20 April Tuesday

ഇന്ധനം വഴി കൊള്ളയടിക്കപ്പെടുമ്പോൾ - സി ജി ഗിരീഷ്‌ എഴുതുന്നു

സി ജി ഗിരീഷ്‌Updated: Saturday Feb 6, 2021


ഇന്ധനവില എല്ലാ പരിധിയും ലംഘിച്ച് വർധിപ്പിക്കുന്ന സമീപനമാണ്‌ രാജ്യത്ത്‌ കാണുന്നത്‌. ദിനംപ്രതി പെട്രോൾ–-ഡീസൽ വില ജനങ്ങളോടുള്ള വെല്ലുവിളിയെന്നോണം കൂട്ടുകയാണ്‌. അമ്പത് രൂപയ്‌ക്ക് പെട്രോളും ഡീസലും ലഭ്യമാക്കുമെന്നാണ് 2014ൽ ബിജെപി നേതൃത്വം വാഗ്ദാനം ചെയ്തത്. കുറച്ചില്ലായെന്നുമാത്രമല്ല, അടിക്കടി കൂട്ടുന്നത് ശൗചാലയം നിർമിക്കാനാണെന്ന് പറഞ്ഞ് സ്വയം അപമാനിതനാകാൻപോലും കേരളത്തിൽനിന്നുള്ള ഒരു കേന്ദ്രസഹമന്ത്രി തയ്യാറായി. ഇന്ധന വിലവർധന രാഷ്ട്രീയമായി തങ്ങൾക്ക് ഗുണം ചെയ്യുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും പറഞ്ഞു. ഈ നാടകങ്ങളെല്ലാം സൂചിപ്പിക്കുന്നത് ഇന്ധനവില ഇനിയും വർധിപ്പിച്ചുകൊണ്ടിരിക്കും എന്നുതന്നെയാണ്.

കേരളത്തിൽ പെട്രോൾവില തൊണ്ണൂറിനോട് അടുക്കുന്നു. ഡീസൽവില എക്കാലത്തെയും ഉയർന്ന നിരക്കായ 83ൽ എത്തി. ഇതുമൂലം മോട്ടോർ വ്യവസായം കരകയറാനാകാത്ത പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്നു. ജനങ്ങളും പൊറുതിമുട്ടിയിരിക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലയും അനുബന്ധമായി വർധിക്കുന്നതിന് കാരണമാകുന്നു. പാചകവാതക വിലയും തുടർച്ചയായി കൂട്ടുന്നു. കേന്ദ്ര സർക്കാരിന്റെ ഈ ജനദ്രോഹ നടപടി രാജ്യത്തെ ജനജീവിതം അതീവ ദുസ്സഹമാക്കിയിരിക്കുന്നു.

കേന്ദ്രസർക്കാർ അടിച്ചേൽപ്പിക്കുന്ന അമിത എക്സൈസ് നികുതിയും പെട്രോളിയം കമ്പനികളുടെ കഴുത്തറുക്കലുമാണ് ഈ കൊള്ളവിലയ്‌ക്ക്‌ കാരണമാകുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും അടിസ്ഥാനവിലയേക്കാൾ എത്രയോ ഉയർന്ന തുകയാണ് നികുതി ഇനത്തിൽ കേന്ദ്രം ഈടാക്കുന്നത്. പെട്രോളിയം കമ്പനികളുടെ കൊള്ളലാഭം ഓരോ വർഷവും ആയിരക്കണക്കിന് കോടികളുടേതാണ്. ഐഒസിയുടെ കണക്കനുസരിച്ച്  ഒരുലിറ്റർ പെട്രോളിന്‌ അടിസ്ഥാനവില 28.13 രൂപയും ഡീസലിന്‌‌ 29.19 രൂപയുമാണ്‌. എന്നാൽ, ഒരുലിറ്റർ പെട്രോളിന്‌ 32.98 രൂപയും ഡീസലിന്‌ 31.83 രൂപയും എക്സൈസ് നികുതിയാണ്‌ കേന്ദ്രം ഈടാക്കുന്നത്. ഇതിന് പുറമെ മറ്റ് സെസുകൾകൂടി ചേരുമ്പോൾ വില പിന്നെയും കൂടും. ഇതുമൂലം പെട്രോൾവില 64.39 രൂപയായും ഡീസൽവില 63.02 രൂപയായും ഉയരുന്നു. ഇതോടൊപ്പം ഡീലർമാർക്കുള്ള കമീഷനും വാറ്റുംകൂടി ചേരുന്നതാണ് പെട്രോൾ പമ്പിലെ വില.


 

കഴിഞ്ഞ ഏപ്രിൽ–-മെയ് മാസങ്ങളിൽ, ലോക വ്യാപകമായ ലോക്ഡൗൺമൂലം ക്രൂഡ് ഓയിൽ വില 20 ഡോളറിൽ താഴേക്ക് കൂപ്പുകുത്തിയിരുന്നു. പക്ഷേ, ഇന്ത്യയിൽ  പെട്രോൾ ലിറ്ററിന് 10 രൂപയും ഡീസലിന് 13 രൂപയും പ്രത്യേക തീരുവ കൂട്ടിയതിനാൽ ഇതിന്റെ ഗുണം ജനങ്ങൾക്ക് ലഭിച്ചില്ല.  രണ്ടര ലക്ഷത്തിന്റെ അധിക കൊള്ളവരുമാനമാണ് കേന്ദ്ര സർക്കാരിന് ഇതുമൂലം ലഭിച്ചത്.

അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്കനുസൃതമായി പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കൂടുകയും കുറയുകയും ചെയ്യുമെന്നാണ്‌ വിലനിയന്ത്രണ അധികാരം കമ്പനികൾക്ക്‌ നൽകിയപ്പോൾ കേന്ദ്ര സർക്കാർ പറഞ്ഞത്. എന്നാൽ, മോഡി സർക്കാർ അധികാരത്തിൽ വന്നശേഷം അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറയുമ്പോഴെല്ലാം പ്രത്യേക തീരുവ വർധിപ്പിച്ച്‌ ജനങ്ങൾക്ക്‌ വിലക്കുറവിന്റെ പ്രയോജനം നിഷേധിച്ചു. ഒന്നാം മോഡി സർക്കാർ 11 തവണ‌യാണ് തീരുവ കൂട്ടി‌യത്. 2018–-19 കാലഘട്ടത്തിൽ നമ്മുടെ രാജ്യത്തെ സ്വകാര്യ പെട്രോളിയം കമ്പനികളുടെ ലാഭംമാത്രം അമ്പതിനായിരം കോടിയിലധികമാണ്. പൊതുമേഖലയുടെ ലാഭം ഇതിന് പുറമേയും.

എന്നാൽ, കേരളത്തിലെ ബിജെപി നേതൃത്വം ആരോപിക്കുന്നത് കേരള സർക്കാർ വാറ്റ് നികുതി കുറയ്‌ക്കാത്തതുകൊണ്ടാണ് ഇന്ധനവില കുറയാത്തതെന്നാണ്. എന്നാൽ, വസ്തുതയെന്താണ്? ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ് മുതൽ കർണാടകവരെ കേരളത്തിലേതിന് തുല്യമോ അതിലും കൂടുതലോ ആണ് ഇന്ധനവില. മാത്രവുമല്ല, ബിജെപി അധികാരത്തിൽ വരുന്ന 2014ൽ ഒരു സിലിണ്ടർ ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന് 300 രൂപയിൽ താഴെയായിരുന്നു വിലയെങ്കിൽ, മോഡിയുടെ ഏഴ് വർഷത്തെ ഭരണത്തിൽ 800 രൂപവരെ ആയി അത് വർധിപ്പിച്ചു. കേന്ദ്ര സർക്കാർ സബ്സിഡിയും നിർത്തലാക്കിയിരിക്കുകയാണ്. ഉപഭോക്താക്കൾക്ക് സബ്സിഡി ലഭിച്ചിട്ട് മാസങ്ങളായി. പാചകവാതക വിലനിയന്ത്രണാധികാരവും സർക്കാരിൽനിന്ന് എടുത്തുമാറ്റുകയും ചെയ്തു. ഇതോടെ പാചകവാതക വിലയും കമ്പനികൾ അതതു മാസം പുതുക്കി നിർണയിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന സ്ഥിതിയായി.

ഇന്ധനവിലയും അതിന്റെ നികുതിയും തമ്മിലെ താരതമ്യം ഈ സാഹചര്യത്തിൽ ഉചിതമായിരിക്കും. ഒരു ലിറ്റർ പെട്രോളിന്റെ അടിസ്ഥാനവില 28.13 രൂപയും ഡീസലിന്റെത് 29.19 രൂപയുമാണ്. ഒരു ലിറ്റർ പെട്രോളിന് കേന്ദ്രസർക്കാർ ഈടാക്കുന്ന നികുതി 32.98 രൂപയാണ്. ഡീസലിന്റെത് 31.83 രൂപയും. ഇതിൽ അടിസ്ഥാന എക്‌സൈസ്‌ ഡ്യൂട്ടി വെറും 2.98 രൂപ മാത്രമാണെന്ന് പ്രത്യേകം ഓർക്കണം. ഈ അടിസ്ഥാന നികുതി കൂട്ടാൻ കേന്ദ്ര സർക്കാർ തയ്യാറല്ല. അത് എന്തുകൊണ്ടെന്നാൽ, അടിസ്ഥാന എക്‌സൈസ്‌ ഡ്യൂട്ടി കൂട്ടിയാൽ നിലവിലെ വ്യവസ്ഥ വച്ച് അതിന്റെ വിഹിതം സംസ്ഥാനങ്ങൾക്ക് കൊടുക്കേണ്ടതായി വരും. ക്രൂഡ്‌ഓയിൽ വില കുറയുന്ന ഘട്ടങ്ങളിലൊക്കെ അടിസ്ഥാന നികുതിയിൽ തൊടാതെ സെസ്, അധിക എക്‌സൈസ്‌ ഡ്യൂട്ടി തുടങ്ങിയവ ക്രമാതീതമായി കൂട്ടും.


 

ഇങ്ങനെ കേന്ദ്രസർക്കാർ അടിച്ചുമാറ്റുന്ന നികുതി വരുമാനത്തിന്റെ കണക്ക് ഞെട്ടിക്കുന്നതാണ്. 2018–-19 സാമ്പത്തിക വർഷംമാത്രം കേന്ദ്ര സർക്കാർ ഊറ്റിയ ആകെ നികുതി 2,31,045 കോടിയാണ്. എന്നാൽ, ഇതിൽനിന്ന്‌ എല്ലാ സംസ്ഥാനത്തിനുംകൂടി കൊടുക്കേണ്ട ആകെ നികുതിവിഹിതം വെറും 27,024 കോടി മാത്രമാണെന്നതാണ്
ദുഃഖകരമായ യാഥാർഥ്യം.

2014ൽ മോഡി ഭരണത്തിലേറുമ്പോൾ ക്രൂഡ് ഓയിൽ വില 89 ഡോളറായിരുന്നു. അന്നത്തെ പെട്രോൾ വില 72ഉം ഡീസൽ വില 55ഉം ആയിരുന്നു. എന്നാൽ, കേന്ദ്രം ക്രമേണ ഇന്ധനവില കൂട്ടിക്കൊണ്ടേയിരുന്നു. 2020 ജൂണിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞ് 43 ഡോളറിലെത്തി നിൽക്കുമ്പോൾ പെട്രോൾവില 82ഉം ഡീസൽവില 78ഉം ആയി കേന്ദ്ര സർക്കാർ വർധിപ്പിച്ചു. 2014--2020 കാലഘട്ടത്തിൽ ക്രൂഡ് വില 49 ശതമാനം കുറഞ്ഞപ്പോൾ പെട്രോൾവില 11 ശതമാനവും ഡീസൽവില 44 ശതമാനവും കൂട്ടി. ഇതാണ് മോഡി മാജിക്. ക്രൂഡിന്റെ വില കുറയുമ്പോൾ ഇന്ത്യയിൽ ഇന്ധനവില കൂട്ടുന്ന വിചിത്രവും മനുഷ്യത്വരഹിതവുമായ പ്രതിഭാസത്തിനാണ് മോഡി ഭരണത്തിൽ രാജ്യം സാക്ഷ്യം വഹിക്കുന്നത്. ക്രൂഡ് ഓയിൽ വില ഏറ്റവും കൂടിയ 2008 ജൂലൈയിൽ ഒരു ബാരലിന് 148.93 ഡോളറായിരുന്നു അന്താരാഷ്ട്ര വില. അപ്പോൾ ഒരു ലിറ്റർ പെട്രോളിന് 50 രൂപയും ഡീസലിന് 35 രൂപയുമായിരുന്നു രാജ്യത്തെന്ന് ഓർക്കണം. 2020 ഏപ്രിലിൽ ക്രൂഡിന്റെ വില ബാരലിന് 16.95 ഡോളറിൽ എത്തി. ഇപ്പോൾ ഒരു ബാരൽ ക്രൂഡ് ഓയിൽ വില 52 ഡോളർ എന്ന നിലയിലാണ്. അതായത്‌, ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വില 75 ശതമാനത്തിലധികം കുറഞ്ഞപ്പോൾ, ഇന്ത്യൻ ദേശീയ വിപണിയിൽ ഇന്ധനവില 50 ശതമാനത്തിലധികം വർധിപ്പിച്ചെന്നാണ് കണക്കുകൾ പറയുന്നത്.

ഇന്ധന വ്യാപാരം വഴി വാറ്റ് ഇനത്തിൽ സംസ്ഥാനങ്ങൾക്കു‌ ലഭിക്കുന്നത് 18 രൂപയോളം മാത്രമാണ്. പെട്രോൾ, ഡീസൽ അടിസ്ഥാന എക്‌സൈസ്‌ തീരുവ വെറും 2.98 രൂപ മാത്രമായതിനാൽ അതിൽനിന്ന്‌ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന വിഹിതവും നാമമാത്രമാണ്‌. ഇനി സംസ്ഥാനങ്ങൾ വാറ്റ് നികുതി ഈടാക്കുന്നതുകൊണ്ടാണ് ഇന്ധനവില കുറയാത്തതെന്ന് വാദിക്കുന്ന ബിജെപി നേതാക്കൾക്ക് ആത്മാർഥതയുണ്ടെങ്കിൽ, ഇന്ധന വ്യാപാര മേഖല ജിഎസ്ടിയുടെ പരിതിയിൽ കൊണ്ടുവന്നാൽ മതിയല്ലോ.

പെട്രോളിനും ഡീസലിനും ജിഎസ്‌ടി ഏർപ്പെടുത്തണമെന്നാണ്‌‌ ഇടതുപക്ഷത്തിന്റെയും കേരള സർക്കാരിന്റെയും കാലങ്ങളായുള്ള ആവശ്യം‌

അടിസ്ഥാനവിലയിൽ കേന്ദ്രം ചുമത്തുന്ന മറ്റ് നികുതികളാണ് ഇത്രയും ഉയർന്ന ഇന്ധനവിലയിലേക്ക് നയിക്കുന്നതിന് പ്രധാനകാരണം‌. പെട്രോൾ–-ഡീസൽ അടിസ്ഥാനവിലയും പെട്രോൾ പമ്പുകളിലെ വിലയും തമ്മിൽ 300 ശതമാനത്തിലധികം വ്യത്യാസമാണുള്ളത്‌‌. ഒരു ലിറ്റർ പെട്രോളിൽനിന്ന്‌ 32.98 രൂപ ‌കേന്ദ്രത്തിന്‌ ലഭിക്കുന്നു. ഈ  വരുമാനം ഇതേ രീതിയിൽ നിലനിർത്തണമെങ്കിൽ അടിസ്ഥാനവിലയുടെ 120 ശതമാനം നികുതി ജിഎസ്‌ടിയിൽ ചുമത്തേണ്ടി വരും. അത്‌‌ നിയമപരമായി സാധിക്കില്ല. ജിഎസ്ടി ഇനത്തിൽ ചുമത്താവുന്ന പരമാവധി നികുതി 28 ശതമാനമാണ്. ജിഎസ്ടി വ്യവസ്ഥയനുസരിച്ച് പിരിക്കുന്ന നികുതിയുടെ പകുതി കേന്ദ്രത്തിനും പകുതി സംസ്ഥാനത്തിനും ലഭിക്കണമെന്നാണ് ചട്ടം. 28 ശതമാനം ജിഎസ്‌ടി ചുമത്തിയാൽ ഡീലേഴ്സ് കമീഷൻ ഉൾപ്പെടെ പെട്രോളിന്റെ വില 40 രൂപയിൽ താഴെ നിർത്താനാകും. പെട്രോളിനും ഡീസലിനും ജിഎസ്‌ടി ഏർപ്പെടുത്തണമെന്നാണ്‌‌ ഇടതുപക്ഷത്തിന്റെയും കേരള സർക്കാരിന്റെയും കാലങ്ങളായുള്ള ആവശ്യം‌.

ജനങ്ങളെ കൊള്ളയടിക്കുന്നതിന് എല്ലാ പരിധിയും വിട്ട് കോർപറേറ്റുകളെ സഹായിക്കുന്നവരാണ് കേന്ദ്രം ഭരിക്കുന്നത്. ഇതുകൊണ്ടുതന്നെ ഇന്ധനക്കൊള്ള ഇനിയും യഥേഷ്ടം തുടരുമെന്നുതന്നെയാണ് മനസ്സിലാക്കേണ്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top