22 May Wednesday

ഐക്യത്തോടെ അതിജീവിക്കും

പിണറായി വിജയൻUpdated: Thursday Sep 6, 2018

അസാധാരണവും അപൂർവവുമായ ദുരന്തവും ഐതിഹാസിക  രക്ഷാപ്രവർത്തനവുമാണ് കേരളത്തിലുണ്ടായത്.  സാധാരണയിൽ കവിഞ്ഞ തോതിൽ  ആരംഭിച്ച മൺസൂൺ  ആഗസ്തോടെ കേരളത്തെ പ്രളയജലത്തിൽ മുക്കുംവിധം ശക്തിയാർജിച്ചു.  ലക്ഷക്കണക്കിന് ജനങ്ങളുടെ  ജീവിതം ദുരിതത്തിലായി.  ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ  എന്നിവയുടെ ഫലമായി   491  പേരുടെ ജീവൻ നഷ്ടപ്പെട്ടു. ഏറ്റവും വലിയ മഴപെയ്ത  ആഗസ്ത‌് 21 ന് 3 .9  ലക്ഷം  കുടുംബങ്ങളിലായി പതിനാലരലക്ഷം പേർ   ദുരിതാശ്വാസ ക്യാമ്പുകളിലായിരുന്നു. സംസ്ഥാനം നേരിട്ട ദുരന്തത്തിന്റെ വ്യാപ്തിയും ആഴവും ഈ കണക്കിൽ നിന്നുതന്നെ  വ്യക്തം.

ഘോരമഴ നിലയ്ക്കാതെ തുടർന്നപ്പോൾ, കേരളം സർവശക്തിയും സമാഹരിച്ച‌് രക്ഷാപ്രവർത്തനത്തിൽ മുഴുകി. ത്യാഗസന്നദ്ധതയുടെയും ആത്മസമർപ്പണത്തിന്റെയും സഹജീവിസ്നേഹത്തിന്റെയും ഉജ്വലമായ അധ്യായം രചിച്ച രക്ഷാപ്രവർത്തനം നമ്മുടെ നാടിന്റെ മാത്രമല്ല, ലോകത്തിന്റെയാകെ അംഗീകാരം നേടി. സംസ്ഥാന  പൊലീസിന‌് രക്ഷാ പ്രവർത്തനത്തിന്റെ ചുമതലയാണ‌് ഏൽപ്പിച്ചത്. 

നാൽപ്പതിനായിരത്തോളം വരുന്ന പൊലീസ് സേനയും മൂവായിരത്തി ഇരുനൂറോളംവരുന്ന ഫയർഫോഴ്‌സ് അംഗങ്ങളും രക്ഷാപ്രവർത്തനത്തിൽ നേതൃപരമായ പങ്ക് വഹിച്ചു. വിവിധ കേന്ദ്രസേനകളിൽനിന്നായി 7443 പേരാണ് അണിനിരന്നത്.  ഇതോടൊപ്പം, നാട്ടുകാരും ചേർന്നതോടെയാണ് രക്ഷാപ്രവർത്തനം പൂർണതയിലെത്തിയത്.  പൊലീസിന്റെയും സൈന്യത്തിന്റെയും ജില്ലാ ഭരണസംവിധാനത്തിന്റെയും ഏകോപനം ഉറപ്പുവരുത്തിയാണ് സംസ്ഥാന ഗവൺമെന്റ് ഇടപെട്ടത്. മത്സ്യത്തൊഴിലാളികളെ രക്ഷാപ്രവർത്തനത്തിന്  നിയോഗിക്കുക എന്ന  തീരുമാനവും സുപ്രധാന ഘടകമായി.  സർക്കാർ സംവിധാനങ്ങളും സന്നദ്ധസംഘടനകളും ബഹുജനങ്ങളും തമ്മിൽ വിളക്കിച്ചേർത്തുകൊണ്ടുള്ള ശൈലിയാണ്  രക്ഷാപ്രവർത്തനത്തെ മാതൃകാനിലവാരത്തിലേക്കുയർത്തിയത്. 

ഒരു ദുരന്തമുണ്ടാകുമ്പോൾ ആദ്യം ചെയ്യേണ്ടത്, അതിന്റെ ആഘാതം കുറയ്ക്കുക, ആളപായം ഒഴിവാക്കുക എന്നതുതന്നെയാണ്. അടുത്ത ഘട്ടം പുനരധിവാസം. ആ ഘട്ടവും കേരളം തരണംചെയ്തത് ഉന്നതമായ ഐക്യത്തിന്റെയും സന്നദ്ധതയുടെയും കരുത്തിലാണ്. ചെളി വന്നു മൂടിപ്പോയ വീടുകളും പാടെ നശിച്ച വീട്ടുപകരണങ്ങളും താറുമാറായ വൈദ്യുതിശുദ്ധജല വിതരണവും പഴയ നിലയിലാക്കാൻ പതിനായിരക്കണക്കിന് സന്നദ്ധഭടന്മാരാണ് സ്വയം സന്നദ്ധരായി മുന്നോട്ടുവന്നത്. വികസിതരാജ്യങ്ങൾക്കുപോലും അപ്രാപ്യമായ വേഗത്തിലാണ് കുട്ടനാട്ടിലുംമറ്റും ശുചീകരണപ്രവർത്തനം നടന്നത്. സംസ്ഥാനത്തിനകത്തുനിന്ന‌് മാത്രമല്ല, അതിർത്തിക്കപ്പുറത്തുനിന്നും ആളുകൾ സഹായത്തിനെത്തി.  വീടുകൾ താമസയോഗ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികളും വിവിധ മേഖലകളിൽ നിന്നുള്ളവരുടെ പങ്കാളിത്തംകൊണ്ടാണ് അതിവേഗം പൂർത്തിയായത്.

പുനരധിവാസത്തിനുള്ള ധനസഹായം, പകർച്ചവ്യാധി തടയാനുള്ള ഇടപെടൽ, നഷ്ടപ്പെട്ട രേഖകൾ എളുപ്പത്തിൽ ലഭ്യമാക്കാനുള്ള സജ്ജീകരണം, അവശ്യവസ്തുക്കളടങ്ങുന്ന കിറ്റ് വിതരണം ഇങ്ങനെ  എല്ലാ കാര്യങ്ങളിലും ആസൂത്രിതമായി സർക്കാരിന് ഇടപെടാൻ കഴിഞ്ഞു. അത് അനുഭവിച്ചറിഞ്ഞതുകൊണ്ടാണ്  ജനങ്ങൾ, എല്ലാത്തരം കുപ്രചാരണങ്ങളെയും തള്ളി ഗവൺമെന്റിന്റെ ഇടപെടലിനെ മതിപ്പോടെ കാണുന്നത്.
പ്രളയം കേരളത്തെ യുദ്ധം കഴിഞ്ഞതുപോലുള്ള  ദാരുണമായ അവസ്ഥയിലേക്ക് എത്തിച്ചിരിക്കുന്നു. രക്ഷാദൗത്യവും പുനരധിവാസവും പിന്നിടുമ്പോൾ, പുനർനിർമാണം എന്ന കടമയാണ് ഏറ്റെടുക്കാനുള്ളത്.  നാല് കാര്യങ്ങളാണ് പുനർനിർമാണദൗത്യത്തിൽ പ്രധാനം. ഒന്ന് സാമ്പത്തികസ്രോതസ്സ്, രണ്ട‌് പുനർനിർമാണമാതൃക തെരഞ്ഞെടുക്കൽ, മൂന്ന‌്  ആവശ്യമായ അസംസ്കൃതവസ്തുക്കൾ കണ്ടെത്തൽ, നാല‌്  ജനങ്ങളുടെ ജീവനോപാധി ഉറപ്പാക്കൽ.

നിയമസഭ പ്രത്യേകം സമ്മേളിച്ച‌് ചർച്ചചെയ്തത് ഈ വിഷയങ്ങളായിരുന്നു. പ്രളയത്തിന് മുമ്പുണ്ടായിരുന്നതാകെ അതുപോലെ പുനഃസ്ഥാപിക്കുകയല്ല പുനർനിർമാണം. ഭാവിതലമുറയ്ക്ക് വേണ്ടി പുതിയ കേരളം കെട്ടിപ്പടുക്കലാണത്. അതുകൊണ്ടുതന്നെ, വാർപ്പ് മാതൃകകൾ  പൊളിക്കേണ്ടിവരും.  ഇതിന‌് വലിയതോതിൽ പണം ആവശ്യമാണ്. സംസ്ഥാന സർക്കാർ എല്ലാ സ്രോതസ്സുകളിൽനിന്നും പണം കണ്ടെത്താൻ ശ്രമിക്കുന്നത്, അങ്ങനെമാത്രമേ അതിജീവനം സാധ്യമാകൂ എന്ന ഉറച്ച ബോധ്യമുള്ളതുകൊണ്ടാണ്. “പണപ്പിരിവിന്’ പ്രാധാന്യം നൽകുന്നു എന്ന ആക്ഷേപം ഉന്നയിച്ചവർക്ക്, വെറുതെ ഇരുന്നാൽ കേരളം ഉണ്ടാവില്ല എന്നാണ‌് മറുപടി. അത് ലോകത്താകെയുള്ള കേരളീയരും കേരളത്തെയും മലയാളിയെയും സ്നേഹിക്കുന്ന അന്യനാട്ടുകാരും മനസ്സിലാക്കിയിട്ടുണ്ട്. നാടിനുവേണ്ടി ആപദ്ഘട്ടത്തിൽ എന്തെല്ലാം സംഭാവന നൽകാം എന്നതിൽ മത്സര ബുദ്ധിയോടെ ഇടപെടുകയാണ് കേരളീയരാകെ. ഈ പ്രതികരണം ആവേശവും ആത്മവിശ്വാസവും പകരുന്നതാണ്. പ്രയാസങ്ങൾക്ക് നടുവിലും ഒരു മാസത്തെ വേതനം സംഭാവന നൽകാൻ സ്വയമേവ തയ്യാറാകുന്നവരും ആഘോഷങ്ങൾ ഒഴിവാക്കിയും ചെലവുകൾ ചുരുക്കിയും ദുരിതാശ്വാസ നിധിയിലേക്ക്  സംഭാവന നൽകുന്നവരും  സർക്കാരിൽ അർപ്പിക്കുന്ന വിശ്വാസം കാത്തുസൂക്ഷിക്കാനും  നവകേരള നിർമാണത്തെ അവരുടെ പ്രതീക്ഷയ്ക്കപ്പുറമുള്ള വിജയത്തിലേക്ക് നയിക്കാനും എൽഡിഎഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

ജനങ്ങളിൽനിന്നുള്ള സംഭാവനകൊണ്ടുമാത്രം ലക്ഷ്യത്തിലെത്താനാകില്ല. കേന്ദ്ര സർക്കാരിന്റെ സഹായം അനിവാര്യമാണ്. ഒപ്പം ധനസമാഹരണത്തിനുള്ള ഇതര മാർഗങ്ങളും തേടേണ്ടിവരും. ലോക ബാങ്ക് പ്രതിനിധികളുമായി ആരംഭിച്ച ചർച്ച ആ ദിശയിലുള്ളതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന‌് വാഗ്ദാനം ചെയ്യപ്പെടുന്ന സഹായം  നിയമപരമായ രീതികളിലൂടെ ലഭ്യമാക്കാനുള്ള ശ്രമം തുടരുകയാണ്.
പ്രവാസി മലയാളികളെ  കേരളത്തിന്റെ പുരോഗതിയുടെ കണ്ണിചേർക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ലോക കേരളസഭയുടെ ശേഷി ഉപയോഗപ്പെടുത്തി ധനസമാഹരണം ഊർജിതമാക്കാനും പരിശ്രമിക്കുന്നു.  

പുനർനിർമാണം ഏത് വിധത്തിലായിരിക്കണം എന്നത് ശാസ്ത്രീയ സമീപനത്തിലൂടെ തീരുമാനിക്കപ്പെടേണ്ടതാണ്. അതിന‌് അനേകം മാനദണ്ഡങ്ങൾ ആധാരമാക്കണം. അതിൽ സുപ്രധാനം പരിസ്ഥിതിയാണ്.  പ്രളയവും മണ്ണിടിച്ചിലും ഉരുൾപൊട്ടലും എളുപ്പം ബാധിക്കാവുന്ന സ്ഥലങ്ങളിൽ പുനരധിവാസം എങ്ങനെ എന്ന വിഷയം നിയമസഭയിൽ ഉന്നയിച്ചത് അതിന്റെ ഭാഗമായാണ്.  പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിയുള്ള  നിർമാണപ്രവർത്തനത്തിന്റെ സാധ്യതയാണ് ആരായുന്നത്.

പ്രളയാനന്തരം  സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും  അവശേഷിക്കുന്നത് തകർന്ന റോഡുകളും  പൂർണമായോ ഭാഗികമായോ ഇല്ലാതായ പാലങ്ങളും അതുപോലെ അപകടാവസ്ഥയിലായ  കെട്ടിടങ്ങളുമാണ്. ഇവയൊക്കെ ഉപയോഗയോഗ്യമാംവിധം മാറ്റിയെടുക്കണമെങ്കിൽ  വലിയതോതിൽ നിർമാണപ്രവർത്തനം നടത്തണം. അതിന‌് പണംമാത്രം പോരാ. അസംസ്കൃതവസ്തുക്കളും വേണം. സാമ്പ്രദായികരീതിയിൽ പണിനടത്തിയാൽ നാം അഭിമുഖീകരിക്കേണ്ട വലിയ പ്രശ്നങ്ങളിലൊന്ന് നിർമാണസാമഗ്രികളുടെ ദൗർലഭ്യം  തന്നെയാകും. ഈ വിഷയത്തിൽ ബദൽമാർഗങ്ങൾ തേടുക പ്രധാനമാണ്. വിദഗ്ധരുടെയും പ്രതിപക്ഷത്തിന്റെയും ജനങ്ങളുടെയാകെയും  അഭിപ്രായം ഇക്കാര്യത്തിൽ ആരായുന്നതിന്റെ പശ്ചാത്തലവും മറ്റൊന്നല്ല. 

ഒറ്റയടിക്ക് ജീവിതമാർഗങ്ങൾ പ്രളയം കൊണ്ടുപോയ പതിനായിരക്കണക്കിന് കുടുംബങ്ങളുണ്ട്. കൃഷി പാടേ നശിച്ചു. ചെറു  വ്യവസായശാലകൾ മുങ്ങി; യന്ത്രങ്ങൾ നശിച്ചു. വാഹനങ്ങൾ തകർന്നു. വ്യാപാരസ്ഥാപനങ്ങൾ ഇല്ലാതെയായി. കന്നുകാലികൾ ചത്തൊടുങ്ങി. ഇതുമൂലം ജീവനോപാധി നഷ്ടപ്പെട്ടവരെ തിരിച്ചുകൊണ്ടുവരുന്നതും അതിജീവനത്തിന്റെ മുഖ്യ ഉപാധിയാണ്. പച്ചക്കറിക്കൃഷിയിലും ക്ഷീരോൽപ്പാദനത്തിലും സ്വയംപര്യാപ്തതയിലേക്കു നടന്നടുക്കുകയായിരുന്നു നാം. രണ്ടുമേഖലയും പതിറ്റാണ്ടുകൾ പുറകിലേക്ക് പോയി. വീണ്ടെടുത്താൽ പോരാ, നാളെയുടെ ആവശ്യങ്ങൾക്കനുസൃതമായി നിർമിച്ചെടുക്കണം ഈ മേഖലകളെയാകെ. 

ദുരന്തങ്ങളിൽ തകർന്നവരല്ല, അതിനെ അതിജീവിച്ച് കുതിക്കുന്നവരാകണം നാം എന്ന് നിയമസഭയിൽ പറഞ്ഞത്, നമ്മുടെ അനുഭവം പകർന്ന ആത്മവിശ്വാസംകൊണ്ടാണ്. ഓഖി ദുരന്തത്തെയും നിപാ ബാധയെയും കേരളം അതിജീവിച്ചത് യോജിപ്പിന്റെയും ത്യാഗത്തിന്റെയും സാഹോദര്യസ്‌നേഹത്തിന്റെയും മഹത്തായ ചരിത്രം രചിച്ചുകൊണ്ടാണ്. അതിലും വലിയ, കഠിനമായ കർത്തവ്യമാണ് മുന്നിലുള്ളത്. ഈ പ്രളയദുരന്തം നഷ്ടക്കണക്കുകൾ പറഞ്ഞു പരിതപിക്കാനുള്ളതല്ല, പുതിയ ഉയിർത്തെഴുന്നേൽപ്പിനുള്ളതാണ്. മുന്നിലുള്ള സാധ്യതകളിലേക്കാണ് നാം കണ്ണ് പായിക്കേണ്ടത്. പുനർനിർമാണം ആസൂത്രണമികവിന്റേതും ഭാവിയുടെ ആവശ്യങ്ങളെ കണക്കിലെടുക്കുന്നതിന്റെയും  പരിസ്ഥിതി സൗഹൃദ സമീപനത്തിന്റെയും പ്രായോഗികതയുടേതുമായിരിക്കും.  വിനോദ സഞ്ചാര ഭൂപടത്തിൽ കേരളത്തിന്റെ മാറ്റ് കൂട്ടുന്ന സമീപനം അതിലുണ്ടാകും. കേരളീയന്റെ ജീവിതപരിസരങ്ങളെ മെച്ചപ്പെടുത്തുന്നതും തൊഴിൽസാധ്യതകൾക്ക് ഊന്നൽ നൽകുന്നതുമാകും അത്.  
ഐക്യത്തോടെ  അതിജീവിക്കുക എന്നതാണ‌് ഈ ഘട്ടത്തിലെ കടമ.  പ്രളയദുരിതത്തിൽനിന്ന് പുതിയ കേരളം വാർത്തെടുക്കാനുള്ള ആ ഐക്യത്തിന്റെയും ക്രിയാത്മകസമീപനത്തിന്റെയും സംവാദവും ഇടപെടലുമാണ് ഇന്നത്തെ ആവശ്യം.


പ്രധാന വാർത്തകൾ
 Top