01 March Monday

ചുവപ്പ്‌ മായാതെ ലാറ്റിനമേരിക്ക - വി ബി പരമേശ്വരൻ എഴുതുന്നു

വി ബി പരമേശ്വരൻUpdated: Friday Dec 11, 2020


ലാറ്റിനമേരിക്കയിൽ 1990കളുടെ അവസാനം ദൃശ്യമായ ഇടതുപക്ഷ വേലിയേറ്റത്തെ ‘പിങ്ക്‌ ടൈഡ്’‌ എന്ന പേരിലാണ്‌ ചരിത്രം രേഖപ്പെടുത്തുന്നത്‌. 1998ൽ വെനസ്വേലയിൽ ഹ്യൂഗോ ഷാവേസ്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ്‌ ഇടതുപക്ഷത്തിന്റെ ഈ മുന്നേറ്റം ദൃശ്യമായത്‌. നവ ഉദാരവൽക്കരണത്തിനെതിരായ നിലപാടാണ്‌ ഈ മുന്നേറ്റത്തിന്റെ മുഖമുദ്ര. ഇടതു‌ വേലിയേറ്റത്തിന്റെ ഭാഗമായി അർജന്റീനയിൽ കിർച്ച്‌നർ ദമ്പതികളുടെ ഭരണവും(2003–-07 നെസ്‌റ്റർ കിർച്ച്‌നറും 2007–-15 വരെ ഭാര്യ ക്രിസ്‌റ്റിന ഫെർണാണ്ടസ്‌ ഡി കിർച്ച്‌നറും) ബ്രസീലിൽ വർക്കേഴ്‌സ്‌ പാർടി നേതാവ്‌ ലുല ഡി സൽവയും(2003–-10) ദിൽമ റൂസഫും(2011–-15) ചിലിയിൽ മധ്യഇടതുപക്ഷക്കാരി മിഷേല ബാഷ്‌ലറ്റും(2007–-15) അധികാരമേറി. ബൊളീവിയയിൽ ഇവാ മൊറാലിസ്‌ 2006ൽ പ്രസിഡന്റായി അധികാരമേറിയതോടെയാണ്‌ ഇടതുപക്ഷ മുന്നേറ്റം അതിന്റെ ഉച്ചാവസ്ഥയിലെത്തിയത്‌.

എന്നാൽ, അമേരിക്കയും ഓർഗനൈസേഷൻ  ഓഫ്‌ അമേരിക്കൻ സ്‌റ്റേറ്റ്‌സും(ഒഎഎസ്‌) കോർപറേറ്റുകളും ചേർന്ന്‌ ഈ ഇടതുപക്ഷ മുന്നേറ്റത്തെ തടയാനുള്ള തീവ്ര ശ്രമങ്ങളുണ്ടായി. 2009ൽ തെരഞ്ഞെടുക്കപ്പെട്ട ഹോണ്ടുറാസ്‌ പ്രസിഡന്റ്‌‌ മാന്വൽ സെലായയെ അട്ടിമറിച്ചതോടെ യാഥാസ്ഥിതിക കക്ഷികൾക്ക്‌ അനുകൂലമായ തരംഗത്തിന്‌‌ തുടക്കമിട്ടു. 2015ൽ ചിലിയിലെ ക്രിസ്‌റ്റീന ഫെർണാണ്ടസ്‌ കിർച്ച്‌നർ അധികാരമൊഴിഞ്ഞു. അമേരിക്കയിൽ ഡോണൾഡ്‌ ട്രംപ്‌ അധികാരത്തിൽവന്നത്‌ ലാറ്റിനമേരിക്കൻ വലതുപക്ഷത്തിന്‌ ശക്തി പകർന്നു. ബ്രസീലിയൻ പ്രസിഡന്റ്‌‌ സ്ഥാനത്തുനിന്ന്‌ ദിൽമ റൂസഫ്‌ ഇംപീച്ച്‌ ചെയ്യപ്പെട്ടു. തുടർന്ന്‌, തീവ്രവലതുപക്ഷക്കാരനായ ജയിർ ബൊൾസനാരോ അധികാരത്തിൽ വരികയും ചെയ്‌തു. കഴിഞ്ഞ വർഷം നവംബറിൽ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ചിട്ടും ബൊളീവിയൻ പ്രസിഡന്റ്‌‌ ഇവാ മൊറാലിസ്‌ അട്ടിമറിക്കപ്പെട്ടു. ഇതോടെ ഇടതുപക്ഷത്തിന്റെ മരണം പ്രഖ്യാപിക്കപ്പെട്ടു.

വെനസ്വേലയിലെ വിജയം
തിരിച്ചടികൾ ഏറ്റുവാങ്ങിയെങ്കിലും മനുഷ്യവിമോചനത്തിൽ ഊന്നുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളെ തോൽപ്പിക്കാനാകില്ലെന്ന്‌ അടുത്തകാലത്ത്‌ ലാറ്റിനമേരിക്കയിൽ നടന്ന സംഭവങ്ങൾ തെളിയിക്കുന്നു. അതിൽ ഏറ്റവും അവസാനത്തെ ഉദാഹരണമാണ്‌ വെനസ്വേലൻ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ വിജയം. അഞ്ച്‌ വർഷംമുമ്പ്‌ നടന്ന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിനാണ്‌ ദേശീയ പാർലമെന്റിൽ ഭൂരിപക്ഷം കിട്ടിയിരുന്നത്‌. ദേശീയ അസംബ്ലിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജുവാൻ ഗുഅയിഡോയെ മുൻ നിർത്തിയാണ്‌ മഡൂറോയുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്‌റ്റ്‌ പാർടി സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്കയും കൂട്ടാളികളും ശ്രമിച്ചത്‌. എന്നാൽ, വെനസ്വേലൻ ജനതയുടെ വർധിച്ച പിന്തുണ നേടുന്നതിൽ വിജയിച്ച മഡൂറോയ്‌ക്ക്‌ ആ അട്ടിമറി ശ്രമങ്ങളെയെല്ലാം അതിജീവിക്കാനായി. ദേശീയ അസംബ്ലിയിൽക്കൂടി യുനൈറ്റഡ്‌ സോഷ്യലിസ്‌റ്റ്‌ പാർടി ഓഫ്‌ വെനസ്വേലയ്‌ക്ക്‌(പിഎസ്‌യുവി) ഭൂരിപക്ഷം ലഭിച്ചതോടെ കൂടുതൽ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ നടത്താൻ മഡൂറോ സർക്കാരിന്‌ കഴിയുമെന്ന്‌ വിലയിരുത്തപ്പെടുന്നു. ഡിസംബർ ആറിന്‌ നടന്ന തെരഞ്ഞെടുപ്പിൽ 68 ശതമാനത്തോളം വോട്ട്‌‌ നേടിയാണ്‌ സോഷ്യലിസ്‌റ്റ്‌ പാർടി വിജയിച്ചത്‌. എന്നാൽ, അമേരിക്കയും യൂറോപ്യൻ യൂണിയനും മറ്റും തെരഞ്ഞെടുപ്പിനെ അംഗീകരിക്കാൻ തയ്യാറായില്ല. കൃത്രിമം നടന്നുവെന്നും 31 ശതമാനം പോളിങ്‌ മാത്രം നടന്ന തെരഞ്ഞെടുപ്പിനെ അംഗീകരിക്കാനാകില്ലെന്നുമുള്ള വിചിത്രവാദമാണ്‌ ഇവർ ഉയർത്തുന്നത്‌.


 

വെനസ്വേലയിൽ തെരഞ്ഞെടുപ്പ്‌ നടന്ന അതേ ദിവസം തെരഞ്ഞെടുപ്പ്‌ നടന്ന റുമാനിയയിലും 33 ശതമാനംമാത്രമായിരുന്നു പോളിങ്‌. ആ ഫലം അംഗീകരിക്കാൻ ഒരു മടിയുമില്ലാത്ത യൂറോപ്യൻ യൂണിയൻ വെനസ്വേലൻ തെരഞ്ഞെടുപ്പിൽമാത്രമാണ്‌ കൃത്രിമം കാണുന്നത്‌. 2013ൽ ഹ്യൂഗോ ഷാവേസ്‌ മരിച്ചതോടെ വെനസ്വേലയിൽ വലതുപക്ഷഭരണം സ്ഥാപിച്ച്‌ എണ്ണയുൾപ്പെടെയുള്ള പ്രകൃതിവിഭവങ്ങൾ മുഴുവൻ കൊള്ളയടിക്കാമെന്ന പാശ്ചാത്യശക്തികളുടെ മോഹമാണ്‌ സോഷ്യലിസ്‌റ്റ്‌ കരുത്തിന്റെ മുന്നിൽ തകർന്നടിയുന്നത്‌. ഹ്രസ്വകാലത്തെ തിരിച്ചടിക്കു‌ശേഷം ലാറ്റിനമേരിക്കൻ ഇടതുപക്ഷം വീണ്ടും ഉയർന്നുവരികയാണെന്നതിന്റെ അടയാളപ്പെടുത്തലാണ്‌ വെനസ്വേലയിലെ വിജയം. 

ബൊളീവിയയിൽ ഇടതുപക്ഷത്തിന്റെ തിരിച്ചുവരവ്‌
അട്ടിമറി നടന്ന്‌ ഒരു വർഷം തികയുന്ന വേളയിൽ നടന്ന തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം നേടി ബൊളീവിയയിലെ ഇടതുപക്ഷ സോഷ്യലിസ്‌റ്റ്‌ പ്രസ്ഥാനം അധികാരമേറി. 2019 നവംബർ പത്തിനാണ്‌ മൂവ്‌മെന്റ്‌ ഫോർ സോഷ്യലിസം നേതാവ്‌ ഇവാ മൊറാലിസിനെ അമേരിക്കയുടെ പിന്തുണയോടെ പട്ടാളം അട്ടിമറിച്ചത്‌. ബൊളീവിയയിൽ ‘ജനാധിപത്യത്തിന്റെ മഹാവിസ്‌ഫോടനമായാണ്’‌ ഈ അട്ടിമറിയെ ‘വാൾസ്‌ട്രീറ്റ്‌ ജേണൽ’ വിശേഷിപ്പിച്ചത്‌. ജനസംഖ്യയിൽ പകുതിയിലധികം ആദിവാസിജനസമൂഹമുള്ള ബൊളീവിയയിൽ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ തദ്ദേശവാസിയായ പ്രസിഡന്റായിരുന്നു മൊറാലിസ്‌. ചൂഷണത്തിനെതിരെ ശക്തമായി നിലകൊണ്ട ലാറ്റിനമേരിക്കൻ ഇടതുപക്ഷ ശബ്‌ദമായിരുന്നു മൊറാലിസിന്റെത്‌. 2006 മുതൽ 13 വർഷത്തെ ഭരണത്തിനിടയിൽ സാമ്പത്തിക അസമത്വം മൂന്നിൽ രണ്ട്‌ ശതമാനമായും ദാരിദ്ര്യം 38 ശതമാനത്തിൽനിന്ന്‌ 17 ശതമാനമായും കുറയ്‌ക്കാൻ മൊറാലിസിന്‌ കഴിഞ്ഞു. വ്യവസായങ്ങൾ ദേശസാൽക്കരിച്ചു. ഇലക്‌ട്രിക്‌ കാറുകൾക്കും കംപ്യൂട്ടറുകൾക്കും സെൽഫോണുകൾക്കും ആവശ്യമായ ലിഥിയവുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ പൊതുമേഖലയിൽ ആരംഭിക്കുമെന്ന മൊറാലിസ്‌ സർക്കാരിന്റെ പ്രഖ്യാപനമാണ്‌ അട്ടിമറിക്കുള്ള പെട്ടെന്നുള്ള കാരണമായത്‌. ബൊളീവിയയിലെ വലതുപക്ഷവും ട്രംപും ലൂയിസ്‌ അൽമാഗ്രോയും(ഒഎഎസ്‌ സെക്രട്ടറി ജനറൽ) ചേർന്നാണ്‌ അട്ടിമറി നടത്തിയത്‌. ക്യാനഡ, ബ്രസീൽ, കൊളംബിയ എന്നിവിടങ്ങളിലെ വലതുപക്ഷ സർക്കാരുകളും ഈ അട്ടിമറിയെ പിന്തുണച്ചു.

എന്നാൽ, ഒക്ടോബർ 18ന്‌ നടന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ മൊറാലിസിന്റെ പാർടി സ്ഥാനാർഥി ലുയീസ്‌ ആർസെ ആദ്യറൗണ്ടിൽത്തന്നെ 55 ശതമാനം വോട്ട്‌ നേടി വിജയിച്ചു. ‘ജനാധിപത്യം തിരിച്ചുപിടിച്ചതായി’ അർജന്റീനയിൽ പ്രവാസത്തിൽ കഴിയുന്ന മൊറാലിസ്‌ പ്രതികരിച്ചു. ആർസെയുടെ സത്യപ്രതിജ്ഞയ്‌ക്ക്‌ മൊറാലിസ്‌ സ്വന്തം രാജ്യത്ത്‌ എത്തുകയും ചെയ്‌തു. വലതുപക്ഷ സ്ഥാനാർഥി കാർലോസ്‌ മെസയ്‌ക്ക്‌ ആർസെയുടെ പകുതി വോട്ട്‌ മാത്രമാണ്‌ (28 ശതമാനം)-ലഭിച്ചത്‌. ഗത്യന്തരമില്ലാതെ ഒഎഎസ്‌പോലും തെരഞ്ഞെടുപ്പ്‌ ഫലത്തെ അംഗീകരിച്ചു. 2019 ഒക്ടോബർ 20ന്‌ നടന്ന തെരഞ്ഞെടുപ്പിൽ മൊറാലിസിന്റെ വിജയത്തെ അംഗീകരിക്കാതിരുന്ന ഒഎഎസ്‌ തെരഞ്ഞെടുപ്പിൽ കൃത്രിമം ആരോപിച്ചിരുന്നു. ബൊളീവിയയിലെ ഇടതുപക്ഷ വിജയം ലാറ്റിനമേരിക്കൻ ഇടതുപക്ഷത്തിന്റെ കണ്ണഞ്ചിക്കുന്ന വിജയങ്ങളിലൊന്നാണ്‌.

ട്രംപിനും അടിതെറ്റി
നവംബർ മൂന്നിന്‌ നടന്ന അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ വംശീയവിദ്വേഷിയും തീവ്ര വലതുപക്ഷക്കാരനുമായ റിപ്പബ്ലിക്കൻ പാർടി സ്ഥാനാർഥി‌ ട്രംപ്‌ തോറ്റതും ഇടതുപക്ഷത്തിന്‌ ആശ്വാസം നൽകുന്ന വാർത്ത തന്നെ. കമ്യൂണിസ്‌റ്റുപാർടിക്കാർക്ക്‌ പൗരത്വം നൽകില്ലെന്നും ജോ ബൈഡനും കമല ഹാരിസിനും നൽകുന്ന വോട്ട്‌ സോഷ്യലിസത്തിനും കമ്യൂണിസത്തിനും അരാജകത്വത്തിനും നൽകുന്ന വോട്ടാണെന്നും പറഞ്ഞ്‌ വോട്ടർമാരിൽ ഇടതുപക്ഷവിരോധം സൃഷ്ടിക്കാൻ ട്രംപ്‌ ആവതും ശ്രമിച്ചിരുന്നു. എന്നിട്ടും, അദ്ദേഹത്തിന്‌ സ്വന്തം തോൽവി തടയാനായില്ല. അതോടൊപ്പം ട്രംപ്‌ ‘ചുവപ്പ്‌ സ്‌ക്വാഡ്‌’എന്നുവിളിക്കുന്ന കോൺഗ്രസ്‌ അംഗങ്ങൾ ഇക്കുറിയും ജയിച്ചതും വലതുപക്ഷത്തിന്‌ ക്ഷീണംതന്നെ. ഡെമോക്രാറ്റിക്‌ പാർടിയിലെ പുരോഗമനവാദികൾ എന്ന്‌ വിശേഷിപ്പിക്കാവുന്ന അലക്‌സാണ്ട്രിയ ഒകാസിയോ കോർടസ്‌, റഷീദ താലിബ്‌, ഇൽഹാൻ ഒമർ, കോറി ബുഷ്‌, ജമാൽ ബൗമാൻ, മൗഡെയർ ജോൺസ്‌ എന്നിവരെല്ലാം ജയിച്ചതും അമേരിക്കയിലും സോഷ്യലിസ്‌റ്റ്‌ ഇടതുപക്ഷ ആശയധാരകൾ പല രീതിയിലും രാഷ്ട്രീയത്തെ സ്വാധീനിക്കുന്നുവെന്ന്‌ വ്യക്തമാക്കുന്നു.


 

പിനോച്ചെയുടെ യുഗത്തിന്‌ അന്ത്യമിടുന്നു
വലതുപക്ഷക്കാരനായ സെബാസ്‌റ്റ്യൻ പെനേര ഭരിക്കുന്ന ചിലിയിലും ഇടതുപക്ഷം ശക്തമായ പോരാട്ടം കുറിച്ചിരിക്കുകയാണ്‌. അലൻഡെയെ അട്ടിമറിച്ച്‌ പിനോച്ചെ എ‌ന്ന ഏകാധിപതി നവ ഉദാരവൽക്കരണത്തിന്‌ തുടക്കമിട്ട രാജ്യമാണ്‌ ചിലി. പിനോച്ചെക്കാലത്ത്‌ നിർമിച്ച ഭരണഘടനയനുസരിച്ചായിരുന്നു ഈ നടപടി. പ്രസ്‌തുത ഭരണഘടന മാറ്റാൻ ഒക്ടോബർ 25ന്‌ ഹിതപരിശോധനയിലൂടെ ജനങ്ങൾ വിധിയെഴുതിയിരിക്കുന്നു. പുതിയ ഭരണഘടനാ നിർമാണസഭ 50 ശതമാനം രാഷ്ട്രീയക്കാരും 50 ശതമാനം പ്രമുഖ പൗരന്മാരും ആയിരിക്കണമെന്ന വലതുപക്ഷ നിർദേശവും ജനങ്ങൾ തള്ളി. കമ്യൂണിസ്‌റ്റ്‌ പാർടിയും ഇടതുപക്ഷവും മുന്നോട്ടുവച്ച ഭരണഘടനാനിർമാണസഭയിലേക്ക്‌ അംഗങ്ങളെ ജനങ്ങൾ നേരിട്ട്‌ തെരഞ്ഞെടുക്കണമെന്ന നിർദേശമാണ് (79.2 ശതമാനവും)‌ അംഗീകരിക്കപ്പെട്ടത്‌. അടുത്ത വർഷം ഏപ്രിൽ 21ന്‌ ഈ തെരഞ്ഞെടുപ്പ്‌ നടക്കും. 2022 ആഗസ്‌തിൽ പുതിയ ഭരണഘടന നിലവിൽ വരും. ‘പിനോച്ചെ ഭരണഘടനയ്‌ക്കും കമ്പോള സമ്പദ്‌വ്യവസ്ഥയ്‌ക്കും ഞങ്ങൾ ചിലിയൻ ജനത കുഴിമാടം തോണ്ടാൻ ആരംഭിച്ചിരിക്കുന്നു’വെന്ന്‌ കമ്യൂണിസ്‌റ്റ്‌ പാർടി നേതാവ്‌ ഗില്ലെർമോ ടീലിയർ പറയുമ്പോൾ ഒരു കാലഘട്ടത്തിന്‌ തിരശ്ശീല വീഴുകയാണെന്നർഥം.

മാറുന്ന ബ്രസീൽ

ലാറ്റിനമേരിക്കൻ വലതുപക്ഷത്തിന്റെ ഏറ്റവും ശക്തനായ നേതാവാണ്‌ ബ്രസീലിലെ പ്രസിഡന്റ്‌ ജയിർ ബൊൾസനാരോ. ഇടതുപക്ഷ ശബ്‌ദങ്ങളെ ഇല്ലാതാക്കാൻ ആവനാഴിയിലെ എല്ലാ അമ്പുകളും എയ്‌തുവിടുന്ന നേതാവ്‌. എന്നാൽ, ട്രംപിനെന്നപോലെ ബൊൾസനാരോയ്‌ക്കും കാലിടറാൻ തുടങ്ങിയിരിക്കുന്നു. നവംബർ 15ന്‌ നടന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബൊൾസനാരോ പിന്തുണച്ച സ്ഥാനാർഥികളിൽ മഹാഭൂരിപക്ഷവും തോറ്റമ്പി. ലുല ഡി സിൽവയുടെ വർക്കേഴ്‌സ്‌ പാർടിക്ക്‌ ഉൾപ്പെടെ വലിയ മുന്നേറ്റം നേടാനായില്ലെങ്കിലും തീവ്ര വലതുപക്ഷക്കാരനായ ബൊൾസനാരോ പിന്തുണച്ച സ്ഥാനാർഥികൾ ചില നഗരങ്ങളിൽ ദയനീയമായി പരാജയപ്പെട്ടു. വടക്കൻ സംസ്ഥാനമായ റോൺഡോണിയയിൽ കഴിഞ്ഞ തവണ 70 ശതമാനം വോട്ട്‌‌ നേടിയ മേയർ സ്ഥാനാർഥിക്ക്‌ ബൊൾസനാരോയുടെ പിന്തുണ ലഭിച്ചപ്പോൾ ലഭിച്ച വോട്ട്‌ വെറും അഞ്ച്‌ ശതമാനം. ലാറ്റിനമേരിക്കയിൽ ഇടതുപക്ഷത്തിന്റെ പിങ്ക്‌ ടൈഡിന്‌ വീണ്ടും തുടക്കമാകുകയാണോ? അത്‌ മൂന്നാം ലോകരാജ്യങ്ങളിലേക്ക്‌ വ്യാപിക്കുമോ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top