20 April Tuesday

വികസനരാഷ്ട്രീയവും വർഗീയതയും - പി രാജീവ്‌ എഴുതുന്നു

പി രാജീവ്‌Updated: Tuesday Feb 9, 2021

നിയമസഭാതെരഞ്ഞടുപ്പിന് മുന്നോടിയായ യുഡിഎഫ് ജാഥയിൽ കേരളീയ സമൂഹത്തെ വർഗീയവൽക്കരിക്കാൻ കഴിയുമോയെന്നാണ് പ്രസംഗങ്ങളിലൂടെയും പത്രസമ്മേളനങ്ങളിലൂടെയും രമേശ്‌ ചെന്നിത്തലയും മറ്റു നേതാക്കളും ബോധപൂർവം ശ്രമിക്കുന്നത്. ഇതിന്റെ തനിയാവർത്തനങ്ങളിലൂടെ ബിജെപിയും അതേ ലക്ഷ്യത്തിലാണ്. യഥാർഥത്തിൽ താൽക്കാലികമായ തെരഞ്ഞെടുപ്പ്നേട്ടംമാത്രം ലക്ഷ്യംവയ്ക്കുന്ന ഈ നീക്കം അപകടകരമായ പ്രത്യാഘാതം ഭാവിയിൽ സൃഷ്ടിക്കുന്നതാണ്. ഇതുവരെയും ബിജെപി പ്രസിഡന്റ്‌ പറയുന്നത് ആവർത്തിക്കുകയാണ് ചെന്നിത്തല ചെയ്തിരുന്നത്‌ എങ്കിൽ ഇപ്പോൾ യുഡിഎഫ് നേതാക്കൾ പറയുന്നതിനെ പിന്തുണയ്‌ക്കുന്ന പണിയാണ് ബിജെപി  പ്രസിഡന്റ് ഏറ്റെടുത്തിരിക്കുന്നത് എന്ന വ്യത്യാസം മാത്രമേയുള്ളൂ.

ഇരുപാർടിയിൽപ്പെട്ടവർക്കും പരസ്പരം വോട്ടു മറിക്കുന്നതിന്‌ സഹായകരമായ വിഷയങ്ങൾ പൊതുവായി എടുക്കുന്നതിനാണ് ഇവർ ശ്രമിക്കുന്നത്. ശബരിമല പ്രശ്നം ചർച്ചയാക്കേണ്ടത് യുഡിഎഫ് -ബിജെപി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കുന്നതിന് ആവശ്യമാണെന്ന തിരിച്ചറിവ് ഇരുകൂട്ടർക്കുമുണ്ട്. അതോടൊപ്പം മാധ്യമപിന്തുണയോടെ ഈ വിഷയം സജീവമാക്കി നിർത്താൻ കഴിഞ്ഞാൽ എൽഡിഎഫ് സർക്കാരിന്റെ വികസനനേട്ടങ്ങളിൽനിന്ന്‌ ജനശ്രദ്ധ തിരിച്ചുവിടാമെന്ന വ്യാമോഹവുമുണ്ട്.

വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നീതിപീഠത്തിനുതന്നെ ഏത്പരിധിവരെ ഇടപെടാമെന്നത് ഉൾപ്പെടെയുള്ള ഏഴു വിഷയത്തിൽ ഉന്നതനീതിപീഠം വിധിപറയാനിരിക്കുകയാണ്. അതിൽ തീർപ്പുകൽപ്പിച്ചതിനുശേഷം മാത്രമേ റിവ്യൂ ഹർജി കേൾക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശാല ബെഞ്ച് പരിഗണിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ, ഇപ്പോൾ ഇതുസംബന്ധിച്ച പുതിയ ഒരു പ്രശ്നവും സമൂഹത്തിന്റെ മുമ്പിൽ നിലനിൽക്കുന്നില്ല. നേരത്തേ പരാമർശിച്ച വിഷയങ്ങളിൽ വ്യക്തത വരുത്തിയതിനുശേഷം മാത്രമേ ബന്ധപ്പെട്ട കക്ഷികളുടെ വാദങ്ങൾ കേൾക്കേണ്ടതുണ്ടോയെന്നതിലും കോടതി തീർപ്പുകൽപ്പിക്കുകയുള്ളൂ.

അതുകൊണ്ടുതന്നെ ഒരു സത്യവാങ്മൂലവും ഇപ്പോൾ ഉന്നതനീതി പീഠത്തിന്റെ മുമ്പിൽ പ്രസക്തമല്ല. ഈ സാഹചര്യത്തിൽ ഭരണഘടനാ മാനങ്ങൾ സുപ്രീംകോടതി പരിശോധിക്കുന്ന പ്രശ്നത്തിൽ സംസ്ഥാനത്ത്‌ ഒരു കരട് നിയമവുമായി യുഡിഎഫ് വന്നിരിക്കുന്നതിന്റെ ലക്ഷ്യം അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകും. നിയമസാക്ഷരതയുടെ ആദ്യാക്ഷരമെങ്കിലും അറിയുന്ന ആരെങ്കിലും ഇങ്ങനെയൊരു ധൈര്യം കാണിക്കുമോ? അധികാരം ഈ മുന്നണിയെ എത്രമാത്രം അന്ധരാക്കിയിരിക്കുന്നു!

സുപ്രീംകോടതി വിധി വന്നാൽ വിശദമായ ചർച്ചകൾക്കുശേഷം മാത്രമേ എൽഡിഎഫ്സർക്കാർ നിലപാട് സ്വീകരിക്കുകയുള്ളൂവെന്ന്‌ വ്യക്തമാക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ തീർത്തും അപ്രസക്തമായ വിഷയത്തിൽ ഇപ്പോൾ യുഡിഎഫും ബിജെപിയും സ്വീകരിക്കുന്ന സമീപനം നേരത്തേ പറഞ്ഞ ലക്ഷ്യംമാത്രം മുൻനിർത്തിയാണെന്ന്‌ വ്യക്തം. 

അതോടൊപ്പം മറുവശത്ത് ഉമ്മൻചാണ്ടിയുടെ മകനും കോൺഗ്രസ്‌ നേതാവുമായ ചാണ്ടി ഉമ്മൻ ഹാഗിയ സോഫിയ ദേവാലയത്തെ മുസ്ലിംവിശ്വാസികളുടെ ആരാധനാലയമാക്കി മാറ്റിയ നടപടിയെ പരസ്യമായി ന്യായീകരിക്കുന്നു. നേരത്തേ ലീഗ്‌ നേതൃത്വം ഇങ്ങനെയൊരു സമീപനം സ്വീകരിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ നിലപാടനുസരിച്ചാണെന്ന വിമർശം ശക്തമായി ഉയർന്നിരുന്നു. മതരാഷ്ട്രവാദ നിലപാടിനെ പിന്തുണച്ച് ഉമ്മൻചാണ്ടി വിഭാഗം പരസ്യമായി രംഗത്തുവന്നത് തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ കൂട്ടുകെട്ട് ഉറപ്പിക്കുന്നതിനുവേണ്ടിയാണ്. ഒരുവശത്ത് ചെന്നിത്തലയുൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ബിജെപിയുമായി ധാരണയുണ്ടാക്കാനും മറുവശത്ത്‌ ഉമ്മൻചാണ്ടിയും മുസ്ലിംലീഗ്‌ നേതൃത്വവുംവഴി ഇസ്ലാമിക രാഷ്ട്രവാദികളുമായി രഹസ്യധാരണയുണ്ടാക്കുന്നതിനുമാണ് ഇപ്പോൾ ഈ പ്രചാരവേലകൾ വഴി യുഡിഎഫ് നേതൃത്വം ശ്രമിക്കുന്നത്. കേരളത്തിൽ നിലനിൽക്കുന്ന മതസൗഹാർദാന്തരീക്ഷം തകർക്കുന്നതിനും നാടിനെ അന്ധകാരത്തിലേക്ക് തള്ളിവിടുന്നതിനുമാണ് ഇത്തരം നീക്കങ്ങൾ എന്നു കാണേണ്ടതുണ്ട്.

കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ സംബന്ധിച്ച് ജസ്റ്റിസ് കെ ടി തോമസ് കഴിഞ്ഞ ദിവസം നടത്തിയ പരാമർശം ശ്രദ്ധേയമായിരുന്നു. ഒരൊറ്റ വർഗീയകലാപംപോലും ഇക്കാലയളവിൽ ഇല്ലാതിരുന്നുവെന്നതിൽ ഈ സർക്കാരിന്‌ അഭിമാനിക്കാം എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. മതനിരപേക്ഷ നിലപാടിൽ വെള്ളംചേർക്കാതെ പ്രതിബദ്ധതയോടെ ഉറച്ചുനിൽക്കാൻ എൽഡിഎഫ് സർക്കാരിന്‌ കഴിഞ്ഞുവെന്നതാണ് അതിനു കാരണം. ഒരു വർഗീയശക്തിക്കും ഈ സർക്കാരിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ല. യുഡിഎഫ് കാലത്തുനിന്നുമുള്ള പ്രകടമായ വ്യത്യാസമായിരുന്നു അത്.


 

ആ മതനിരപേക്ഷ നിലപാടിന്റെ കരുത്തിലാണ് പൗരത്വഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് ദൃഢതയോടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. കോൺഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങൾ ചാഞ്ചാടിനിന്ന സന്ദർഭത്തിലാണ് ധീരമായ നിലപാട് കേരളം സ്വീകരിച്ചത്. അതേസമയം, മതരാഷ്ട്രവാദികളിൽനിന്ന്‌ അകലം പാലിച്ചുകൊണ്ട് വർഗീയധ്രുവീകരണ സാധ്യതകളെ തള്ളിക്കളഞ്ഞ് മതനിരപേക്ഷ ഉള്ളടക്കം കാത്തുസൂക്ഷിക്കുന്നതിനും എൽഡിഎഫിന്‌ കഴിഞ്ഞുവെന്നതും ശ്രദ്ധേയം. ഒരു വശത്ത് ക്ഷേത്രനിർമാണം സർക്കാർ പരിപാടിയാക്കുന്നതിനെ പിന്തുണയ്‌ക്കുകയും മറുവശത്ത്‌ ഹാഗിയ സോഫിയ ദേവാലയത്തെ മുസ്ലിം പള്ളിയാക്കിയ ഇസ്ലാമിക തീവ്രവാദ നിലപാടിനെ ആഘോഷിക്കുകയും ചെയ്യുന്ന യുഡിഎഫ്‌ നേതൃത്വം നാടിനെ വർഗീയമായി വിഭജിക്കുന്നതിനാണ് ശ്രമിക്കുന്നത്.

ജസ്‌റ്റിസ്‌ കെ ടി  തോമസ് പരാമർശിച്ച എൽഡിഎഫ് സർക്കാരിന്റെ സവിശേഷത കേരളത്തിന്റെ വികസന കുതിച്ചുചാട്ടത്തിന് സഹായിച്ച ഘടകമാണ്. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന നാട്ടിലേ വികസനമുണ്ടാകുകയുള്ളൂ. മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്ത കെ എൽ മോഹനവർമ പറഞ്ഞതും ഇത്തരുണത്തിൽ പ്രസക്തമാണ്. എല്ലാ വീട്ടിലും ഭരണനേട്ടമെത്തിയത്‌  ചരിത്രത്തിൽ ആദ്യമാണെന്നും അതിന് മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇതാണ് യുഡിഎഫിനെയും ബിജെപിയെയും അസ്വസ്ഥമാക്കുന്നത്. അതാണ് വർഗീയവൽക്കരണ ശ്രമത്തിന് ഇവരെ പ്രേരിപ്പിക്കുന്നതും.

രാജ്യത്ത്‌  പൊതു വിതരണസംവിധാനത്തെ തകർത്തത് കോൺഗ്രസ് സ്വീകരിച്ച നയങ്ങളാണ്. അതേനയം ശക്തിപ്പെടുത്തുകയാണ് കേന്ദ്രത്തിൽ ബിജെപി സർക്കാരും ചെയ്യുന്നത്. അതിൽനിന്ന്‌ വ്യത്യസ്തമായി സാർവത്രിക റേഷൻ എന്നതിനെ ഉയർന്ന തലത്തിലേക്ക് എത്തിച്ച് ഭക്ഷ്യധാന്യങ്ങൾ മാത്രമല്ല പലവ്യഞ്‌ജനങ്ങൾ ഉൾപ്പെടെ എല്ലാ വീട്ടിലേക്കും എത്തിക്കുകയാണ് എൽഡിഎഫ് സർക്കാർ. തങ്ങളെ വിജയിപ്പിച്ചാൽ എൽഡിഎഫ് വിരുദ്ധതയുടെ പേരിൽ ഈ രീതി കൈയൊഴിയുകയും ക്ഷേമപ്രവർത്തനങ്ങൾ ഉപേക്ഷിക്കുകയുമെന്ന കോൺഗ്രസ്‌ നയമായിരിക്കുമോ നടപ്പാക്കാൻ പോകുന്നതെന്ന്‌ വ്യക്തമാക്കാനുള്ള ഉത്തരവാദിത്തമാണ്‌ യുഡിഎഫിനുള്ളത്.

ഈ സമീപനത്തിന്റെതന്നെ ഭാഗമായാണ്‌ മാസങ്ങളോളം ക്ഷേമപെൻഷനുകൾ നൽകാതെ യുഡിഎഫ് ഭരണത്തിൽ കുടിശ്ശികയാക്കിയത്. അതിൽനിന്ന്‌ വ്യത്യസ്തമായി എല്ലാ മാസവും 1600 രൂപ വീട്ടിലെത്തിക്കുന്ന പിണറായി സർക്കാരിന്റെ നിലപാടിനോടുള്ള പ്രതികരണവും വ്യക്തമാക്കേണ്ടതുണ്ട്.

കേരളത്തിൽ വലിയതോതിൽ വികസനം നടപ്പാക്കുന്നതിന് സഹായിച്ച സംവിധാനമാണ് കിഫ്ബി. ഇത് ഭരണഘടനാ വിരുദ്ധമാണെന്നാണ് പ്രതിപക്ഷം വാദിച്ചുകൊണ്ടിരുന്നത്. ഇതിനെ തകർക്കുന്നതിനാണ് സിഎജി വഴി ബിജെപി ശ്രമിച്ചത്. തങ്ങൾ അധികാരത്തിൽ വന്നാൽ കിഫ്ബിയെ എന്തുചെയ്യുമെന്ന് ഇരുപാർടിയും വ്യക്തമാക്കേണ്ടതില്ലേ?  ഇരു പാർടിയും ഇതുവരെ പറഞ്ഞതനുസരിച്ച് കിഫ്ബി പിരിച്ചുവിടുകയാണെങ്കിൽ കേന്ദ്രനിയമങ്ങളുടെ പരിമിതിക്കകത്തുനിന്ന്‌ എങ്ങനെയാണ്‌ വിഭവസമാഹരണം നടത്തുകയെന്നതും ഇവർ വിശദീകരിക്കേണ്ടതുണ്ട്. ഇന്നലെ ചെന്നിത്തല നടത്തിയ മലക്കം മറിച്ചിലാണ് നിലപാടെങ്കിൽ ഇതുവരെയെടുത്ത സമീപനത്തിന്‌ മാപ്പുപറയേണ്ടതില്ലേ?

ലക്ഷങ്ങൾക്ക് കിടപ്പാടം നൽകിയ ലൈഫ്പദ്ധതി തകർക്കുന്നതിനാണ് എല്ലാ വഴിയിലൂടെയും ഇതുവരെയും ശ്രമിച്ചത്. എന്നാൽ, ലൈഫ്പദ്ധതി അവസാനിപ്പിക്കുമെന്ന യുഡിഎഫ് നിലപാട് ജനങ്ങളോട് തുറന്നുപറയുന്നതിന് ചെന്നിത്തലയും സംഘവും എന്തുകൊണ്ട് ധൈര്യം കാണിക്കുന്നില്ല. സ്വകാര്യ മൂലധനശക്തികൾക്ക് വിദ്യാഭ്യാസവും ആരോഗ്യവും ഉൾപ്പെടെയുള്ള സേവനരംഗം വിട്ടുകൊടുക്കുന്നതാണ് ഉദാരവൽക്കരണനയം. അതാണ് കോൺഗ്രസ്‌ തുടങ്ങിയതും ബിജെപി ശക്തിപ്പെടുത്തിയതും. അതിനു ബദലായി പൊതു വിദ്യാഭ്യാസത്തെയും പൊതു ആരോഗ്യപരിപാലനത്തെയും സമാനതകളില്ലാത്ത വിധം ആധുനികവൽക്കരിക്കുകയാണ് എൽഡിഎഫ് സർക്കാർ ചെയ്‌തത്. ഈ പ്രക്രിയ ശക്തിപ്പെടുത്തുന്നതിനും മുന്നോട്ടുകൊണ്ടുപോകുന്നതിനുമാണ് ഭരണത്തുടർച്ചയിലൂടെ ഇടതുപക്ഷം ആഗ്രഹിക്കുന്നത്.


 

എന്നാൽ, വിദ്യാലയങ്ങളെയും ആതുരാലയങ്ങളെയും ലാഭകരമല്ലെന്ന് പ്രഖ്യാപിച്ച് അടച്ചുപൂട്ടിയതാണ് യുഡിഎഫ്അനുഭവം. സർക്കാർ സർവീസിൽ നിയമന നിരോധനവും പൊതുമേഖലാ സ്വകാര്യവൽക്കരണവും വഴി തൊഴിലവസരവും സംവരണാനുകൂല്യവും ഇല്ലാതാക്കിയതാണ് യുഡിഎഫ്ഭരണകാലം. കേന്ദ്രത്തിലെ ബിജെപി സർക്കാർ ഇതേസമീപനം പിന്തുടരുന്നു. അതിനു ബദലായി പൊതുമേഖലയെ ശക്തിപ്പെടുത്തുകയും പിഎസ്‌സി വഴി നിയമനങ്ങളിൽ വൻകുതിച്ചുചാട്ടം നടത്തുകയുമാണ് ഈ  സർക്കാർ ചെയ്‌തത്. ഇത്തരം പ്രശ്നങ്ങളിൽ തങ്ങൾ എവിടെ നിൽക്കുന്നെന്ന്‌ വിശദീകരിക്കാനാണ്‌ യുഡിഎഫും ബിജെപിയും തയ്യാറാകേണ്ടത്.

കർഷക ആത്മഹത്യകളുടെ കാലമാണ് കോൺഗ്രസ്ഭരണം രാജ്യത്ത് സൃഷ്ടിച്ചത്. ഇപ്പോൾ ബിജെപി കർഷകരെ രാജ്യദ്രോഹികളാക്കി പ്രഖ്യാപിച്ച് കോർപറേറ്റ്‌ വിധേയത്വം പ്രകടിപ്പിക്കുന്നു. ഇതിൽനിന്ന്‌ വ്യത്യസ്തമായി എൽഡിഎഫ്‌ സർക്കാർ പച്ചക്കറികൾക്ക് ഉൾപ്പെടെ തറവില പ്രഖ്യാപിച്ചും റബറിനും കാപ്പിക്കും നെല്ലിനും തറവില ഉയർത്തിയും ബദൽ പ്രയോഗത്തിലൂടെ കർഷകരെ ചേർത്തുപിടിക്കുന്നു. ഇതുസംബന്ധിച്ച് എന്തെങ്കിലും നിലപാട് പ്രതിപക്ഷത്തുനിന്ന്‌ ഇതുവരെയും കേട്ടിട്ടില്ല!

ഹൈവേ വികസനം ഐടി മേഖലയിലെയും സ്റ്റാർട്ടപ്പിലെയും മുന്നേറ്റം തുടങ്ങിയ അനുഭവങ്ങളുടെ പുറകിലും കൃത്യമായ രാഷ്ട്രീയനിലപാടുണ്ട്.  ഒരു വീട് പണിയുന്നതിനോ ചെറുകിട വ്യവസായം ആരംഭിക്കുന്നതിനോ ചുവപ്പുനാടകളുടെയും ഉദ്യോഗസ്ഥതല അഴിമതിയുടെയും നാളുകൾ ഇല്ലാതാക്കി പ്രായോഗികസംവിധാനം ഒരുക്കുന്നതിലും ജനപക്ഷ നിലപാടുണ്ട്. മാധ്യമങ്ങൾ പാർശ്വവൽക്കരിച്ചാലും നേരനുഭവങ്ങളിലൂടെ ജനങ്ങൾ അത്‌ തിരിച്ചറിയുന്നുണ്ട്. അതാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതും. ഈ വികസനക്കുതിപ്പിനെ മുന്നോട്ടുകൊണ്ടുപോകുന്നതിന് ജനങ്ങളിൽനിന്ന്‌ പഠിക്കുന്നതിനുകൂടിയാണ് ഇടതുപക്ഷം ശ്രമിക്കുന്നത്‌. നാനാവിഭാഗം ജനങ്ങളുമായി ജാതി, മത, കക്ഷിരാഷ്ട്രീയ ചിന്തകൾക്ക് അതീതമായി മുഖ്യമന്ത്രി നടത്തിയ സംവാദങ്ങൾ ഇതിനുള്ള ശ്രമമായിരുന്നു. എൽഡിഎഫ് ജാഥകളും വികസന രാഷ്ട്രീയം ചർച്ച ചെയ്യുന്നതിനാണ് ശ്രമിക്കുക.

കേന്ദ്ര അന്വേഷണ ഏജൻസികളെയും ഒരു വിഭാഗം മാധ്യമങ്ങളെയും ഉപയോഗിച്ച്‌ ഈ വികസന രാഷ്ട്രീയത്തെ മറച്ചുവയ്ക്കാനാണ് തദ്ദേശ തെരഞ്ഞെടുപ്പ് സന്ദർഭത്തിൽ യുഡിഎഫും ബിജെപിയും സംയുക്തമായി ശ്രമിച്ചത്. എന്നാൽ, കേരള ജനത അതിനെ തള്ളിക്കളഞ്ഞു. അതിൽ നിരാശരായവർ ഇപ്പോൾ അധികാരക്കൊതിയാൽ വർഗീയതയുടെ പേരിൽ നാടിനെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു. ഇക്കൂട്ടരുടെ അജൻഡ തിരിച്ചറിഞ്ഞ് വർഗീയപ്രചാരവേലയെ അവഗണിച്ചു തള്ളാനും മതനിരപേക്ഷ വികസന രാഷ്ട്രീയം ജനങ്ങളിലേക്ക് എത്തിക്കാനുമുള്ള രാഷ്ട്രീയ ഉത്തരവാദിത്തമാണ് ഇടതുപക്ഷ പ്രവർത്തകർ ഏറ്റെടുക്കേണ്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top