30 July Friday

പ്രതിഷേധം ആളിപ്പടരട്ടെ - എളമരം കരീം എഴുതുന്നു

എളമരം കരീംUpdated: Thursday Jun 17, 2021

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില ദിനംപ്രതി വർധിപ്പിക്കുന്ന മോഡി സർക്കാർനയം ജനങ്ങൾക്ക് താങ്ങാനാകാത്ത ഭാരമായി മാറിയിരിക്കുകയാണ്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത്, തങ്ങൾ അധികാരത്തിൽ വന്നാൽ പെട്രോൾ ലിറ്ററിന് 50 രൂപയ്ക്കും ഡീസൽ 40 രൂപയ്ക്കും നൽകുമെന്നായിരുന്നു ബിജെപിയുടെ വാഗ്ദാനം. യുപിഎ സർക്കാർ പെട്രോൾ വിലനിയന്ത്രണം നീക്കംചെയ്തത്‌ പുനഃപരിശോധിക്കുമെന്നും വാഗ്ദാനംചെയ്തു. എന്നാൽ, അധികാരത്തിലേറിയ ഉടനെ ഡീസൽ വിലനിയന്ത്രണംകൂടി നീക്കംചെയ്ത് ദിവസേന പെട്രോൾ–-ഡീസൽ വില നിശ്ചയിക്കുന്ന ‘ഡൈനാമിക് ഫ്യുവൽ പ്രൈസ് മെത്തേഡ്' നടപ്പാക്കുകയാണ് ചെയ്തത്. ഇതുമൂലം വില കുറയുമെന്നായിരുന്നു മോഡി സർക്കാരിന്റെ വാദം. പുതിയ നയം അനുസരിച്ച് ദിവസേന രാവിലെ ആറിന്‌ വില പുതുക്കി നിശ്ചയിക്കുന്നു. എണ്ണവില എല്ലാ നിയന്ത്രണവുംവിട്ടു കുതിച്ചുകയറുന്നത് കേന്ദ്രത്തിന്റെ ഈ നയം മൂലമാണ്.   

സംസ്ഥാന സർക്കാർ സംസ്ഥാന നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസം നൽകണമെന്ന് വാദിക്കുന്നവർ കേന്ദ്ര സർക്കാരിന്റെ നികുതി ഘടനയെക്കുറിച്ച് മനസ്സിലാക്കുന്നില്ല. പെട്രോൾ–-ഡീസലിനു മേൽ കേന്ദ്ര സർക്കാർ ചുമത്തുന്ന ‘എക്സൈസ്' നികുതി സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ടതാണ്. എന്നാൽ, കേന്ദ്രം ചുമത്തുന്ന അടിസ്ഥാന എക്സൈസ് നികുതി 1.40 രൂപ മാത്രമാണ്. ഈ തുകയുടെ വിഹിതം മാത്രമേ സംസ്ഥാനങ്ങൾക്ക് നൽകേണ്ടതുള്ളൂ. കേന്ദ്രം ഇപ്പോൾ ചുമത്തുന്ന മൊത്തം സ്ഥിതി പെട്രോൾ ലിറ്ററിന് 32.90 രൂപയും ഡീസലിന് 31.80 രൂപയുമാണ്. ആറു വർഷത്തിനിടയിൽ കേന്ദ്ര നികുതി 300 ശതമാനം വർധിച്ചു. ഇതുവഴി കേന്ദ്ര സർക്കാരിനു ലഭിക്കുന്നത് വൻതുകയാണ്.

2014–-15–-  കേന്ദ്രനികുതി വരുമാനം
ഡീസൽ:    42,881 കോടി രൂപ
പെട്രോൾ:    29,279 കോടി


2020–-21 ൽ  2020 ഏപ്രിൽ ഒന്നുമുതൽ ഡിസംബർ 31 വരെ (10 മാസം) കേന്ദ്രത്തിന് പെട്രോൾ–-ഡീസൽ എക്സൈസ് നികുതി വരവ് 2.94 ലക്ഷം കോടി രൂപ (കേന്ദ്ര ധന സഹമന്ത്രി അനുരാഗ് ഠാക്കൂർ ലോക്‌സഭയിൽ നൽകിയ വിവരം). കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുന്നതിന്റെ സ്വഭാവം ഈ കണക്കുകൾ വ്യക്തമാക്കും.
കേന്ദ്രം ചുമത്തുന്ന നികുതികളിലുണ്ടായ വർധന ഇപ്രകാരമാണ്.

2014 പെട്രോൾ ലിറ്ററിന്:9.48 രൂപ
2014 ഡീസൽ ലിറ്ററിന്: 3.56 രൂപ
2021 പെട്രോൾ ലിറ്ററിന്:32.90 രൂപ  
2021 ഡീസൽ ലിറ്ററിന്: 31.80 രൂപ

പെട്രോൾ–-ഡീസൽ നികുതികൾ 300 ശതമാനമാണ് വർധിപ്പിച്ചത്. പെട്രോളിന്റെ വിൽപ്പന വിലയുടെ 68.84 ശതമാനവും ഡീസൽ വിലയുടെ 56.55 ശതമാനവും നികുതിയാണ്.
2021 മാർച്ചിൽ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 89.54 രൂപയായിരുന്നു. ഇതിൽ അടിസ്ഥാന വില 33.54 രൂപയും കേന്ദ്രനികുതി 32.98ഉം സംസ്ഥാന നികുതി 19.33ഉം ഡീലർ കമീഷൻ 3.69 രൂപയുമായിരുന്നു. അടിസ്ഥാന വിലയോളം നികുതിയായി ഈടാക്കുന്നു. സംസ്ഥാനങ്ങൾ ഈടാക്കുന്നത് വിൽപ്പന നികുതിയാണ്. കേരളം പെട്രോളിന് ലിറ്ററിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവും വിൽപ്പന നികുതി ഈടാക്കുന്നുണ്ട്. 2018ൽ പെട്രോളിൽ ലിറ്ററിന് 31.8 രൂപയും ഡീസലിന് 24.52 രൂപയായിരുന്നത് കുറച്ച്‌ മുകളിൽ പറഞ്ഞ നിരക്കിലേക്ക് താഴ്ത്തിയത് എൽഡിഎഫ് സർക്കാരാണ്. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ 2021 ഫെബ്രുവരി 18 മുതൽ ഈടാക്കുന്ന നികുതി 33 ശതമാനം + 4.5 ശതമാനം അഡീഷണൽ നികുതി + ലിറ്ററിന് ഒരു രൂപ തോതിൽ സെസും ചേർന്ന തുകയാണ്. മധ്യപ്രദേശിൽ അതേ ദിവസം ഒരു ലിറ്റർ പെട്രോളിന് 100.25 രൂപയും ഡീസലിന് 90.35 രൂപയുമാണ്. കേരളത്തിൽ ജൂൺ 13ന് പെട്രോൾ വില  98.16 ആണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും കുറഞ്ഞ സംസ്ഥാന നികുതി കേരളത്തിലാണ്. ആന്ധ്രപ്രദേശ് 35.77, തെലുങ്കാന 32.16, തമിഴ്നാട് 32.16,  കർണാടകം 35 ശതമാനം വീതമാണ്‌ പെട്രോൾ നികുതി. ഡീസലിന് യഥാക്രമം 28.08, 26.01, 24.08, 24 ശതമാനമെന്ന തോതിലാണ്. ഇതൊന്നും കാണാതെയാണ് ചിലർ കേരളത്തിൽ നികുതി കുറയ്ക്കണമെന്ന വാദവുമായി നടക്കുന്നത്.

2014നും 2021 നുമിടയിൽ പെട്രോൾ–-ഡീസൽ എക്സൈസ് നികുതി കേന്ദ്രം 12 തവണ വർധിപ്പിച്ചു. രണ്ടു തവണ മാത്രം ചെറിയ കുറവുവരുത്തി. അവസാനത്തെ വർധനയ്‌ക്കുശേഷമുള്ള നിരക്കാണ് പെട്രോൾ 32.98 രൂപ, ഡീസൽ 31.83 രൂപ എന്നത്. പെട്രോൾ എക്സൈസ് ഡ്യൂട്ടിയിൽ 248 ശതമാനവും ഡീസൽ ഡ്യൂട്ടിയിൽ 794 ശതമാനവുമാണ് 2014നു ശേഷം വർധിപ്പിച്ചത്. അടിസ്ഥാന വിലയേക്കാൾ ഉയർന്ന തുകയാണ് കേന്ദ്രം എക്സൈസ് നികുതിയായി കൈവശപ്പെടുത്തുന്നത്‌. 2021 ഫെബ്രുവരി ഒന്നിന് പെട്രോളിന്റെ അടിസ്ഥാനവില  29.7 രൂപയായിരുന്നു. അതേസമയം, കേന്ദ്രനികുതി 31 രൂപയുമായിരുന്നു.അന്താരാഷ്ട്ര കമ്പോളത്തിൽ ക്രൂഡോയിലിന്റെ വില കുറയുമ്പോഴും ഇന്ത്യയിൽ പെട്രോൾ–-ഡീസൽ വില കുറച്ചില്ല. ക്രൂഡിന്റെ വിലക്കുറവിന്റെ ആനുകൂല്യം കേന്ദ്ര സർക്കാർ തട്ടിയെടുത്തു.

ഡൽഹിയിലെ പെട്രോൾ–-ഡീസൽ വിലയാണ് അടിസ്ഥാനം. 2020 ഏപ്രിലിൽ ക്രൂഡ് വില ബാരലിന് 19.90 ഡോളറായിരുന്നു. അന്താരാഷ്ട്ര കമ്പോളത്തിലെ ക്രൂഡ് വില അടിസ്ഥാനമാക്കി വില നിർണയിക്കുന്ന രീതിയല്ല ബിജെപി സർക്കാർ നടപ്പാക്കിയത്. അയൽ രാജ്യങ്ങളിലേതിനേക്കാളും കൂടിയ വിലയ്ക്കാണ് വിൽക്കുന്നത്. നേപ്പാളിൽ പെട്രോൾ  69.50 രൂപ, ഡീസൽ 58.88 രൂപ. ശ്രീലങ്കയിൽ പെട്രോളിന്‌ 51 രൂപയാണ്.

പെട്രോളിയം മേഖലയിൽ ഉദാരവൽക്കരണനയങ്ങളുടെ ഭാഗമായി പ്രവേശനം നൽകപ്പെട്ട കോർപറേറ്റുകൾക്കു വേണ്ടിയാണ് ബിജെപി സർക്കാരിന്റെ നയം. മറ്റനേകം സൗജന്യം കുത്തകകൾക്ക് നൽകുന്നുണ്ട്. അതിലൊന്നാണ് കോർപറേറ്റ് നികുതി ഇളവ്‌.  30 ശതമാനമായിരുന്ന കോർപറേറ്റ് നികുതി 2019 സെപ്തംബറിൽ 22 ശതമാനമാക്കി കുറച്ചു. കുറവുവരുത്തിയത് എട്ടു ശതമാനം. 2019–-20 മുതൽ സർക്കാരിന് ഭീമമായ വരുമാന നഷ്ടമുണ്ടായി. 2019–-20ൽ പ്രത്യക്ഷ നികുതി ജിഡിപിയുടെ 5.2 ശതമാനമായിരുന്നത്‌ 2020–-21ൽ 4.7 ശതമാനമായി കുറഞ്ഞു. ഒന്നാം മോഡി സർക്കാർ അഞ്ചുവർഷംകൊണ്ട് കോർപറേറ്റ് നികുതിയിൽ ഇളവുനൽകിയത് 4.32 ലക്ഷം കോടി രൂപയാണ്. കേന്ദ്ര നികുതി വരുമാനത്തിന്റെ 7.6 ശതമാനം ഇളവ് ചെയ്തുകൊടുത്തു. ഈ തുകയുടെ വലുപ്പം കണക്കാക്കാൻ താഴെ പറയുന്ന കണക്ക് ശ്രദ്ധിക്കുക. 2019–-20ൽ തൊഴിലുറപ്പുപദ്ധതി 60,000 കോടി, ഉച്ചഭക്ഷണപദ്ധതി 11,000 കോടി, സ്കൂൾ വിദ്യാഭ്യാസം 56,537 കോടി, ആരോഗ്യ–-കുടുംബക്ഷേമം 62,659 കോടി, ഉന്നതവിദ്യാഭ്യാസം 38,317 കോടി രൂപ എന്നിങ്ങനെയാണ് ചെലവാക്കിയത്‌. കുത്തക മുതലാളിമാർക്ക് വിട്ടുകൊടുത്ത നികുതി പിടിച്ചെടുത്തിരുന്നെങ്കിൽ എന്തെല്ലാം ജനക്ഷേമപദ്ധതികൾ നടപ്പാക്കാമായിരുന്നു.

പെട്രോൾ–-ഡീസൽ വിലവർധന റോഡ് ട്രാൻസ്പോർട്ട് വ്യവസായമേഖലയുടെ നട്ടെല്ലൊടിക്കും. ഒരു ഓട്ടോറിക്ഷ ഒരു പകൽ മുഴുവൻ സർവീസ് നടത്താൻ അഞ്ചു ലിറ്റർ ഡീസൽ ഉപയോഗിച്ചാൽ കഴിഞ്ഞ 15 മാസമുണ്ടായ അധികച്ചെലവ് 27,000 രൂപ ആയിരിക്കും. ടാക്സി കാർ/ ചെറുകിട വാഹനം ദിവസം ശരാശരി ഒമ്പത്‌ ലിറ്റർ ഡീസൽ ഉപയോഗിച്ചാൽ 48,000 രൂപ അധികച്ചെലവ് വരും. നാഷണൽ പെർമിറ്റ് ലോറി ദീർഘദൂര സർവീസ് 150 ലിറ്റർ ഡീസൽ ദിവസേന ഉപയോഗിച്ചാൽ അധികച്ചെലവ് എട്ടു ലക്ഷം രൂപയായിരിക്കും.  പൊതുമേഖല–-സ്വകാര്യ ബസുകളുടെ അവസ്ഥ ഇതുതന്നെയാണ്. ഈ ചെലവുവർധനയ്‌ക്ക്‌ അനുസരിച്ച്‌ വരുമാന വർധനയുണ്ടാകുന്നില്ല. ആയിരക്കണക്കിന് വാഹനം ഓട്ടംനിർത്തി. പതിനായിരക്കണക്കിന്‌ തൊഴിലാളികളുടെ ജോലി നഷ്ടപ്പെട്ടു.

ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ ട്രേഡ് യൂണിയനുകളുടെ ഐക്യസമിതി 21 നു പകൽ 11  മുതൽ 11.15 വരെ (15 മിനിറ്റ്) എല്ലാ വാഹനവും നിർത്തിയിടുന്ന പ്രതിഷേധസമരം നടത്താൻ തീരുമാനിച്ചത്. ബസ് ഓപ്പറേറ്റർമാരുടെ സംഘടനകളും ലോറി ഓപ്പറേറ്റഴ്സ് അസോസിയേഷനും സമരത്തിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 15 മിനിറ്റ് കേരളം ഒന്നായി നിന്ന് കേന്ദ്രനയം തിരുത്തണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കണം. ഈ സമരം ജനവിരുദ്ധനയങ്ങൾ സ്വീകരിക്കുന്നവർക്ക് താക്കീതായി മാറണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top