04 August Wednesday

ഒന്നായി മുന്നേറാം - മുഖ്യമന്ത്രി പിണറായി വിജയൻ എഴുതിയ ലേഖനം

പിണറായി വിജയൻUpdated: Thursday May 20, 2021

കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഇടതുപക്ഷ നേതൃത്വത്തിലുള്ള ഭരണത്തിന് തുടർച്ചയായി രണ്ടാമൂഴം ഉണ്ടാകുകയാണ്. ഒന്നാമൂഴത്തിന്റെ സദ്ഫലങ്ങളെ ശക്തിപ്പെടുത്തിയും സമാഹരിച്ചും സൃഷ്ടിക്കുന്ന അടിത്തറയിൽ പുതിയ കാലം ആവശ്യപ്പെടുന്ന തരത്തിലുള്ള ഒരു നവകേരളത്തെ കെട്ടിപ്പടുക്കുക എന്നതായിരിക്കും ഈ ഭരണത്തിന്റെ ലക്ഷ്യം. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ലഭിച്ച വിജയം ഇതിനുള്ള ജനസമ്മതിയാണ്. കേരളത്തിന്റെ താൽപ്പര്യം സംരക്ഷിക്കണമെങ്കിൽ, അവകാശം നേടിയെടുക്കണമെങ്കിൽ, നമ്മുടെ നാടിന്റെ മതനിരപേക്ഷത സംരക്ഷിക്കപ്പെടണമെങ്കിൽ, അഴിമതിരഹിത വികസനം യാഥാർഥ്യമാകണമെങ്കിൽ, ക്ഷേമം പുലരണമെങ്കിൽ, കേരളത്തിൽ പുരോഗമന ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു സർക്കാർതന്നെ അധികാരത്തിൽ തുടരണമെന്ന് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ വിധിയെഴുതിയിരിക്കുകയാണ്. ആ ജനവിധി പ്രാബല്യത്തിലാകുകയാണ് ഇന്ന്; പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയോടെ.

വാക്കിനു വിലയുള്ള ഒരു ഇടതുപക്ഷ ജനകീയ ബദൽ ഇവിടെ യാഥാർഥ്യമാകണമെന്ന് കേരളത്തിലെ ജനങ്ങൾ കരുതുന്നു. അതുകൊണ്ടുതന്നെ ഈ വിജയം ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്. കേരളം ഒറ്റക്കെട്ടാണെന്നും ഒന്നായി നാം മുന്നേറുമെന്നും ഒന്നാമതായി തുടരുമെന്നുമുള്ള സന്ദേശമാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നൽകിയത്. ആ സന്ദേശം മുറുകെപിടിച്ചുകൊണ്ട് നവകേരളത്തിലേക്കുള്ള യാത്ര നമുക്ക് ഒരുമിച്ച് തുടരാം എന്ന് ഓരോ കേരളീയനോടും അഭ്യർഥിക്കുകയാണ്. ആ തുടർയാത്രയ്ക്കു നാം തുടക്കം കുറിക്കുകയാണ് ഇന്ന്.


 

നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനം ചെയ്താൽ അറബിക്കടൽമുതൽ പശ്ചിമഘട്ടംവരെ, മലബാർ എന്നോ കൊച്ചിയെന്നോ തിരുവിതാംകൂർ എന്നോ വ്യത്യാസമില്ലാതെ ജനങ്ങളാകെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ നെഞ്ചോടു ചേർത്തുപിടിച്ചുവെന്നും ജാതി–-മത, ലിംഗ–-പ്രായ ഭേദമെന്യേ സംസ്ഥാനത്തുടനീളം ജനങ്ങൾ എൽഡിഎഫിൽ വിശ്വാസം അർപ്പിക്കുന്നുവെന്നും വ്യക്തമാകും. ഇവിടെ വികസനവും ക്ഷേമവുമാണ് ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ. സമാധാനവും സ്വൈര്യജീവിതവുമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ഇതൊക്കെ ഉറപ്പുവരുത്തുന്നവരോടൊപ്പമാണ് ജനം നിൽക്കുന്നത്. അതിനൊക്കെ വെല്ലുവിളികൾ ആകുമെന്ന് കരുതുന്നവരെയാകട്ടെ ജനത ഈ തെരഞ്ഞെടുപ്പിൽ തള്ളിക്കളഞ്ഞിട്ടുണ്ട്. ജനങ്ങളുടെ ആഗ്രഹം സഫലമാക്കാനുള്ള യത്നത്തിന്‌ സമർപ്പിതമായിരിക്കും പുതിയ ഭരണം.

1957ൽ ആരംഭിച്ച പ്രക്രിയയുടെ തുടർച്ചയും കാലാനുസൃതമായ വികാസവുമാണ് 2021ൽ നാം കാണുന്നത്. നാടിന്റെ പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണുന്നതും അതിനായി ജനതയെ ഒന്നായി ചേർത്തുനിർത്തുന്നതുമായ പുതിയ ഒരു രാഷ്ട്രീയസമീപനം കേരളത്തിൽ പൊതുവായി ഉയർന്നുവരേണ്ടതുണ്ട്. ഈ വിധത്തിലുള്ള ഒരു മുന്നേറ്റമാണ് അടുത്ത അഞ്ചു വർഷംകൊണ്ട് നടത്താൻ നാം തയ്യാറെടുക്കുന്നത്. അതിനായി ജനങ്ങളുടെയാകെ ഒത്തൊരുമയോടെ ഉള്ള സഹകരണവും പ്രവർത്തനവും ഒഴിച്ചുകൂടാൻ ആകാത്തതാണ്.

ഒരു മഹാമാരിയുടെ നടുവിലാണ് നാം. ജനിതകമാറ്റം വന്ന നോവൽ കൊറോണ വൈറസിന്റെ വ്യാപനം അതിശക്തമായിത്തന്നെ നമ്മുടെ ഇടയിൽ തുടരുന്നുണ്ട്. സ്വാഭാവികമായും അതിനെ ചെറുക്കാനും ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനുമാണ് പ്രാധാന്യം നൽകുന്നത്. അതിനാവശ്യമായിട്ടുള്ളത്രയും ഓക്സിജനും ഐസിയു കിടക്കകളും വെന്റിലേറ്ററുകളും ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതോടൊപ്പംതന്നെ കോവിഡ് രോഗികളുടെ ചികിത്സയുടെയും അവരുടെ പരിചരണത്തിനു വേണ്ട അവശ്യവസ്തുക്കളുടെയും വില നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പുറമെ സൗജന്യമായി എല്ലാ പ്രായത്തിലുള്ള ജനങ്ങൾക്കും വാക്സിനേഷൻ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. അതോടൊപ്പംതന്നെ ദുരിതത്തിലായിരിക്കുന്ന ജനങ്ങൾക്ക് ആശ്വാസം എത്തിക്കാനുള്ള കടമയും സർക്കാരിനുണ്ട്. അതുകൊണ്ടാണ് സാമൂഹ്യ അടുക്കളകളിൽനിന്നും ജനകീയഹോട്ടലുകളിൽനിന്നും ആവശ്യക്കാർക്ക് ഭക്ഷണമെത്തിക്കുന്നത്. ലോക്‌ഡൗണിൽ വരുമാനമില്ലാതെ ബുദ്ധിമുട്ടുന്ന ജനതയ്ക്ക് ആശ്വാസമേകാൻ ഭക്ഷ്യധാന്യക്കിറ്റും ക്ഷേമപെൻഷനുകളും ബിപിഎൽ കുടുംബങ്ങൾക്കുള്ള ധനസഹായവും എല്ലാം മുടക്കംകൂടാതെ വിതരണം ചെയ്യുന്നുമുണ്ട്.


 

മഹാമാരി ഉയർത്തുന്ന സമാനതകളില്ലാത്ത പ്രതിസന്ധികളുടെ ഇടയിലും നാടിന്റെ മുന്നോട്ടുപോക്കിന് വികസന, ക്ഷേമ പ്രവർത്തനങ്ങൾ അത്യന്താപേക്ഷിതമാണ്. അവയൊക്കെത്തന്നെ പൂർണമായി നിറവേറ്റുമെന്ന ഉറപ്പ് കേരള ജനതയ്ക്കു നൽകുകയാണ്. റീബിൾഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായ റെസിലിയന്റ് കേരള ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ രണ്ടാംഘട്ടം ലോക ബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെയും കൺസഷണൽ ഫണ്ടിങ്ങായ 250 ദശലക്ഷം യുഎസ് ഡോളർ പ്രയോജനപ്പെടുത്തി നടപ്പാക്കാൻ ഒരുങ്ങുകയാണ്. ഇതിനു പുറമെ 210 ദശലക്ഷം യുഎസ് ഡോളറിന്റെ ഖരമാലിന്യ സംസ്കരണ പദ്ധതിയും ലോക ബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുകയാണ്.

കഴിഞ്ഞ അഞ്ചുവർഷം കേരള ചരിത്രത്തിൽത്തന്നെ സമാനതകൾ ഇല്ലാത്തവയായിരുന്നു. ഒന്നിനു പുറകെ ഒന്നായി നാം പ്രതിസന്ധികളെ നേരിടുകയും അതിജീവിക്കുകയും ചെയ്തു. ഓഖി, നിപാ, പ്രളയം, കാലവർഷക്കെടുതി, ഉരുൾപ്പൊട്ടലുകൾ എന്നിവയ്‌ക്കു ശേഷം ഒടുവിൽ കോവിഡും വന്നു. അവയുടെയൊന്നും നടുവിൽ കേരളം തളർന്നില്ല. കേരള ജനത അവയെ എല്ലാം ധീരതയോടെ നേരിട്ടു, അതിജീവിച്ചു. ഈ മഹാമാരിയെയും നാം അതിജീവിക്കും.


 

ദേശീയതലത്തിൽത്തന്നെ ഉറ്റുനോക്കപ്പെടുന്ന ഒന്നാണ് കേരളത്തിൽ നടപ്പാക്കപ്പെടുന്ന ജനകീയ ബദൽ നയങ്ങൾ. കഴിഞ്ഞ തവണ സർവതലസ്പർശിയും സാമൂഹ്യ നീതിയിലധിഷ്ഠിതവുമായ വികസനവും അതിലൂടെ നവകേരള സൃഷ്ടിയുമാണ് നാം ലക്ഷ്യമിട്ടതെങ്കിൽ ഇപ്പോൾ നവകേരള നിർമിതിയുടെ പുതിയൊരു ഘട്ടത്തിലേക്കു നാം കടക്കുകയാണ്. അടിസ്ഥാന സൗകര്യ മേഖലയിൽ കഴിഞ്ഞ സർക്കാരുണ്ടാക്കിയ മുന്നേറ്റത്തിന്റെ അടിത്തറയിൽ സ്ഥായിയായ ഒരു വികസന മാതൃക യാഥാർഥ്യമാക്കണം.

പാവപ്പെട്ടവർക്കുള്ള ക്ഷേമപ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതോടൊപ്പം നാളത്തെ തലമുറ ആഗ്രഹിക്കുന്ന ആധുനിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വേണം. അതിനായി കേരളത്തെ വിജ്ഞാനസമൂഹമായി രൂപാന്തരപ്പെടുത്തണം. അതിനുതകുന്ന തരത്തിലുള്ള വികസന മാതൃകകൾ സഫലമാകുന്ന നാടായി പരിവർത്തിപ്പിക്കണം. ഇവ ഉറപ്പുവരുത്താനാണ് ഈ സർക്കാരിലൂടെ ലക്ഷ്യമിടുന്നത്.

അടുത്ത അഞ്ച് വർഷംകൊണ്ട് ആധുനികവും ഉയർന്ന തൊഴിൽശേഷിയുള്ളതുമായ ഉൽപ്പാദനപരമായ ഒരു സമ്പദ്ഘടന ഇവിടെ സൃഷ്ടിക്കും. ഇന്ത്യയിലെ സ്കിൽഡ് ലേബറിന്റെ ഹബ്ബായി മാറാനുള്ള സാധ്യത കേരളത്തിനുണ്ട്. അടുത്ത 25 വർഷംകൊണ്ട് ജീവിതനിലവാരം അന്താരാഷ്ട്രതലത്തിലെതന്നെ വികസിത, മധ്യ വരുമാന രാഷ്ട്രങ്ങൾക്ക് സമാനമാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതോടൊപ്പംതന്നെ നമ്മുടെ വികസന പ്രക്രിയ എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്ന് ഉറപ്പുവരുത്തും.

ജീവിതഗുണമേന്മയോടും സുരക്ഷയോടുംകൂടി മനുഷ്യർക്ക് ജീവിക്കാൻ കൊള്ളാവുന്ന സംസ്ഥാനമാക്കി നിലനിർത്തുന്നതിന് ഉതകുന്ന ക്ഷേമ, സുരക്ഷാ പ്രവർത്തനങ്ങൾ ഇനിയും മെച്ചപ്പെട്ട രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള വ്യക്തമായ കാര്യപരിപാടി നടപ്പാക്കും. പശ്ചാത്തലസൗകര്യ മേഖലയിൽ അടുത്ത അഞ്ചുവർഷംകൊണ്ട് 60,000 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. പശ്ചാത്തല സൗകര്യങ്ങൾ നിക്ഷേപകരെ കൂടുതൽ ആകർഷിക്കും.

കേരളത്തിന് കൂടുതൽ അനുയോജ്യമായ വ്യവസായങ്ങളായി നാം കരുതുന്നത് ഐടി പോലുള്ള വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളും ടൂറിസംപോലുള്ള സേവനപ്രദാന വ്യവസായങ്ങളുമാണ്. ഇതിനുപുറമെ പ്രധാനപ്പെട്ടത് സോഫ്റ്റ്‌വെയർ നിർമാണംപോലുള്ള നൈപുണീസാന്ദ്ര വ്യവസായങ്ങളും നമ്മുടെ വിഭവങ്ങളുടെ മൂല്യവർധിത വ്യവസായങ്ങളുമാണ്. ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കാൻ ഉതകുന്ന ബയോടെക്നോളജിപോലുള്ള സാങ്കേതികവിദ്യകളുടെ വികാസവും പ്രധാനമാണ്. ഉൽപ്പാദനമേഖലകളായ കാർഷിക–-കാർഷികാനുബന്ധ, വ്യവസായ, സാങ്കേതിക വിദ്യാ മേഖലകളിൽ നമ്മുടെ ശേഷികളെ മെച്ചപ്പെടുത്തും.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ കേന്ദ്ര സർക്കാരിന്റെ ഉദാരവൽക്കരണ നയങ്ങൾക്കും വർഗീയഅമിതാധികാര പ്രവണതകൾക്കും എതിരെ കേരളം ഒരു ബദൽ അവതരിപ്പിക്കും

കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ വിജ്ഞാനസമ്പദ്ഘടനയായി പുതുക്കിപ്പണിയുന്നതിന് കൃത്യമായൊരു പരിപാടിയാണ് ഇക്കുറി നടപ്പാക്കാൻ പോകുന്നത്. വിജ്ഞാന സമൂഹത്തിലേക്കുള്ള പരിവർത്തനത്തിന് ഏറ്റവും പ്രധാനപ്പെട്ട ഇടപെടലുകൾ നടത്തുക ഉന്നതവിദ്യാഭ്യാസ മേഖലയിലാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ കേന്ദ്ര സർക്കാരിന്റെ ഉദാരവൽക്കരണ നയങ്ങൾക്കും വർഗീയ–- അമിതാധികാര പ്രവണതകൾക്കും എതിരെ കേരളം ഒരു ബദൽ അവതരിപ്പിക്കും.

കേരളത്തിലെ സർവകലാശാലകൾക്കും അക്കാദമിക് സ്ഥാപനങ്ങൾക്കും നൂതന സാങ്കേതികവിദ്യാ മേഖലകളോട്‌ സഹകരിച്ചു പ്രവർത്തിക്കുന്നതിനുള്ള വഴിയൊരുക്കും. അവിടങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിനും ഹൈടെക്നോളജി സംരംഭങ്ങളിലേർപ്പെടുന്നതിനും പ്രോത്സാഹനം നൽകും. അങ്ങനെ അടുത്ത മൂന്നുമുതൽ അഞ്ചു വർഷംകൊണ്ട് ഐടി കയറ്റുമതിയുടെ മൂല്യം ഇരട്ടിപ്പിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഇത്തരത്തിലുള്ള ഒരു പുതിയ വികസനപാതയിലേക്കു പുരോഗമിക്കുന്നതിന് മതനിരപേക്ഷ ജനാധിപത്യ സ്വഭാവത്തെ ശക്തിപ്പെടുത്തേണ്ടത് അതിപ്രധാനമാണ്. സുസ്ഥിരവികസനം എന്ന ലക്ഷ്യം നേടുന്നതിന് അത്യന്താപേക്ഷിതമാണ് നമ്മുടെ നാട്ടിലെ സമാധാന അന്തരീക്ഷം കുറേക്കൂടി മെച്ചപ്പെടുത്തുക എന്നത്. ആഗോളവൽക്കരണ പ്രക്രിയക്കു സഹായകരമാകുന്ന വർഗീയ–-വിദ്വേഷ സമീപനങ്ങളെ ഇല്ലായ്മ ചെയ്യേണ്ടതുണ്ട്. കേരളം മുന്നോട്ടുവയ്‌ക്കുന്ന ജനകീയ ബദൽ പ്രാവർത്തികമാക്കുന്നതിന് അത് അനിവാര്യമാണ്.

രാജ്യമൊട്ടാകെ ഈ ഘട്ടത്തിൽ കേരളമെന്താണ് ചെയ്യുന്നത് എന്നറിയാൻ ഉറ്റുനോക്കുകയാണ്. നമ്മുടെ ജനകീയ ബദലിൽ പ്രത്യാശവയ്‌ക്കുന്ന ആളുകളുടെ എണ്ണം രാജ്യത്തുതന്നെ വർധിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ, ഈ ബദലിനെ കൂടുതൽ ജനകീയമായി വിപുലീകരിച്ച് ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിനുള്ള കാര്യപരിപാടികളായിരിക്കും എൽഡിഎഫ് സർക്കാർ നടപ്പാക്കുക.

ജനങ്ങൾ അർപ്പിച്ചിരിക്കുന്ന അഭൂതപൂർവമായ പിന്തുണ ഞങ്ങളെ കൂടുതൽ ഉത്തരവാദിത്തബോധമുള്ളവർ ആക്കുകയാണ്. ഞങ്ങളിൽനിന്ന് ജനം എന്താണ് പ്രതീക്ഷിക്കുന്നത് എന്നു വ്യക്തമാണ്. കഴിഞ്ഞ സർക്കാരിനെപ്പോലെതന്നെ കൂടുതൽ വിനയത്തോടെ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്ന്‌ പ്രവർത്തിക്കാനാണ് ഈ സർക്കാരും ശ്രമിക്കുക.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top