19 February Tuesday

പ്രളയകാലത്തെ ഓണം

പി രാജീവ് Updated: Saturday Aug 25, 2018


ഉത്രാടനാളിൽ എറണാകുളം നഗരത്തിലെ റോഡുകൾ വിജനമാണ്. ഉത്രാടപ്പാച്ചിലിൽ വാഹനക്കുരുക്കിൽ ശ്വാസംമുട്ടുന്ന റോഡുകൾമാത്രം കണ്ടുപരിചിതമായ നഗരത്തിന‌് അപരിചിതമായ കാഴ്ച. നഗരം മരിച്ചപോലെ. ആരും ഒന്നും വാങ്ങുന്നില്ല. വാങ്ങണമെന്ന് ആഗ്രഹിക്കുന്നവരുടെ കൈയിൽ പണമില്ല. പ്രളയം ബാധിക്കാത്തവരും ആഘോഷങ്ങൾക്കായി ഓടുന്നില്ല. അവരും ക്യാമ്പുകളിൽനിന്ന‌് ക്യാമ്പുകളിലേക്ക് സഹായങ്ങളുമായി പായുകയാണ്. മറ്റു ചിലർ സർക്കാർ തുടങ്ങിയ പ്രത്യേക കേന്ദ്രങ്ങളിൽ ഓണക്കോടികളും അരിയും പലവ്യഞ‌്ജനങ്ങളും നൽകുന്നതിനായി കാത്തുനിൽക്കുന്നു. പ്രകൃതിദുരന്തത്തിന്റെ കാലത്ത് മലയാളിയുടെ ദേശീയോത്സവം വേദനയും കയ്പും നിറഞ്ഞ അനുഭവമായി മാറുന്നു. എന്നാൽ അതിജീവനത്തിന്റെ പ്രത്യാശ നിറഞ്ഞ, ആത്മവിശ്വാസത്തിന്റെ വെളിച്ചം എല്ലായിടത്തും ദൃശ്യമാണ്.

പ്രളയത്തിന്റെ കെടുതികൾ അതിശക്തമായിരുന്ന പറവൂർ മേഖലയിലെ ക്യാമ്പിൽ കണ്ടവരിൽ ഭൂരിപക്ഷവും ഇപ്പോഴും വീട്ടിലേക്ക് മടങ്ങാൻ പറ്റാത്തവരാണ്. തിരിച്ചുചെല്ലാൻ വീടില്ലാത്തവിധം തകർന്നുപോയവരും കൂട്ടത്തിലുണ്ട്. ഇത്തവണയാണ് മനുഷ്യരെല്ലാരും ഒന്നുപോലെയെന്ന മാവേലിനാട്ടിലെ സങ്കൽപ്പം യാഥാർഥ്യമായതെന്ന് കൂട്ടത്തിലൊരാൾ പറഞ്ഞു. മരണമുഖത്തുനിന്ന‌് അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ അനുഭവവും അദ്ദേഹം അയവിറക്കി. രണ്ട‌് വിലകൂടിയ കാറും പോർച്ചുവരെ കോൺക്രീറ്റ് റോഡുണ്ടായിട്ടും ജീവൻ രക്ഷപ്പെടുത്താൻ മത്സ്യത്തൊഴിലാളിയുടെ വഞ്ചി വേണ്ടിവന്നു. മകളുടെ വിവാഹാവശ്യത്തിനായി സഹകരണ ബാങ്കിൽനിന്നെടുത്ത വായ്പ മുഴുവനും പ്രളയം മുക്കിക്കളഞ്ഞതിന്റെ അടങ്ങാത്ത ദുഃഖത്തോടെയിരിക്കുന്ന സ്ത്രീയെയും കൂട്ടത്തിൽ കണ്ടു. ജീവൻ തിരിച്ചുകിട്ടിയതിൽ ആശ്വാസത്തോടെ അവരുടെ ഭർത്താവും കൂടെയുണ്ട്. ‘ഞങ്ങളെല്ലാവരും ചേർന്ന് ഓണത്തിന‌് ഉള്ളതും കഴിച്ച് ഇവിടെത്തന്നെ കൂടും’ എന്ന് അവർ ഒന്നിച്ചുപറഞ്ഞു. ലോകത്ത് എവിടെയുള്ള മലയാളിയും ഓണത്തിന് നാട്ടിലേക്ക് വരുന്നതിന് ശ്രമിക്കും. പ്രത്യേക വിമാനങ്ങളും ട്രെയിനുകളും ഇവരെ ഓണസദ്യ കഴിപ്പിക്കുന്നതിനായി ഇടതടവില്ലാതെ പറക്കുകയും ഓടുകയും ചെയ്യും. എന്നാൽ, ഇത്തവണ കാണാദൂരത്തുള്ള വീട്ടിലേക്കുപോലും ഓണദിനത്തിൽ പോകാൻ കഴിയാത്ത മലയാളിയെയാണ് മിക്കവാറും സ്ഥലങ്ങളിൽ കാണുന്നത്.  അവർ ദുരിതാശ്വാസക്യാമ്പുകളിൽത്തന്നെ ഓണദിനത്തിലും കഴിച്ചുകൂട്ടാൻ നിർബന്ധിതമായിരിക്കുന്നു. ജാതിയുടെയും മതത്തിന്റെയും വേർതിരിവുകളെ തൽക്കാലത്തേക്കെങ്കിലും പ്രളയം കവർന്നെടുത്തിരിക്കുന്നു. മനുഷ്യൻ എത്ര മഹത്തരമായ പദം. എല്ലാവരും മാനവികമായ ചിന്തയോടെ ഓണദിനം ക്യാമ്പിൽ ചെലവഴിക്കുകയാണ്.

ബക്രീദിനും ഇങ്ങനെതന്നെയായിരുന്നു. ഇടപ്പള്ളിയിലെ ഒരു ക്യാമ്പിലാണ് ഞാനും ഭക്ഷണം കഴിച്ചത്. വീട്ടിൽനിന്നുമല്ലാതെ പെരുന്നാൾദിനത്തിന‌് ഭക്ഷണം കഴിച്ച ശീലമില്ലെന്ന് പറഞ്ഞ വയോധികനായ ഒരാളാണ് എന്റെ അടുത്തിരുന്നത്. എന്നാൽ, എല്ലാ വിഭാഗവും ഒത്തുചേർന്ന് കഴിക്കുമ്പോൾ ദുരിതകാലമാണെങ്കിലും സന്തോഷവാനാണെന്ന് അദ്ദേഹം പറഞ്ഞു. ജീവിതം തിരിച്ചുപിടിക്കുന്നതിനുള്ള കഠിനമായ യാത്രയെക്കുറിച്ച് ആശങ്ക നിറഞ്ഞുനിൽക്കുന്നവരിലും, സർക്കാർ ഒപ്പമുണ്ടെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ആത്മവിശ്വാസം പകരുന്നുവെന്ന് അവർ ഒരേസ്വരത്തിൽ പറയുന്നു.

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രകൃതിദുരന്തത്തെ നേരിടുന്നതിൽ കേരളം കാണിച്ച അസാധാരണമായ ഐക്യവും ഇച്ഛാശക്തിയും ലോകത്തിന‌് പുതിയ കേരളമാതൃക നൽകി. അതീവ ഗൗരവമാണ് സാഹചര്യമെങ്കിലും ഭയപ്പെടരുതെന്നും ജാഗ്രതയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ എല്ലായ‌്പോഴും ജനങ്ങളോട് പറഞ്ഞു. ഒരുതരത്തിലുള്ള ഭയനിർമാണത്തിനുള്ള അവസരങ്ങൾ നൽകിയില്ല. തനിക്കും സർക്കാരിനും ജനങ്ങളെ അഭിസംബോധന ചെയ്യേണ്ട ഘട്ടത്തിൽ മാധ്യമങ്ങളെ കാണലാണ് തന്റെ രീതിയെന്ന് നേരത്തെ വ്യക്തമാക്കിയ മുഖ്യമന്ത്രി, ഈ അസാധാരണ ഘട്ടത്തിൽ എല്ലാ ദിവസവും രണ്ടുതവണ മാധ്യമങ്ങളുമായി സംസാരിച്ചു. അതുവഴി ജനങ്ങളുടെ ആശങ്കകളെ വഴിതിരിച്ചുവിട്ടു. ഓരോരുത്തരിലേക്കും ആത്മവിശ്വാസം പകരുന്നതായിരുന്നു അദ്ദേഹത്തിന്റെ ഓരോ വാക്കും നോക്കും. ഭരണസംവിധാനത്തെയും പൗരസമൂഹത്തെയും ഒരേപോലെ കോർത്തിണക്കി നയിക്കുന്നതിൽ അസാധാരണമായ മികവാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചത്. രാഷ്ട്രീയനേതൃത്വം, ബ്യൂറോക്രസി, പൗരസമൂഹം എന്നിങ്ങനെ എല്ലാ വിഭാഗങ്ങളെയും ഒരേപോലെ കോർത്തിണക്കാൻ ഭരണനേതൃത്വത്തിന‌് കഴിഞ്ഞു. നമ്മൾ അതിജീവിക്കുകതന്നെ ചെയ്യുമെന്ന സന്ദേശം സമൂഹത്തിന്റെ പൊതുബോധമായി മാറി. അപൂർവം ചില മാധ്യമങ്ങൾ ഭയം നിർമിക്കാൻ ആദ്യഘട്ടത്തിൽ ശ്രമിച്ചെങ്കിലും ഭൂരിപക്ഷം മാധ്യമങ്ങളും സന്ദർഭത്തിനൊത്ത് ഉയർന്നു. പ്രകൃതിദുരന്തങ്ങളുടെ സന്ദർഭത്തിൽ, ഇങ്ങനെയൊരു വിശാലമായ യോജിപ്പും ഭരണസംവിധാനങ്ങളുടെയും സമൂഹത്തിന്റെയും ഏകോപനവും അമേരിക്കപോലുള്ള വികസിത രാജ്യങ്ങളിൽപ്പോലും കണ്ടിട്ടില്ലെന്ന് ലോകമാധ്യമങ്ങൾവരെ റിപ്പോർട്ട് ചെയ്തു. 2005ൽ കത്രീന അമേരിക്കയിൽ ദുരിതം വിതച്ച സന്ദർഭത്തിൽ തന്റെ അവധിക്കാലം വെട്ടിച്ചുരുക്കാൻ ആദ്യം തയ്യാറാകാതിരുന്ന ബുഷ്, കടുത്ത വിമർശത്തിന് വിധേയനായിരുന്നു. ആയിരങ്ങൾ ജീവൻ നഷ്ടപ്പെടുത്തിയത് രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനത്തിന്റെ കുറവായിരുന്നു. എന്നാൽ, കേരളത്തിന്റെ അനുഭവം വ്യത്യസ്തമായിരുന്നു. പ്രളയം കടുത്ത നാശം വിതച്ച എറണാകുളം ജില്ലയിൽ 15 പേരാണ് മരിച്ചത്. അതിൽ ആറുപേർ കുത്തിയത്തോട്ടിലെ പള്ളിമേട തകർന്നുവീണതിന്റെ ഭാഗമായി മരിച്ചവരാണ്. നാലുപേർ രക്ഷാപ്രവർത്തനത്തിനിടയിലും. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ, കേന്ദ്രത്തിന്റെയും സേനകളുടെയും മത്സ്യത്തൊഴിലാളികളുടെയും യുവാക്കളുടെയും മറ്റും സഹായത്തോടെ നാട് ഒറ്റക്കെട്ടായി നടത്തിയ രക്ഷാപ്രവർത്തനമാണ് മരണസംഖ്യയെ പിടിച്ചുനിർത്തിയത്. ഇപ്പോൾ ആശ്വാസത്തിലും പുനരധിവാസത്തിലും ജനകീയമായ മുന്നേറ്റമാണ് നാട് ദർശിക്കുന്നത്. ലോകം കേരളത്തോട് ഐക്യപ്പെടുന്നു. കലാലോകം, കായികലോകം, ബിസിനസ് സമൂഹം, സാങ്കേതികവിദഗ‌്ധർ എന്നിങ്ങനെ എല്ലാവരും കേരളത്തിനായി കൈകോർക്കുന്നു.

മനുഷ്യരെല്ലാരും ഒന്നുപോലെയെന്ന മാവേലിനാടിന്റെ സങ്കൽപ്പത്തിന്റെ ആധുനികപ്രയോഗത്തിന‌് പിണറായി നയിക്കുന്ന സർക്കാർ ശ്രമിക്കുമ്പോൾ, വിയോജിപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സങ്കുചിതമായ കക്ഷിരാഷ്ട്രീയത്തിലേക്ക് ഉൾവലിക്കുന്നതിനും ചിലർ നടത്തുന്ന ശ്രമങ്ങൾ അവരെ അപഹാസ്യരാക്കുകമാത്രമാണ് ചെയ്യുന്നത്. ഇത് വിവാദങ്ങൾ ഉൽപ്പാദിപ്പിച്ച് രാഷ്ട്രീയനേട്ടം കൊയ്യാൻ ശ്രമിക്കേണ്ട കാലമല്ല. കേരളവും മനുഷ്യനുമുണ്ടെങ്കിലേ രാഷ്ട്രീയവും അധികാരവുമൊക്കെയുള്ളൂ. ഒരാൾ മറ്റൊരാളുടെ പ്രശ്നം തിരിച്ചറിയുന്നിടത്താണ് സാമൂഹ്യപ്രതിബദ്ധത തുടങ്ങുന്നത്. അതാണ് രാഷ്ട്രീയതുടക്കം. ഇവിടെ നാട് തകർന്നാലും തനിക്കും തന്റെ പാർടിക്കും എന്തെങ്കിലും നേട്ടമുണ്ടാക്കാൻ കഴിയുമോയെന്ന് നോക്കുന്നവരെ ചരിത്രം ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയും. ദുരന്തങ്ങളുടെ സന്ദർഭങ്ങളെ മതഭീകരതയ‌്ക്കും വർഗീയതയ‌്ക്കും ഉപയോഗിക്കാൻ ശ്രമിച്ച ലോകാനുഭവങ്ങളുണ്ട്. എന്നാൽ, കേരളത്തിൽ അതിനായി നടന്ന അപൂർവം ശ്രമങ്ങളെയും നാട് ഒറ്റക്കെട്ടായി പരാജയപ്പെടുത്തി. നവോത്ഥാനം പകർന്നുനൽകിയ ചരിത്രബോധം മലയാളിയുടെ കരുത്താണെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞു.

സെൽഫിയിലൂടെ അവനവനിലേക്ക് ഉൾവലിയുന്ന ആഗോളവൽക്കരണകാലത്തെ യുവാക്കൾ, അതേ സാങ്കേതികവിദ്യയെ ഉപയോഗിച്ച് മനുഷ്യന്റെ ജീവൻ രക്ഷപ്പെടുത്തുന്നതിനായി സമർപ്പിക്കുന്നതും ഈ കാലത്തെ അപൂർവകാഴ്ചയായിരുന്നു. തലകുനിച്ചുമാത്രം ഇരിക്കുന്നവർ എന്ന അധിക്ഷേപം കേട്ടിരുന്നവർ തലയുയർത്തിത്തന്നെ പ്രതിസന്ധിഘട്ടത്തിൽ നാടിനായി അണിനിരന്നു. ഇവർ നൽകുന്ന സാധ്യതകളെ ശരിയായ രൂപത്തിൽ ഭാവിയിൽ ഉപയോഗിക്കാൻ കഴിയേണ്ടത് പുരോഗമനശക്തികളുടെ ഉത്തരവാദിത്തമാണ്.
പ്രളയകാലത്തെ ഓണം പുതിയ കേരളത്തിന്റെ നിർമിതിയുടെ സന്ദേശമാണ് നൽകുന്നത്. തകർന്നുപോയതിന്റെ അതേരൂപത്തിലുള്ള പുനഃസൃഷ്ടിക്കല്ല, സർക്കാർ ശ്രമിക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പ്രളയം നൽകിയ അനുഭവങ്ങളിൽനിന്ന‌് പാഠം ഉൾക്കൊണ്ടുള്ള നവകേരളത്തിന്റെ നിർമിതിയാണ് സമൂഹവും ആഗ്രഹിക്കുന്നത്.

കാലാവസ്ഥവ്യതിയാനത്തിന്റേതായ കാലഘട്ടത്തിൽ പാരിസ്ഥികമായ കാഴ്ചപ്പാട് പ്രധാനമാണ്. മലവെള്ളം കയറിയ പാടങ്ങളിൽ നല്ല വിള കിട്ടിയിരുന്ന പഴയകാല കർഷകന്റെ അനുഭവമുണ്ട്. എക്കൽ അടിഞ്ഞ മണ്ണിൽനിന്ന‌് പുതിയകാല കൃഷിയുടെ വിത്തെറിയാൻ കേരളത്തിനു കഴിയണം. പ്രകൃതിക്കിണങ്ങുന്ന നിർമാണരീതികളും കാലം ആവശ്യപ്പെടുന്നു. പർവതനിരകളിൽനിന്ന‌് കടലിലേക്കുള്ള ഒഴുക്കിനെ തടസ്സപ്പെടുത്തിയവയെ പ്രളയം തകർത്തെറിഞ്ഞപ്പോൾ, അതിന്റെ തനിയാവർത്തനത്തിനായി നാടിനെ വിട്ടുകൊടുക്കാതിരിക്കാനുള്ള ജാഗ്രതയാണ് സർക്കാർ പ്രകടിപ്പിക്കുന്നത്. മനുഷ്യനും പ്രകൃതിയുമെന്ന സജാതീയ വൈരുധ്യത്തിലെ ശരിയായ ഇടപെടൽ ഒന്നിനെ തകർക്കുന്നതിലല്ല; കൂടുതൽ മെച്ചപ്പെട്ട ഒന്നിന്റെ വികാസത്തിലേക്കാണ് നയിക്കുക.

ഇന്നത്തെ കാലം നൽകുന്ന പരിമിതികളുണ്ട്. അതിനെ പഴിച്ച് പിൻവാങ്ങലല്ല ഭരണനേതൃത്വത്തിന്റെ ചുമതല. ഏതു പ്രതികൂല സാഹചര്യങ്ങളിലും സാധ്യമായ ഏറ്റവും മികച്ചതിലേക്ക് നാടിനെ നയിക്കലാണ‌് പുരോഗമനസർക്കാരിന്റെ കടമ. അത് ശരിയായി തിരിച്ചറിയുന്നതിനും പ്രയോഗിക്കുന്നതിനും കഴിയുന്നുവെന്നതാണ് ഇപ്പോഴത്തെ സർക്കാരിന്റെ സവിശേഷത. ചവിട്ടിത്താഴ്ത്തപ്പെട്ട മാവേലിയുടെ തിരിച്ചുവരവിന്റെ സന്ദേശമാണ് മലയാളിയുടെ ഓണം. അസുര ചക്രവർത്തിയെ ചവിട്ടിത്താഴ്ത്തിയ വാമനാവതാരത്തിന്റെ ആഘോഷമാണ് പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഇതേമിത്തിന്റെ വ്യാഖ്യാനം. ഈ വൈവിധ്യമാണ് ഇന്ത്യയുടെ പ്രത്യേകത. അതിന്റെ സത്ത ഉൾക്കൊണ്ട് വൈവിധ്യങ്ങളെ കോർത്തിണക്കി പുതിയ കേരളം കെട്ടിപ്പടുക്കാൻ പ്രളയകാലത്തെ ഓണത്തിന‌് പ്രതിജ്ഞയെടുക്കാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top