13 May Thursday

പ്രതീക്ഷയോടെ പിണറായി 2.0 - ഡോ. അബേഷ് രഘുവരൻ എഴുതുന്നു

ഡോ. അബേഷ് രഘുവരൻUpdated: Wednesday May 5, 2021

ഒന്നും കാണാതെ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ ഒരു സർക്കാരിന് തുടർച്ചയായി പത്തുവർഷം ഭരിക്കാൻ അവസരം നൽകില്ല. അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽ അവർ ഈ സർക്കാരിൽനിന്ന്‌ ഏറെ പ്രതീക്ഷിക്കുന്നുവെന്നു തന്നെയാണ് കരുതേണ്ടത്. ആ പ്രതീക്ഷകളെ എത്രകണ്ട് നെഞ്ചിലേറ്റാൻ പിണറായി സർക്കാരിന്റെ രണ്ടാം വരവിന്‌ കഴിയുമെന്നതാണ് നാം കാണാൻ പോകുന്നത്. പ്രതിസന്ധികളെ തരണം ചെയ്‌തുകൊണ്ട് നാനാതുറയിലും വികസനം സാധ്യമാണെന്ന് തെളിയിച്ച പിണറായി സർക്കാർ എത്തിനിൽക്കുന്ന ഒരു ഗ്രാഫുണ്ട്. അതുകൊണ്ടുതന്നെ, പൂർവാധികം സജീവമായി ആ പ്രതീക്ഷകളെ നെഞ്ചിലേറ്റിക്കൊണ്ട് പരിശ്രമിക്കാൻ തന്നെയാകും സർക്കാർ ശ്രമിക്കുക.

മെല്ലെയാണ് കഴിഞ്ഞ സർക്കാർ യാത്ര തുടങ്ങിയത്. പരമ്പരാഗതമായി ഓരോരോ സർക്കാരും മാറിമാറി ചെയ്യുന്ന കാര്യങ്ങൾ ഏതാണ്ട് അനുകരിച്ചുകൊണ്ട് ഒരു യാത്ര. എന്നാൽ, ഏതോ ഒരു പോയിന്റിൽനിന്ന് വെട്ടിത്തിരിഞ്ഞുകൊണ്ട് കൃത്യമായ ഒരു വികസന അജൻഡയുടെ പിൻബലത്തിൽ ഇച്ഛാശക്തിയുള്ള സർക്കാരായി മാറുന്ന കാഴ്ചയാണ് നാം കണ്ടത്. എന്നും പഴി കേൾക്കാറുള്ള ആരോഗ്യം, വൈദ്യുതി, പൊതുമരാമത്ത്‌ തുടങ്ങിയ വകുപ്പുകൾ വളരെ കാര്യക്ഷമമായി പ്രവർത്തിക്കാൻ തുടങ്ങിയതോടെ മറ്റു വകുപ്പുകൾക്കും അതേ രീതി വന്നു.

ഇതിനൊക്കെ നേതൃത്വം വഹിക്കാൻ മുഖ്യമന്ത്രിയുടെ കണ്ണുകൾ എന്നും സർക്കാരിന്റെമീതെ ഉണ്ടായിരുന്നു. നിപായും ഓഖിയും പ്രളയവും കോവിഡും കേരളജനതയെ മാറിമാറി പരീക്ഷിച്ചപ്പോഴും മന്ത്രിസഭയുടെ കൂട്ടായ്മയുടെ വിജയം ജനങ്ങൾക്ക് ആശ്വാസമായി നിന്നു. ആ ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും ആകെത്തുകയാണ് ഇടതുപക്ഷം നേടിയ 99 സീറ്റ്‌. ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങൾ നിറവേറ്റിയതു തന്നെയാണ് പിണറായി സർക്കാരിന്റെ രണ്ടാം വിജയത്തിന് അടിത്തറ പാകിയത്. അടിസ്ഥാനമില്ലാത്ത സ്വർണക്കടത്ത്‌ ആരോപണവും ആഴക്കടൽ മത്സ്യബന്ധനവിവാദവും പ്രതിപക്ഷം എണ്ണയൊഴിച്ചു കത്തിച്ചെങ്കിലും അതിൽ വെള്ളം കോരിയൊഴിച്ചുകൊണ്ട് കെടുത്താൻ സഹായിച്ചത് അടിസ്ഥാന വർഗങ്ങളോടുള്ള കരുതലിന്റെ പ്രതിഫലനമാണ്. അതൊക്കെ ഇനി തുടരുകതന്നെ വേണം. കാരണം, വലിയ സ്വപ്‌നം കാണാനാകാതെ, വലിയ തുറകളിൽ അഭിരമിക്കാൻ കഴിയാത്ത വലിയൊരു ശതമാനം ജനങ്ങൾ കേരളത്തിലുണ്ട്. അവരെ ചേർത്തുപിടിച്ചുകൊണ്ട്‌ ഘട്ടംഘട്ടമായി അവരെയും സമൂഹത്തിന്റെ ഉന്നതശ്രേണിയിലേക്ക് കൊണ്ടുവരേണ്ട ബാധ്യത നമുക്കുണ്ട്.


 

സർക്കാരിന്റെ പ്രവർത്തനങ്ങൾ ഏറ്റവുമേറെ പ്രതിഫലിക്കുന്ന, നാടിന്റെ വികസനത്തിന്റെ ആണിക്കല്ലായ ഗതാഗതസൗകര്യങ്ങളിലെ മേന്മ ആ നാടിന്റെ വികസനത്തിന്റെ ആകെത്തുകയുടെ പ്രതിഫലനമാണ്.
വിദ്യാഭ്യാസമേഖല ചരിത്രത്തിൽ ഇത്രയധികം പുരോഗതി കൈവരിച്ച കാലഘട്ടം ഇതിനുമുമ്പ് ഉണ്ടായിട്ടില്ലെന്നത് സർക്കാരിന്റെ പരസ്യ വാചകമല്ല; പകരം ജനങ്ങൾ തൊട്ടറിഞ്ഞ സത്യമാണ്. മേൽക്കൂര പഴകി ചോർന്നൊലിച്ച സർക്കാർ പള്ളിക്കൂടങ്ങളുടെ ദൃശ്യങ്ങൾ ഇപ്പോൾ സ്‌കൂളിന്റെ ഫോട്ടോ ആൽബങ്ങളിൽ മാത്രമാണുള്ളത്. ഇന്ന് സർക്കാർ സ്‌കൂളുകളിലേക്ക് വിടുന്നത് അഭിമാനത്തിന്റെ നിറവാണ്. ഒപ്പം, ഉന്നതവിദ്യാഭ്യാസരംഗം വലിയ കുതിച്ചുചാട്ടം നടത്തിയ കാലമായിരുന്നു. അതിന്റെ പ്രാധാന്യം കണക്കിലെടുത്ത്‌ ഒരു പ്രത്യേക വകുപ്പിനുതന്നെ രൂപംകൊടുത്തുകൊണ്ടായിരുന്നു ഈ സർക്കാരിന്റെ പ്രവർത്തനം. മുൻസർക്കാരിന്റെ പ്രകടനപത്രിക തയ്യാറാക്കുന്നതിനായി കേരളത്തിലെ സർവകലാശാലകളിലെ വിദ്യാർഥികളുമായി നേരിട്ട് സംവദിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു.

അതിന്റെ ഭാഗമായി ഇനിയും ചെയ്യണ്ട കാര്യങ്ങൾ വിദഗ്ധർ മുൻഗണനാക്രമത്തിൽ ക്രമീകരിച്ചിട്ടുണ്ട്. സർവകലാശാലകൾ വ്യവസായശാലകളുമായും അവരുടെ ആവശ്യകതകളുമായും ചേർത്തുവച്ചുകൊണ്ട് പാഠ്യക്രമം ക്രമീകരിക്കുന്ന രീതി പുതിയതല്ല. ജോലി സാധ്യതകൾ ഏറെ ഉയർത്തുന്ന ഇത്തരം ഇടപെടലുകൾ പുതിയ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം. സർവകലാശാലകളിൽ തന്നെ വിവിധ വകുപ്പുകൾ തമ്മിൽ ഏകോപിപ്പിച്ചുള്ള ഗവേഷണം സാധ്യമാക്കുകയും അവയുടെ ഗുണഗണങ്ങൾ സമൂഹത്തിന്റെ താഴെക്കിടയിൽ ഉള്ളവർക്കുപോലും പ്രയോജനകരമായ തരത്തിൽ മാറ്റിയെടുക്കണം. അവസാന ബജറ്റിൽ വിഭാവനം ചെയ്‌ത മികവിന്റെ കേന്ദ്രങ്ങളുടെ കാഴ്ചപ്പാടുകൾ കൂടുതൽ മികവുറ്റതാക്കണം. അങ്ങനെ, ഇനിയും ഏറെ മുന്നേറാനുണ്ട് ഈ രംഗത്ത്.


 

കൃഷിവകുപ്പ് മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത തരത്തിൽ വലിയ മുന്നേറ്റമാണ് കൈവരിച്ചത്. ഏക്കറുക്കണക്കിന് തരിശുഭൂമിയാണ് നൂറുമേനി വിളയുന്ന കൃഷിയിടങ്ങളായി മാറിയത്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറിയുടെ ഒഴുക്കിനു തടയിട്ടുകൊണ്ട് നമ്മുടെ നാട്ടിൽത്തന്നെ ജൈവപച്ചക്കറികൾ ഉൽപ്പാദിപ്പിക്കാനും ഇക്കാലയളവിൽ കഴിഞ്ഞിട്ടുണ്ട്. സ്വയംപര്യാപ്തത നേടുന്നതിന്റെ ഭാഗമായി കോളേജുകളിലും സർവകലാശാലകളിലും സർക്കാർ ഓഫീസുകളുടെ മട്ടുപ്പാവുകളിലുമൊക്കെ മണ്ണിൽ സ്വർണം വിളയിക്കുന്ന മലയാളിയുടെ പുതിയ ശീലത്തിന് വലിയ ഉത്തേജനമാണ് ഉണ്ടായത്. നെൽക്കൃഷി പോലുള്ള രംഗങ്ങളിൽ ക്രിയാത്മകവും ശാസ്‌ത്രീയവുമായ ഇടപെടൽ ആവശ്യമാണ്. പ്രകൃതിദുരന്തങ്ങൾ മൂലം നഷ്ടക്കണക്കുകൾ ബാക്കിയാകുന്ന കർഷകരെ തിരികെ പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന തരത്തിലെ കൃഷിരീതികളോട് അടുപ്പിക്കേണ്ടതുണ്ട്.

നൂറുശതമാനം വീട്‌ വൈദ്യുതീകരിച്ചും അധികമായി ഉൽപ്പാദനം നടത്തി അഞ്ചുവർഷം ലോഡ് ഷെഡിങ്‌ എന്തെന്നറിയിക്കാതെ തന്നെയാണ് കേരളജനതയെ സർക്കാർ കൊണ്ടുനടന്നത്. കാറ്റും മഴയും മൂലം വൈദ്യുതി ദിവസങ്ങളോളം മുടങ്ങുന്ന പതിവുകാഴ്ചകളിൽനിന്ന് മണിക്കൂറുകൾക്കുള്ളിൽ അത് പരിഹരിക്കപ്പെടുന്ന വകുപ്പിലേക്കുള്ള മാറ്റം പ്രധാനമായി. ഫോണിൽനിന്ന് റിസീവർ മാറ്റിവയ്‌ക്കുമ്പോൾ ഉണ്ടാകുന്ന 'എൻഗേജ്ഡ് ടോൺ' മാത്രം കേട്ടുശീലിച്ച മലയാളിക്ക്, ഒറ്റ റിങ്ങിൽത്തന്നെ ഫോൺ എടുത്ത്‌ വിവരം ആരായുന്ന വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരുടെ കരുതൽ കൂടി കഴിഞ്ഞ അഞ്ചുവർഷം അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്. കൂടാതെ, സോളാർ പാനലുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും വലിയ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ഭരണത്തുടർച്ചയ്‌ക്ക്‌ സമ്മതം മൂളിയ ജനങ്ങൾ ഇനിയും ഇങ്ങനെയുള്ള നല്ല പ്രവർത്തനങ്ങൾ ആഗ്രഹിക്കുന്നുണ്ടാകും.


 

കുത്തഴിഞ്ഞ ആരോഗ്യമേഖലയെ, കണിശതയാർന്ന പ്രവർത്തനങ്ങളുടെ നൂലുകൾകൊണ്ട് കുത്തിക്കെട്ടി ഭദ്രമാക്കിയ പ്രകടനചാരുതയ്ക്ക് ഇതിലേറെ ഭംഗിയായി എങ്ങനെയാണ് കേരളജനത നന്ദിപറയുക! ‘നിപാ' എന്ന കില്ലർ വൈറസിനെ അതിന്റെ പ്രഭവകേന്ദ്രത്തിൽനിന്ന് ഒരടിപോലും നീങ്ങാൻ അനുവദിക്കാതെ ആഴ്ചകൾക്കുള്ളിൽ കെട്ടുകെട്ടിച്ച ഭരണനിപുണത ഒരുപക്ഷേ, കോവിഡിനേക്കാളും ഏറെ നാശംവിതയ്ക്കാൻ ശേഷിയുണ്ടായിരുന്ന വൈറസിൽനിന്നാണ് കേരളജനതയെ സംരക്ഷിച്ചെടുത്തത്. നിപാ ബാധിച്ചത് മറ്റേതൊരു സംസ്ഥാനത്ത്‌ ആയിരുന്നെങ്കിലും നാം ഇവിടെ നേടിയ വിജയത്തിന്റെ ഏഴയലത്തുപോലും അവരൊന്നും എത്തില്ലായിരുന്നുവെന്ന് നിസ്സംശയം പറയാനാകും. അതിനുശേഷം വന്ന കോവിഡിനെ ആകട്ടെ ഒറ്റയ്‌ക്ക്‌ മുന്നിൽനിന്നുകൊണ്ട്‌, കേരളജനതയെ ഒറ്റക്കെട്ടായി പിന്നിൽ അണിനിരത്തിക്കൊണ്ട് നടത്തിയ പോരാട്ടം ഇപ്പോഴും തുടരുകയാണ്.

ഈ രണ്ടാം വ്യാപനത്തിൽ ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുന്ന മലയാളിക്ക്‌ വലിയ പ്രതീക്ഷയുണ്ട് ഈ യുദ്ധം ജയിക്കാനാകുമെന്ന്. ഇനിയുമൊരു മഹാമാരി വന്നാൽ അതിനെ നെഞ്ചുയർത്തിനിന്നുകൊണ്ട് നേരിടാൻ നാം പ്രാപ്തമായെങ്കിലും ഇനിയും ഈ രണ്ടാം വ്യാപനത്തിൽനിന്ന് നാം മുക്തരായിട്ടില്ല. മാസ്കിന്റെ സഹായത്തോടെ ഏറെക്കുറെ ഇല്ലാതായ ശ്വാസകോശസംബന്ധമായ ആസ്ത്മ പോലെയുള്ള രോഗങ്ങൾ, കോവിഡ് ഭീതിമൂലം ശക്തിയേറിയ മരുന്നുകൾ കഴിക്കാതെ തന്നെ വീട്ടിൽ ഇരുന്ന്‌ തനിയെ മാറിയ മറ്റ്‌ അസുഖങ്ങൾ, അത്തരം സ്വയം ആർജിക്കാൻ കഴിയുന്ന രക്ഷപ്പെടലുകൾ സംബന്ധിച്ച്‌ ജനങ്ങളിൽ അവബോധം വളർത്തേണ്ടതുണ്ട്.

കഴിഞ്ഞ സർക്കാരിന്റെ ടൂറിസം വികസനസ്വപ്നങ്ങൾ കോവിഡ് തകർത്തെറിഞ്ഞിട്ടുണ്ട്. കോവിഡ് പിൻവാങ്ങിയതിനുശേഷം ടൂറിസം രംഗം ഉണരും. പ്രകൃതിയുടെ തനതായ സൗന്ദര്യവും ആവശ്യവും പരിഗണിച്ചുകൊണ്ട് സാധ്യതകൾ പ്രയോജനപ്പെടുത്തണം.

മലയാളിയുടെ പരമ്പരാഗത മനസ്സിൽ പ്രതീക്ഷയുടെ നാമ്പുകൾ മുളപ്പിച്ചെടുക്കാൻ കഴിഞ്ഞ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെങ്കിൽ ആ വികസനസ്വപ്നങ്ങൾക്ക് ഇനിയും ചിറകുകൾ നൽകാൻ രണ്ടാം വരവിന് സാധ്യമാണ്. ഒരുപക്ഷേ, ഇന്ത്യയിലെതന്നെ ഏതൊരു സംസ്ഥാനത്തിനും കഴിയുന്നതിനേക്കാൾ അധികം വികസനം സാധ്യമാക്കാൻ നമുക്ക് കഴിയുമെന്ന വിശ്വാസവും, അതിന്‌ സർക്കാരിന്റെ കരുതലും ഇഴചേരുമ്പോൾ അടുത്ത അഞ്ചുവർഷം കേരളചരിത്രത്തിലെ തന്നെ വികസനവഴികളിൽ നാഴികക്കല്ലുകളായി മാറും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top