18 February Tuesday

പൊതുമേഖലാ ബാങ്കിനെ വീണ്ടും വില്ലനാക്കി; ഭൂഷണ്‍ സ്റ്റീലിന്റെ തട്ടിപ്പും ദൂഷണമല്ലാത്ത റിപ്പോര്‍ട്ടിംഗും

എസ്എസ് അനില്‍Updated: Monday Jul 8, 2019

ഇന്നലത്തെയും ഇന്നത്തെയും പത്രങ്ങളില്‍ വന്ന വാര്‍ത്തയാണ്. ഭൂഷണ്‍ പവര്‍ & സ്റ്റീല്‍ എന്ന കുത്തക ഭീമന്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 3805 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിനെക്കുറിച്ചുള്ളതാണ് വാര്‍ത്ത. പക്ഷെ വാര്‍ത്തകളുടെ എല്ലാം തലക്കെട്ട് പി.എന്‍.ബി.യില്‍ വീണ്ടും തട്ടിപ്പ് എന്നതായിരുന്നു. വാര്‍ത്ത വായിച്ചവരുടെ എല്ലാം മനസ്സില്‍ പ്രസ്തുത പൊതുമേഖലാ ബാങ്ക് വീണ്ടും വില്ലനായി. യഥാര്‍ത്ഥ വില്ലന്‍മാര്‍ ജനമനസ്സില്‍ സ്ഥാനം പിടിച്ചില്ല.

അഥവാ അതിന് ഒരു മാധ്യമവും തൂലിക ചലിപ്പിച്ചില്ല. എന്തു പ്രശ്‌നത്തെയും ചികഞ്ഞ് പരിശോധിച്ച് അതിന്റെ ഉള്ളുകള്ളികളെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്ത് പലരെയും സംശയത്തിന്റെ മുള്‍മുനയിലെത്തിക്കുന്ന റിപ്പോര്‍ട്ടിംഗ് ശൈലിയൊന്നും, രാജ്യത്തെ സാധാരണക്കാരന്റെ, ബാങ്കുകളിലെ പണത്തില്‍, തട്ടിപ്പു നടത്തിയ ഭൂഷണ്‍ മുതലാളിയുടെ കാര്യത്തില്‍ ഉണ്ടായില്ല എന്ന് ചുരുക്കം.

ഭൂഷണ്‍ സ്റ്റീല്‍ - കിട്ടാക്കടക്കാരുടെ രാജാവ്


2018 ല്‍ പുറത്ത് വന്ന കണക്കുകള്‍ ഓര്‍ക്കുന്നില്ലെ? 12 സ്ഥാപനങ്ങളുടെ, കുത്തകകളുടെ, കിട്ടാക്കടം 253733 കോടി രൂപ. അന്നത്തെ ആകെ കിട്ടാക്കടത്തിന്റെ 25 ശതമാനം.ഒന്നാം സ്ഥാനം ഭൂഷണ്‍ സ്റ്റീല്‍. സംഖ്യ 44478 കോടി. നാലാം സ്ഥാനം ഭൂഷണ്‍ പവര്‍ & സ്റ്റീല്‍. സംഖ്യ 37248 കോടി. ഒന്നാം സ്ഥാനക്കാരനെ രാജ്യത്ത് നിലവിലുള്ള ഇന്‍സോള്‍വെന്‍സി ആന്റ് ബാങ്കറപ്റ്റ്‌സികോഡ് (IBC) വഴി നാഷണല്‍ കമ്പനി ലോട്രിബ്യൂണല്‍ ( NCLT ) ലേലത്തിന് വച്ചു.

ടാറ്റാ സ്റ്റീലാണ് പിടിച്ചെടുത്തത്. 40 ശതമാനമായിരുന്നു മുടിവെട്ടിനത്തില്‍ ( Hair Cut ) നല്‍കിയത്. കൃത്യമായി പറഞ്ഞാല്‍ 17790 കോടി രൂപ ഒഴിവാക്കിക്കൊടുത്തു. അത് ബാങ്കുകളുടെ നഷ്ടം. പക്ഷെ ഒറ്റ ഹെയര്‍ കട്ടിലൂടെ 44478 കോടി രൂപയുടെ കിട്ടാക്കടം ബാങ്കുകളുടെ കണക്കു പുസ്തകത്തില്‍ നിന്ന് ഒഴിവായി. ഇങ്ങനെയുള്ള 'മുടി വെട്ടി'ലൂടെയാണ് 3 ലക്ഷം കോടിയുടെ കിട്ടാക്കടം പിടിച്ചെടുത്തുവെന്ന് ഇന്ത്യന്‍ ധനകാര്യ മന്ത്രി പാര്‍ലമെന്റില്‍ ബജറ്റ് അവതരണ വേളയില്‍ ഊറ്റം കൊണ്ടത്.

കമ്പനിയുടെ പേരില്‍ ടാറ്റ ഒരു മാറ്റം കൊണ്ടുവന്നു.TBS എന്നാണ് പുതിയ കമ്പനിയുടെ ചുരുക്കപ്പേര്. മുഴവുവന്‍ പേര് ടാറ്റ ഭൂഷണ്‍ സ്റ്റീല്‍.ഇതൊന്നും തട്ടിപ്പല്ല. നിയമപരമായ ചില ഒഴിവാക്കല്‍! അത്രമാത്രം.

മുതലാളിത്ത ചങ്ങാത്തം.


മുതലാളിമാര്‍ക്കിടയിലെ ചങ്ങാത്തമാണ് യഥാര്‍ത്ഥ ചങ്ങാത്തം. നമുക്കൊന്നും പെട്ടെന്ന് പിടികിട്ടുകയില്ല. ഇപ്പോള്‍ തട്ടിപ്പു നടത്തിയ ഭൂഷണ്‍ പവര്‍ ആന്റ് സ്റ്റീല്‍ കമ്പനി. അതിന്റെ ചെയര്‍മാന്‍ & മാനജിംഗ് ഡയറക്ടറുടെ പേര് സഞ്ചയ് സിംഗാള്‍. ലക്ഷം കോടീശ്വര ക്ലബ് അംഗമാണ്. വൈസ് ചെയര്‍മാന്‍ അദ്ദേഹത്തിന്റെ സഹധര്‍മണി ആരതി സിംഗാള്‍.രണ്ടു പേര്‍ക്കെതിരെയും CBI ലൂക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. രണ്ടു പേരും ഏതെങ്കിലും വിദേശ റിസോര്‍ട്ടില്‍  'ഭയ'ന്നിരിക്കുകയായിരിക്കും! ഇനി ഭൂഷണ്‍ സ്റ്റീലിന്റെ എം.ഡി.രാജീവ് സിംഗാള്‍.

ഡയറക്ടര്‍ ടി.വി.നരേന്ദ്രന്‍. ഭൂഷണ്‍ പവര്‍ & സ്റ്റീലിന്റെ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്റെ പേരും ടി.വി.നരേന്ദ്രന്‍, അഡീഷണല്‍ ഡയറക്ടര്‍ എം.ഡി. രാജീവ് സിംഗാള്‍. ഭൂഷണെ ടാറ്റ പിടിച്ചെടുത്തെങ്കിലും കമ്പനിയുടെ എം ഡി രാജീവ് സിംഗാള്‍ തന്നെ.  ഇനി ജിയോ കമ്പനിയുടെ റിലയന്‍സിന്റെ ഓ.എസ്.എസ്. ഹെഡിന്റെ പേര് നോക്കിയാലോ? പേര് രാജീവ്.ആര്‍.സിംഗാള്‍. ടാറ്റ ഭൂഷണ്‍ സ്റ്റീലിനെ ലേലത്തില്‍ പിടിച്ചതിനെതിരെ സുപ്രീം കോടതി വരെ കയറി ഇറങ്ങിയ ഭൂഷണ്‍ സ്റ്റീല്‍ മുഴുവന്‍ സമയ ഡയറക്ടറുടെ പേര് ആര്‍.പി.ഗോയല്‍ എന്നാണ്. ജെറ്റ് എയര്‍വേയ്‌സ് ചെയര്‍മാന്‍ നരേഷ് ഗോയല്‍.

ഭാര്യ അനിത ഗോയല്‍ ഡയറക്ടറും. ഈ ഗോയല്‍മാരുടെയും സിംഗാള്‍മാരുടെയും ഒക്കെ ബന്ധങ്ങള്‍ പരിശോധിക്കപ്പെടേണ്ടതു തന്നെ.

ഇനി കുറച്ച് ചങ്ങാത്ത മുതലാളിത്തം.

ഇന്ത്യയിലെ ബാങ്കുകളിലെ നിക്ഷേപങ്ങളില്‍ 85 ശതമാനവും സാധാരണക്കാരന്റെ.ആ പണമാണ് കുത്തക മുതലാളിമാര്‍ കട്ടുമുടിക്കുന്നത്.കഴിഞ്ഞ ബജറ്റില്‍ പെട്രോളിനും ഡീസലിനും തീരുവ ഇനത്തില്‍ രണ്ടു രൂപ കൂട്ടി. ഇനി ധന ബില്ലു പാസാകുമ്പോള്‍ 5 രൂപ കൂടി ഉയരുമെന്നാണ് റിപ്പോര്‍ട്ട്. 250 കോടി വിറ്റുവരവുള്ള കമ്പനികള്‍ക്ക് 25 % ആയിരുന്നു നികുതി.അതിന് മുകളില്‍ 36% വും. പുതിയ ബജറ്റില്‍ അത് 400 കോടിയായി ഉയര്‍ത്തി. സാധാരണക്കാര്‍ക്ക് തൊഴില്‍ നല്‍കിയിരുന്ന, അവര്‍ക്ക് ലാഭം നോക്കാതെ സൗകര്യങ്ങള്‍ ഒരുക്കിയിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റ് 105000 കോടി സമാഹരിക്കും പോലും. എയര്‍ ഇന്ത്യയും ബി.എസ്.എന്‍ എല്ലും എല്ലാം നേരത്തെ പറഞ്ഞ സിംഗാളന്‍ മാര്‍ക്കും ഗോയല്‍ മാര്‍ക്കും വെള്ളിത്തളികയില്‍ വച്ച് നല്‍കാനാണ് തയ്യാറെടുക്കുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്കെന്ന പൊതുമേഖലാ ബാങ്കിനെ ഭൂഷണ്‍ മുതലാളിക്ക് കൈമാറിയാല്‍ പിന്നെ തട്ടിപ്പിന്റെ പ്രശ്‌നമില്ലല്ലൊ? മാധ്യമരംഗവും വിദേശികള്‍ക്ക് തുറന്ന് നല്‍കിയിട്ടും മാധ്യമ മുതലാളിമാര്‍ക്ക് മിണ്ടാട്ടമില്ലാത്തത് എന്തേ? അവരില്‍ പലതിന്റെയും മുതലാളിമാര്‍ വന്‍കിട കുത്തകകള്‍ തന്നെയാണല്ലൊ അല്ലെ? മറ്റുള്ളവരാകട്ടെ മിണ്ടിയാല്‍ പരസ്യവും മുടങ്ങും. അപ്പോള്‍ ജനവികാരം പൊതുമേഖലക്ക് എതിരെയാക്കിയാല്‍ എന്താ തെറ്റ്?

 


പ്രധാന വാർത്തകൾ
 Top