16 January Saturday

തീവ്രവാദ വർഗീയമുന്നണിയും മതനിരപേക്ഷ ജനാധിപത്യമുന്നണിയും - പി രാജീവ്‌ എഴുതുന്നു

പി രാജീവ്‌Updated: Wednesday Dec 2, 2020

കേരളത്തിൽ യുഡിഎഫിനും ബിജെപിക്കും ഒരൊറ്റ ലക്ഷ്യം മാത്രമാണുള്ളത്. ഏതുവിധേനയും ആരെ കൂട്ടുപിടിച്ചും എൽഡിഎഫ് സർക്കാരിനെ പരാജയപ്പെടുത്തുന്നതിനാണ് ഇവർ ശ്രമിക്കുന്നത്. രാഷ്ട്രീയനിലപാടുകളും നാടിന്റെ താൽപ്പര്യങ്ങളും തള്ളിക്കളഞ്ഞ് അവിശുദ്ധ മഴവിൽസഖ്യം രൂപീകരിച്ചാണ് ഇരു വിഭാഗവും ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

യുഡിഎഫ് ഒരു വശത്ത് മുസ്ലിംലീഗ് വഴി വെൽഫെയർ പാർടിയുമായും എസ്ഡിപിഐയുമായും പരസ്യമായ ധാരണയുണ്ടാക്കിയിരിക്കുന്നു. ഇത് ദേശീയതലത്തിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. മതരാഷ്ട്രത്തിനായി പ്രവർത്തിക്കുന്ന വെൽഫെയർ പാർടിയുമായ ധാരണയ്‌ക്ക് എതിരെ ചില സംസ്ഥാനങ്ങളിലുണ്ടായ വിമർശത്തിന് മറുപടി പറയാൻ കോൺഗ്രസ് തയ്യാറായില്ല. ദേശീയനേതൃത്വത്തെ തള്ളിയും വെൽഫെയർ പാർടിയും എസ്ഡിപിഐയുമായും സഖ്യമുണ്ടാക്കാൻ കോൺഗ്രസ്‌ തയ്യാറായത് സങ്കുചിത അധികാര താൽപ്പര്യത്തോടൊപ്പം മുസ്ലിംലീഗ് വിധേയത്വവുമാണ്. യുഡിഎഫിലെ വലിയ പാർടി കോൺഗ്രസാണെങ്കിലും നിയമസഭയിൽ മൂന്നു സീറ്റിന്റെ വ്യത്യാസം മാത്രമാണുള്ളത്.

മതമൗലികവാദ സംഘടനകളുമായി കൂട്ടുപിടിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട ചില സീറ്റുകൾ തിരിച്ചുപിടിച്ച് യുഡിഎഫിലെ ഒന്നാമത്തെ പാർടിയാകാനാണ് അവർ ശ്രമിക്കുന്നത്. പേരിലും പ്രവൃത്തിയിലും വർഗീയ പാർടിയാണെങ്കിലും അങ്ങനെയല്ലെന്ന് സ്വയം പ്രഖ്യാപിക്കുന്ന പാർടിയായിരുന്നു മുസ്ലിംലീഗ്. മതരാഷ്ട്രത്തിനായി നിലപാട് സ്വീകരിച്ച് പാകിസ്ഥാൻ രൂപീകരണത്തിലേക്ക് നയിച്ച മുസ്ലിംലീഗിന്റെ ഭാഗമല്ലെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗായി മാറിയ ഘടകമാണ് കേരളത്തിലെ ലീഗ്. ആ മുസ്ലിംലീഗിന്റെ ആശയ രാഷ്ട്രീയനിലപാട് രൂപീകരിക്കുന്ന സംഘടനയായി ഇന്ന് മതരാഷ്ട്രവാദക്കാരായ ജമാഅത്തെ ഇസ്ലാമി മാറിയിരിക്കുന്നു. പാകിസ്ഥാനിൽ ജീവിക്കുന്നതിനായി ഇന്ത്യൻ ഭൂപ്രദേശത്തുനിന്ന്‌ പോയ വ്യക്തിയാണ് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകൻ മൗദൂദി. ഇസ്ലാമിക നിയമമായിരിക്കണം രാജ്യത്തിന്റെ നിയമമെന്നും ഇസ്ലാമികരാഷ്ട്രമാണ് വേണ്ടതെന്നും ശക്തമായി വാദിക്കുന്ന ജമാഅത്തെ ഇസ്ലാമിയാണ് ഇന്ന് ലീഗിന് ശക്തി പകരുന്നതെന്നുവന്നാൽ സ്വാതന്ത്ര്യത്തിനുമുമ്പുള്ള മതരാഷ്ട്രവാദത്തിലേക്ക് മുസ്ലിംലീഗ് തിരിച്ചുപോകുന്നുവെന്നാണ് അർഥമാക്കേണ്ടത്. ഇതാണ് തുർക്കിയിലെ ഹാഗിയ സോഫിയ പള്ളിയെ മ്യൂസിയമല്ലാതാക്കി മോസ്ക് ആക്കിയ മതാധിഷ്ഠിത പ്രവർത്തനത്തെ ശക്തമായി ന്യായീകരിക്കാനും അതിന് എതിരായി പ്രതികരിച്ചവരെ വെല്ലുവിളിക്കാനും മുസ്ലിംലീഗ് തയ്യാറാകുന്നത്.

മതപരമായ വിഭജനവും വർഗീയമായ ധ്രുവീകരണവുമാണ് ആർഎസ്എസിനെപ്പോലെ ജമാഅത്തെ ഇസ്ലാമിയും ആഗ്രഹിക്കുന്നത്. മത ന്യൂനപക്ഷ താൽപ്പര്യം പറയുന്ന ചില രാഷ്ട്രീയ പാർടികൾ പരോക്ഷമായി ബിജെപിയെ സഹായിക്കുകയാണെന്ന് ബിഹാർ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കിയതാണ്. മതനിരപേക്ഷത മുറുകെ പിടിക്കുന്നതിൽ കോൺഗ്രസ് കാണിക്കുന്ന കറ്റകരമായ തെറ്റ് ഇത്തരം പാർടികളിലേക്ക് മതന്യൂനപക്ഷങ്ങളെ നയിക്കുന്നുണ്ടാകാം. എന്നാൽ, ഈ പാർടികളുടെ നേതൃത്വം പലപ്പോഴും ബിജെപി അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. ബിഹാർ വോട്ടെണ്ണലിന്റെ സന്ദർഭത്തിൽ തൂക്കു നിയമസഭയായിരിക്കും എന്ന സൂചനകളുള്ള ഘട്ടത്തിൽ ഒവൈസിയോട് ആരെയായിരിക്കും പിന്തുണയ്‌ക്കുകയെന്ന ചോദ്യം ചാനൽ ചർച്ചയിൽ രാജീവ് സർദ്ദേശായി ചോദിക്കുകയുണ്ടായി. അതിനു മറുപടി പറയാൻ അദ്ദേഹം തയ്യാറായില്ല. ബിജെപി അധികാരത്തിൽ വരാതിരിക്കാൻ നിലപാട് സ്വീകരിക്കുമോ എന്ന തുടർചോദ്യത്തിന് മറുപടിയായി രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും കുറ്റപ്പെടുത്തുകയാണ് ഒവൈസി ചെയ്തത്. മതമൗലിക നിലപാട് സ്വീകരിക്കുന്ന പാർടികളുടെ യഥാർഥ മുഖം വ്യക്തമാക്കുന്നതായിരുന്നു ഈ പ്രതികരണം

കമ്യൂണിസ്റ്റ് വിരുദ്ധതയും അധികാരമോഹവുംകൊണ്ട് ആരുമായും കൂട്ടുകെട്ടുണ്ടാക്കാൻ മടിക്കാത്ത പാർടിയാണ് ലീഗ്. മുംബൈയിൽ ഇടതുപക്ഷ ട്രേഡ് യൂണിയനുകൾ ശക്തമായിരുന്ന കാലത്ത് ഈ സ്വാധീനം തകർക്കാൻ ശിവസേനയുമായി സഖ്യമുണ്ടാക്കിയത് മുസ്ലിംലീഗാണ്. കടുത്ത ഹിന്ദുത്വനിലപാടും ന്യൂനപക്ഷവിരുദ്ധതയും മുഖമുദ്രയാക്കിയ ശിവസേനയുമായി കൂട്ടുകെട്ടുണ്ടാക്കുന്നതിന് സാമുദായിക സ്നേഹമൊന്നും ലീഗിന് തടസ്സമായിരുന്നില്ല. 1978 ലെ മുംബൈ മേയർ തെരഞ്ഞെടുപ്പിൽ ശിവസേന ലീഗ് സഖ്യത്തിനായി വേദി പങ്കിട്ട് പ്രസംഗിച്ചത് ബാൽ താക്കറെയും മുസ്ലിംലീഗ് അഖിലന്ത്യാ നേതാവായിരുന്ന ബനാത്ത് വാലയുമാണ്.  അതിനുമുമ്പും ലീഗ് കൗൺസിലർമാർ വോട്ട് ചെയ്ത് ശിവസേനാ സ്ഥാനാർഥിയെ വിജയിപ്പിച്ചതും ചരിത്രത്തിന്റെ ഭാഗം.

മുസ്ലിംലീഗ് വഴി വെൽഫെയർ പാർടിയുമായി സഖ്യമുണ്ടാക്കുന്നതിന് യുഡിഎഫ് കൺവീനർ എം എം ഹസൻതന്നെ നേരിട്ട് നേതൃത്വം നൽകി. കോൺഗ്രസിന്റെ ഈ അപകടകരമായ നിലപാട് യുഡിഎഫിനെ ഫലത്തിൽ ഒരു തീവ്രവാദ മുന്നണിയാക്കി മാറ്റിയിരിക്കുന്നു. ഇത് ആ മുന്നണിയിൽ വിശ്വസിച്ചിരുന്ന മതന്യൂനപക്ഷങ്ങളിൽത്തന്നെ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഒരു വശത്ത് ഭീകരവാദപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും മറുവശത്ത് ബിജെപിയെ ശക്തിപ്പെടുത്താനുമാണ് ശ്രമിക്കുന്നത്. അതുകൊണ്ടാണ് പല മുസ്ലിം സാമുദായിക സംഘടനകളും  ഈ കൂട്ടുകെട്ടിനെതിരെ നിലപാട് സ്വീകരിക്കുന്നത്.പ്രാദേശിക തെരഞ്ഞെടുപ്പിലെ ഈ സഖ്യം നാട്ടിലെ മതനിരപേക്ഷ അടിത്തറയെ തകർക്കാനാണ് ശ്രമിക്കുന്നത്. ജനകീയാസൂത്രണത്തിന്റെ കാൽ നൂറ്റാണ്ടിന്റെ അനുഭവംവഴി ശക്തിപ്പെട്ട നാട്ടിൻപുറങ്ങളിലെ കൂട്ടായ്മയെ ഇല്ലാതാക്കാനുള്ള ശ്രമത്തെ മുളയിലേ നുള്ളാൻ കഴിയേണ്ടതുണ്ട്.

മതഭീകരവാദ, മൗലികവാദ സംഘടനകളുമായി സഖ്യമുണ്ടാക്കിയ യുഡിഎഫ് മറുവശത്ത് ബിജെപിയുമായി ധാരണയുണ്ടാക്കിയിരിക്കുന്നു. തിരുവനന്തപുരം കോർപറേഷൻ ഉൾപ്പെടെ പലയിടങ്ങളിലും പ്രകടമായ ധാരണയാണുള്ളത്. സ്ഥാനാർഥികളെ നിർത്താതെയും നാമനിർദേശപത്രിക തള്ളിക്കളയേണ്ട രീതിയിൽ സമർപ്പിച്ചും ഇരുകൂട്ടരും പരസ്പരം വഴിയൊരുക്കുകയാണ്.


 

ഇടതുപക്ഷ വിരുദ്ധതയുടെ അടിസ്ഥാനത്തിൽ എപ്പോഴൊക്കെ ഈ അവിശുദ്ധ കൂട്ടുകെട്ടുണ്ടായിട്ടുണ്ടോ അപ്പോഴെല്ലാം കേരളത്തിലെ ജനങ്ങൾ അതിനെ തള്ളിക്കളഞ്ഞിട്ടുണ്ട്. 1960ൽ പട്ടാമ്പി മണ്ഡലത്തിൽ ഇ എം എസിനെതിരെ കോൺഗ്രസും ലീഗും ജനസംഘവും ഒന്നിച്ച് സ്ഥാനാർഥിയെ നിർത്തിയതുമുതൽ കേരളം അത് അനുഭവിച്ചറിഞ്ഞതാണ്. നെഹ്റുവും ദീൻദയാൽ ഉപാധ്യയും ലീഗിന്റെ ബഫാക്കി തങ്ങളും പ്രചാരണത്തിന് ഒറ്റക്കെട്ടായി നേതൃത്വം നൽകിയെങ്കിലും ഇ എം എസ് ചരിത്രവിജയം നേടി. ഗണിതശാസ്ത്രത്തിലെ നിയമങ്ങളല്ല രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നതെന്ന്‌ തെളിയിച്ച തെരഞ്ഞെടുപ്പായിരുന്നു അത്. പിന്നീട് കോലീബി സഖ്യം വടകരയിലും ബേപ്പൂരിലും ഇതേ പരാജയം നേരിട്ടു.

ഇത്തരം അനുഭവങ്ങളിൽനിന്ന്‌ ജനവികാരം ഉൾക്കൊള്ളാതെ വീണ്ടും അതേ കൂട്ടുകെട്ട് പരോക്ഷമായി  പരീക്ഷിക്കുകയാണ് ഇരുകൂട്ടരും.  എന്നാൽ, അന്നത്തേതിൽനിന്ന്‌ വ്യത്യസ്തമായി ലീഗ് നയിക്കുന്ന കൂട്ടുകെട്ടായി അത് മാറി. ഒരു വശത്ത് ഇസ്ലാമിക രാഷ്ട്രത്തിനായി പ്രവർത്തിക്കുന്നവരെയും മറുവശത്ത് ഹിന്ദുരാഷ്ട്രത്തിനായി പ്രവർത്തിക്കുന്നവരെയും കൂട്ടിയിണക്കുന്ന പാർടിയായി കോൺഗ്രസ് മാറിയിരിക്കുന്നു. ഫലത്തിൽ ഈ തെരഞ്ഞെടുപ്പ് യുഡിഎഫ് എന്ന മത തീവ്രവാദമുന്നണി ഒരു വശത്തും എൽഡിഎഫ് എന്ന മതനിരപേക്ഷ മുന്നണി മറുവശത്തും എന്ന നിലയിൽ രണ്ടായി തിരിഞ്ഞിരിക്കുന്നു. സംസ്ഥാനത്ത് മതതീവ്രവാദം ശക്തിപ്പെടരുതെന്നും ബിജെപി വളരരുതെന്നും ആഗ്രഹിക്കുന്ന മതനിരപേക്ഷ ജനവിഭാഗങ്ങൾ എൽഡിഎഫിനെ പിന്തുണയ്‌ക്കേണ്ടതുണ്ട്. യുഡിഎഫിന്റെ ഇത്തരം അപകടകരമായ നീക്കത്തിനെതിരെ കോൺഗ്രസിനകത്തു മാത്രമല്ല  ലീഗിലും വിയോജിപ്പുകൾ  പ്രകടമാകുന്നുണ്ട്. എന്നുമാത്രമല്ല, അവരെ പിന്തുണച്ചിരുന്ന ജനവിഭാഗങ്ങളിലും അമർഷവും രോഷവുമുണ്ട്. ഈ അവിശുദ്ധ മഴവിൽസഖ്യം പരാജയപ്പെടേണ്ടത് മതനിരപേക്ഷ ജനാധിപത്യ കേരളത്തിന്റെ നിലനിൽപ്പിന് അനിവാര്യമാകുന്നു എന്ന ചരിത്രപ്രാധാന്യം പ്രാദേശിക ഭരണസമിതികളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഇത്തവണയുണ്ട്.

(അവസാനിക്കുന്നില്ല)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top