21 June Monday

ഇന്ധനവില: നിയന്ത്രണംവിട്ട്‌ ഇന്ത്യ - പ്രേംകുമാർ എഴുതുന്നു

പ്രേംകുമാർUpdated: Tuesday May 18, 2021

ജനങ്ങളുടെ മനസ്സിൽ പൊള്ളുന്ന തീക്കാറ്റായി അനുദിനം കുതിക്കുന്ന ഇന്ധനവിലയിൽ കിതയ്ക്കുകയാണ് ഇന്ത്യ. അതിരുകൾ ഭേദിച്ച് ഭീമാകാര രൂപംപൂണ്ട് വളരുന്ന പെട്രോൾ–-ഡീസൽ വിലയെന്ന സത്വം സാധാരണ മനുഷ്യനെ കൈപ്പിടിയിലാഴ്ത്തി ഞെരുക്കുകയാണ്. ഒന്ന് കുതറാൻ പോലുമാകാതെ ശേഷി നശിച്ച് എരിഞ്ഞടങ്ങാൻ വിധിക്കപ്പെട്ട ഹതഭാഗ്യരായി ഒരു ജനത. വേട്ടക്കാരനു മുന്നിൽ ഓടിത്തളർന്ന ഇരയുടെ ശിഥിലനോട്ടം പെട്രോൾ പമ്പുകളിലെ അനുനിമിഷം മാറിമറിയുന്ന അക്കപ്പോരിൽ അവസാനിക്കുന്നു.

ഒരു ന്യായീകരണവും നീതീകരണവുമില്ലാത്ത സാമൂഹ്യദുരന്തമാകുകയാണ് നാൾതോറുമുള്ള ഇന്ധനവില വർധന. സാധാരണക്കാരന്റെ നെഞ്ചിൽ തീ ആളിക്കത്തിക്കുന്ന ഈ പ്രതിഭാസത്തിന് അവസരമൊരുങ്ങിയത് രണ്ടാം യുപിഎ സർക്കാരിന്റെ കാലത്താണ്. അതുവരെ ഗവൺമെന്റിൽ നിക്ഷിപ്തമായിരുന്ന ഇന്ധനവില നിർണയാധികാരം ഗവൺമെന്റിൽനിന്ന് നീക്കംചെയ്ത് എണ്ണക്കമ്പനികൾക്ക് സർവസ്വാതന്ത്ര്യത്തോടും വിട്ടുനൽകിയതിന്റെ പാപഭാരം അന്നത്തെ ആ സർക്കാരിന്‌ അവകാശപ്പെട്ടതാണ്. വില നിയന്ത്രണാധികാരം കിട്ടിയവർ ആദ്യമൊക്കെ ഒളിഞ്ഞുംതെളിഞ്ഞും ക്രമേണ വിലവർധന നടപ്പാക്കി. അന്ന് അതിനെതിരെ ഘോരഘോരം പ്രസംഗിക്കുകയും പ്രതിഷേധിക്കുകയും പ്രക്ഷോഭം നയിക്കുകയുമൊക്കെ ചെയ്തവർ തങ്ങൾ അധികാരത്തിൽ വന്നാൽ വിലക്കയറ്റം പിടിച്ചുനിർത്തി കാര്യങ്ങൾ പഴയനിലയിലാക്കുമെന്ന് ആണയിട്ട് പറഞ്ഞു. അവർ പിന്നീട് അധികാരത്തിൽ വന്നു. പക്ഷേ, അവരാകട്ടെ ജനങ്ങളുടെ സർവപ്രതീക്ഷയും തകർത്തുകൊണ്ട് എണ്ണക്കമ്പനികളുടെ കൊടുംകൊള്ളയ്ക്ക് കുടപിടിക്കുന്നവരായി മാറി. അവർ ഇന്ധനവില ഒട്ടും കുറച്ചില്ലെന്നു മാത്രമല്ല, ഓരോ ദിവസവും വില കൂട്ടിക്കൂട്ടി സർവകാല റെക്കോഡിൽ എത്തിക്കാൻ കമ്പനികൾ കാട്ടുന്ന ക്രൂരവിനോദത്തിന് സർവാത്മനാ കൂട്ടുനിൽക്കുന്നവരായിരിക്കുന്നു.


 

ജനങ്ങൾക്ക് എല്ലാ അർഥത്തിലും സംരക്ഷണം നൽകുകയും അവരുടെ സ്വസ്ഥതയും സമാധാനവും തകർക്കുന്ന രാജ്യദ്രോഹശക്തികളെ അടിച്ചമർത്തിയും നിയന്ത്രിച്ചും രാജ്യത്തെ ജനങ്ങൾക്കു മുഴുവൻ സന്തുഷ്ടവും സംതൃപ്തവും സാമ്പത്തിക സുരക്ഷിതത്വവുമുള്ള ജീവിതം ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയെന്ന ഉത്തരവാദിത്തമാണ് ഗവൺമെന്റുകൾ നിർവഹിക്കേണ്ടത്. പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങളെ ചേർത്തുനിർത്തുകയാണ് ഗവൺമെന്റിന്റെ കടമ. എന്നാൽ, രോഗവും പട്ടിണിയുംകൊണ്ട്‌ വീർപ്പുമുട്ടുന്ന ജനങ്ങളുടെമേൽ അവശ്യവസ്തുക്കളുടെ വില വർധിപ്പിച്ച് അവരെ കൂടുതൽ ദുരിതത്തിലാഴ്ത്തുമ്പോഴും ഞങ്ങൾ ജനപക്ഷമാണെന്ന വീമ്പുപറച്ചിലിന് കുറവൊന്നുമില്ല.

പെട്രോൾ–-ഡീസൽ വില അനുദിനം കുതിക്കുമ്പോൾ അതിനു മുന്നിൽ വിറങ്ങലിച്ചുനിൽക്കുന്ന ജനതയുടെ ദൈന്യം ഭരണാധികാരികൾക്ക് ഊർജദായകമാകുന്നുവെന്ന സത്യം നമ്മെ അമ്പരപ്പിക്കുന്നു. എല്ലാ ഭാരവും ജനങ്ങൾക്കു നല്കുന്ന ഭരണനൈപുണ്യത്തെ ആസ്ഥാന ഗായകർ പാടിപ്പുകഴ്ത്തുമ്പോൾ, ജനങ്ങൾ വല്ലാതെ വീർപ്പുമുട്ടുകയാണ്. കോവിഡ് മഹാമാരിയും വാക്സിനും ഓക്സിജനുമെല്ലാം ചേർന്ന് സൃഷ്ടിച്ച അസാധാരണമായ അനിശ്ചിതത്വത്തിനു മധ്യേയാണ് ഇപ്പോൾ പെട്രോൾ വിലയിലെ കൊള്ളയും അരങ്ങേറുന്നത്. ആ മഹാവ്യാധിയിൽ ശ്വാസംകിട്ടാതെ നിസ്സഹായരായ മനുഷ്യർ ശ്വാസംമുട്ടി പിടഞ്ഞുമരിക്കുമ്പോൾ, ബാക്കിയാകുന്ന മനുഷ്യരെ വരിഞ്ഞുമുറുക്കി ഇന്ധനവിലവർധന പിന്നെയും ശ്വാസംമുട്ടിക്കുകയാണ്. തെരഞ്ഞെടുപ്പുപോലെ അവർക്കാവശ്യമുള്ള പ്രത്യേക സാഹചര്യങ്ങളിൽ താൽക്കാലിക വെടിനിർത്തൽപോലെ അൽപ്പദിവസം വിലവർധന നിർത്തുകയും ചില്ലറ പൈസ കുറയ്ക്കുകയും വോട്ട് പെട്ടിയിലായി കഴിഞ്ഞ് പിറ്റേന്നുമുതൽ അടിയന്തരമായി, കുറച്ചതിന്റെ കുറേ മടങ്ങ് വീണ്ടും കൂട്ടുകയും ചെയ്യുന്ന ഇന്ധനത്തിന്റെ രാഷ്ട്രീയം തിരിച്ചറിയാൻ കഴിയാത്ത പമ്പരവിഡ്ഢികളാണ് പൊതുസമൂഹം എന്നാണ് അവരുടെ ധാരണ.

ആരും കണ്ടിട്ടില്ലാത്ത ആർക്കും കാണാനാകാത്ത അദൃശ്യമായ അന്താരാഷ്ട്രവിപണിയെന്ന ആഗോളവൽക്കരണത്തിന്റെ അടയാളമായ പുത്തൻസങ്കൽപ്പത്തിൽ ചാരിയാണ് എണ്ണവില നിശ്ചയിക്കപ്പെടുന്നത് എന്നാണ് പറയപ്പെടുന്നത്. അത്‌ അങ്ങനെയാണെങ്കിൽ ആ അന്താരാഷ്ട്രവിപണിയിൽ ക്രൂഡോയിൽ വില കുറയുമ്പോൾ അതിന്‌ ആനുപാതികമായി പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില ഈ രാജ്യത്തും കുറയേണ്ടതല്ലേ. മറ്റു വിദേശരാജ്യങ്ങളിലൊക്കെ അങ്ങനെ കുറയുന്നുമുണ്ട്. പക്ഷേ, നമ്മുടെ രാജ്യത്ത് അത് കുറയുന്നില്ലെന്നു മാത്രമല്ല നേരെ വിപരീതമായി ഓരോ ദിവസവും കുത്തനെ വർധിക്കുകയാണ്. അന്താരാഷ്ട്രവിപണിയിൽ വില കുറയുമ്പോൾ ഇവിടെ കൂടുകയും അന്താരാഷ്ട്രവിപണിയിൽ വില കൂടുമ്പോൾ ഇവിടെ പിന്നെയും കൂട്ടുകയും ചെയ്യുന്ന വിരോധാഭാസമാണ് നാളുകളായി നടമാടുന്നത്.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധിക്കുന്നത് വാഹനം ഓടിക്കുന്നവരുടെയും പാചകവാതകവും മണ്ണെണ്ണയുമൊക്കെ ഉപയോഗിക്കുന്നവരുടെയും മാത്രം പ്രശ്നമായി വളരെ നിസ്സാരമായാണ് പലരും കാണുന്നത്. പക്ഷേ, ഇന്ധനവില വർധന രാജ്യത്തെ ചരക്കുഗതാഗതത്തെയും പൊതുഗതാഗതസംവിധാനങ്ങളെയും മറ്റു നിർമാണമേഖലകളെയും കാർഷികമേഖലയെയും ചുരുക്കത്തിൽ സമസ്ത മേഖലകളെയും പ്രതികൂലമായി ബാധിക്കുന്ന, വൻ പ്രതിസന്ധിയിലാക്കുന്ന അതിരൂക്ഷമായ പ്രശ്നമാണെന്ന് പലരും തിരിച്ചറിയുന്നില്ല. സാധാരണക്കാരുടെ ജീവിതം ഏറ്റവും ദുസ്സഹമാക്കുന്ന നിത്യോപയോഗ സാധനങ്ങളുടെയും അവശ്യവസ്തുക്കളുടേത്‌ ഉൾപ്പെടെ സർവരംഗത്തുമുണ്ടാകുന്ന അനിയന്ത്രിതമായ വിലക്കയറ്റവും ഇന്ധനവില വർധനയുടെ ഉൽപ്പന്നമാണെന്ന് അധികമാരും ചിന്തിക്കാറില്ല.

രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില വർധിക്കുന്നത് ഗവൺമെന്റിന് ഒരു പ്രതിസന്ധിയും സൃഷ്ടിക്കുന്നില്ല. വില കൂടിയാലും പ്രതിദിന വിപണിവിലയുടെ അടിസ്ഥാനത്തിൽ ആ ഭാരം ജനങ്ങൾക്കുമേൽ ചുമത്താം. വില കുറഞ്ഞാൽ കൂടുതൽ നികുതി ഈടാക്കി സർക്കാരിന് സമ്പത്ത് വർധിപ്പിക്കാം. ആഗോളവിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞാൽ അതിന്റെ നേട്ടം ജനങ്ങൾക്കു നല്കാതെ നികുതി വർധിപ്പിച്ച് സർക്കാർ ലാഭം കൊയ്യുകയാണ്. എണ്ണക്കമ്പനികൾ ചോദിക്കാൻ ആരുമില്ലെന്ന ധൈര്യത്തിൽ ഒരറപ്പുമില്ലാതെ നിർദയം നിരന്തരം തോന്നുമ്പോഴൊക്കെ തോന്നുംപോലെ വിലകൂട്ടുന്നു.

എന്തുതന്നെയായാലും ഇന്ധനവില കുത്തനെ കൂട്ടുന്ന കുത്തകകളുടെ ക്രൂരമായ നീരാളിപ്പിടിത്തത്തിൽനിന്ന് ജനങ്ങളെ രക്ഷിക്കുന്ന ശാശ്വതമായ പരിഹാരം ഉണ്ടായേ തീരൂ. അതിനു തയ്യാറാകാൻ മനസ്സ്‌ കാട്ടാത്തവരെ അനുകൂലമായ നിലപാടിലേക്ക്‌ കൊണ്ടുവരാനുള്ള അതിശക്തമായ പ്രതിഷേധ സമ്മർദങ്ങൾ എല്ലാ ഭാഗത്തുനിന്നും ഉയർന്നുവരേണ്ടിയിരിക്കുന്നു. ഒപ്പംതന്നെ എണ്ണക്കമ്പനികളുടെ ധാർഷ്ട്യത്തിനും ജനദ്രോഹത്തിനും കൊള്ളലാഭക്കൊതിക്കും തടയിടുന്ന ബദൽ സംവിധാനങ്ങളെക്കുറിച്ചും നാം ചിന്തിക്കേണ്ടിയിരിക്കുന്നു. യാത്രകൾക്ക് പൊതുഗതാഗത സംവിധാനം പരമാവധി ഉപയോഗിക്കുക. ഹ്രസ്വദൂര സഞ്ചാരങ്ങൾക്ക് സൈക്കിൾ പോലുള്ള ഇന്ധനരഹിത വാഹനങ്ങൾ പ്രായോഗികമാക്കുക. കഴിയുന്നത്ര കാൽനടയാത്ര നടത്തുക. കോവിഡ് മഹാമാരിയുടെ ഇക്കാലത്ത് സഞ്ചാരങ്ങൾ ഒഴിവാക്കാൻ പറ്റുന്നത്ര ഒഴിവാക്കുക.

പെട്രോളിന്റെയും ഡീസലിന്റെയുമൊക്കെ ഉപയോഗവും അങ്ങേയറ്റം കുറച്ചുകൊണ്ടു മാത്രമേ പെട്രോളിയം കമ്പനികളുടെ അഹന്തയ്‌ക്കും അതിക്രമത്തിനും അപ്രമാദിത്വത്തിനും പ്രഹരമേൽപ്പിക്കാനാകൂ. പെട്രോളിയം ഉൽപ്പന്നങ്ങൾ കഴിയുന്നത്ര ബഹിഷ്കരിച്ചുകൊണ്ട് കമ്പനികളോടുള്ള നിസ്സഹകരണം ശക്തമാക്കണം. തികച്ചും സമാധാനപരമായ പുതിയൊരു സമരമാർഗ്ഗംതന്നെ ഉരുത്തിരിഞ്ഞു വരേണ്ടതുണ്ട്. എപ്പോൾ വേണമെങ്കിലും തീർന്നുപോകാവുന്ന പെട്രോളിയം ഇന്ധനങ്ങൾക്കുപകരം മറ്റു പാരമ്പര്യ പാരമ്പര്യേതര ഊർജസ്രോതസ്സുകൾ പ്രയോജനപ്പെടുത്തിയുള്ള സാങ്കേതിക വിദ്യകളുണ്ടാകണം. സൂര്യപ്രകാശം, വായു, തിരമാലകൾ തുടങ്ങിയവയിൽ നിന്നൊക്കെ ഊർജം സംഭരിക്കുകയും വൈദ്യുതി വാഹനങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കുകയുമൊക്കെ വേണ്ടിയിരിക്കുന്നു.

സ്വാഭാവിക ചെറുത്തുനിൽപ്പ് രൂപപ്പെട്ടുവരുമെന്നത് തീർച്ചയാണ്. കാലം നമുക്ക് നൽകുന്ന പ്രതീക്ഷയുടെ സന്ദേശമാണ്‌ അത്. ചരിത്രം മുന്നോട്ടുവയ്ക്കുന്നതും അതുതന്നെയാണ്

ജനങ്ങളുടെ മുഴുവൻ പ്രതീക്ഷയും ഈ രാജ്യത്തെ ജുഡീഷ്യറിയിലാണ്. പക്ഷേ, നിർഭാഗ്യവശാൽ ജുഡീഷ്യറിയും ഈ വിഷയത്തിൽ കാര്യമായി ഇടപെടാതെ മൗനംപാലിക്കുകയാണ്. താങ്ങാനാകാത്ത ഇന്ധനവില വർധന ഒരു ജനതയുടെ പരമപ്രധാന പ്രശ്നമായി പരിഗണിച്ച് അടിയന്തരമായി തന്നെ പരമോന്നത നീതിപീഠവും നിയമസംവിധാനങ്ങളും സ്വമേധയാ ഈ വിഷയത്തിൽ ഇടപെട്ട് എണ്ണക്കമ്പനികളുടെ താന്തോന്നിത്തത്തിന് കടിഞ്ഞാണിടാൻ കരുണ കാട്ടണമെന്ന അപേക്ഷയാണ്‌ ഉള്ളത്.

ദാരിദ്ര്യത്തിൽ ആഴ്ന്നുകിടക്കുന്ന ബഹുഭൂരിപക്ഷം പാവപ്പെട്ട ജനത്തിന്റെ രക്തം ഊറ്റിക്കുടിച്ച് തടിച്ചുകൊഴുക്കുന്ന കുത്തകഭീമൻമാരെയും അവരുടെ കൊടുംകൊള്ളയ്ക്ക് കുറ്റകരമായി കൂട്ടുനിൽക്കുന്നവരെയും സംഹരിക്കാൻ ശക്തിയുള്ള പ്രതിഷേധാഗ്നി ജനമനസ്സുകളിൽ കത്തിപ്പടരുകയാണ്. സ്വാഭാവിക ചെറുത്തുനിൽപ്പ് രൂപപ്പെട്ടുവരുമെന്നത് തീർച്ചയാണ്. കാലം നമുക്ക് നൽകുന്ന പ്രതീക്ഷയുടെ സന്ദേശമാണ്‌ അത്. ചരിത്രം മുന്നോട്ടുവയ്ക്കുന്നതും അതുതന്നെയാണ്.

(ഫോൺ: 9447499449)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top