28 May Saturday

രക്തക്കറയാൽ സുവിശേഷമെഴുത്ത്‌

കെ ശ്രീകണ്ഠൻUpdated: Wednesday Dec 22, 2021

ആലപ്പുഴയിൽ രണ്ട്‌ വർഗീയശക്തി പരസ്‌പരം നടത്തിയ നിഷ്‌ഠുര കൊലപാതകങ്ങളെ തുറന്നെതിർക്കാനും തള്ളിപ്പറയാനും തയ്യാറാകാതെ സിപിഐ എമ്മിനും സർക്കാരിനുമെതിരെ കലിതുള്ളി ബിജെപിയും കോൺഗ്രസും. നരഭോജി രാഷ്‌ട്രീയവും കൈകളിൽ ഉണങ്ങാത്ത ചോരക്കറയും പേറുന്ന ഇരുകക്ഷികളും ഇപ്പോൾ നിഷ്‌കളങ്ക വേഷമിട്ട്‌ സിപിഐ എമ്മിനെതിരെ രംഗത്തിറങ്ങിയിരിക്കുകയാണ്‌. വീക്ഷണം, ജന്മഭൂമി പത്രങ്ങളിലെ മുഖപ്രസംഗങ്ങൾ ഇതിന്റെ തെളിവാണ്‌. കൊലപാതക രാഷ്‌ട്രീയത്തിന്‌ അറുതിവരുത്തണമെന്നല്ല, മറിച്ച്‌ രണ്ട്‌ പത്രവും നികൃഷ്‌ടമായ ഭാഷയിൽ സിപിഐ എമ്മിനെ ഉന്നംവച്ച്‌ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ നിരത്തുകയാണ്‌.

കൊലപാതകത്തിന്റെ ഗുണഭോക്താവ്‌ സിപിഐ എം ആണെന്നാണ്‌ വീക്ഷണം വ്യാഖ്യാനം ചമയ്‌ക്കുന്നത്‌. പോപ്പുലർ ഫ്രണ്ട്‌ അജൻഡയ്‌ക്ക്‌ കരുത്തുപകരുന്ന നയമാണ്‌ സിപിഐ എമ്മിനും എൽഡിഎഫിനും എന്നാണ്‌ ജന്മഭൂമിയുടെ ആരോപണം. വസ്‌തുതകൾ മറച്ചുപിടിച്ച്‌ കൊലപാതകികൾക്ക്‌ വഴിയൊരുക്കുന്നതിനുള്ള തത്രപ്പാടാണ്‌ ഇതിനുപിന്നിൽ. തലശേരിയിലും നാദാപുരത്തും മാറാടും വർഗീയകലാപം അഴിച്ചുവിട്ട സമയത്ത്‌ നെഞ്ചുറപ്പോടെ ചെറുത്തത്‌ സിപിഐ എം പ്രവർത്തകരാണ്‌. തലശേരിയിൽ മുസ്ലിങ്ങളുടെയും നാദാപുരത്ത്‌ ഹിന്ദുക്കളുടെയും മാറാട്‌ ഇരുകൂട്ടരുടെയും രക്ഷകബിംബമായി പ്രത്യക്ഷപ്പെട്ടതുവഴി സിപിഐ എമ്മിന്‌ ലാഭമല്ലാതെ ചേതമുണ്ടായില്ലെന്ന്‌ വീക്ഷണം പറയുന്നു. വർഗീയലഹളയെ ചെറുത്തുതോൽപ്പിച്ചതുവഴി സിപിഐ എം ആർജിച്ച സ്വാധീനം കോൺഗ്രസിനെ ഇപ്പോഴും അസ്വസ്ഥമാക്കുന്നുവെന്ന്‌ ഇതിൽനിന്ന്‌ ബോധ്യമാകും.

സിപിഐ എമ്മിന്റെ രക്തം ദാഹിച്ചുള്ള പാച്ചിലിൽ സ്വന്തം ഭൂതകാലം വിസ്‌മരിക്കുകയാണ്‌ കോൺഗ്രസും ബിജെപിയും. കോൺഗ്രസും ആർഎസ്‌എസും പോപ്പുലർ ഫ്രണ്ടും ഒരുപോലെ കൊലക്കത്തി കുത്തിയിറക്കിയത്‌ സിപിഐ എം പ്രവർത്തകരുടെ നെഞ്ചിലാണ്‌. അരുംകൊലകൾക്കുമുമ്പിൽ വിറങ്ങലിച്ച്‌ നിന്നപ്പോഴും പകരം ജീവനെടുക്കാനല്ല, സമാധാനത്തിനുവേണ്ടിയാണ്‌ സിപിഐ എം നിലയുറപ്പിച്ചത്‌. ആലപ്പുഴയിലെ കൊലപാതകങ്ങളുടെ പ്രയോക്താക്കൾ എസ്‌ഡിപിഐയും ആർഎസ്‌എസും ആണെന്ന്‌ സമ്മതിക്കുമ്പോഴും ഇതിന്റെ മൊത്തം ഗുണഭോക്താക്കൾ സിപിഐ എം മാത്രമാണെന്നാണ്‌ വീക്ഷണം ആരോപിക്കുന്നത്‌. പൊലീസ്‌ നടപടി ഉണ്ടാകുമെന്നും രണ്ട്‌ വിഭാഗത്തിനും അരക്ഷിതത്വം കൈവരുമെന്നും അപ്പോൾ രക്ഷകവേഷത്തിൽ സിപിഐ എം രംഗത്ത്‌ വരുമെന്ന വിചിത്രവാദമാണ്‌ നിരത്തുന്നത്‌. പൊലീസ്‌ ശക്തമായ നടപടിയെടുക്കുകയും സമാധാനം പുനഃസ്ഥാപിക്കാൻ സിപിഐ എം മുന്നിട്ടിറങ്ങുമെന്നും മുന്നിൽക്കണ്ടുള്ളതാണ്‌ ഈ വാദം.

കോൺഗ്രസിന്റെ മാറാല കെട്ടിയ രാഷ്‌ട്രീയപകയാണ്‌ വീക്ഷണത്തിന്റെ മുഖപ്രസംഗത്തിലുടനീളം. കേരളത്തിൽ കോൺഗ്രസിന്റെ സ്ഥാപകരിൽ ഒരാളായ മൊയാരത്ത്‌ ശങ്കരനെ കൊന്നുതള്ളിയത്‌ ആ പാർടിയിലെ പിന്മുറക്കാരാണ്‌. മൊയാരത്തിന്റെ മൃതദേഹം എവിടെ സംസ്‌കരിച്ചുവെന്നുപോലും ഇന്നും ആർക്കും അറിയില്ല. കോൺഗ്രസിന്റെ ഗുണ്ടാസംഘമാണ്‌ സ്വന്തം നേതാവിനെ തല്ലിക്കൊന്നത്‌. കോൺഗ്രസ്‌ വിട്ട്‌ സിപിഐ എമ്മിലെത്തിയ മുൻ ഡിസിസി പ്രസിഡന്റ്‌ പി കെ അബ്‌ദുൾ ഖാദറിനെ വെടിവച്ചാണ്‌ കൊന്നത്‌. ക്യാമ്പസുകളിൽ കെഎസ്‌യുവിന്റെ ശക്തി ക്ഷയിച്ചതിന്റെ കലിതീർത്തത്‌ എസ്‌എഫ്‌ഐ പ്രവർത്തകരുടെ ജീവനെടുത്താണ്‌. ഈ അരുംകൊലകളുടെ കാലത്ത്‌ മക്കൾ നഷ്‌ടമായ അമ്മമാരുടെ വേദന കോൺഗ്രസിനെ ശല്യപ്പെടുത്തിയില്ല.

തിരുവല്ലയിൽ സിപിഐ എം ലോക്കൽ സെക്രട്ടറി സന്ദീപിനെ ആർഎസ്‌എസ്‌ കൊലയാളികൾ കൊന്നിട്ട്‌ ആഴ്‌ചകളേ ആയിട്ടുള്ളൂ. 215 സിപിഐ എം പ്രവർത്തകരെയാണ്‌ ആർഎസ്‌എസ്‌ കൊന്നത്‌.  588 പാർടി പ്രവർത്തകർ രക്തസാക്ഷികളായി. കോൺഗ്രസും ആർഎസ്‌എസും എൻഡിഎഫും പിഡിപിയും എസ്‌ഡിപിഐയും നിരനിരയായി നിന്നാണ്‌ സിപിഐ എം പ്രവർത്തകരെ വേട്ടയാടിയത്‌.

എന്നിട്ടും കലിയടങ്ങാതെ ഉളുപ്പില്ലാത്ത ആരോപണങ്ങളും കള്ളക്കഥകളും നിരത്തി മേനിനടിക്കുകയാണ്‌. എത്ര കഴുകിയാലും പോകാത്ത ചോരപ്പാടുകൾ മറച്ചുപിടിച്ച്‌ രാഷ്‌ട്രീയനേട്ടത്തിനുള്ള തന്ത്രമാണ്‌ ഇതിനുപിന്നിൽ. ആര്‌ കൊല്ലപ്പെട്ടാലും അരുതേയെന്ന നിലപാടാണ്‌ സിപിഐ എം ഉയർത്തിപ്പിടിക്കുന്നത്‌. ആലപ്പുഴയിലെ വർഗീയ കൊലപാതകങ്ങളെ ആദ്യം തള്ളിപ്പറഞ്ഞത്‌ സിപിഐ എം ആണ്‌.

രണ്ട്‌ വർഗീയശക്തിയും പരസ്‌പരം കൊന്നുതള്ളി ഉള്ളിൽ ആനന്ദിക്കുകയാണ്‌. തങ്ങളുടെ വർഗീയ രാഷ്‌ട്രീയവേര്‌ ആഴ്‌ത്താൻ കൊലപാതകങ്ങൾ തുണയാകുമെന്ന കണക്കുകൂട്ടലിലാണിത്‌. അതിനെ പ്രതിരോധിക്കാൻ സിപിഐ എം രംഗത്തിറങ്ങുമെന്നത്‌ ഇവരെ അലോസരപ്പെടുത്തുന്നു. പരസ്‌പരം കൊന്നുതള്ളുക, പഴി സർക്കാരിനുമേൽ ചാരുക എന്നതാണ്‌ രീതി. നിയമവാഴ്‌ച തകർന്നുവെന്ന്‌ വരുത്തി രാഷ്‌ട്രീയനേട്ടം കൊയ്യാനുള്ള നീക്കമാണ്‌ കോൺഗ്രസ്‌ നടത്തുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top