31 May Sunday

എപ്പോഴായിരിക്കും ഇവർ മാർപാപ്പയെ വായിക്കുന്നത്?

പി രാജീവ്‌Updated: Monday Feb 10, 2020

2019 സെപ്തംബർ 29ന് വത്തിക്കാനിലെ സെന്റ്പീറ്റേഴ്സ് സ്ക്വയറിൽ ഇരുപതടി ഉയരവും മൂന്നരടൺ തൂക്കവുമുള്ള പ്രതിമ അനാവരണം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ വ്യത്യസ്തമായ കാരണങ്ങളാൽ പലായനം ചെയ്യാൻ നിർബന്ധിതമായ അഭയാർഥികളെയും കുടിയേറ്റക്കാരെയും പ്രതീകാത്മകമായി ചിത്രീകരിക്കുന്ന ആ ശിൽപ്പങ്ങൾ നാല്‌ അഭയാർഥികളാണ് അനാവരണം ചെയ്തത്‌. പോപ്പ് ഫ്രാൻസിസ് ചടങ്ങുകൾക്ക് ആതിഥേയത്വം വഹിച്ചു.
ഈ ചടങ്ങിൽ നടത്തിയ പ്രസംഗവും അഭയാർഥികൾക്കും കുടിയേറ്റക്കാർക്കുമായുള്ള ലോകദിനത്തിന്റെ സന്ദേശവും കേരളത്തിലെ കെസിബിസി വക്താവും ടിപ്പുവിനെ തീവ്രവാദിയാക്കാൻ ശ്രമിക്കുന്ന പുരോഹിതനും വായിച്ചിരുന്നെങ്കിൽ എന്ന്‌ ഏതൊരാൾക്കും തോന്നിപ്പോകും.

പൗരത്വനിയമം നടപ്പാക്കുന്നതിനെതിരെ ശക്‌തമായ പ്രക്ഷോഭങ്ങളിൽ വ്യത്യസ്ത രാഷ്ട്രീയനിലപാടുകളുള്ളവരും വ്യത്യസ്ത മതവിശ്വാസമുള്ളവരും പങ്കെടുക്കുന്നുണ്ട്. ഗോവയിൽ ക്രൈസ്തവ സംഘടനകൾ മുൻകൈയെടുത്താണ് വിശാല യോജിപ്പോടെ ആദ്യത്തെ പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. കേരളത്തിൽ മനുഷ്യശൃംഖലയുൾപ്പെടെയുള്ള പ്രതിഷേധരൂപങ്ങളിൽ മതപുരോഹിതൻമാരും കന്യാസ്ത്രീകളും മതസംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കുകയുണ്ടായി. എന്നാൽ, ജന്മഭൂമിപത്രത്തിൽ കെസിബിസി വക്താവെന്ന നിലയിൽ ഫാദർ വർഗീസ് വള്ളിക്കാട്ട് നടത്തുന്ന ന്യായീകരണം അമ്പരപ്പിക്കുന്നതാണ്.
എന്നാൽ, ഇതെല്ലാം കണ്ടുകൊണ്ടായിരിക്കും പോപ്പ് ഫ്രാൻസിസ്  എങ്ങനെയാണ് ക്രിസ്തുവിന്റെ അനുയായി അറിയാതെതന്നെ വംശീയവാദിയായി മാറുന്നുവെന്ന മുന്നറിയിപ്പ് നൽകുന്നുണ്ട്. “നമുക്ക് സംശയങ്ങളോ ഭീതിയോ ഉണ്ടെന്നതല്ല പ്രശ്നം. നമ്മൾ ചിന്തിക്കുന്നതിന്റെയും പ്രവർത്തിക്കുന്നതിന്റെയും രീതികൾ നമ്മളെ അസഹിഷ്ണുതയുള്ളവരും അടഞ്ഞ ചിന്താഗതിക്കാരുമാക്കുന്നു എന്നതാണ് പ്രശ്നം. എന്നുമാത്രമല്ല, നമ്മൾ അറിയാതെതന്നെ വംശീയവാദികൾ ആകുകയും ചെയ്യുന്നു.’’ലോക അഭയാർഥിദിനത്തിൽ നൽകിയ ഈ സന്ദേശം സവിശേഷ പ്രാധാന്യമുള്ളതാണ്. കുടിയേറ്റക്കാരെ സംബന്ധിച്ച ചില ഭീതികൾ വസ്തുതയായിരിക്കാമെന്നും അദ്ദേഹം പറയുന്നു. എന്നാൽ, ‘ഒരാളും പുറന്തള്ളപ്പെടരുതെന്ന’ ക്രിസ്തുവിന്റെ വചനങ്ങളായിരിക്കണം വിശ്വാസിയെ നയിക്കേണ്ടതെന്ന് മാർപാപ്പ ഓർമിപ്പിക്കുന്നു.

ജന്മഭൂമിപത്രത്തിൽ പൗരത്വനിയമത്തിന്‌ ന്യായീകരണം ചമയ്ക്കുന്നതിനുമുമ്പ് കെസിബിസി വക്താവിന് മാർപാപ്പയെ വായിക്കുന്നതിനും സഭ എങ്ങനെയാണ് അഭയാർഥിപ്രശ്നത്തെ കാണുന്നതെന്നും മനസ്സിലാക്കുന്നതിന് സമയം കിട്ടിയിരുന്നെങ്കിൽ എന്ന് ആരും ആഗ്രഹിച്ചുപോകും. ഈ പ്രസംഗം നടത്തുന്നത് കുടിയേറ്റത്തെ എതിർക്കുന്ന തീവ്രവംശീയ വലതുപക്ഷപാർടികൾ യൂറോപ്യൻ പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയതിന്റെ തുടർച്ചയിലാണ്. ഇറ്റലിയിൽത്തന്നെ തെരഞ്ഞെടുപ്പിൽ മാത്തിയോ സിൽവിനി നയിക്കുന്ന ലെഗനോഡ് പാർടി 34.3 ശതമാനം വോട്ടാണ് നേടിയത്. അവർ അതിശക്തമായി കുടിയേറ്റത്തിനും അഭയാർഥിപ്രവാഹത്തിനും എതിരായ നിലപാട് സ്വീകരിച്ചാണ് ജനങ്ങളിൽ തീവ്രവികാരങ്ങളും മുസ്ലിംവിരുദ്ധതയും ശക്തിപ്പെടുത്തിയത്. അമേരിക്കയിലും ഇന്ത്യയിലും മറ്റ്‌ പലയിടങ്ങളിലും വംശീയ, വർഗീയ രാഷ്ട്രീയം ശക്തിപ്പെടുന്ന സാഹചര്യത്തിൽ അദ്ദേഹം തുടർന്ന് നടത്തിയ വിശദീകരണവും പ്രസക്തമാണ്. “വോട്ടുബാങ്കുകൾക്കായി പലരാഷ്ട്രീയക്കാരും കുടിയേറ്റത്തെ സംബന്ധിച്ച് ജനങ്ങളിലുള്ള ഭീതിയെ ചൂഷണം ചെയ്യുന്നു. മാധ്യമങ്ങൾ ഈ ഭീതിയെ പർവതീകരിക്കുന്നു. അപരനെക്കുറിച്ചുള്ള ഭീതി (ഫിയർ ഓഫ്‌ ദ അദർ) നിർമിക്കുകയാണ് ഇവർ ചെയ്യുന്നത്. ‘ഞാനാദ്യം പിന്നെ മറ്റുള്ളവർ’ എന്ന യുക്തി ക്രിസ്തുവിന്റേതല്ല. അത് അമേരിക്കയിലെയും യൂറോപ്പിലെയും മറ്റ്‌ ചിലരാജ്യങ്ങളിലെയും രാഷ്ട്രീയക്കാർ വോട്ടുബാങ്കുകൾക്കായി പ്രയോഗിക്കുന്ന യുക്തിയാണ്.’’

എത്ര വ്യക്തതയോടെയാണ് ഈ പ്രശ്നത്തിൽ പോപ്പ് സഭയുടെ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. അപ്പോൾ ഭീതിനിർമിക്കുന്ന സംഘപരിവാരപ്രചാരവേല ജന്മഭൂമിയിലൂടെ ആവർത്തിക്കുന്നവർ ഏതുവിഭാഗത്തിലായിരിക്കും ഉൾപ്പെടുന്നത്. ഇവിടെ അധികാരത്തിനായി മുസ്ലിംവിരുദ്ധതയും ഭീതിനിർമാണവും ഭരിക്കുന്നവർതന്നെ നടത്തുന്നു. അമേരിക്കയിൽ ട്രംപും ഇന്ത്യയിൽ മോഡിയും പല യൂറോപ്യൻ രാജ്യങ്ങളിൽ നവനാസിപാർടികളും കുടിയേറ്റത്തെ സങ്കുചിത രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കാൻ ശ്രമിക്കുമ്പോൾ അതിനെ തള്ളിപ്പറയുന്നതാണ് ക്രിസ്തുവിന്റെ വഴിയെന്നാണ് മാർപാപ്പ യഥാർഥത്തിൽ പ്രഖ്യാപിക്കുന്നത്.
മാർപാപ്പ സൂചിപ്പിക്കുന്ന “ചിന്തിക്കുന്ന രീതികൾ” മനസ്സിലാക്കണമെങ്കിൽ കെസിബിസി വക്താവിന്റെ ഈ വരികൾ നോക്കൂ. “ ഇന്ത്യയിൽ ബിജെപി ഒഴികെ മറ്റൊരു രാഷ്ട്രീയപാർടിയും ആഗോളപൊളിറ്റിക്കൽ ഇസ്ലാം എന്ന രാഷ്ട്രീയപ്രസ്ഥാനത്തെ രാഷ്ട്രീയമായി വിശകലനം ചെയ്യുകയോ വിലയിരുത്തുകയോ അതിനെ രാഷ്ട്രീയമായി എങ്ങനെ നേരിടണമെന്ന് നയപരമായി തീരുമാനിക്കുകയോ വ്യക്തമാക്കുകയോ ചെയ്തിട്ടില്ല….. ഗ്ലോബൽ പൊളിറ്റിക്കൽ ഇസ്ലാമുമായി ബന്ധമുള്ള പൊളിറ്റിക്കൽ പ്രസ്ഥാനങ്ങളും പാർടികളും ഇവിടെ ശക്തിയാർജിക്കുന്നുണ്ട്. ഇത്‌ മൂടിവച്ച് പ്രവർത്തിക്കേണ്ടത് വോട്ടുബാങ്ക് രാഷ്ട്രീയത്തിൽമാത്രം കണ്ണുവച്ച് രാഷ്ട്രീയപ്രവർത്തനം നടത്തുന്ന എല്ലാ മുഖ്യധാരാ രാഷ്ട്രീയപാർടികളുടെയും ചുമതലയായി അവർ സ്വയം ഏറ്റെടുത്തതാണ് പൊതുവിൽ ബിജെപി രാഷ്ട്രീയത്തെ ന്യൂനപക്ഷവിരുദ്ധമാക്കുന്നത് എന്ന് മറക്കരുത്.’’ ഇത് എഴുതുന്നതിനുമുമ്പ് ഗ്രഹാംസ്റ്റെയിൻസിനെയെങ്കിലും മറക്കാതിരിക്കാമായിരുന്നു.

ബിജെപിയുടെ രാഷ്ട്രീയത്തെ ന്യൂനപക്ഷവിരുദ്ധമാക്കുന്നത് മറ്റ്‌ പാർടികൾ സ്വീകരിക്കുന്ന നിലപാടുമൂലമാണ് എന്ന്  ഇന്നത്തെ ഇന്ത്യയിൽ കെസിബിസിയുടെ വക്താവ് എന്നപേരിൽത്തന്നെ പ്രസിദ്ധീകരിക്കുന്ന ലേഖനത്തിൽ ഒരു പുരോഹിതൻ എഴുതിയിരിക്കുന്നു എന്നത് ലളിതമായ കാര്യമല്ല. രണ്ടാമതായി കേരളത്തിൽ ഇടതുപക്ഷവും അതിന്‌ നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയും പൗരത്വനിയമത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും അതോടൊപ്പംതന്നെ ഇസ്ലാമിക മൗലികവാദത്തിനെതിരെയും വിട്ടുവീഴ്ചയില്ലാത്ത സമീപനമെടുക്കുന്നത് കാണുന്നുമില്ല. അമ്പരപ്പിക്കുന്ന കാര്യം അതുമാത്രമല്ല, പൗരത്വനിയമത്തെ സംബന്ധിച്ച ലേഖനത്തിൽ മതാടിസ്ഥാനത്തിലെ ഒഴിവാക്കലിനെക്കുറിച്ച് ഒരുവാക്കുപോലുമില്ല.
എന്നാൽ, കെസിബിസിയുടെ വക്താവിന്റെ അഭിപ്രായമാണോ മാർപാപ്പയുടേത് എന്നുനോക്കുന്നത് നന്നായിരിക്കും. “അഭയാർഥികളോടും കുടിയേറ്റക്കാരോടും ദയ കാണിക്കാൻ ദൈവം ആവശ്യപ്പെടുന്നു. ഒരാളെപ്പോലും ഉപേക്ഷിക്കാതെ നമ്മുടേതുപോലെ കരുണ കാണിക്കുക” (പ്രതിമ അനാച്ഛാദന ചടങ്ങിലെ പ്രസംഗം) ഇതുകൊണ്ടുകൂടി മനസ്സിലാക്കാത്തവർക്കായി നേരത്തെ സൂചിപ്പിച്ച സന്ദേശത്തിൽ പോപ്പ് ഫ്രാൻസിസ് ഇങ്ങനെയുള്ള വക്താക്കൾക്കായി ഇത്രയുംകൂടി വ്യക്തമാക്കി. “ ഒഴിവാക്കലിന്റെ അനീതിയിലേക്ക് ദൈവം നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. കുറച്ചുപേർക്കുമാത്രം പ്രത്യേകഅവകാശം നൽകുന്നതിനെ അവർക്കുമാത്രം പ്രത്യേക പദവി നൽകി മറ്റുള്ളവരെ ഒഴിവാക്കുന്നതിലേക്കും ശ്രദ്ധ ക്ഷണിക്കുന്നു.

” മൗലികാവകാശവും അഭിമാനവും എല്ലാവർക്കും ഒരുപോലെ ഉറപ്പുവരുത്തണമെന്ന ഈ നിലപാട് പൗരത്വനിയമത്തെ പറ്റിയാണെന്ന് സംശയിച്ചുപോകും.ഈ വാക്കുകളിലൂടെ മുഴുവൻ അഭയാർഥികൾക്കും അഭയം നൽകണമെന്ന നിലപാടാണ് മാർപാപ്പ പ്രഖ്യാപിക്കുന്നത്. ഇവിടെ പൗരത്വം നൽകുകയാണെങ്കിൽ എല്ലാ മതത്തിൽപ്പെട്ടവർക്കും ഒരുപോലെ നൽകണമെന്നു മാത്രമാണ് പ്രതിഷേധിക്കുന്നവർ ആവശ്യപ്പെടുന്നത്. അതുപോലും സഹിക്കാൻ പറ്റാത്തയാളായി കെസിബിസി വക്താവ് മാറിയിരിക്കുന്നു.
മാർപാപ്പയിൽനിന്ന്‌ വ്യത്യസ്തമായി അദ്ദേഹം ചിന്തിക്കുന്നതിൽ അത്ഭുതമില്ലെന്ന് ഈ വരികൾ വ്യക്തമാക്കുന്നു. “ഹിന്ദുത്വത്തെ എതിർക്കാനെന്ന പേരിൽ ഇസ്ലാംവൽക്കരണത്തിന്റെ ഏജന്റുമാരായി മാറിയിട്ടില്ലെന്ന് (രാഷ്ട്രീയപാർടികൾ) രാജ്യത്തെ ജനങ്ങളെ ബോധ്യപ്പെടുത്തണം. അന്ധമായ ബിജെപി വിരോധം മറ്റുരാഷ്ട്രീയപാർടികളെ അപ്രസക്തമാക്കുകയേയുള്ളു.’ ഹിന്ദുത്വം  എതിർക്കപ്പെടേണ്ടതാണെന്ന് കെസിബിസി വക്താവിന് തോന്നുന്നേയില്ല ?. അതിനെ എതിർക്കുന്നവരാണ് കുഴപ്പക്കാർ എന്നും പ്രഖ്യാപിക്കുന്നു. ബിജെപിയെ ന്യായീകരിക്കുന്നതിനുള്ള തിരക്കുകൾക്കിടയിൽ ഗോൾവാൾക്കർ പ്രഖ്യാപിച്ച ആഭ്യന്തരശത്രുക്കളിൽ ക്രിസ്ത്യാനികൾ ഉണ്ടെന്നും അവർക്ക് പൗരാവകാശങ്ങൾ ഒന്നുമില്ലാതെ വേണമെങ്കിൽ ഇന്ത്യയിൽ കഴിയുന്നതിനുള്ള ‘ഔദാര്യം’ നൽകിയിട്ടുണ്ടെന്നും വായിക്കാൻ ഫാദർ വള്ളിക്കാട്ടിന്‌ സമയം കിട്ടിയിട്ടുണ്ടാകില്ല. തങ്ങൾക്ക് കുഴപ്പമൊന്നുമില്ലെന്ന ചിന്തയിൽനിന്ന്‌ വരുന്ന ഇത്തരം പ്രതികരണങ്ങളെയും പോപ്പ് മുൻകൂട്ടി കാണുന്നുണ്ട്. “ കടുത്ത അവഹേളനവും ഒറ്റപ്പെടലും വിവേചനവും നേരിടുന്നവർ ‘നമ്മുടെ ആളുകളല്ല’ എന്നു കരുതിയുള്ള സമീപനം ക്രിസ്ത്യാനികൾ എന്ന നിലയിൽ നമ്മൾ സ്വീകരിക്കരുത്.” ഇങ്ങനെ കരുതി പ്രതികരിക്കാതിരിക്കുന്നവരെക്കുറിച്ച് പോപ്പ് ഫ്രാൻസിസ് ഇത്രയും കൂട്ടിച്ചേർത്തു. “നമ്മൾ പ്രതികരിക്കാത്തവരായി തുടരരുത്. നിരപരാധികളായ ജനങ്ങളുടെ ദുരിതങ്ങൾക്കുമുമ്പിൽ പ്രതികരിക്കാതിരുന്നാൽ നമ്മുടെ ഹൃദയങ്ങൾ മരിച്ചവരുടേതായി മാറും.”

ഈ നിലപാടിലാണ് മഹാഭൂരിപക്ഷം മതമേലധ്യക്ഷൻമാർ തുടങ്ങി വിശ്വാസികൾ വരെയുള്ളവർ നിലപാട് സ്വീകരിച്ചിരിക്കുന്നത്. എന്നിട്ടും ഇത്ര അന്ധമായി ബിജെപിയെ ന്യായീകരിക്കുന്ന വക്താക്കളുടെ സമീപനം തുറന്നുകാട്ടപ്പെടേണ്ടതുണ്ട്.


പ്രധാന വാർത്തകൾ
 Top