26 January Sunday

പാലായുടെ മനസ്സമ്മതം

കെ ടി രാജീവ‌്Updated: Wednesday Sep 18, 2019


തോട്ടവിളയായ റബറിന്റെ ഈറ്റില്ലമാണ‌് പാലാ. കുടിയേറ്റവും കൃഷിയും തോളോട‌ുതോൾചേർത്ത‌് മുന്നേറുന്ന പ്രദേശം. അധ്വാനികളായ കർഷകരുടെ മനസ്സിലുണ്ട‌് രാഷ‌്ട്രീയ കാഴ‌്ചപ്പാട‌്. മണ്ഡലം നിലവിൽവന്ന 1965നുശേഷം ആദ്യമായി നടക്കുന്ന ഉപതെരഞ്ഞെടുപ്പിലെ രാഷ‌്ട്രീയത്തിനും ചർച്ചകൾക്കുമുണ്ട‌് മാറ്റവും പുതുമയും. രാഷ‌്ട്രീയ നാടകങ്ങളോടുള്ള നീരസവും വെറുപ്പും വെളിപ്പെടുത്താനും ഇതിൽനിന്ന്‌ ഒരു മാറ്റം ഉണ്ടാകണമെന്നുമുള്ള ആഗ്രഹം പ്രകടിപ്പിക്കാനും ഇവിടത്തെ പരമ്പരാഗത വോട്ടർമാർക്ക‌് മടിയില്ല. മാറ്റം സാധ്യമാണെന്ന പൊതുവികാരത്തിനൊപ്പമാണിപ്പോൾ പാലാ.  രാഷ‌്ട്രീയ സംഭവ വികാസങ്ങളിലൂടെ  സംസ്ഥാനത്തിന്റെയാകെ ശ്രദ്ധാകേന്ദ്രമായ പാലായിൽ പ്രചാരണം അവസാനഘട്ടത്തിലാണ‌്. 

അഞ്ചര പതിറ്റാണ്ടിന്റെ തെരഞ്ഞെടുപ്പ‌് ചിത്രത്തിനും ചരിത്രത്തിനും ഒരു മാറ്റം ഉണ്ടാകാൻ പോകുന്നുവെന്ന മണ്ഡലത്തിലെ മനസ്സിന‌് കരുത്തുപകരുന്നതാണ്‌ എൽഡിഎഫ‌് സ്ഥാനാർഥി മാണി സി കാപ്പന്റെ പര്യടനം. മാണി സി കാപ്പൻ മത്സരിച്ച 2006 മുതലുള്ള തെരഞ്ഞെടുപ്പുകളിൽ കേരള കോൺഗ്രസ്‌ സ്ഥാനാർഥിക്ക്‌ ക്രമാനുഗതമായി വോട്ട്‌ കുറഞ്ഞിരുന്നുവെന്ന വസ്‌തുതയും ഈ വിശ്വാസത്തിന്‌ ബലമേകുന്നു. നാലാമത്തെ മത്സരത്തിലൂടെ ചരിത്രം മാറ്റിയെഴുതാമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ‌് സ്ഥാനാർഥിയും എൽഡിഎഫും. ഉൾപ്പോരിലും അധികാര വടംവലിയിലും പാർടി ചിഹ്നവും സ്ഥാനാർഥിത്വവും സ്വന്തം പാർടിയിലെ ഒരുവിഭാഗം വെട്ടിയതിനൊടുവിൽ സ്വതന്ത്രനായി മത്സരിക്കേണ്ടിവന്ന ജോസ‌് ടോം  അവസാനഘട്ടത്തിലും നേതാക്കളുടെ പിന്തുണ തേടുകയാണ‌്. 33 വർഷത്തിന‌ുശേഷം രണ്ടില ചിഹ്നം സ്വന്തം നേതാക്കൾ വെട്ടിയിട്ട‌്, യോജിച്ചവർ തങ്ങൾക്ക‌് വോട്ടുചെയ്യണമെന്ന‌് പറയുന്നതിലെ പൊരുത്തക്കേട‌് വോട്ടർമാർ ചർച്ചചെയ്യുന്നു.  കേന്ദ്രത്തിൽ അധികാരം കൈയാളുന്ന ബിജെപിയാകട്ടെ  ഇത്തവണ മണ്ഡലത്തിലെ ജനമനസ്സുകളിൽ  സ്ഥാനം പിടിച്ചിട്ടില്ല. ജില്ലാ പ്രസിഡന്റുകൂടിയായ എൻ ഹരിയാണ്‌ സ്ഥാനാർഥി. 


 

കെ എം മാണി തരംഗമിന്ന‌് മണ്ഡലത്തിൽ ഇല്ലെന്നും ഏവർക്കുമറിയാം. ആറ‌് തെരഞ്ഞെടുപ്പിനുശേഷം ഇതാദ്യമായാണ‌് ജോസ‌് കെ മാണിക്ക‌് വർക്കിങ‌് ചെയർമാൻ പി ജെ ജോസഫിന്റെ കടുത്ത എതിർപ്പിനെത്തുടർന്ന‌് പാർടി ചിഹ്നമില്ലാതെ  സ്വതന്ത്രനായി സ്ഥാനാർഥിയെ രംഗത്തിറക്കേണ്ടിവന്നത‌്. ഇരുവിഭാഗത്തെയും യോജിപ്പിക്കാൻ വിളിച്ചുചേർത്ത കൺവൻഷൻ കൂകിവിളിയിലും  കൈയാങ്കളിയിലും അവസാനിക്കുകയായിരുന്നു.  ഇരു കേരള കോൺഗ്രസിലും ഭിന്നിപ്പുണ്ടാക്കി മുതലെടുപ്പ‌ു നടത്തിയ കോൺഗ്രസ‌് നേതാക്കൾക്കും  ഈ രാഷ‌്ട്രീയ അപചയത്തിന‌് ഉത്തരവാദിത്തമുണ്ടെന്ന‌് ഒരുവിഭാഗം പറയുന്നുണ്ട‌്. ‘പോരും വഴക്കുമെല്ലാം ഉണ്ടാകാം, ഇത‌് അതിര‌ുകടന്നുപോയെന്നാണ‌്’ പാലായിലെ യുഡിഎഫ‌് വോട്ടർമാർക്കിടയിലെ ചർച്ച. പാലായിലെ വികസന മുരടിപ്പോ ജീർണ രാഷ‌്ട്രീയമോ അവർക്ക‌് വിശദീകരിക്കാനാകുന്നില്ല.

അതേസമയം, മണ്ഡലത്തിലെ യഥാർഥ വികസന കാഴ‌്ചപ്പാടും  ജനകീയപ്രശ‌്നങ്ങളും വോട്ടർമാരുടെ മുന്നിലെത്തിച്ചാണ‌് എൽഡിഎഫ‌് സ്ഥാനാർഥിയുടെ പ്രചാരണം. മാണി സി കാപ്പന്റെ അച്ഛൻ തുടക്കമിട്ട പാലായുടെ വികസനം പിന്നീട‌് ദീർഘകാലം ഭരിച്ചവർ അട്ടിമറിച്ചു. ദീർഘവീക്ഷണമുള്ള ഒരു പദ്ധതിപോലും കൊണ്ടുവരാനായില്ലെന്ന വിമർശവും ശക്തം. നല്ലനിലയിൽ പ്രവർത്തിച്ചിരുന്ന മീനച്ചിൽ റബർമാർക്കറ്റിങ‌് സംഘത്തെ തകർത്തവരുടെ കർഷകസ‌്നേഹവും മണ്ഡലത്തിൽ ചർച്ചയാണ‌്. മീനച്ചിലിന്റെ പൈതൃകത്തിനും പുരോഗതിക്കും അടിത്തറപാകിയ ഭരണാധികാരികളുടെയും സ്വാതന്ത്ര്യ സമരസേനാനികളുടെയും  ഓർമപോലും പുതുതലമുറയിൽ ഉണ്ടാകാൻ പാടില്ലെന്ന ലക്ഷ്യത്തോടെ സ‌്മാരകങ്ങൾപോലും മാറ്റി പ്രതിഷ്ഠിക്കാനുള്ള തീവ്രശ്രമത്തിലാണ‌് ഒരുവിഭാഗം കേരള  കോൺഗ്രസ‌ുകാർ. പാലായുടെ സമഗ്രവികസനത്തിന‌് റബറധിഷ്ഠിത വ്യവസായം,  ചെറുകിട സംരംഭങ്ങൾ,  കാർഷികവിഭവ സംസ‌്കരണ----‐ വിപണന കേന്ദ്രം, കാർഷിക കയറ്റുമതി, ജൈവകൃഷി പ്രോത്സാഹനം, കായിക പരിശീലന കേന്ദ്രം, ടൂറിസം പദ്ധതികൾ, അന്താരാഷ‌്ട്ര നിലവാരത്തിലുള്ള ഫുഡ‌്പാർക്ക‌്, പ്രവാസിക്ഷേമ പദ്ധതികൾ, എൽഡിഎഫ‌് സർക്കാരിന്റെ മിഷൻ പദ്ധതികൾ തുടങ്ങിയവ മുന്നോട്ടുവച്ചാണ‌് എൽഡിഎഫ‌് പ്രചാരണം സജീവമാക്കുന്നത‌്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 4703 ആക്കി കുറച്ച്‌ കൊണ്ടുവരാനായതിന്റെ ആത്മവിശ്വാസവും മാണി സി കാപ്പന‌് ഇത്തവണ ഉറച്ച പ്രതീക്ഷ നൽകുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ, സെക്രട്ടറിയറ്റംഗങ്ങളായ കെ ജെ തോമസ‌്, മന്ത്രി എം എം മണി, ജില്ലാ സെക്രട്ടറി വി എൻ വാസവൻ ഉൾപ്പെടെയുള്ള എൽഡിഎഫ‌് നേതാക്കൾ, മന്ത്രിമാർ, എംഎൽഎമാർ തുടങ്ങിയവർ മണ്ഡലം കേന്ദ്രീകരിച്ച‌് പ്രവർത്തനങ്ങൾക്ക‌് നേതൃത്വം നൽകിവരുന്നു.  മുഖ്യമന്ത്രി പിണറായി വിജയൻ 18 മുതൽ പ്രചാരണത്തിന‌് എത്തും. യുഡിഎഫ‌് നേതാക്കളായ രമേശ‌് ചെന്നിത്തല, ഉമ്മൻചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരും പാലായിൽ പ്രചാരണത്തിനുണ്ട‌്. സെപ്‌തംബർ 23 നാണ്‌ വോട്ടെടുപ്പ്‌.


പ്രധാന വാർത്തകൾ
 Top