22 April Monday

ഗുരുവിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്നവര്‍ ഓര്‍ക്കുക

പിണറായി വിജയന്‍Updated: Wednesday Aug 23, 2017

ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനാകാനുള്ള ഏറ്റവും വലിയ യോഗ്യത എന്താണ്? ജാതി ഇല്ലാത്തവനാകണം, മതമില്ലാത്തവനാകണം, ജാതിചിന്തയില്‍നിന്ന് മുക്തനാകണം, മതചിന്തയില്‍നിന്ന് മുക്തനാകണം. എന്നാല്‍, അങ്ങനെയുള്ളവര്‍മാത്രമാണോ ഗുരുവിന്റെ ശിഷ്യരായി പില്‍ക്കാലത്ത് ഉയര്‍ന്നുവന്നത്? ഇന്ന് ചിലര്‍ 'ജാതി പറഞ്ഞാലെന്താ' എന്നാണ് ചോദിക്കുന്നത്. ജാതി പറയരുതെന്ന് പഠിപ്പിച്ച ഗുരുവില്‍നിന്നും ജാതി വിചാരിക്കുകപോലും അരുതെന്ന് ഉദ്ബോധിപ്പിച്ച ഗുരുവില്‍നിന്നും, 'ജാതി പറഞ്ഞാലെന്താ' എന്ന് ചോദിക്കുന്നവരിലേക്കുള്ള ദൂരം എത്രയാണെന്നത് ഞാന്‍ നിങ്ങളുടെ ആലോചനയ്ക്ക് വിടുന്നു.

ഗുരുവാണോ ശരി, അതോ ഗുരുവിനെ ധിക്കാരപൂര്‍വം തിരുത്തുന്ന ഇവരാണോ ശരിയെന്നതും ഞാന്‍ നിങ്ങളുടെ ചിന്തയ്ക്ക് വിടുന്നു. ഗുരു ഏതൊന്നിനുവേണ്ടിയാണോ പ്രവര്‍ത്തിച്ചത്, അതിനെത്തന്നെ ഇല്ലാതാക്കുന്ന പ്രവണതകളും അവയുടെ പ്രയോക്താക്കളും ഗുരുവിന്റെ ജീവിതകാലത്തുതന്നെ തലപൊക്കിയിരുന്നു എന്നു കാണാം. ഗുരു ജാതിയില്ല വിളംബരം നടത്തിയത് 'പ്രബുദ്ധകേരളം' മാസികയിലൂടെ ആയിരുന്നല്ലോ. 'പ്രബുദ്ധകേരളം' പുറത്തുവന്ന് അധികമാകുന്നതിനുമുമ്പ് ഡോ. പല്‍പ്പുവിന്റെ പേര്‍ക്ക് ഗുരു ഒരു കത്തയച്ചു. ആ കത്ത് പഴയ വിവേകോദയത്തില്‍ വന്നിട്ടുണ്ട്. തന്നെ വിട്ട്, തന്റെ മൂല്യങ്ങളെ വിട്ട്, തനിക്കൊപ്പം നിന്ന ചിലര്‍ തങ്ങളുടെ വഴിക്കുപോകുന്നുവെന്ന വേദനയായിരുന്നു അതില്‍. അവരില്‍ ജാത്യാഭിമാനം വര്‍ധിച്ചുവരുന്നതായുള്ള കാരണങ്ങള്‍കൊണ്ട് മുമ്പേതന്നെ മനസ്സില്‍നിന്ന് വിട്ട അവരെ പ്രവൃത്തിയില്‍നിന്നുകൂടി വിടുന്നു എന്നാണ് ആലുവ അദ്വൈതാശ്രമത്തില്‍നിന്ന് ഡോ. പല്‍പ്പുവിന് ഗുരു എഴുതിയത്. ഗുരു ഇങ്ങനെയൊരു നിലപാട് കര്‍ക്കശമായി എടുത്തതുകൊണ്ടാകണം, അംഗമാകാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും തുല്യസ്വാതന്ത്യ്രം നല്‍കി അംഗത്വം നല്‍കണമെന്ന പ്രമേയം യോഗത്തിന്റെ പ്രാക്കുളം സമ്മേളനം പാസാക്കിയത്.

അംഗമാകാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും എന്നു പറഞ്ഞാല്‍, ഏത് ജാതിയില്‍പ്പെട്ടയാള്‍ക്കും ഏത് മതത്തില്‍പ്പെട്ടയാള്‍ക്കും ഒരു ജാതിമതവിഭാഗത്തിലും പെടാത്ത ആള്‍ക്കും എന്നാണര്‍ഥം. ആ പ്രമേയം അന്ന് സഹോദരന്‍ അയ്യപ്പനാണ് അവതരിപ്പിച്ചത്. ആ പ്രമേയത്തിന്റെ സ്പിരിറ്റ് അതേപടി ഉള്‍ക്കൊണ്ടാണോ പില്‍ക്കാലത്ത് പ്രവര്‍ത്തനങ്ങള്‍ നടന്നത്? മറിച്ചാണെങ്കില്‍ അത് ഗുരുവിന്റെ താല്‍പ്പര്യത്തിലാണോ? ഈ ചോദ്യങ്ങളും ഞാന്‍ നിങ്ങളുടെ പരിഗണനയ്ക്കായി വിടുന്നു. ജാത്യാഭിമാനം വര്‍ധിച്ചുവരുന്നതുകൊണ്ട് പ്രവൃത്തിയില്‍നിന്നുകൂടി വിട്ടിരിക്കുന്നു എന്നാണല്ലോ ഗുരു പറഞ്ഞത്. ജാത്യാഭിമാനം എന്നു പറഞ്ഞാല്‍ ജാതി മുന്‍നിര്‍ത്തിയുള്ള അഭിമാനം, അഥവാ ചിന്ത. ഗുരു തള്ളിപ്പറഞ്ഞ ആ ജാത്യാഭിമാനത്തെ ഗുരുവില്‍നിന്ന് ആ വിമര്‍ശമുണ്ടായശേഷമെങ്കിലും ഉപേക്ഷിക്കുകയല്ലേ വേണ്ടത്? അതല്ലേ ഗുരുവിനോടുള്ള ആദരവ്? എന്നാല്‍, ആ ജാത്യാഭിമാനം ഉപേക്ഷിക്കുകയാണോ, കൂടുതല്‍ ശക്തിപ്പെടുത്തുകയാണോ ചെയ്തത്? ശക്തിപ്പെടുത്തുകയാണ് ചെയ്തതെങ്കില്‍ അത് ഗുരുനിന്ദയല്ലേ? ഈ ചോദ്യം മുന്‍നിര്‍ത്തിയും നിങ്ങള്‍ ചിന്തിക്കണം.

ഗുരുവിനെ ആദരിക്കേണ്ടത് ഗുരുവിന്റെ ജീവിതസന്ദേശത്തെ ആദരിച്ചുകൊണ്ടും അത് ജീവിതത്തില്‍ പകര്‍ത്തിക്കൊണ്ടുമാകണം.

        "ജാതിഭേദം മതദ്വേഷം
        ഏതുമില്ലാതെ സര്‍വരും
        സോദരത്വേന വാഴുന്ന
        മാതൃകാസ്ഥാനമാണിത്''.

എന്നാണ് ഗുരു പറഞ്ഞത്. ഇത് ഒരു നാടിനെക്കുറിച്ചല്ല, സംസ്ഥാനത്തെക്കുറിച്ചല്ല, രാജ്യത്തെക്കുറിച്ചല്ല, ലോകത്തെക്കുറിച്ച് ആകെത്തന്നെയാണ്. ജാതി-മത ഭേദമില്ലാതെ സഹോദരതുല്യമായി എല്ലാവരും കഴിയുന്ന മാതൃകാസ്ഥാനമായി ഈ ലോകം മാറണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അത്തരമൊരു ലോകത്തിന്റെ പിറവിക്കുവേണ്ടിയുള്ള സമരത്തിന്റെ തുടക്കമാണ് സത്യത്തില്‍ അരുവിപ്പുറത്ത് കണ്ടത്. കുളത്തൂര്‍ കോലത്തുകരയിലും കണ്ടത്. എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വേര്‍തിരിവില്ലാതെ ചെന്ന് ആരാധന നടത്താന്‍ കഴിയുന്ന ഒരു പൊതുഇടം സൃഷ്ടിക്കുകയായിരുന്നു 1888ല്‍ ശിവപ്രതിഷ്ഠയിലൂടെ ഗുരു അരുവിപ്പുറത്ത് ചെയ്തത്. സാഹോദര്യവും സൌഹൃദവും ലോകമാകെ നിറയുന്ന ഒരു കാലമുണ്ടാകണമെന്ന സ്വപ്നത്തിന്റെ പ്രതീകമായിരുന്നു ആ അരുവിപ്പുറം പ്രതിഷ്ഠ. അതുകൊണ്ടാണ് ലോകമാകെ സാഹോദര്യത്തിന്റെ മാതൃകാസ്ഥാനമാകുക എന്ന സ്വപ്നമാണ് ഗുരു മനസ്സില്‍ കൊണ്ടുനടന്നിരുന്നത് എന്നു പറയുന്നത്.

എന്നാലിന്ന് നമുക്ക് നമ്മുടെ ഇത്തിരിവട്ടംപോലും ഗുരുസങ്കല്‍പ്പത്തിലുള്ള മാതൃകാസ്ഥാനമാക്കി മാറ്റാന്‍ കഴിയാതാകുന്നു. മനസ്സുകളില്‍ കാലുഷ്യം കലരുന്നു. അതില്‍ ജാതിയുടെ കാലുഷ്യമുണ്ട്, മതാന്ധതയുടെ കാലുഷ്യമുണ്ട്. ഗുരുവിന്റെ പേര് പറഞ്ഞുകൊണ്ടുതന്നെ ജാതിചിന്തയുടെ, മതചിന്തയുടെ കാലുഷ്യം സമൂഹമനസ്സില്‍ പടര്‍ത്താന്‍ ആരെങ്കിലും ശ്രമിക്കുന്നുവെങ്കില്‍ അതാണ് ഏറ്റവും വലിയ ഗുരുനിന്ദ. ആ തിരിച്ചറിവാണ് 'ജാതിയില്ല വിളംബര'ത്തിന്റെ നൂറ്റൊന്നാം വാര്‍ഷികഘട്ടം നമുക്ക് നല്‍കുന്ന പാഠം.

ഈ സന്ദേശത്തിന് രണ്ടു ഭാഗങ്ങളുണ്ട്. ഒന്ന് ജാതിയില്ല എന്നതാണ്. രണ്ടാമത്തേത് അതിനേക്കാള്‍ കുറെക്കൂടി പ്രാധാന്യമുള്ളതാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. അത്, നമ്മള്‍ ഒരു മതത്തിലും ഉള്‍പ്പെടുന്നില്ല എന്നതാണ്. ചില പ്രത്യേക പ്രസ്ഥാനക്കാര്‍ ഗുരുവിന്റെ 'ജാതിയില്ല' എന്ന പ്രസ്താവനയെ തങ്ങളുടെ സങ്കുചിത മതലക്ഷ്യങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്തുന്നതായി കാണുന്നു എന്നതുകൊണ്ടാണിത് എടുത്തുപറയേണ്ടിവരുന്നത്. പിന്നോക്കജാതിക്കാര്‍ക്കുകൂടി വോട്ടുണ്ട് എന്നതുകൊണ്ട് അവരെക്കൂടി തങ്ങളുടെ മതവര്‍ഗീയ സംഘടനയിലേക്ക് കൊണ്ടുപോകാനുള്ള ഒരു തന്ത്രമായി അവര്‍ ഇതിനെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നു. ഇത് ഗുരുസന്ദേശത്തിന്റെ വക്രീകരണമാണ്.

എന്തുകൊണ്ട് ഗുരു 'തനിക്ക് പ്രത്യേകിച്ച് ഒരു മതത്തോടും പ്രത്യേക മമതയില്ല' എന്നതുകൂടി തന്റെ സന്ദേശത്തിന്റെ ഭാഗമാക്കിയിരിക്കുന്നു? അതുകൂടി ചേര്‍ത്തുവായിക്കുമ്പോഴാണ് ഈ വിളംബരത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത് എന്നതുകൊണ്ടാണത്. സമകാലികസമൂഹത്തില്‍ ചിലര്‍ നടത്തുന്ന ഗുരുസന്ദേശ വക്രീകരണത്തിന്റെ നേര്‍ക്കാണ് ഇത് താക്കീതാകുന്നത്.

ജാതിയില്ല വിളംബരസന്ദേശം ഏതാനും വാക്യങ്ങളില്‍മാത്രമായിട്ടാണ് ഗുരു എഴുതിയിട്ടുള്ളതെങ്കിലും, അത് ജീവിതത്തിലുടനീളം ഗുരു പുലര്‍ത്തിയ ഒരു ആശയധാരയുടെ രത്നച്ചുരുക്കം തന്നെയാണ്. ആലുവ അദ്വൈതാശ്രമത്തില്‍ വിളിച്ചുകൂട്ടിയ സര്‍വമതസമ്മേളനത്തില്‍ ഗുരുവിനുവേണ്ടി പ്രിയശിഷ്യന്‍ സ്വാമി സത്യവ്രതന്‍ നടത്തിയ ദീര്‍ഘമായ സ്വാഗതപ്രസംഗത്തില്‍ മതങ്ങളെ സംബന്ധിച്ചുള്ള ഗുരുവിന്റെ കാഴ്ചപ്പാട് വ്യക്തമായി വിവരിച്ചിട്ടുണ്ട്. അതിന്റെയും സത്ത ജാതിയില്ലായ്മതന്നെയാണ്. പ്രിയശിഷ്യന്‍ സി വി കുഞ്ഞിരാമനുമായി നടത്തിയ ദീര്‍ഘസംഭാഷണത്തിലും ജാതിയില്ലായ്മയുടേതായ ആശയങ്ങള്‍ വ്യക്തമായി ഗുരു വിവരിക്കുന്നുണ്ട്.

ദുര്‍വ്യാഖ്യാനങ്ങളെ തുറന്നുകാണിക്കാന്‍ ഈ ചരിത്രരേഖകള്‍ ധാരാളം മതി. ഗുരു തനിക്ക് ജാതിയില്ലെന്നു പറഞ്ഞത് ഉപയോഗിച്ച് ഹിന്ദുക്കളെയാകെ സംഘടിപ്പിക്കാമെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അത് ഗുരുനിന്ദയാകും. തനിക്ക് മതമേയില്ലെന്നു പറഞ്ഞ ഒരു മഹാഗുരുവിന്റെ പേരില്‍ മതസംഘടനയുണ്ടാക്കാന്‍ ശ്രമിക്കുന്നെങ്കില്‍ അതില്‍ കവിഞ്ഞ ഗുരുനിന്ദ വേറെയില്ല. ഗുരുവിന്റെ 60-ാംവയസ്സില്‍ മഹാകവി കുമാരനാശാന്‍ ഗുരുവിനെക്കുറിച്ച് ഒരു കവിത എഴുതിയിരുന്നു. 'ജാതിയില്ല' എന്ന ഗുരുവിന്റെ വിളംബരവും 'ഗുരു' എന്ന തലക്കെട്ടിലുള്ള ആശാന്റെ കവിതയും വരുന്നത് ഒരേവര്‍ഷമാണ്. ആ കവിതയില്‍ ആശാന്‍ ഗുരുവിനെ വിശേഷിപ്പിച്ചത് 'അന്ധത്വമില്ലാതാക്കി നേരാംവഴി കാട്ടുന്ന ആള്‍' എന്നാണ്. ഗുരു ഇല്ലാതാക്കിയ അന്ധത്വം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം ശക്തമായി നടക്കുന്ന ഘട്ടമാണിത്. അതിനെ ചെറുത്തുതോല്‍പ്പിക്കാന്‍ കഴിയണം.

വെറും വാചാപ്രസംഗമായിരുന്നില്ല ഗുരു നടത്തിയത്. രേഖാമൂലം വിളംബരം ചെയ്യുകയാണുണ്ടായത്. 'തനിക്ക് ജാതിയില്ല' എന്ന പ്രഖ്യാപനത്തിന് അത്രയേറെ പ്രാധാന്യം ഗുരു കല്‍പ്പിച്ചിരുന്നു. ആ പ്രാധാന്യം ഉള്‍ക്കൊള്ളാന്‍ കഴിയണം. അപ്പോഴേ ഗുരു വിഭാവനം ചെയ്ത വിശ്വമാനവികതയെ മനസ്സിലാക്കാന്‍ കഴിയൂ; ജാതിമതാദികള്‍ക്കതീതമായ മനുഷ്യസ്നേഹത്തെ മനസ്സിലാക്കാനാകൂ.

പുതിയ കാലത്തിനനുസരിച്ച് ഗുരുദര്‍ശനങ്ങളെ നവീകരിച്ച് സമൂഹത്തില്‍ പ്രയോഗിക്കുകയാണ് വേണ്ടത്. അതല്ലാതെ, ഗുരുദര്‍ശനങ്ങളെ സ്വാര്‍ഥതാല്‍പ്പര്യത്തിനനുസരിച്ച് സ്വകാര്യമായി ദുര്‍വ്യാഖ്യാനം ചെയ്ത് അവതരിപ്പിക്കുകയല്ല. ഇക്കാര്യം ഓര്‍മപ്പെടുത്തുന്നുണ്ട്, 'നമുക്ക് ജാതിയില്ല' എന്ന വിളംബരം. ഗുരുവിന്റെ വിളംബരം നൂറുവര്‍ഷം കഴിഞ്ഞ ഘട്ടത്തിലും ജാതി പറയുന്നവര്‍ ഗുരുവിനെ അപേക്ഷിച്ച് എത്രയോ നൂറ്റാണ്ടുകള്‍ പിന്നിലാണ്. പിന്നിലുള്ള ആ ഇരുട്ടറയിലേക്ക് കേരളത്തെ കൂട്ടിക്കൊണ്ടുപോകാനുള്ള നീക്കങ്ങളെ ചെറുക്കാനുള്ള ശക്തിയും ഊര്‍ജവുമാണ് യഥാര്‍ഥത്തില്‍ പഴയ, എന്നാല്‍ എല്ലാക്കാലത്തും പ്രസക്തമായ ആ വിളംബരത്തില്‍നിന്ന് പ്രസരിക്കുന്നത്.

ഗുരു വലിയൊരു ദീപശിഖയാണ് കൊളുത്തിനീട്ടിയത്. അതില്‍നിന്ന് ചെറു കൈത്തിരികളെങ്കിലും കൊളുത്തിയെടുക്കാന്‍ കഴിയണം. ആ ഉദ്ദേശ്യത്തോടെയുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ മ്യൂസിയത്തിന്റെ ശിലാസ്ഥാപനവുമെന്ന് ഞാന്‍ കരുതുന്നു. വിളംബരസ്മാരകം എത്രയുംവേഗം ഇവിടെ ഉയര്‍ന്നുവരട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഞാന്‍ ഉപസംഹരിക്കുന്നു.

നന്ദി

പ്രധാന വാർത്തകൾ
 Top