20 February Wednesday

തോട്ടം പ്രതിസന്ധിയും പരിഹാരങ്ങളും

പി എസ് രാജന്‍Updated: Saturday Aug 5, 2017

കേരളത്തിന്റെ ഭൂപ്രകൃതിയുടെ 27 ശതമാനത്തിലും തോട്ടവിളകള്‍ കൃഷിചെയ്ത് വരുന്നു. ഇന്ത്യയുടെ മൊത്തം പ്ളാന്റേഷനുകളുടെ 39 ശതമാനവും കേരളത്തിലാണ്. ഈ തൊഴില്‍മേഖലയ്ക്ക് കേരളത്തിന്റെയും ഇന്ത്യയുടെയും സമ്പദ്ഘടനയില്‍ വലിയ പ്രാധാന്യമുണ്ട്. കേരളത്തിന്റെ സാമൂഹിക സാമ്പത്തിക പുരോഗതിക്ക് തോട്ടങ്ങള്‍ വളരെ പ്രധാനപ്പെട്ട പങ്കുവഹിച്ചിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലമായി ഈ മേഖല വലിയ തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്. ലോകത്താകെ നടപ്പാക്കിയ പുത്തന്‍ സാമ്പത്തികപരിഷ്കാരങ്ങള്‍ ചൈന സ്വീകരിച്ചതില്‍നിന്ന് വ്യത്യസ്തമായ രീതിയിലാണ് ഇന്ത്യ സ്വീകരിച്ച് നടപ്പാക്കിയത്. അതിന്റെ ഫലമായി പൊതുവില്‍ കാര്‍ഷികമേഖ  ലയ്ക്കും പ്രത്യേകിച്ച് തോട്ടംമേഖലയ്ക്കും വലിയ ദോഷമാണ് സംഭവിച്ചത്. തോട്ടവിളകള്‍ക്ക് ഉല്‍പ്പാദനച്ചെലവുപോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്. മൂന്നുലക്ഷത്തോളം തോട്ടംതൊഴിലാളികള്‍ക്ക് ജീവിതം നരകതുല്യമായി മാറിക്കൊണ്ടിരിക്കുകയാണ്. മുമ്പ് പ്ളാന്റേഷന്‍ ലേബര്‍ ആക്ടുവഴി അവര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന പരിമിതമായ താമസസൌകര്യം, രോഗചികിത്സാ സൌകര്യം, കുടിവെള്ളം, ജോലിസ്ഥിരത, മറ്റ് സാമ്പത്തിക ആനുകൂല്യങ്ങള്‍ ഇവയെല്ലാം ക്രമേണ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ പുതിയ തലമുറ തോട്ടങ്ങളില്‍ ജോലി ആഗ്രഹിക്കുന്നില്ല. പുരുഷതൊഴിലാളികള്‍ പുറത്തുപോയി കൂടുതല്‍ കൂലിക്ക് പണിയെടുക്കുന്നു. സ്ത്രീകളാണ് തോട്ടങ്ങളില്‍ പണി ചെയ്യുന്നത്. അവര്‍തന്നെ പത്തുപതിനഞ്ച് വര്‍ഷത്തിനകം ഗ്രാറ്റുവിറ്റി വാങ്ങി പിരിയുന്ന പ്രായത്തിലുള്ളവരാണ്. പിരിയുന്നവര്‍ക്കുപകരമായി തോട്ടം ഉടമകള്‍ തൊഴിലാളികളെ നിയമിക്കാത്തതിനാല്‍ 25 വര്‍ഷം മുമ്പുണ്ടായിരുന്നതിന്റെ 40 ശതമാനംമാത്രമാണ് തൊഴിലാളികളുടെ എണ്ണം. തോട്ടങ്ങളുടെ വിസ്തൃതി വര്‍ധിക്കുകയല്ലാതെ കുറഞ്ഞിട്ടില്ല. ഉള്ള തൊഴിലാളികളുടെമേല്‍ അമിത അധ്വാനഭാരം അടിച്ചേല്‍പ്പിച്ചും കരാര്‍പണി നല്‍കിയും അന്യസംസ്ഥാനക്കാരെക്കൊണ്ട് പണിയെടുപ്പിച്ചും തോട്ടം ഉടമകള്‍ മുന്നോട്ടുപോകുകയാണ്.   

കേരളത്തിലെ ഏറ്റവും മോശപ്പെട്ട ജീവിതസാഹചര്യത്തില്‍ താരതമ്യേന കുറഞ്ഞ മിനിമംകൂലി വാങ്ങി പണിയെടുക്കുന്നവരാണ് തോട്ടംതൊഴിലാളികള്‍. 17 ദിവസം കൂലിവര്‍ധനയ്ക്കായി പണിമുടക്കിയതിനുശേഷമാണ് കഴിഞ്ഞ ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുന്‍ മുഖ്യമന്ത്രി മധ്യസ്ഥനായി ഒത്തുതീര്‍പ്പുചര്‍ച്ച നടത്തി നാമമാത്രമായ കൂലിവര്‍ധന നടപ്പാക്കിയത്. എന്നാല്‍, പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍വഴി തേയില, കാപ്പി, റബര്‍ തോട്ടങ്ങളില്‍ അധ്വാനഭാരം വര്‍ധിപ്പിച്ച് പ്ളാന്റേഷന്‍ ലേബര്‍ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തുണ്ടാക്കിയ കൂലിവര്‍ധനയുടെ ഫലം ഇല്ലാതാക്കി. ഫലത്തില്‍ കൂലി കുറയ്ക്കുന്ന നടപടിയാണ് അന്ന് സര്‍ക്കാര്‍ സ്വീകരിച്ചത്. അതിനെതിരായ പ്രതിഷേധം ഇപ്പോഴും തൊഴിലാളികള്‍ക്കുണ്ട്.

റബറും കാപ്പിയും തേയിലയും ഏലവുമെല്ലാം ആഭ്യന്തരമാര്‍ക്കറ്റില്‍ ആവശ്യമുള്ളവയാണ്. ന്യായവില നല്‍കി ഇവ സംഭരിച്ച് ഉപഭോക്താക്കള്‍ക്ക് എത്തിച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ ഈ വ്യവസായത്തെ നിലനിര്‍ത്താന്‍ കഴിയും. ഇതിനായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതികള്‍ ആവിഷ്കരിക്കണം.  നിവേദിത പി ഹരന്‍, രാജമാണിക്യം തുടങ്ങിയ ഐഎഎസ് ഉദ്യോഗസ്ഥരുടെ ഏകപക്ഷിയമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നോട്ടീസ് നല്‍കി തോട്ടങ്ങള്‍ പിടിച്ചെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ അധികാരം സര്‍ക്കാര്‍ പിന്‍വലിക്കണം.

ഏറ്റെടുക്കാനുള്ള തീരുമാനം പുരോഗമനപരവും സ്വാഗതാര്‍ഹവുമാണ്. എന്നാല്‍, ഏറ്റെടുക്കുന്ന തോട്ടങ്ങള്‍ തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി തോട്ടങ്ങളായി നിലനിര്‍ത്തി പ്രവര്‍ത്തിപ്പിക്കണം. നിര്‍ഭാഗ്യവശാല്‍ ഇങ്ങനെ ചെയ്യുന്നതായി കാണു ന്നില്ല. പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി, കൈയേറിയ ഭൂമി എന്നെല്ലാം പറഞ്ഞ് കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയിലുള്ള ഇരുപതിലധികം തോട്ടങ്ങള്‍ റവന്യൂവകുപ്പും വനംവകുപ്പും പിടിച്ചെടുത്തു. 25,000 തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന ആ പഞ്ചായത്തില്‍ ഇപ്പോള്‍ 2000 തോട്ടംതൊഴിലാളികള്‍ തികച്ചില്ല.

വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാ യിരുന്നപ്പോള്‍ അവിടെ വനംവകുപ്പ് അവസാനമായി ഏറ്റെടുത്ത തുത്തംപാറ കാപ്പിത്തോട്ടം പ്ളാന്റേഷന്‍ കോര്‍പറേഷനെ ഏല്‍പ്പിച്ച് തോട്ടമായി പ്രവര്‍ത്തിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാ നിച്ചതാണ്. എന്നാല്‍, നാളിതുവരെ ആ തീരുമാനം നടപ്പായിട്ടില്ല. കാപ്പിത്തോട്ടം ഇപ്പോള്‍ കാപ്പിവനമായി രൂപാന്തരപ്പെട്ടിരിക്കുന്നു. അവിടെനിന്ന് തൊഴിലാളികളെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ആട്ടിപ്പായിച്ചു. നാളിതുവരെ പണിയെടുത്തതിന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍പോലും കിട്ടാതെ ഗത്യന്തരമില്ലാതെ അവര്‍ തമിഴ്നാട്ടിലേക്ക് പോയി. ഇപ്പോള്‍ പീരുമേട്ടിലെ ഒമ്പത് തേയിലത്തോട്ടങ്ങള്‍ ഏറ്റെടുക്കാന്‍ രാജമാണിക്യം നോട്ടീസ് കൊടുത്തു. ചെറു വള്ളി എസ്റ്റേറ്റ്, വിമാനത്താവളത്തിനുവേണ്ടി സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ്. ഇങ്ങനെ ഏറ്റെടുക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികളെ എങ്ങനെ പുനരധിവസിപ്പിക്കുമെന്ന കാര്യം സര്‍ക്കാര്‍ യൂണിയനുകളുമായി ചര്‍ച്ച ചെയ്ത് വ്യക്തമായ തീരുമാനമുണ്ടാക്കണം. തോട്ടംതൊഴിലാളികള്‍ക്ക് താമസിക്കാന്‍ രണ്ടു കിടപ്പുമുറിയും അടുക്കളയും വരാന്തയും അടങ്ങുന്ന ലയം എന്ന പേരിലല്ലാതെ വര്‍ക്കേഴ്സ് ക്വാര്‍ട്ടേഴ്സ് എന്ന പേരില്‍ വീടുകള്‍ നിര്‍മിച്ചുനല്‍കണം. ഗ്രാറ്റുവിറ്റി ആയവര്‍ക്കും ആകുന്നവര്‍ക്കുമായി സ്വന്തമായി വീട് വച്ച് നല്‍കണം. ഇതിനാവശ്യമായ ഭൂമി തോട്ടം ഉടമകളില്‍നിന്ന് സര്‍ക്കാര്‍ അധികാരം ഉപയോഗിച്ച് പിടിച്ചെടുക്കണം. പൂട്ടിക്കിടക്കുന്ന തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം.

അവ തോട്ടംതൊഴിലാളി സഹകരണസംഘങ്ങളെ ഏല്‍പ്പിച്ച് പ്രവര്‍ത്തിപ്പിക്കണം. പ്രാഥമിക പ്രവര്‍ത്തനമൂലധനം സര്‍ക്കാര്‍ നല്‍കണം. അവിടെനിന്നെടുക്കുന്ന കൊളുന്തില്‍നിന്ന് തേയില ഉല്‍പ്പാദിപ്പിക്കുന്നതിനായി സഹകരണമേഖലയില്‍ പുതിയ തേയിലഫാക്ടറികള്‍ സര്‍ക്കാര്‍ സഹായത്തോടെ നിര്‍മിക്കണം. തോട്ടംജോലി കൂടുതല്‍ ആകര്‍ഷകമാകത്തക്കവിധത്തില്‍ മിനിമംകൂലിയും ആനുകൂല്യങ്ങളും കാലാനുസൃതമായി പരിഷ്കരിക്കണം. തദ്ദേശസ്വയംഭരണങ്ങളുമായി ബന്ധപ്പെട്ട് തോട്ടം റോഡുകള്‍ സഞ്ചാരയോഗ്യമാക്കണം. തൊഴിലാളികളുടെ  ചികിത്സയ്ക്കായി ഇഎസ്ഐ സൌകര്യം ഏര്‍പ്പെടുത്തണം. അതിന് കഴിയത്തക്കവിധം ഇഎസ്ഐ നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തണം. തോട്ടങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിനായി സര്‍ക്കാര്‍ ഇടപെടണം.

ഇക്കാര്യങ്ങളെല്ലാം പുനലൂരില്‍ ശനിയാഴ്ചയും ഞായറാഴ്ചയുമായി നടക്കുന്ന കേരള പ്ളാന്റേഷന്‍ ലേബര്‍ ഫെഡറേഷന്‍ (സിഐടിയു) 12-ാം സംസ്ഥാന സമ്മേളനം ചര്‍ച്ച ചെയ്യും

(കേരള പ്ളാന്റേഷന്‍ ലേബര്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

പ്രധാന വാർത്തകൾ
 Top