19 November Tuesday

മാവോയിസമെന്ന ഭീകരവാദം ; ഇവർ പിന്തുടരുന്നത് വ്യക്തികളെ കൊന്നൊടുക്കുകയെന്ന ഉന്മൂലനസിദ്ധാന്തം

പി രാജീവ്‌Updated: Saturday Nov 9, 2019


മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച വാർത്ത പ്രകാരം 2010ൽമാത്രം  120 സിപിഐ എം പ്രവർത്തകരാണ് ബംഗാളിൽ മാവോയിസ്റ്റുകളാൽ കൊല്ലപ്പെട്ടത്. മാവോയിസ്റ്റ് പാർടി രൂപീകരിക്കപ്പെട്ട 2004മുതൽ 2018വരെ 8238പേരെ അവർ കൊന്നൊടുക്കിയെന്നാണ് ആഭ്യന്തരമന്ത്രാലയം പ്രസിദ്ധീകരിച്ച കണക്ക് വ്യക്തമാക്കുന്നത്. അതിൽ 6279 പേരും സാധാരണക്കാരായ സിവിലിയന്മാരാണ്. ബാക്കിയുള്ളവർ വിവിധ സേനകളിൽപ്പെട്ടവരും. ഇക്കൂട്ടത്തിലൊന്നും ഇവർ പ്രഖ്യാപിച്ചിട്ടുള്ള വർഗശത്രുക്കളെയൊന്നും കാണാൻകഴിയില്ല. 2013ൽ ഛത്തീസ്ഗഢിലെ ദാർബ താഴ്‌വരയിൽ നടത്തിയ മാവോയിസ്റ്റ് ആക്രമണത്തിൽ കോൺഗ്രസ് നേതാക്കളായിരുന്ന മുൻ കേന്ദ്രമന്ത്രി വി സി ശുക്ലയും മുൻ മന്ത്രി മഹേന്ദ്രകർമയും പിസിസി പ്രസിഡന്റ്‌ നന്ദകുമാർ പട്ടേലും ഉൾപ്പെടെ 27 പേരാണ് കൊല്ലപ്പെട്ടത്.

2013ൽ കേന്ദ്രസർക്കാർ പരസ്യപ്പെടുത്തിയതനുസരിച്ച് രാജ്യത്ത് 76 ജില്ലകൾ മാവോയിസ്റ്റ് ആക്രമണം ശക്തമായ ജില്ലകളും മറ്റൊരു 106 ജില്ലകൾ ഇവരുടെ സാന്നിധ്യം ഉള്ളവയുമാണ്. 2006ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻസിങ്‌ രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ആഭ്യന്തരവെല്ലുവിളി മാവോയിസമാണെന്ന് പ്രഖ്യാപിച്ചു. വ്യക്തികളെ കൊന്നൊടുക്കുകയെന്ന ഉന്മൂലനസിദ്ധാന്തമാണ് നക്‌സലിസത്തിന്റെ കാലംമുതൽ ഇവർ പിന്തുടരുന്നത്. ശത്രുവർഗത്തെ കൊന്നൊടുക്കി രാജ്യത്തെ മോചിപ്പിക്കലാണ് തങ്ങളുടെ തന്ത്രമെന്ന് അവർ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.  പീപ്പിൾസ് വാർ ഗ്രൂപ്പും  മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്ററും ലയിച്ച് രൂപംകൊണ്ട മാവോയിസ്റ്റുകളും വ്യക്തി ഉന്മൂലന സിദ്ധാന്തത്തെയാണ് പിന്തുടരുന്നത്. അതിനായി ഇവർക്ക് കേന്ദ്ര മിലിട്ടറി കമീഷൻ ഉണ്ട്. മാധ്യമങ്ങൾ കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്‌തത്‌ പ്രകാരം ഈ കമീഷന് നേതൃത്വംനൽകുന്ന ബസ്വരാജാണ് മാവോയിസ്റ്റുകളുടെ പുതിയ ജനറൽ സെക്രട്ടറി. നേരത്തെ ജനറൽ സെക്രട്ടറിയായിരുന്ന ഗണപതി ഒഴിഞ്ഞാണ് ബസ്വരാജ് സെക്രട്ടറിയായത്. പതിനായിരത്തോളംവരുന്ന ഒളിപ്പോരാളികളാണ് ഇവർക്ക് ഉണ്ടായിരുന്നതെങ്കിലും ഇന്ന് അവരിൽ പലരും വഴിമാറിപ്പോയിട്ടുണ്ടെന്നാണ് ആഭ്യന്തരമന്ത്രാലയരേഖകൾ പറയുന്നത്. 

ഉന്മൂലനത്തിന്റെ സിദ്ധാന്തം സാമ്രാജ്യത്വവിരുദ്ധ സമരത്തെ ദുർബലപ്പെടുത്തിയെന്ന് ചാരുമജുംദാർതന്നെ തന്റെ മരണത്തിനുമുമ്പ് 1972ൽ ഭാര്യക്ക് അയച്ച കത്തിൽ സൂചിപ്പിക്കുകയുണ്ടായി.  "വർഗശത്രുവിന്റെ രക്തത്തിൽ കൈമുക്കിയതുകൊണ്ട് ഒരാൾ വിപ്ലവകാരിയോ കമ്യൂണിസ്റ്റോ ആകുന്നില്ല. മാത്രമല്ല, അതുമാത്രം ലക്ഷ്യംവയ്‌ക്കുന്ന പാർടി കമ്യൂണിസ്റ്റ് പാർടിയായി തുടരുകയുമില്ല’ എന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർടിതന്നെ നക്‌സലൈറ്റുകളുടെ ഉന്മൂലനസിദ്ധാന്തത്തെ വിമർശിച്ച് പറയുകയുണ്ടായി.  എന്നാൽ, ഇതൊന്നും മാവോയിസ്റ്റുകളുടെ നിലപാടിനെ സ്വാധീനിച്ചിട്ടില്ല.


 

വ്യക്തികളെ ഇല്ലാതാക്കുകയെന്നതുമാത്രമാണ് വിപ്ലവം എന്നു കരുതുന്നവർ ബഹുജനങ്ങളെ അണിനിരത്തിയുള്ള സമരങ്ങളിൽ വിശ്വസിക്കുന്നില്ല. ഏതെങ്കിലും ജനകീയപ്രശ്നങ്ങൾ മുൻനിർത്തി ഒരു പ്രക്ഷോഭവും ഇവർ സംഘടിപ്പിച്ചതായി ഇതുവരെയുള്ള ചരിത്രത്തിൽ കാണാൻകഴിയില്ല. പാരിസ്ഥിതികപ്രശ്നങ്ങളെ ഉൾപ്പെടെ മുൻനിർത്തി ഖനനത്തിനെതിരെ നടന്ന ജനകീയ ആദിവാസിമുന്നേറ്റങ്ങളിൽ ഇവരെ കാണാൻ കഴിയില്ല. എന്നാൽ, പല കുത്തകകളും നടത്തുന്ന ഖനനത്തിന്‌ കാവൽനിൽക്കുന്നവരായും അവരിൽനിന്ന്‌ കപ്പം പിരിക്കുന്നവരായും മാവോയിസ്റ്റുകൾ ഉണ്ടെന്ന്‌ റിപ്പോർട്ടുകൾ ഉണ്ട്. അവരുടെ നേതാവ് കിഷൻജിതന്നെ ലെവി പിരിക്കുന്ന കാര്യം പരസ്യമായി  അംഗീകരിച്ചിട്ടുമുണ്ട്.

ബലപ്രയോഗമെന്നത് സാമൂഹ്യമാറ്റത്തിന് അനിവാര്യമാണെന്ന് കരുതുന്നവരല്ല കമ്യൂണിസ്റ്റുകാർ. അധികാരം കൈയാളുന്ന വർഗത്തിന്റെ സമീപനമാണ് അത് നിർണയിക്കുന്നത്. ഇതെല്ലാം തിരിച്ചറിഞ്ഞാണ് സമാധാനപരമായ മാർഗങ്ങളിലൂടെ സോഷ്യലിസം സ്ഥാപിക്കുകയെന്ന ലക്ഷ്യം സിപിഐ എം മുന്നോട്ടുവയ്‌ക്കുന്നത്. ശക്തമായ ഒരു ബഹുജന വിപ്ലവപ്രസ്ഥാനം വളർത്തിക്കൊണ്ടും പാർലമെന്ററി പാർലമെന്റിതര സമരരൂപങ്ങളെ സമന്വയിപ്പിച്ചുകൊണ്ടും പിന്തിരിപ്പൻ ശക്തികളുടെ എതിർപ്പിനെ അതിജീവിച്ച് സമാധാനപരമായ മാർഗങ്ങളിലൂടെ മാറ്റമുണ്ടാക്കാനാണ് സിപിഐ എം കാഴ്ചപ്പാട്‌ അനുസരിച്ച് തൊഴിലാളിവർഗവും സഖ്യശക്തികളും ശ്രമിക്കുന്നത്. എന്നാൽ, ഭരണവർഗം സ്വമേധയാ തങ്ങളുടെ അധികാരം ഉപേക്ഷിക്കില്ലെന്ന ജാഗ്രതയും ഉണ്ടാകണമെന്ന് സിപിഐ എം പരിപാടി ഓർമിപ്പിക്കുന്നു. ഒരു മുതലാളിയെ ഇല്ലാതാക്കിയാൽ മുതലാളിത്തംതന്നെ ഇല്ലാതാക്കാൻ കഴിയുമെന്നു കരുതുന്നവർ മാർക്‌സിസം ലെനിനിസത്തെയല്ല പിന്തുടരുന്നത്.

കേരളത്തിന്റെ സാമൂഹ്യ, സാമ്പത്തിക, സാംസ്കാരികജീവിതത്തിൽ കമ്യൂണിസ്റ്റുകാരും അവർ നയിച്ച സർക്കാരുകളും വരുത്തിയ പുരോഗമനപരമായ മാറ്റങ്ങളെ ഇക്കൂട്ടർ പ്രതിവിപ്ലവ പ്രവർത്തനങ്ങളായി കരുതുന്നു

ഇടതുപക്ഷ സർക്കാരുകളെയും സിപിഐ എമ്മിനൈയും ദുർബലപ്പെടുത്തുകയെന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം. ബംഗാളിൽ ഇടതുമുന്നണി സർക്കാരിനെ അട്ടിമറിക്കുന്നതിനുള്ള വിശാല മഴവിൽ സഖ്യത്തിന്റെ ഭാഗമായിരുന്നു മാവോയിസ്റ്റുകൾ. മാവോയിസ്റ്റുകൾ വധഭീഷണി മുഴക്കിയ മൂന്ന്‌ മുഖ്യമന്ത്രിമാരിൽ ഒരാൾ ബുദ്ധദേവ് ഭട്ടാചാര്യയായിരുന്നു. മമത ബാനർജിയെ മുഖ്യമന്ത്രിയാക്കുന്നതിന് ഏതറ്റംവരെയും പോകുമെന്നും അവർ വ്യക്തമാക്കി. ബിഹാറിലും ജാർഖണ്ഡിലുംമറ്റും  സിപിഐ എമ്മിന്റെയും സിപിഐയുടെയും ശക്തികേന്ദ്രങ്ങൾ കുറവാണ്. എന്നാൽ, ഈ പ്രദേശങ്ങളെയാണ് ഇവർ ലക്ഷ്യംവച്ച് പ്രവർത്തിച്ചത്.  1967ൽ കേരളത്തിലെ ഐക്യമുന്നണി സർക്കാരിനെ ദുർബലപ്പെടുത്തുന്നതിലും അന്നത്തെ നക്‌സലൈറ്റുകൾ ശ്രമിച്ചിരുന്നു. കേരളത്തിന്റെ സാമൂഹ്യ, സാമ്പത്തിക, സാംസ്കാരികജീവിതത്തിൽ കമ്യൂണിസ്റ്റുകാരും അവർ നയിച്ച സർക്കാരുകളും വരുത്തിയ പുരോഗമനപരമായ മാറ്റങ്ങളെ ഇക്കൂട്ടർ പ്രതിവിപ്ലവ പ്രവർത്തനങ്ങളായി കരുതുന്നു. ദളിതർക്കും ആദിവാസികൾക്കും ആനുകൂല്യങ്ങൾ നൽകുന്നത് അവരെ വിപ്ലവത്തിൽനിന്ന്‌ അകറ്റുമെന്ന് ചിന്തിക്കുന്നവരാണ് ഇടതു തീവ്രവാദികൾ. യഥാർഥത്തിൽ ഇവർ ഇടതുപക്ഷ നിലപാടുകളെയല്ല പിന്തുടരുന്നത്.

ഇസ്ലാമിന്റെപേരിലുള്ള തീവ്രവാദസംഘടനകളുമായും യോജിച്ച് സാമ്രാജ്യത്വത്തിനെതിരായ ഭീകരവാദപ്രവർത്തനം നടത്തണമെന്നതാണ് മാവോയിസ്റ്റുകളുടെ കാഴ്ചപ്പാട്. ഇസ്ലാമികമുന്നേറ്റങ്ങളെ സാമ്രാജ്യത്വവിരുദ്ധ ദേശീയ വിമോചന പ്രസ്ഥാനങ്ങളായാണ് മാവോയിസ്റ്റ് നേതാവ് കിഷൻജി കാണുന്നത്. അതുകൊണ്ടുതന്നെ മുസ്ലിം തീവ്രവാദവുമായി ‘വർഗഐക്യം' വേണമെന്നും സാമ്രാജ്യത്വവിരുദ്ധപോരാട്ടത്തിൽ കൈകോർക്കുന്നതിന് തീവ്രവാദം തടസ്സമല്ലെന്നും അദ്ദേഹം വാദിക്കുന്നു.

സമീർഅമിൻ ‘രാഷ്ട്രീയ ഇസ്ലാമിന്റെ സാമ്രാജ്യത്വസേവ’യെന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ ഇത്തരം സമീപനത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നുണ്ട്. " സാമൂഹ്യകാര്യങ്ങളിൽ രാഷ്ട്രീയ ഇസ്ലാം അറുപിന്തിരിപ്പനായിരിക്കാം.  എന്നാൽ, രാഷ്ട്രീയ ഇസ്ലാമിസ്റ്റുകൾ "സാമ്രാജ്യത്വവിരുദ്ധ’ പോരാളികളാണ്. ഇവരുമായി  ഐക്യമാകാമെന്ന് വാദിക്കുന്നവരുണ്ട്. എന്റെ നിലപാട് ഇതാണ്. രാഷ്ട്രീയ ഇസ്ലാം ഒരുതരത്തിലും സാമ്രാജ്യത്വവിരുദ്ധമല്ല; മറിച്ച്  ലോകനിലവാരത്തിൽത്തന്നെ, അധീശത്വ അധികാരകേന്ദ്രങ്ങളുടെ പിന്നിൽ അണിനിരന്നിട്ടുള്ള ഒന്നാണത്. ഏതെങ്കിലും ഇടതുപക്ഷപ്രസ്ഥാനങ്ങൾ തങ്ങളെ രാഷ്ട്രീയ ഇസ്ലാം അംഗീകരിച്ചിട്ടുണ്ടെന്നും അതുകൊണ്ട് അവരുമായി സഖ്യമുണ്ടാക്കുന്നതിൽ തെറ്റില്ലെന്നും കരുതുന്നുണ്ടെങ്കിൽ, അധികാരത്തിലേറിയതിനുശേഷം രാഷ്ട്രീയ ഇസ്ലാമിസ്റ്റുകൾ ആദ്യം അടിച്ചുതകർക്കുന്നത് അതുമായി സഖ്യമുണ്ടാക്കിയ ഇടതുപക്ഷപ്രസ്ഥാനത്തെയായിരിക്കുമെന്ന് ചരിത്രം നമ്മളോട് പറയുന്നുണ്ട്. ഇറാനിൽ മുജാഹിദീനുകളും ഇടതുപക്ഷസംഘടനയായ ഫിദയൻ ഖർബിനുമിടയിൽ സംഭവിച്ചത് ഇതായിരുന്നു.' എന്നാൽ, ഐഎസ്ഐഎസുമായി വരെ സഖ്യമുണ്ടാക്കിയും സാമ്രാജ്യത്വവിരുദ്ധസമരം ശക്തിപ്പെടുത്തണമെന്ന് കരുതുന്നവർക്ക് ഇത്തരം ചരിത്രാനുഭവങ്ങളൊന്നും ഒരു പാഠവും നൽകുന്നില്ല. എന്നുമാത്രമല്ല, ഇത്തരം കൂട്ടുകെട്ടുകളുടെ നേതൃത്വത്തിലുള്ള ഭീകരപ്രവർത്തനം രാജ്യത്തുണ്ടാക്കുന്ന സ്ഥിതിവിശേഷം എത്രമാത്രം ഭയാനകമായിരിക്കും.

( തുടരും)
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top