17 January Sunday

കോവിഡ്മുക്ത ലോകം: ശുഭ സൂചനകളുമായി ഫൈസര്‍; വാക്‌സിന്‍ അവസാനഘട്ടത്തില്‍

നിഖില്‍ ഭാസ്‌കര്‍Updated: Monday Nov 16, 2020

Photo credit: Pfizer website

സമീപ ഭാവിയിലൊന്നും കേള്‍ക്കാന്‍ സാധ്യതയില്ലെന്നു ലോകാരോഗ്യ സംഘടന പോലും കരുതിയിരുന്ന ഒരു വാര്‍ത്തയാണ് ഫൈസര്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. ജര്‍മന്‍ ബയോടെക് കമ്പനിയായ ബയോണ്‍ ടെകുമായി ചേര്‍ന്ന് ഫൈസര്‍ വികസിപ്പിച്ചെടുക്കുന്ന വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ മൂന്നാം ഘട്ടത്തിലാണ്. ഈ മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ പ്രാഥമിക ഫലങ്ങള്‍ ആണ്  ഫൈസര്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. വാക്‌സിന്‍ 90%നു മുകളില്‍ ഫലപ്രദമാണ് എന്നു ആണ് ഈ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.  ഇന്ന് ലോകത്തു നിലവിലുള്ള ഏതൊരു  രോഗത്തിനെതിരെയുള്ള വാക്്‌സിനുകളുമായി താരതമ്യം ചെയ്തു നോക്കിയാലും 90% ഫല സിദ്ധി എന്നതു വലിയ ഒരു നേട്ടമാണ്. കോവിഡ് വാക്‌സിനുകള്‍ക്ക് അപ്പ്രൂവല്‍ കൊടുക്കുന്നതിനു USFDA പോലും നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡം 50% ഫലസിദ്ധി എന്നുള്ളതാണ്. തീര്‍ച്ചയായും കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മഹാമാരിയാല്‍  നിശ്ചലമായ ലോകം കേള്‍ക്കാന്‍ കൊതിച്ച ഒരു വാര്‍ത്ത തന്നെയാണിത്.

വാക്‌സിന്‍ മൂലമുണ്ടായേക്കാവുന്ന പാര്‍ശ്വഫലങ്ങള്‍, അവയുടെ കാഠിന്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട സേഫ്റ്റി പ്രൊഫൈല്‍ ഡാറ്റാ കൂടെ ചേര്‍ത്ത് മാത്രമേ കമ്പനിക്ക് അടിയന്തിര അപ്പ്രൂവലിനു USFDA യെ സമീപിക്കാന്‍ കഴിയുകയുള്ളൂ. സേഫ്റ്റി ഡാറ്റാ പ്രൊഫൈല്‍  തയ്യാറാക്കുന്ന തിരക്കില്‍ ആണ് ഫൈസര്‍. നവംബര്‍ അവസാനത്തോട് കൂടിയോ ഡിസംബര്‍ ആദ്യ വാരത്തോട് കൂടിയോ അന്തിമ ഫലങ്ങള്‍ പുറത്തു വിടാനും മാര്‍ക്കെറ്റിങ് അപ്പ്രൂവലിനു വേണ്ടി USFDA സമീപിക്കാനും കഴിയും എന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ ഓസ്‌ട്രേലിയ അടക്കം പല രാജ്യങ്ങളും വലിയ തോതില്‍ വാക്്‌സിന്‍ മുന്‍കൂര്‍ ആയി ബുക്ക് ചെയ്തു കഴിഞ്ഞു.

മൂന്നു ആഴ്ച ഇടവിട്ട് ഉള്ള രണ്ടു ഡോസുകള്‍ ആയാണ് വാക്‌‌സിന്‍ എടുക്കേണ്ടത്. മുഴുവന്‍ ഫലങ്ങളും പുറത്തു വിടാത്തത് കൊണ്ട് തന്നെ  വര്‍ഷം തോറും വാക്‌സിന്‍  എടുക്കേണ്ടി വരുമോ എന്നത് ഇപ്പോഴും വ്യക്തമല്ല.

ഇതു കൂടാതെ മറ്റു നിരവധി വാക്‌സിനുകളും ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തില്‍ ആണ്.  മോഡേണ (USA), അസ്ട്രാജനിക്കാ (UK), എലൈ ലില്ലി (USA) തുടങ്ങിയ കമ്പനികള്‍ വികസിപ്പിക്കുന്ന വാക്‌സിനുകളാണ് ഇവയില്‍ മുന്‍നിരയില്‍.

യഥാര്‍ത്ഥ വൈറസിനെ ജനിതക മാറ്റങ്ങള്‍ക്ക് വിധേയമാക്കിയോ മറ്റേതെങ്കിലും തരത്തിലോ  ശക്തി കുറച്ചു  നിരുപദ്രവകാരി ആക്കി മാറ്റപ്പെട്ട വൈറസുകള്‍, പ്രോടീന്‍ സബ് യുണിറ്റുകള്‍,  വൈറസിനോട് സാമ്യമുള്ള പദാര്‍ത്തങ്ങള്‍,  DNA/RNA വാക്‌സിന്‍, വൈറല്‍ വെക്ടര്‍ തുടങ്ങി പ്രധാനമായും അഞ്ചു  തരത്തില്‍ ഉള്ള വാക്‌സിനുകളിലാണ് നിലവില്‍ പരീക്ഷണങ്ങള്‍ നടക്കുന്നത്. മറ്റു കമ്പനികള്‍ എല്ലാം പരമ്പരാഗത രീതിയിലുള്ള വാക്്‌സിനുകള്‍ വികസിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍  നിലവില്‍  ഏറ്റവും ഫലപ്രദമാവും എന്നു വിശ്വസിക്കപ്പെടുന്നതും ഏറ്റവും ആദ്യം ലഭ്യമായേക്കാവുന്നതും ആയ  അമേരിക്കന്‍ കമ്പനികളായ ഫൈസറിന്റെയും മോഡേണയുടെയും വാക്‌സിനുകള്‍, വാക്‌സിന്‍ ടെക്‌നോളജിയില്‍  താരതമ്യേന പുത്തന്‍ സാങ്കേതികവിദ്യ ആയ mRNA വാക്‌സിനുകള്‍ ആണ് വികസിപ്പിക്കുന്നത്. പരമ്പരാഗത വാക്‌സിനുകളെക്കാള്‍ ഒരു പാട് ഗുണങ്ങള്‍ ഉണ്ടെങ്കിലും ഉത്പാദന ചിലവ് കൂടുതല്‍ ആയതു കൊണ്ട് തന്നെ ഉപഭോക്താവിന് ലഭ്യമാകുന്ന വിലയും താരതമ്യേന കൂടുതല്‍ ആവാനാണ് സാധ്യത. മുന്‍നിരയില്‍ ഉള്ള കമ്പനികളൊന്നും തങ്ങളുടെ വാക്‌സിനുകള്‍ക്കു ഇത് വരെ വില നിര്‍ണയം നടത്തിയിട്ടില്ല.

ഉയര്‍ന്ന വില ഇന്ത്യ പോലുള്ള മൂന്നാം ലോക രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം രാജ്യത്തെ ജനങ്ങള്‍ക്ക് മുഴുവന്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ വലിയ വെല്ലുവിളി തന്നെയാണ്.  
ലോകം മുഴുവന്‍ വാക്‌സിനുവേണ്ടി ഉറ്റു നോക്കി കൊണ്ടിരിക്കുകയാണ്. സമാനതകളില്ലാത്ത രീതിയില്‍ അസാധാരണമായ ഡിമാന്‍ഡ് ആണ് വാക്‌സിനു വേണ്ടി ഇന്ന് ലോകത്തു നിലനില്‍ക്കുന്നത്‌. ഈ ഡിമാന്‍ഡിനു അനുസൃതമായുള്ള ഉത്പാദനവും ലോകമാസകലമുള്ള വിതരണവും ഫാര്‍മസ്യുട്ടിക് കമ്പനികളെ സംബദ്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്.   മാര്‍ക്കറ്റിങ് അപ്പ്രൂവലിനു ശേഷവും സാര്‍വത്ര്യമായ ലഭ്യതക്കു വീണ്ടും താമസം ഇത് താമസം സൃഷ്ടിച്ചേക്കാം. ആവശ്യമായത്ര അളവില്‍ എത്രയും പെട്ടെന്ന് ഉത്പാദനം പൂര്‍ത്തിയാക്കാന്‍ ആണ് കമ്പനികളുടെ ശ്രമം. രണ്ടാം ഘട്ട പരീക്ഷണങ്ങളുടെ ഫലങ്ങളോട് കൂടെ തന്നെ ഫൈസര്‍  ഉത്പാദനം ആരംഭിച്ചിരുന്നു.

ഏതു വാക്‌സിന്‍ ലഭ്യമായാലും ഏറ്റവും കൂടുതല്‍  റിസ്‌ക് ഉള്ള കാറ്റഗറിയില്‍ പെട്ട ആളുകള്‍ക്ക് തുടക്കത്തില്‍  ലഭ്യമാക്കുക എന്നത് തന്നെയായിരിക്കും മിക്ക രാജ്യങ്ങളും സ്വീകരിക്കുന്ന നടപടി. വാക്‌സിന്‍ വില, അതിന്റെ വിതരണം,  വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍, തുടങ്ങിയ കാര്യങ്ങളില്‍ ഓരോ ഗവണ്‍മെന്റുകളും എങ്ങനെ ഇടപെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ആ രാജ്യങ്ങളുടെ കോവിഡില്‍ നിന്നുള്ള മുക്തി.

എന്തായാലും,  കോവിഡ് പൂര്‍വ ലോകത്തേക്ക് ലോകം ചുരുങ്ങിയ മാസങ്ങള്‍ കൊണ്ട് തന്നെ തിരിച്ചു സഞ്ചരിക്കും  എന്ന ശുഭ സൂചന തന്നെയാണ് ഫൈസര്‍ പുറത്തു വിട്ട ഈ പ്രാഥമിക ഫലങ്ങള്‍ തരുന്നത്.

(UK ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മരുന്ന് ഗവേഷണ കമ്പനിയായ ഐക്യുവിയയില്‍ ഗ്ലോബല്‍ സെന്‍ട്രലൈസ്ഡ് മോണിറ്ററിങ് ലീഡ് ആണ് ലേഖകന്‍.)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top