31 July Saturday

കാസ്‌തിയ്യോ: പെറുവിന്റെ ഇവാമൊറാലിസ്‌ - വി ബി പരമേശ്വരൻ എഴുതുന്നു

വി ബി പരമേശ്വരൻUpdated: Tuesday Jun 15, 2021

Pedro Castillo image courtesy twitter

‘ക്യൂബയിലും വെനിസ്വേലയിലേതുപോലെ ജീവിക്കാൻ ആഗ്രഹമുണ്ടോ’ എന്ന ചോദ്യത്തിന്‌ ‘ഉണ്ട്‌’ എന്ന ഉത്തരമാണ്‌ കേരളത്തോളം ജനസംഖ്യയുള്ള തെക്കേ അമേരിക്കൻ രാഷ്ട്രമായ പെറു നൽകിയത്‌. ഇടതുപക്ഷം ജയിച്ചാൽ സമ്പന്നവിഭാഗം അനിശ്‌ചിതത്വത്തിന്റെ പടുകുഴിയിലേക്ക്‌ എറിയപ്പെടുമെന്ന്‌ വലതുപക്ഷ മാധ്യമ ജിഹ്വകളായ ‘ഫിനാൻഷ്യൽ ടൈംസും’ ‘ബ്ലുംസ്‌ബർഗും’ മുന്നറിയിപ്പ്‌ നൽകിയിട്ടും ജൂൺ ആറിന്‌ നടന്ന രണ്ടാംഘട്ട പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ഫ്രീ പെറു പാർടി ( പെറു ലിബ്രേ ) നേതാവ്‌ പെദ്രോ കാസ്‌തിയ്യോ വിജയിച്ചു. മഹാമാരിക്കാലത്ത്‌ ജനക്ഷേമവും മെച്ചപ്പെട്ട ആരോഗ്യ സംവിധാനവും ലഭ്യമാക്കാൻ ലാഭക്കണ്ണോടെ പ്രവർത്തിക്കുന്ന വലതുപക്ഷത്തേക്കാൾ ജനങ്ങൾക്ക്‌ വിശ്വാസം ഇടതുപക്ഷത്തെയാണെന്ന്‌ കേരളംമുതൽ പെറുവരെയുള്ള ജനങ്ങൾ വിശ്വസിക്കുന്നു എന്നതിന്റെ തെളിവുകൂടിയാണ്‌ കാസ്‌തിയ്യോയുടെ വിജയം. അരനൂറ്റാണ്ടിനുശേഷമാണ്‌ ഒരു ഇടതുപക്ഷക്കാരൻ പെറുവിൽ അധികാരത്തിൽ വരുന്നത്‌. തെരഞ്ഞെടുപ്പ് കമീഷന്റെ കണക്ക് പ്രകാരം കാസ്‌തിയ്യോ 50.2 ശതമാനം വോട്ടും എതിർ സ്ഥാനാർഥി പോപ്പുലർ ഫോഴ്‌സ്‌ പാർടി നേതാവ്‌ കെയ്കോ ഫ്യുജിമോറി 49.7ശതമാനവും വോട്ട്‌ നേടി. 71,443 വോട്ടിന്റെ ഭൂരിപക്ഷമാണ്‌ കാസ്‌തിയ്യോയ്‌ക്ക്‌ ലഭിച്ചത്‌. ഭൂരിപക്ഷം കുറവായത്‌ എടുത്തുകാട്ടി തെരഞ്ഞെടുപ്പ്‌ ഫലം അംഗീകരിക്കാൻ കെയ്‌കോയുടെ പാർടി തയ്യാറായിട്ടില്ല. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ മൂന്നാമത്തെ പരാജയം ഏറ്റുവാങ്ങുന്ന കെയ്‌കോയ്‌ക്ക്‌ എതിരാളിയുടെ വിജയം അംഗീകരിക്കുക വിഷമകരംതന്നെ. ‘കാസ്‌തിയ്യോ ജയിക്കുമെന്ന്‌ ആരും കരുതിയിരുന്നില്ലെന്ന’ വലതുപക്ഷ വിലാപമാണ്‌ ഇപ്പോൾ പെറുവിൽനിന്ന്‌ ഉയരുന്നത്‌.

പെറുവിന്റെ ഇവാ മൊറാലിസാണ്‌ കാസ്‌തിയ്യോ. ബൊളീവിയ ഭരിച്ച തദ്ദേശവാസിയായ പ്രസിഡന്റായിരുന്നു ഇവാ മൊറാലിസെങ്കിൽ പെറു ഭരിക്കാൻ പോകുന്ന തദ്ദേശവാസിയായ പ്രസിഡന്റാണ്‌ കാസ്‌തിയ്യോ. ഉൾനാടൻ പെറുവിന്റെ അഥവാ തെക്കൻ പെറുവിന്റെ പ്രതിനിധിയാണ്‌ അദ്ദേഹം. ഗജമാർസ പ്രവിശ്യയിലെ ചോട്ട എന്ന ഗ്രാമത്തിൽ നിരക്ഷരരായ കർഷക ദമ്പതികളുടെ മകനായി പിറന്ന്‌ പ്രാഥമിക വിദ്യാലയത്തിലെ അധ്യാപക വൃത്തിയിലൂടെ ജീവിതം ആരംഭിച്ച വ്യക്തി. ഭീകരനും കമ്യൂണിസ്‌റ്റുകാരനുമാണ്‌ കാസ്‌തിയ്യോയെന്നും അതിനാൽ അദ്ദേഹത്തെ പരാജയപ്പെടുത്തണമെന്നുമാണ്‌ വലതുപക്ഷം അഭ്യർഥിച്ചത്‌. പെറുവിനെ 1980കളിലും 90കളിലും വിറപ്പിച്ച ഷൈനിങ് പാത്ത്‌ എന്ന ഇടതുപക്ഷ ഗറില്ലാ പ്രസ്ഥാനവുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ്‌ കാസ്‌തിയ്യോ എന്നായിരുന്നു ആരോപണം. എന്നാൽ, അബിമേൽ ഗുസ്‌മാന്റെ ഷൈനിങ് പാത്തിൽനിന്നും അവരെ നേരിടുന്ന സൈന്യത്തിൽനിന്നും ഗ്രാമീണരെ രക്ഷിക്കാൻ രൂപീകരിച്ച റൊണ്ടേരോ കർഷക വളന്റിയറായിരുന്നു യഥാർഥത്തിൽ കാസ്‌തിയ്യോ. പെറുവിലെ ഒരു കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനവുമായി അടുത്ത ബന്ധം വച്ചുപുലർത്താത്ത വ്യക്തി കൂടിയാണ്‌ അദ്ദേഹം. എന്നാൽ, പെറുവിലെ അധ്യാപകരെ സംഘടിപ്പിക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ച കാസ്‌തിയ്യോ 2017ൽ അധ്യാപക പണിമുടക്കിന്‌ നേതൃത്വം നൽകിയതോടെയാണ്‌ ദേശീയ ശ്രദ്ധയിലേക്ക്‌ വന്നത്‌. ജിഡിപിയുടെ പത്ത്‌ ശതമാനമെങ്കിലും വിദ്യാഭ്യാസത്തിനായി ചെലവഴിക്കണമെന്നും മനുഷ്യരെപ്പോലെ ജീവിക്കാൻ അധ്യാപകരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. ഈ പ്രക്ഷോഭമാണ്‌ 2019ഓടെ പെറുവിനെ പിടിച്ചുലച്ച നിയോലിബറൽ വിരുദ്ധ വേലിയേറ്റത്തിന്‌ ഹേതുവായത്‌. കാസ്‌തിയ്യോയുടെ വിജയത്തിന്‌ അടിസ്ഥാനവും ഈ സമരപോരാട്ടങ്ങളായിരുന്നു.

എന്താണ്‌ പെറു ലിബ്രേ
2012ലാണ്‌ ഇടതുപക്ഷ ലിബറലുകൾ ചേർന്ന്‌ പെറു ലിബ്രേ അഥവാ ഫ്രീ പെറു എന്ന പ്രസ്ഥാനത്തിന്‌ തുടക്കമിടുന്നത്‌. സാമ്രാജ്യത്വവിരുദ്ധ മാർക്‌സിസ്‌റ്റ്‌ സോഷ്യലിസ്‌റ്റ്‌ പാർടിയായാണ്‌ ഇതറിയപ്പെടുന്നത്‌. 20–-ാം നൂറ്റാണ്ടിലെ പ്രമുഖ ലാറ്റിൻ അമേരിക്കൻ സോഷ്യലിസ്‌റ്റ്‌ ജോസ്‌ കാർലോസ്‌ മറിയറ്റേഗുയിയുടെ ആശയങ്ങളാണ്‌ പാർടിയുടെ രാഷ്ട്രീയ തത്വശാസ്‌ത്രമെന്നാണ്‌ അവകാശവാദം. അമേരിക്കൻ ഇടപെടലിനും അമേരിക്കൻ സൈനികതാവളത്തിനുമെതിരെ ശക്തമായി പ്രതികരിക്കാൻ തയ്യാറായ ഈ പ്രസ്ഥാനം ചെമ്പ്‌, എണ്ണ, പ്രകൃതിവാതകം ഉൾപ്പെടെയുള്ള പ്രകൃതി വിഭവങ്ങളും ഖനികളും സ്വകാര്യവൽക്കരിക്കുന്നതിനെ എതിർക്കുകയും ഉദാരവൽക്കരണ നയങ്ങൾക്ക്‌ പച്ചക്കൊടി വീശുന്ന ഭരണഘടന മാറ്റിയെഴുതുമെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്‌തു. സാമ്പത്തിക അസമത്വമാണ്‌ വർത്തമാന പെറുവിന്റെ മുഖമുദ്ര. ജനസംഖ്യയുടെ പത്ത്‌ ശതമാനവും കടുത്ത ദാരിദ്ര്യത്തിലാണ്‌. തൊഴിലെടുക്കുന്നവരിൽ എഴുപത്‌ ശതമാനവും അസംഘടിത മേഖലയിലാണ്‌. കോവിഡ്‌ മഹാമാരി പ്രശ്‌നം സങ്കീർണമാക്കി. 1.81 ലക്ഷം പേരാണ്‌ മരിച്ചത്‌. ജനസംഖ്യാനുപാതികമായി നോക്കിയാൽ ലോകത്തിൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട്‌ ചെയ്‌തത്‌ പെറുവിലാണ്‌. കെയ്‌കോയുടെ പിതാവും ഇപ്പോൾ ജയിൽവാസം അനുഭവിക്കുന്നയാളുമായ മുൻ ഏകാധിപതി അൽബെർടോ ഫ്യുജിമോറി(1990–-2000) ഉൾപ്പെടെയുള്ള ഭരണാധികാരികൾ നടപ്പാക്കിയ ഉദാരവൽക്കരണ നയമാണ്‌ പൊതുജനാരോഗ്യ സംവിധാനവും പൊതുവിദ്യാഭ്യാസവും തകർത്തത്‌. അതായത്‌, കാസ്‌തിയ്യോ ഉയർത്തിയ നിയോലിബറൽ വിരുദ്ധ അജൻഡയ്‌ക്കാണ്‌ ജനങ്ങൾ വോട്ട്‌ ചെയ്‌തത്‌. ‘പെറുവെന്ന സമ്പന്ന രാഷ്ട്രത്തിൽ ഇനി ദരിദ്രരായ ജനങ്ങൾ ഉണ്ടാകില്ല’ എന്ന കാസ്‌തിയ്യോയുടെ മുദ്രാവാക്യത്തെ ആൻഡീസ്‌ പർവതമേഖലകളിലെ ഗ്രാമീണ ജനങ്ങൾ സ്വീകരിച്ചതിന്റെ പ്രതിഫലനംകൂടിയാണ്‌ കാസ്‌തിയ്യോയുടെ വിജയം. (ഗ്രാമങ്ങളുടെ പ്രതികാരമായാണ്‌’ കാസ്‌തിയ്യോയുടെ വിജയത്തെ പലരും വിശേഷിപ്പിക്കുന്നത്‌. എന്നാൽ, സ്വവർഗവിവാഹം തുടങ്ങിയ വിഷയങ്ങളിൽ കാസ്‌തിയ്യോയുടേത്‌ പുരോഗമന ചിന്തയല്ലെന്ന ആക്ഷേപം കമ്യൂണിസ്‌റ്റ്‌ പാർടി ഉൾപ്പെടെ ഉയർത്തുന്നത്‌ കാണാതിരുന്നുകൂടാ.

കാസ്‌തിയ്യോയ്‌ക്ക്‌ ഭരണം അത്ര സുഗമമാകില്ല. ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങളും വലതുപക്ഷത്തിന്‌ ആധിപത്യമുള്ള പാർലമെന്റും (130 അംഗ പാർലമെന്റിൽ കാസ്‌തിയ്യോയുടെ പാർടിക്ക്‌ 37 അംഗങ്ങൾ മാത്രമാണുള്ളത്‌) നിയോലിബറൽ നയം ഇഷ്ടപ്പെടുന്ന ബിസിനസ്‌–-ഫിനാൻഷ്യൽ വിഭാഗവും സൈന്യവും കാസ്‌തിയ്യോയ്‌ക്ക്‌ ഉറക്കമില്ലാത്ത രാത്രികളാണ്‌ സമ്മാനിക്കുക. നൊബേൽ സമ്മാന ജേതാവായ മരിയോ വാഗസ്‌ ലോസപോലുള്ള എഴുത്തുകാർപോലും കാസ്‌തിയ്യോയ്‌ക്ക്‌ എതിരാണെന്ന്‌ പറഞ്ഞാൽ എതിർപ്പിന്റെ ആഴം വ്യക്തമാകും. ഏകാധിപതി ഫ്യുജിമോറിയെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ എതിർത്ത ലോസയിപ്പോൾ അദ്ദേഹത്തിന്റെ മകളും വലതുപക്ഷ സ്ഥാനാർഥിയുമായിരുന്ന കെയ്‌കോ ഫ്യുജിമോറിയെയാണ്‌ പിന്തുണയ്‌ക്കുന്നത്‌. കാസ്‌തിയ്യോവിനേക്കാൾ ജനപിന്തുണയും സംഘടനാശേഷിയും ഉണ്ടായിട്ടും ഇവാ മൊറാലിസിനെ അട്ടിമറിക്കാൻ അമേരിക്കൻ പിന്തുണയുള്ള വലതുപക്ഷത്തിന്‌ ആയി. വെനിസ്വേലയിൽ സോഷ്യലിസ്‌റ്റ്‌ പാർടി നേതാവ്‌ മഡൂറോയെ അട്ടിമറിക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയുമാണ്‌. കാസ്‌തിയ്യോയ്‌ക്ക്‌ 12 പേജ്‌ വരുന്ന പ്രകടനപത്രികയിലെ കാര്യങ്ങൾ നടപ്പാക്കണമെങ്കിൽ വലിയ ജനകീയ സമരങ്ങൾതന്നെ ഉയർത്തിക്കൊണ്ടുവരേണ്ടിവരും. അതിന്‌ പെറു ലിബ്രേ പ്രസ്ഥാനത്തിന്‌ കഴിയുമോ എന്നതാണ്‌ ചോദ്യം. 

ലാറ്റിനമേരിക്കൻ ഇടതുപക്ഷം
 ശക്തിയാർജിക്കുന്നു
ലാറ്റിനമേരിക്കയിൽ നടക്കുന്ന നിയോലിബറൽവിരുദ്ധ പോരാട്ടത്തിന്‌ ആക്കം വർധിപ്പിക്കാൻ പെറുവിലെ ഇടതുപക്ഷ വിജയം ഉപകരിക്കുമെന്നുറപ്പ്‌. മെയ്‌ 16നാണ്‌ അയൽരാജ്യമായ ചിലിയിൽ പിനോച്ചെയുടെ നിയോലിബറൽ ഭരണഘടന മാറ്റിയെഴുതുന്നതിനായി പുതിയ ഭരണഘടനാ അസംബ്ലി തെരഞ്ഞെടുക്കപ്പെട്ടത്‌. 155 അംഗ ഭരണഘടനാ നിർമാണസഭയിൽ 117 പേരും നവ ഉദാരവൽക്കരണത്തെ എതിർക്കുന്നവരാണ്‌. അതായത്‌ പിനോച്ചെ യുഗത്തിനാണ്‌ ചിലിയിൽ അന്ത്യമാകാൻ പോകുന്നത്‌. കൊളംബിയയിൽ നിയോലിബറൽ പരിഷ്‌കാരങ്ങൾക്കെതിരെ പണിമുടക്ക്‌ ആറാഴ്‌ചയായി തുടരുകയാണ്‌. പല പരിഷ്‌കാരങ്ങളും ഉപേക്ഷിക്കാൻ വലതുപക്ഷ ഇവാൻ ഡുക്കു സർക്കാർ നിർബന്ധിതമായിരിക്കുന്നു. അഞ്ച്‌ മന്ത്രിമാർക്ക്‌ രാജിവയ്‌ക്കേണ്ടിവന്നു. ഇടക്കാലത്തെ തിരിച്ചടികൾക്കുശേഷം ലാറ്റിനമേരിക്കൻ ഇടതുപക്ഷം വീണ്ടും വർധിച്ച ജനപിന്തുണ നേടുകയാണെന്ന്‌ ഈ സംഭവങ്ങൾ തെളിയിക്കുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top