27 September Wednesday

‘പുൽവാമ’യുടെ കാലവും ഓർക്കണം

സാജൻ എവുജിൻUpdated: Friday Apr 28, 2023

കഴിഞ്ഞ ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പിന്‌ കൃത്യം രണ്ടു മാസംമുമ്പ്‌ ജമ്മു -കശ്‌മീരിലെ പുൽവാമയിൽ 40 സിആർപിഎഫ്‌ ജവാന്മാരുടെ രക്തസാക്ഷിത്വത്തിന്‌ ഇടയാക്കിയ ഭീകരാക്രമണം വീണ്ടും ചൂടേറിയ ചർച്ചകൾക്കും ആരോപണങ്ങൾക്കും കാരണമായിരിക്കുന്നു. മോദിസർക്കാരിന്റെ വീഴ്‌ചകളാണ്‌ ജവാന്മാരുടെ കൂട്ടക്കുരുതിക്ക്‌ വഴിയൊരുക്കിയതെന്ന്‌ അന്നത്തെ ജമ്മു- കശ്‌മീർ ഗവർണർ സത്യപാൽ മലിക്കും മുൻ കരസേന മേധാവി ശങ്കർ റോയി ചൗധരിയും വെളിപ്പെടുത്തിയത്‌ കേന്ദ്രത്തെയും ബിജെപിയെയും കടുത്ത  പ്രതിരോധത്തിലാഴ്‌ത്തി. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെടുമ്പോൾ സർക്കാർ മൗനത്തിലാണ്‌. ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾ മലിക്‌ എന്തുകൊണ്ട്‌ അന്ന്‌ പറഞ്ഞില്ലെന്ന ദുർബലചോദ്യംമാത്രം ആഭ്യന്തരമന്ത്രി അമിത്‌ ഷായിൽനിന്നുണ്ടായി.

പക്ഷേ, പുൽവാമ ഭീകരാക്രമണം നടന്ന കാലത്തെ രാഷ്‌ട്രീയ പശ്‌ചാത്തലംകൂടി ചർച്ചകളിൽ കടന്നുവരേണ്ടതുണ്ട്‌. 2014ൽ അധികാരത്തിലേറിയ മോദിസർക്കാർ  രണ്ടായിരത്തിപത്തൊമ്പതോടെ  ജനപിന്തുണയുടെ കാര്യത്തിൽ പരിതാപകരമായ അവസ്ഥയിലായിരുന്നു. വൻലക്ഷ്യങ്ങളോടെ, നാടകീയമായി പ്രഖ്യാപിച്ച നോട്ടുനിരോധന പദ്ധതി പൊളിഞ്ഞു. ജനങ്ങൾ ദുരിതം അനുഭവിച്ചതല്ലാതെ കള്ളപ്പണക്കാർക്കും കോർപറേറ്റുകൾക്കും അല്ലലൊന്നുമുണ്ടായില്ല. 2017 ജൂലൈയിൽ ജിഎസ്‌ടിയും നടപ്പാക്കിയതോടെ ചെറുകിട സംരംഭകരും വ്യാപാരികളും അടക്കം ദശലക്ഷങ്ങൾ പ്രതിസന്ധിയിലായി. നോട്ടുനിരോധനവും ജിഎസ്‌ടിയും ഗ്രാമീണ–കാർഷിക സമ്പദ്‌ഘടനയെയും തകർത്തു. കാർഷികവിളകൾക്ക്‌ വിലയിടിഞ്ഞു. വിളകൾക്ക്‌ ന്യായവില ആവശ്യപ്പെട്ട്‌ പ്രക്ഷോഭം നടത്തിയ കർഷകർക്കുനേരെ മധ്യപ്രദേശിലെ മന്ദ്‌സോറിലുണ്ടായ പൊലീസ്‌ വെടിവയ്‌പിൽ ആറു പേർ കൊല്ലപ്പെട്ടു.  2018–-19ൽ സാമ്പത്തികവളർച്ച അഞ്ചു വർഷത്തെ ഏറ്റവും താഴ്‌ന്ന നിരക്കിലായി. 2018ലെ അവസാനപാദത്തിൽ വളർച്ച വീണ്ടും ഇടിഞ്ഞ്‌  6.6 ശതമാനമായി. തൊഴിലില്ലായ്‌മ കൂടുതൽ രൂക്ഷമായി.  2017–-18നും 2018–-19നും ഇടയിൽ കാർഷികമേഖലയിൽ  ഉൽപ്പാദന മൂല്യവളർച്ച ഇടിഞ്ഞ്‌ പകുതിയായി.

മധ്യപ്രദേശിലും രാജസ്ഥാനിലും തുടർച്ചയായി കർഷകസമരങ്ങളുണ്ടായി. അടിയന്തരാവശ്യങ്ങൾ നേടിയെടുക്കാൻ  മഹാരാഷ്‌ട്രയിൽ നാസിക്കിൽനിന്ന്‌ മുംബൈയിലേക്ക്‌ പതിനായിരക്കണക്കിന്‌ ദരിദ്രകർഷകർ കാൽനടയായി നടത്തിയ ലോങ്‌മാർച്ച്‌ രാജ്യത്തിന്റെ മനഃസാക്ഷിയെ പിടിച്ചുലച്ചു. കർഷകരുടെ ദൈന്യജീവിതം നഗരവാസികളുടെയും വേദനയായി. മഹാരാഷ്‌ട്രയിലെ ബിജെപി സർക്കാരിന്‌ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കേണ്ടിവന്നു. മധ്യപ്രദേശ്‌, രാജസ്ഥാൻ, ഛത്തീസ്‌ഗഢ്‌ സംസ്ഥാനങ്ങളിൽ  2018 നവംബർ, ഡിസംബർ മാസങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ ഭരണം നഷ്ടപ്പെട്ടു. ഉറി അടക്കമുള്ള സൈനികത്താവളങ്ങൾക്കു നേരെയുള്ള ഭീകരാക്രമണങ്ങൾ കേന്ദ്രസർക്കാരിന്റെ മുഖം നഷ്ടപ്പെടുത്തി. 

മോദിസർക്കാരിന്റെ ജമ്മു കശ്‌മീർ നയം പൂർണ പരാജയമായി. 2014–-18ൽ ഭീകരാക്രമണങ്ങളുടെ എണ്ണം 176 ശതമാനം വർധിച്ചു. കൊല്ലപ്പെട്ട സുരക്ഷാഭടന്മാരുടെ എണ്ണത്തിലുണ്ടായ വർധന 93 ശതമാനമായി. 2014–-18ൽ ഓരോമാസവും ശരാശരി 11 ഭീകരർ നുഴഞ്ഞുകയറി. ഏറ്റവും അപകടകരമായത്‌ ഭീകരസംഘടനകളിൽ ചേരുന്ന കശ്‌മീരി യുവാക്കളുടെ എണ്ണത്തിലുണ്ടായ വർധനയാണ്‌. 2013ൽ 16 പേരാണ്‌ ഭീകരസംഘടനകളിൽ ചേർന്നതെങ്കിൽ 2018ൽ ഇവരുടെ എണ്ണം 164 ആയി.  ജമ്മു -കശ്‌മീരിലെ എല്ലാ വിഭാഗങ്ങളുമായും രാഷ്ട്രീയ ചർച്ചയ്‌ക്ക്‌ തുടക്കംകുറിക്കുമെന്നും അവരിൽ വിശ്വാസം വളർത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും മോദിസർക്കാർ വാക്ക്‌ നൽകിയെങ്കിലും അതു പാലിച്ചില്ല.

ഇത്തരത്തിൽ സർവമേഖലയിലും മോദിസർക്കാർ പരാജയപ്പെട്ടും ഒറ്റപ്പെട്ടും നിൽക്കവെയാണ്‌ പുൽവാമ ഭീകരാക്രമണം നടന്നത്‌. ഈ സംഭവത്തിനുശേഷം രാജ്യമൊന്നാകെ ഭീകരത‌യ്‌ക്കെതിരെ മുന്നോട്ടുവന്നു.  എന്നാൽ സംഘപരിവാർ, യുദ്ധോത്സുകമായ ദേശീയവാദം പ്രചരിപ്പിക്കാനുള്ള അവസരമായി  ഇതിനെ കണ്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കശ്‌മീരികൾക്കെതിരെ ആക്രമണമുണ്ടായി. ജമ്മു -കശ്‌മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370–-ാം വകുപ്പും 35 എയും എടുത്തുകളയണമെന്ന ആഹ്വാനം ഉയർന്നു. ഭീകരതയ്‌ക്കെതിരായി നടത്തേണ്ട പോരാട്ടത്തെ വർഗീയ ധ്രുവീകരണം വളർത്തുന്നതിലേക്ക്‌ വഴിതിരിച്ചുവിട്ടു. ബാലാകോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ പ്രത്യാക്രമണത്തിനുശേഷം മോദിയെ ‘അവതാരപുരുഷനായി’ ചിത്രീകരിച്ചു. മറ്റെല്ലാ രാഷ്‌ട്രീയവിഷയങ്ങളും ജനങ്ങളുടെ ദുരിതങ്ങളും അപ്രസക്തമെന്ന മട്ടിലായി. രണ്ടാം മോദിസർക്കാർ അധികാരത്തിൽ വന്നതിനു തൊട്ടുപിന്നാലെ ജമ്മു- കശ്‌മീരിന്റെ പ്രത്യേകപദവി എടുത്തുകളയുകയും സംസ്ഥാനത്തെ വെട്ടിമുറിച്ച്‌ രണ്ട്‌ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുകയും ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top