്ക അത‌് ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ഒരു ഉപകരണമായിരിക്കണം എന്നതായിരുന്നു. ആഗോള മുസ്ലിങ്ങൾക്കും അതുവഴി ഇസ്ലാമിനും വലിയ അപകടങ്ങൾ വരുത്തിവയ‌്ക്കുക എന്നതിൽ കവിഞ്ഞ‌് ഒരു ലക്ഷ്യവും ഇസ്ലാമിക‌് സ‌്റ്റേറ്റിനില്ലെന്ന തോന്നലും സജീവമായിരുന്നു. പോപ്പുലർ ഫ്രണ്ടിനെക്കുറിച്ചും ഇന്ത്യൻ മുസ്ലിങ്ങൾക്കിടയിൽ നിലനിൽക്കുന്നത‌് അത്തരം തോന്നലുകൾതന്നെയാണ‌്.

പോപ്പുലർ ഫ്രണ്ടിന്റെ ഐഡിയോളജിയെക്കുറിച്ചുള്ള ചർച്ചകൾ പലപ്പോഴും എവിടെയും എത്താറില്ല. നിരോധിക്കപ്പെട്ട സിമിയിൽ പ്രവർത്തിച്ചിരുന്ന പലരും അതിനകത്തുണ്ട‌്. എന്നാൽ, അവർമാത്രമല്ല, പുതുതായി ചേർന്നവരും ഇസ്ലാമിക മതമൗലിക രാഷ്ട്രീയത്തിന്റെ പലതരം അവാന്തരധാരകളിൽനിന്ന‌് വഴിതെറ്റി വന്നവരും ഇന്ന‌് അതിലുണ്ട‌്. ഇൗജിപ‌്തിലെ ഇഖ‌്‌വാനി പ്രസ്ഥാനത്തിന്റെ രാഷ്ട്രീയത്തിൽനിന്നും ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയുടെ ആദ്യകാല രാഷ്ട്രീയത്തിൽനിന്നും കൂടിയ വിഷമുള്ള തിയോക്രാറ്റിക‌് രാഷ്ട്രീയമാണ‌് പോപ്പുലർ ഫ്രണ്ടിന്റെ ആന്തരിക അജൻഡകളെ നിർണയിക്കുന്നത‌്. ഇഖ‌്‌വാന്റെ ബുദ്ധികേന്ദ്രങ്ങളായിരുന്ന ഖുതുബും ഹസ്സനുൽ ബന്നയും ജമാഅത്തെ ഇസ്ലാമി സ്ഥാപകനായ അബുൽ അഅ‌്‌ലാ മൗദൂദിയുമെല്ലാം ഇന്ന‌് പോപ്പുലർ ഫ്രണ്ടിനെ സംബന്ധിച്ച‌് കേവലം ഇസ്ലാമിക നവോത്ഥാന ചിന്തകർമാത്രമാണ‌്. ഇഖ‌്‌വാന്റെയും ജമാഅത്തിന്റെയും മിശ്രിതമായ ഒരു വിദൂര സന്തതി എന്ന വിശേഷണംപോലും പോപ്പുലർ ഫ്രണ്ട‌്അർഹിക്കുന്നില്ല. ആഗോളരാഷ്ട്രീയത്തിന്റെ നിഗൂഢമായ ചതുപ്പുകളിൽ പതിയിരിക്കുന്നതും മറഞ്ഞിരുന്ന‌് മനുഷ്യരാശിക്കെതിരെ കരുക്കൾ നീക്കുന്നതുമായ ചില കറുത്ത ശക്തികളാൽ ഇവർ നയിക്കപ്പെടുന്നു എന്നാണ‌് മനസ്സിലാക്കേണ്ടത‌്. ആർഎസ‌്എസിന്റെ മറുവശമാണ‌് പോപ്പുലർ ഫ്രണ്ട‌് എന്നു പറയുമ്പോൾ ഭൂരിപക്ഷ വർഗീയതയുടെ ന്യൂനപക്ഷബദൽ എന്നർഥമാണ‌് വരുന്നത‌്. എന്നാൽ, ന്യൂനപക്ഷത്തിന്റെ പ്രാതിനിധ്യം ഒട്ടുംതന്നെ പോപ്പുലർ ഫ്രണ്ടിന‌് ഇല്ലാത്തതിനാൽ ബദൽ എന്ന പേര‌് അവർക്കർഹമല്ല. അതേസമയം, തെറ്റിദ്ധാരണകളിൽ അകപ്പെട്ട‌ കുറഞ്ഞപക്ഷം ഹിന്ദുക്കളെ പ്രതിനിധാനംചെയ്യാൻ ആർഎസ‌്എസിന‌് കഴിഞ്ഞിട്ടുണ്ട‌്. മറുവശത്ത‌് പോപ്പുലർ ഫ്രണ്ട‌് മുസ്ലിം ന്യൂനപക്ഷത്തിന്റെ പേര‌് പറയുന്നു എന്നല്ലാതെ മുസ്ലിങ്ങളിൽ ആരും അവരെ ആദർശപരമായോ രാഷ്ട്രീയമായോ അംഗീകരിക്കുന്നില്ല.

ഇസ്ലാമിക‌് സ‌്റ്റേറ്റിനെക്കുറിച്ച‌് പോപ്പുലർ ഫ്രണ്ടിന്റെ ആനുകാലികങ്ങളിൽ ഉപയോഗിച്ചിരുന്നത‌് ‘ഇസ്ലാമിക പോരാളികൾ’ എന്നായിരുന്നു. ഇന്ത്യയിൽ എന്നല്ല ലോകത്തെവിടെയും ഒരു മുസ്ലിം സംഘടനയും ഉപയോഗിക്കാത്ത ആ വിശേഷണം അപഗ്രഥനമർഹിക്കുന്ന ഒന്നാണ‌്. ഇസ്ലാമികാവേശം മനസ്സിൽ കൊണ്ടുനടക്കുന്ന വിശ്വാസികൾക്കിടയിൽ ഇസ്ലാമിക‌് സ‌്റ്റേറ്റ‌് എന്ന ദുരൂഹപ്രസ്ഥാനത്തെക്കുറിച്ച‌് മതിപ്പുണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമമായിരുന്നു അത‌്. ആ പ്രസ്ഥാനം എവിടെനിന്ന‌് വന്നു, അതിന‌് നേതൃത്വം നൽകുകയും അതിന്റെ സ്വയംപ്രഖ്യാപിത ഖലീഫയായി രംഗത്തുവരികയും ചെയ‌്ത മുഹമ്മദ‌് അൽബഗ‌്ദാദി സത്യത്തിൽ ആരാണ‌്? തുടങ്ങിയ കാര്യങ്ങളെക്കുറിച്ച‌് ആഗോള മുസ്ലിം പണ്ഡിതന്മാർ കൂലങ്കഷമായി അന്വേഷിക്കുന്ന ഘട്ടത്തിലാണ‌് ഇസ്ലാമിക‌് സ‌്റ്റേറ്റുകാരെ ഇസ്ലാമിക പോരാളികൾ എന്നിവർ പറഞ്ഞുകൊണ്ടിരുന്നത‌്. ഇന്ത്യൻ മുസ്ലിങ്ങളെ അപകടപ്പെടുത്താനുള്ള കരുതിക്കൂട്ടിയുള്ള നീക്കംതന്നെയായിരുന്നു അത‌്. മുസ്ലിങ്ങൾക്ക‌് പരമാവധി പേരുദോഷത്തിനിടയാക്കുന്ന ഏതൊരു കാര്യത്തിലും ഇവർ സവിശേഷ താൽപ്പര്യത്തോടെ ഇടപെടുന്നത‌് കാണാം. ഇതിന‌് മികച്ച ഒരു സമീപകാല ഉദാഹരണമാണ‌് ഏപ്രിൽ 16ലെ വാട‌്സാപ‌് ഹർത്താൽ. ഒരേ ആയുധവും ഉപകരണവും ഇന്ത്യയിലെ രണ്ട‌് വർഗീയ ഫാസിസ്റ്റ‌് ശക്തികൾ രണ്ടുവശത്തുനിന്നുകൊണ്ട‌് ഉപയോഗിച്ച‌ അനുഭവമാണത‌്. കഠ‌്‌വയിൽ പിഞ്ചുപെൺകുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവം മറയാക്കി കേരളത്തിൽ വർഗീയസംഘർഷങ്ങൾ സൃഷ്ടിക്കാനാണ‌് സംഘപരിവാർ കുബുദ്ധികൾ വാട‌്സാപ‌് വഴി കുപ്രചാരണം ആസൂത്രണം ചെയ‌്തത‌്. അതേറ്റെടുത്ത‌് രംഗത്തിറങ്ങിയവരാകട്ടെ പോപ്പുലർ ഫ്രണ്ടുകാരും.

സംഘപരിവാറുമായി ഇവർക്ക‌് ഒരുതരം അടിത്തട്ടുവ്യാപാരമുണ്ടെന്ന‌് പകൽപോലെ വ്യക്തമാണ‌്. ഇപ്പോഴും സംഘപരിവാർ മാധ്യമങ്ങൾ വാട‌്സാപ‌് ഹർത്താലിന്റെ പേരിൽ നുണക്കഥകൾ എഴുതിക്കൊണ്ടിരിക്കുകയാണ‌്. അവർക്കാവശ്യം കേരളത്തിൽ നിഗൂഢ തീവ്രവാദശക്തികൾ പ്രവർത്തിക്കുന്നുവെന്ന‌് വരുത്തിത്തീർക്കലാണ‌്. അത്തരം ശ്രമങ്ങളിൽ അവർക്ക‌് വിരൽചൂണ്ടാൻ പാകത്തിലുള്ള ഉദാഹരണങ്ങൾ പോപ്പുലർ ഫ്രണ്ട‌് നിർവഹിച്ചുകൊടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. സൂക്ഷ‌്മമായി നിരീക്ഷിച്ചാൽ അറിയാം ഇതിൽ പ്രതിഫലിക്കുന്നത‌് പോപ്പുലർ ഫ്രണ്ടിന്റെ ന്യൂനപക്ഷത്തോടുള്ള ശത്രുതതന്നെയാണ‌്. ഇന്ത്യൻ മുസ്ലിങ്ങൾ നിരന്തരം ഭീതിയിലും അനിശ‌്ചിതത്വത്തിലും ഭയാശങ്കയിലും അസ‌്തിത്വ പ്രതിസന്ധിയിലും ജീവിക്കുന്ന കാലത്ത‌് അവരെല്ലാം തങ്ങൾക്കൊപ്പം വരുമെന്നാണ‌്  പോപ്പുലർ ഫ്രണ്ടുകാർ കരുതുന്നത‌്. അത്തരം ഒരുകാലത്തെ രൂപപ്പെടുത്തിയെടുക്കുന്നതിനാണ‌് അവർ ഇവിടത്തെ മതനിരപേക്ഷ രാഷ്ട്രീയപ്രസ്ഥാനങ്ങളിലെ മുസ്ലിം പങ്കാളിത്തങ്ങളെ ശിഥിലമാക്കാൻ ശ്രമിക്കുന്നത‌്. മതനിരപേക്ഷ രാഷ്ട്രീയവുമായുള്ള മുസ്ലിങ്ങളുടെ സഹകരണത്തെ സ്വന്തം മാർഗതടസ്സമായി കരുതുന്നതുകൊണ്ടാണ‌് അവർ മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയചേരികളെ ഒന്നാമത്തെ ശത്രുക്കളായി കരുതുന്നതും.

ഇന്ത്യയിൽ എവിടെ പോപ്പുലർ ഫ്രണ്ട‌് എന്ന വിഷവിത്ത‌് വീണിട്ടുണ്ടോ അവിടെയെല്ലാം മുസ്ലിം ന്യൂനപക്ഷത്തിന്റെ ദുരിതങ്ങൾ ശതഗുണീഭവിച്ചിട്ടുണ്ട‌്. കേരളത്തിൽ പക്ഷേ അത്തരം ഒരു ദുരിതത്തിലേക്ക‌് മുസ്ലിങ്ങൾ ഇതുവരെയും എത്തിയിട്ടില്ല. സോഷ്യൽ മീഡിയയെയാണവർ പ്രധാനമായും പ്രചാരണത്തിന‌് ഉപയോഗിക്കുന്നത‌്. വിദേശദരാജ്യങ്ങളിൽ ജോലിചെയ്യുന്ന പോപ്പുലർ ഫ്രണ്ട‌് അനുഭാവികളെ സോഷ്യൽ മീഡിയയിലെ ചാവേറുകളായി അവർ ഉപയോഗിക്കുന്നു. ഒരുതരം മനോരോഗത്തിന്റെ അവസ്ഥയിലെത്തിയ സോഷ്യൽമീഡിയ മാനിയാക്കുകളെവരെ ഇക്കൂട്ടത്തിൽ കാണാം. പ്രവാസജീവിതത്തിന്റെ സംഘർഷങ്ങളിൽ താളംതെറ്റിയ മനസ്സുമായി കഴിയുന്ന മുസ്ലിം ചെറുപ്പക്കാരെ സ്വാഭാവിക സാമൂഹ്യബോധത്തിലേക്ക‌് തിരിച്ചുവരാൻ അനുവദിക്കാതെ  ദുരൂഹ അജൻഡകളുടെ ദിശയിലേക്ക‌് ഹൈജാക്ക‌് ചെയ‌്തുകൊണ്ടുപോകുകയാണ‌് ഇവർ ചെയ്യുന്നത‌്. കേരളത്തിലെയും ഇന്ത്യയിലെയും മുസ്ലിം പൊതുജീവിതത്തിൽ സംഘർഷങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ഒരവസരവും പാഴാക്കാതെ പോപ്പുലർ ഫ്രണ്ടിന്റെ സോഷ്യൽ മീഡിയ ചാവേറുകൾ സജീവമായിത്തന്നെ രംഗത്തുണ്ട‌്.

സാമാന്യബുദ്ധിയും ചിന്താശേഷിയുമുള്ള ഏതൊരു ജനാധിപത്യവിശ്വാസിക്കും പോപ്പുലർ ഫ്രണ്ടിന്റെ ചതികൾ തിരിച്ചറിയാൻ കഴിയും. ഇന്ത്യൻ മതനിരപേക്ഷതയെയും ബഹുസ്വരതയെയും അപകടത്തിലാക്കുന്നതിന‌് ആസൂത്രിതമായ നീക്കങ്ങൾ അവർ നടത്തുന്നുണ്ട‌്. ദുരൂഹമായ സ്രോതസ്സുകളിൽനിന്ന‌് വരുന്ന സാമ്പത്തിക പിൻബലം ഉപയോഗപ്പെടുത്തി അവർ മുസ്ലിം ന്യൂനപക്ഷത്തിന്റെ അസ‌്തിത്വത്തിനും നിലനിൽപ്പിനുമെതിരായ കെണികൾ പണിയുന്നു. ഒരുവശത്ത‌് മനുഷ്യാവകാശവും സാമൂഹ്യനീതിയും പറയുമ്പോൾത്തന്നെ മറുവശത്ത‌് ഫാസിസത്തിന്റെ സർവ പണിയായുധങ്ങളും ഉപയോഗിച്ച‌് പൗരമണ്ഡലത്തിലെ അംഗങ്ങളുടെ മനുഷ്യാവകാശങ്ങൾക്കും ചിന്താസ്വാതന്ത്ര്യത്തിനുമെതിരായ നീക്കങ്ങൾ നടത്തുന്നു. മതം മാറ്റങ്ങൾപോലെ വൈകാരികത ധ്വനിപ്പിക്കുന്ന വിഷയങ്ങളിൽ ഇടപെടുകയും എന്നാൽ, മുസ്ലിം ജീവിതമണ്ഡലത്തിനകത്ത‌് വിശ്വാസികൾക്ക‌് സ്വസ്ഥമായ മത‐ആത്മീയ ജീവിതം അസാധ്യമാക്കാൻ ഉപജാപങ്ങൾ നടത്തുകയും ചെയ്യുന്നു. ചരിത്രത്തിൽ വന്നുപോയ എല്ലാ മതമൗലിക‐ഭീകരവാദികളും അവരേതേതു മതങ്ങളുടെ പേരിലാണോ അവകാശവാദങ്ങൾ ഉന്നയിച്ചത‌് ആ മതവിഭാഗങ്ങൾക്കൊന്നും ഒരു ഗുണവും ചെയ‌്തിട്ടില്ലെന്നുമാത്രമല്ല, ആവശ്യത്തിലധികം ഉപദ്രവങ്ങളും പേരുദോഷങ്ങളും വരുത്തുകയും ചെയ‌്തിട്ടുണ്ട‌്. പോപ്പുലർ ഫ്രണ്ടും അതുതന്നെയാണ‌് ചെയ‌്തുകൊണ്ടിരിക്കുന്നത‌്.

കേരളത്തിലെ  പോപ്പുലർ ഫ്രണ്ട‌് പ്രവർത്തകർക്കും നേതാക്കൾക്കുമിടയിൽ ഒരു കൃത്യമായ അന്വേഷണം നടത്തിയാൽ അറിയാൻ കഴിയുന്ന വസ‌്തുതയാണ‌് ഇവരുടെയൊന്നും വ്യക്തിജീവിതത്തിൽ മതത്തിന്റെ ധാർമികവും സദാചാരപരവുമായ മൂല്യങ്ങളിൽ അരശതമാനംപോലും നിലനിൽക്കുന്നില്ല എന്നത‌്. മതത്തിന്റെ പേരിൽ വിശ്വാസികളെ വഞ്ചിക്കുന്ന തിന്മകളാണിവർ നടപ്പാക്കിവരുന്നത‌്. അതുകൊണ്ടുതന്നെ  പോപ്പുലർ ഫ്രണ്ടിനെ തുടച്ചുനീക്കേണ്ടത‌് ഇസ്ലാമിന്റെ അന്തസ്സിലും ആഭിജാത്യത്തിലും ധാർമികശക്തിയിലും അടിയുറച്ച ബോധ്യമുള്ള ഓരോ ശരാശരി ഇന്ത്യൻ മുസ്ലിമിന്റെയും വിശ്വാസപരമായ ബാധ്യതയും സ്വന്തം മതത്തോടുള്ള ഉത്തരവാദിത്തവുമാണ‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top