05 July Tuesday

വീണ്ടും പട്ടാള തിരക്കഥ - ഡോ. ജോസഫ് ആന്റണി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 13, 2022

പാകിസ്ഥാൻ ഇത്തവണയും പതിവുതെറ്റിച്ചില്ല. ഒരു പ്രധാനമന്ത്രിയെക്കൂടി കാലാവധി പൂർത്തിയാക്കാൻ അനുവദിക്കാതെ പാരമ്പര്യം കാത്തു. കളിക്കളത്തിൽ പകുതി അവസരംപോലും വിജയത്തിലെത്തിക്കാൻ കഴിവുള്ള ക്രിക്കറ്റ് ക്യാപ്റ്റനായിരുന്നു ഇമ്രാൻ ഖാൻ. പക്ഷേ, രാഷ്ട്രീയക്കളിയിൽ എതിർ ടീമിലുള്ളവർക്കുപുറമെ,  സ്വന്തം ടീമിലുള്ളവർ പോലും എതിരായപ്പോൾ ‘റിട്ടയേഡ് ഹർട്ട്' ആയി കളത്തിനുപുറത്തു പോകുക മാത്രമേ ഇമ്രാൻ ഖാന്  മാർഗമുണ്ടായിരുന്നുള്ളൂ. പുറമേ കാണുന്ന ചിത്രം ഇതാണെങ്കിലും യഥാർഥത്തിൽ  സംഭവിച്ചത്, സൈന്യം അധികാരത്തിലെത്തിച്ച  ഭരണാധികാരിയെ അവർക്ക് താൽപ്പര്യം ഇല്ലാതായപ്പോൾ ജനാധിപത്യമെന്ന് തോന്നിപ്പിക്കുന്ന വഴിയിലൂടെ  പുറത്താക്കിയെന്നതാണ്. 75 വർഷംമുമ്പ്‌ ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം നേടിയ പാകിസ്ഥാൻ, പകുതിയിലേറെക്കാലവും നേരിട്ടുള്ള പട്ടാള ഭരണത്തിൻകീഴിലായിരുന്നു. ബാക്കിയുള്ള കാലത്തും പിന്നിൽനിന്നുകൊണ്ട് ഭരണം നിയന്ത്രിച്ചതും സൈന്യംതന്നെ. ഒരു പ്രധാനമന്ത്രിക്കുപോലും കാലാവധി തികയ്ക്കാനാകാതിരുന്നത് അവർ സർവശക്തമായ സൈന്യത്തിന്റെ താൽപ്പര്യങ്ങൾക്കു വിരുദ്ധമായി നീങ്ങിയപ്പോഴാണ്. 1947ൽ പ്രധാനമന്ത്രിയായ ലിയാഖത്ത് അലിഖാൻ മുതൽ 2022ൽ ഇമ്രാൻ ഖാൻവരെയുള്ള ആർക്കും കാലാവധി തികയ്ക്കാൻ കഴിയാതിരുന്നതിൽ ഏറിയും കുറഞ്ഞും സൈന്യത്തിനു പങ്കുണ്ടായിരുന്നു. പാകിസ്ഥാൻ ഭരണവ്യവസ്ഥയിൽ സൈന്യത്തിന്റെ ഇടപെടൽ മനസ്സിലാക്കുന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ഇമ്രാൻ ഖാന്റെ പ്രധാനമന്ത്രിപദത്തിലേക്കുള്ള വരവും അധികാരനഷ്ടവും.

പാകിസ്ഥാന് 1992ൽ ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത ഏറ്റവും പ്രശസ്തനായ ക്രിക്കറ്റ്താരമായ ഇമ്രാൻ ഖാന് പട്ടാളഭരണാധികാരിയായിരുന്ന സിയാ ഉൾ ഹഖ്,  പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെറീഫ് എന്നിവർ രാഷ്ട്രീയപദവികൾ വാഗ്ദാനം ചെയ്‌തെങ്കിലും  അദ്ദേഹം സ്വീകരിച്ചില്ല. ക്രിക്കറ്റിൽനിന്ന്‌ വിരമിച്ചശേഷം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ ഇമ്രാൻ, 1996ലാണ് പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ് (പിടിഐ) എന്നപേരിൽ പാർടി രൂപീകരിച്ചത്. ജനാധിപത്യത്തിൽ അടിയുറച്ചതും അഴിമതി രഹിതമായതുമായ പുതിയ പാകിസ്ഥാൻ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചുരംഗത്തുവന്ന ഇമ്രാൻ, 1999ൽ  പട്ടാള അട്ടിമറിയിലൂടെ അധികാരത്തിൽ വന്ന ജനറൽ പർവേസ് മുഷറഫിനെ ശക്തമായി പിന്തുണച്ച്‌ സൈന്യത്തോടുള്ള കൂറുപ്രഖ്യാപിച്ചു. 2007ൽ പട്ടാളമേധാവിസ്ഥാനം രാജിവയ്ക്കാതെ, പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മുഷറഫ് മത്സരിക്കുന്നതിന്‌ എതിരായുള്ള സമരത്തിൽ ഇമ്രാൻ പ്രതിപക്ഷ കൂട്ടായ്മയുടെ ഭാഗമായി. അതിനുശേഷം നിരവധി സമരം നടത്തിയെങ്കിലും 2018ലെ പാർലമെന്റ് തെരഞ്ഞെടുപ്പിലൂടെയാണ് ഇമ്രാൻ അധികാരത്തിൽ എത്തുന്നത്. ഇന്ന് ഇമ്രാന്റെ ശത്രുപക്ഷത്തായ സൈന്യത്തിന്റെ ഇടപെടലിന്റെ ഫലമായാണ് അദ്ദേഹത്തിന്റെ കക്ഷിക്ക്‌ ജയിക്കാനായതെന്ന ആരോപണം അന്ന് വളരെ ശക്തമായിരുന്നു. സൈന്യത്തിന്റെ ഇടപെടൽ  സൂചിപ്പിക്കാൻ പാകിസ്ഥാൻ പീപ്പിൾസ് പാർടി നേതാവും ബേനസീർ ഭൂട്ടോയുടെ മകനുമായ ബിലാവൽ ഭൂട്ടോ, ഇമ്രാനെ  വിശേഷിപ്പിക്കുന്നത് ‘പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടയാൾ' എന്നാണ്.

ആദ്യഘട്ടങ്ങളിൽ സേനയുമായി ഇമ്രാന് നല്ല ബന്ധമാണ് ഉണ്ടായിരുന്നത്.  എന്നാൽ, ഇമ്രാനുമായി സൈന്യം അകലാൻ തുടങ്ങിയത് സൈനികമേധാവിയുടെ ഇഷ്ടക്കാരനായ ലെഫ്റ്റനന്റ് ജനറൽ നദീം അഹമ്മദ് അഞ്‌ജുമിനെ ഐഎസ്ഐ മേധാവിയാക്കുന്നതിനെ എതിർത്തതും  സൈനികമേധാവിയായിരുന്ന ജനറൽ ഖമർ ബജ്‌വയുടെ കാലാവധി നീട്ടിനൽകാതെ ഇമ്രാന്റെ ഇഷ്ടക്കാരനായ ലെഫ്റ്റനന്റ് ജനറൽ ഫായിസ് ഹമീദിനെ മേധാവിയാക്കാനുള്ള ശ്രമങ്ങളുമാണ്. (2018ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കൃത്രിമംകാട്ടി ഇമ്രാന്റെ പാർടിയെ അധികാരത്തിൽ കൊണ്ടുവരാൻ സഹായിച്ചയാളാണ്   ലെഫ്റ്റനന്റ് ജനറൽ ഫായിസ് ഹമീദ്. ഇദ്ദേഹത്തെ സൈനിക മേധാവിയാക്കിയാൽ 2023ലെ തെരഞ്ഞെടുപ്പിലും കൃത്രിമംകാട്ടി വിജയിക്കാമെന്ന ലക്ഷ്യവും ഇമ്രാനുണ്ടായിരുന്നു). തന്റെ ഇഷ്ടക്കാരെ ഐഎസ്ഐയുടെയും കരസേനയുടെയും തലപ്പത്തുകൊണ്ടു വരുന്നതിൽ  ഇമ്രാൻ വിജയിച്ചില്ലെന്നു മാത്രമല്ല, അതോടെ ഇമ്രാനും സൈനികനേതൃത്വവും ശത്രുക്കളായി മാറുകയുംചെയ്തു. ഇതു മനസ്സിലാക്കിയ പ്രതിപക്ഷം 2021  ഒക്ടോബറോടെ  ഇമ്രാനെതിരായ  നീക്കങ്ങളും ആരംഭിച്ചു. സൈന്യത്തിന്റെ അനുഗ്രഹാശിസ്സുകളോടെയാണ്  പ്രതിപക്ഷം ഈ രാഷ്ട്രീയനീക്കങ്ങൾ ആരംഭിച്ചത്. രണ്ടു കൂട്ടരുടെയും പൊതുശത്രുവായ ഇമ്രാനെ പുറത്താക്കുക  എന്നതായിരുന്നു ലക്‌ഷ്യം.

അതു മാത്രമല്ല, ഇമ്രാനെ കൈയൊഴിയാൻ സൈന്യത്തെ പ്രേരിപ്പിച്ച ഘടകങ്ങൾ. തങ്ങളുടെ ഇഷ്ടത്തിനൊത്തു പ്രവർത്തിക്കാൻ അധികാരത്തിൽ കൊണ്ടുവന്ന ഇമ്രാൻ ഭരണകൂടം പാകിസ്ഥാന്റെ സാമ്പത്തികരംഗത്തും വിദേശനയരംഗത്തും അമ്പേ പരാജയപ്പെട്ടു. സാമ്പത്തികവളർച്ച നിരക്ക് കുത്തനെ ഇടിഞ്ഞു; വിലക്കയറ്റം രൂക്ഷമായി; പാകിസ്ഥാൻ രൂപയുടെ വിലയിടിഞ്ഞു; ജനസംഖ്യയുടെ  40 ശതമാനത്തോളം ദരിദ്രരായ പാകിസ്ഥാൻകാരുടെ ജീവിതം ദുരിതത്തിലായി.  സാമ്പത്തിക  പ്രതിസന്ധിയിലേക്കു നയിച്ച  ഭരണാധികാരിയെ ചുമന്നാൽ സൈന്യത്തിന്റെ അധികാരംതന്നെ ചോദ്യംചെയ്യപ്പെടുമെന്ന തിരിച്ചറിവിലാണ് ഇമ്രാനെ കൈവിടാൻ  തീരുമാനിച്ചത്. അമേരിക്കയ്‌ക്കെതിരായ ഇമ്രാന്റെ നിലപാടും  അമേരിക്കയുടെ ശക്തമായ പിന്തുണ ലഭിക്കുന്ന  സൈന്യത്തെ പ്രതിരോധത്തിലാക്കി. അതിനാലാണ് അമേരിക്കയുമായി പാകിസ്ഥാന് ശക്തമായ ബന്ധമാണ്‌ ഉള്ളതെന്ന് പ്രസ്താവനയുമായി സൈനികമേധാവി ജനറൽ ബജ്‌വതന്നെ  രംഗത്തുവന്നത്.

പാകിസ്ഥാൻ മുസ്ലിംലീഗ്  നേതാവും മുൻപ്രധാനമന്ത്രിയും സൈന്യത്താൽ 2017ൽ അധികാരത്തിൽനിന്നു മാത്രമല്ല, രാജ്യത്തുനിന്നുപോലും പുറത്താക്കപ്പെട്ടയാളാണ്‌ നവാസ് ഷെറീഫ്‌. അദ്ദേഹത്തിന്റെ സഹോദരൻ ഷഹബാസ് ഷെരീഫാണ് പുതിയ പ്രധാനമന്ത്രി. ശത്രുപക്ഷത്തായിരുന്ന ബിലാവൽ ഭൂട്ടോയുടെ പാകിസ്ഥാൻ പീപ്പിൾസ് പാർടി, മത തീവ്രവാദ പാർടിയായി അറിയപ്പെടുന്ന   ജമാഅത് ഉലമ ഇ ഇസ്ലാം ഫാസി, എംക്യുഎം  മുതലായ പാർടികളുടെ പിന്തുണയോടെയാണ് പുതിയ മന്ത്രിസഭ അധികാരത്തിൽവന്നത്‌. പക്ഷേ, രൂപപ്പെട്ടുവരുന്ന സാമ്പത്തിക പ്രതിസന്ധിയെ, വ്യത്യസ്ത കാഴ്ചപ്പാടുള്ള കക്ഷികളുടെ  മുന്നണിക്ക്‌ എത്രത്തോളം പരിഹരിക്കാൻ കഴിയുമെന്ന് കണ്ടറിയണം. പക്ഷേ, ഷഹബാസ് അധികാരമേറ്റെടുത്തപ്പോൾത്തന്നെ ഒരുകാര്യം വ്യക്തമായി. അത് കശ്മീരിന്റെ കാര്യത്തിൽ പാകിസ്ഥാന്റെ പതിവുനിലപാടുതന്നെ വ്യക്തമാക്കപ്പെട്ടപ്പോഴാണ്. പുതിയ ഭരണകൂടം അമേരിക്കയോട് കൂടുതൽ  സഹകരിക്കാനും  സാധ്യതയുണ്ട്. 

ഇംഗ്ലീഷ് അക്ഷരമാലയിലെ ‘എ' എന്ന അക്ഷരത്തിൽ തുടങ്ങുന്ന മൂന്നു കാര്യമാണ് പാകിസ്ഥാൻ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നതെന്ന് പറയപ്പെടാറുണ്ട്. അവ അല്ലാഹു, ആർമി, അമേരിക്ക  എന്നിവയാണ്. ഇസ്ലാമിക മതതീവ്രവാദ താൽപ്പര്യങ്ങളും സ്ഥാപനങ്ങളും  സർവശക്തമായ സൈന്യവും  ആഗോള പൊലീസായ അമേരിക്കയുമാണ് പാകിസ്ഥാൻ രാഷ്‌ട്രീയത്തെ നിയന്ത്രിക്കുന്നതെന്ന് ഇമ്രാൻ ഖാന്റെ പുറത്താകലിലൂടെ ഒരിക്കൽക്കൂടി വ്യക്തമായെങ്കിലും പാകിസ്ഥാൻ സൈന്യമാണ് ഇതിനെല്ലാമുള്ള കളമൊരുക്കുന്നതും തിരക്കഥയൊരുക്കുന്നതും.  അവിശ്വാസപ്രമേയം അവതരിപ്പിക്കപ്പെടുന്നതിനുമുമ്പും  ശേഷവും തനിക്കെതിരെ നടക്കുന്നത് അമേരിക്കയുടെ നേതൃത്വത്തിലുള്ള ഗൂഢാലോചനയാണെന്നും സൈന്യവും പ്രതിപക്ഷവും അതിനു കൂട്ടുനിൽക്കുകയാണെന്നും  ഇമ്രാൻ ആവർത്തിച്ചു.   ആരോപണങ്ങൾ സ്ഥാപിക്കാൻ അദ്ദേഹം ചില കത്തും കാണിച്ചു.

ഒരുകാര്യത്തിൽ ആശ്വസിക്കാം. അത്, ഇതുവരെയുള്ള പ്രധാനമന്ത്രിമാരെല്ലാം ഒന്നുകിൽ സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെടുകയോ, പട്ടാളത്തിന്റെ സമ്മർദത്താൽ രാജിവയ്ക്കുകയോ ആണ് ചെയ്തിരുന്നതെങ്കിൽ, പുറമേക്കെങ്കിലും ജനാധിപത്യപരമായ അവിശ്വാസപ്രമേയത്തിലൂടെയാണ് ഇമ്രാൻ  അധികാരഭ്രഷ്ടനായത്.  ഇമ്രാൻ ഖാന്റെ ജനപിന്തുണയിൽ വലിയ കുറവുണ്ടായിട്ടില്ലെന്നാണ് കറാച്ചി, ലാഹോർ, ഇസ്ലാമാബാദ് മുതലായ പ്രമുഖ പട്ടണങ്ങളിൽ  നടന്ന പ്രതിഷേധ റാലികൾ സൂചിപ്പിക്കുന്നത്. പ്രകടനങ്ങളിൽ പങ്കെടുത്തവരിലേറെയും ചെറുപ്പക്കാരാണ്. അവർ  സൈന്യത്തിനും അമേരിക്കയ്ക്കും എതിരായ പ്ലക്കാർഡുകളും ഏന്തിയാണ് പ്രകടനങ്ങളിൽ പങ്കെടുത്തത്‌.  അടുത്തവർഷം ആഗസ്‌തിൽ നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇമ്രാൻ ഈ കരുത്തുതെളിയിക്കുമോയെന്നത് സുപ്രധാന ചോദ്യമാണ്.

ഒരുഘട്ടത്തിൽ ഇമ്രാൻ  പട്ടാളത്തിന്റെ അരുമയായിരുന്നു. എന്നാൽ, സൈന്യത്തിന്റെ താൽപ്പര്യങ്ങൾക്ക്‌ അനുസരിച്ചു പ്രവർത്തിക്കാൻ തയ്യാറല്ലെന്ന സൂചന  വരാൻ തുടങ്ങിയതോടെ സൈന്യത്തിന്  അനഭിമതനായി. ഇപ്പോൾ സൈന്യത്തിന്റെ വാക്കുകൾ കേൾക്കാൻ തയ്യാറായിനിൽക്കുന്നത് പാകിസ്ഥാനിലെ പ്രതിപക്ഷമാണ്. അതുകൊണ്ടുതന്നെ അവർക്ക് സൈന്യത്തിന്റെ പിന്തുണയുമുണ്ട്. സൈന്യത്തിന്റെ തീട്ടൂരങ്ങൾക്ക്‌ അനുസരിച്ച് അവർ പ്രവർത്തിക്കുന്നതുവരെയേ അതും ഉണ്ടാകൂ. അത് ഇല്ലാതെവരുമ്പോൾ ഇമ്രാന്റെ അനുഭവം ആവർത്തിക്കും.

സാമ്രാജ്യത്വവും മതതീവ്രവാദശക്തികളും സൈന്യവും  ഒരുമിക്കുന്ന അവിശുദ്ധ കൂട്ടുകെട്ടാണ്  പാകിസ്ഥാൻ രാഷ്ട്രീയത്തിന്റെ ശാപം. ‘വ്യാപാരമേ ഹനനമാം വനവേടനുണ്ടോ വ്യാപന്നമായ്‌ കഴുകനെന്നും കപോതമെന്നും' എന്ന് മഹാകവി കുമാരനാശാൻ കുറിച്ചതുപോലെ, തങ്ങളുടെ സ്വാർഥതാൽപ്പര്യങ്ങൾ സംരക്ഷിക്കാൻ നിൽക്കുന്ന പിന്തിരിപ്പൻ ശക്തികൾക്ക് ഇമ്രാൻ ഖാനെന്നോ, ഷഹബാസ് ഷെരീഫ് എന്നോ വ്യത്യാസമില്ല. പാകിസ്ഥാനിലെ ഈ അവിശുദ്ധകൂട്ടായ്മ നിലനിൽക്കുന്നിടത്തോളംകാലം ഇമ്രാൻമാർ വരികയും പോകുകയും ചെയ്യും, പാകിസ്ഥാൻ ജനത ദുരിതക്കയത്തിൽത്തന്നെ കിടക്കും.

(കേരള സർവകലാശാല അന്താരാഷ്‌ട്ര മാർക്സിയൻ പഠനഗവേഷണകേന്ദ്രം ഡയറക്ടറാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top