16 January Saturday

വികസന മുന്നണിയും കേരള വിരുദ്ധമുന്നണിയും - പി രാജീവ്‌ എഴുതുന്നു

പി രാജീവ്‌Updated: Thursday Dec 3, 2020

ഭാഗം 3

കേരളത്തിന്റെ വികസനത്തിനും ജനക്ഷേമത്തിനുംവേണ്ടി എൽഡിഎഫ് പ്രവർത്തിക്കുമ്പോൾ അതിനെ തകർക്കുന്നതിനാണ് യുഡിഎഫ്, ബിജെപി കൂട്ടുകെട്ട് ശ്രമിക്കുന്നത്. സ്വർണക്കടത്ത് അന്വേഷിക്കാൻ വന്ന കേന്ദ്രഏജൻസികൾ അതുചെയ്യാതെ അടിസ്ഥാനരഹിതമായി നാടിന്റെ വികസനം സ്തംഭിപ്പിക്കാനാണ് നോക്കുന്നത്. ലൈഫ് പദ്ധതിയും കെ ഫോണും തുടങ്ങി അതിവേഗ റെയിൽ പദ്ധതിയും ഉൾപ്പെടെയുള്ളവ സ്തംഭിപ്പിക്കുന്നതിനാണ് ഇവരുടെ നീക്കം. കോർപറേറ്റ് ആശ്രിതത്വമില്ലാതെ വികസനപദ്ധതികൾ നടപ്പാക്കാൻ ആവിഷ്കരിച്ച കിഫ്ബിയെ ഭരണഘടനാ വിരുദ്ധമാണെന്ന് വരുത്തിത്തീർക്കാൻ ഭരണഘടനാ സംവിധാനങ്ങളെവരെ ഉപയോഗിക്കുന്നു. സർക്കാരിന്റെ അവസാന മാസങ്ങളിൽ വികസനസ്തംഭനം ഉണ്ടാക്കുന്നതിനായി സാമ്പത്തിക സ്രോതസ്സുകളെ വളഞ്ഞിടാൻ നടത്തുന്ന ശ്രമം കേരളത്തിനെതിരായ യുദ്ധപ്രഖ്യാപനമാണ് 

രാജ്യത്ത് നടപ്പാക്കുന്ന ഉദാരവൽക്കരണ നയങ്ങൾക്കെതിരായ പ്രക്ഷോഭത്തിന്റെ  ഇപ്പോഴത്തെ രൂപമാണ് ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭം. കോർപറേറ്റ് മൂലധന താൽപ്പര്യങ്ങൾക്കായി കാർഷിക  ഉൽപ്പാദനവും വിതരണവും വിട്ടുകൊടുക്കുകയാണ് കാർഷിക ബില്ലുകൾ ചെയ്യുന്നത്. എന്നാൽ, സംസ്ഥാനത്തിന്റെ പരിമിതികൾക്കകത്തുനിന്ന് ബദൽ പ്രയോഗം എത്രമാത്രം സാധ്യമാകുമെന്നാണ് കേരളത്തിൽ എൽഡിഎഫ് സർക്കാർ പ്രവൃത്തിയിലൂടെ വ്യക്തമാക്കുന്നത്. നിലവിലുള്ള പരിമിതമായ തറവില പോലും എടുത്തുകളഞ്ഞ നിയമം കേന്ദ്രം പാസാക്കിയപ്പോഴാണ് പച്ചക്കറികൾക്കുകൂടി തറവില പ്രഖ്യാപിച്ച് രാജ്യത്തു തന്നെ പുതിയ ചരിത്രം സൃഷ്ടിക്കുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തത്. വിലയിലെ കയറ്റിറക്കങ്ങൾ പ്രതിസന്ധിയിലാക്കിയിരുന്ന കർഷകന് വലിയ ആശ്വാസമാണ് ഇതുവഴി ലഭിക്കുന്നത്.

സ്വന്തം ഭൂമിയിൽ കൃഷി ചെയ്യുന്ന കർഷകന് അതിനാവശ്യമായ സബ്‌സിഡികളും പിന്തുണയും നൽകുന്നതു കൂടാതെ റോയൽറ്റി നൽകാനും സർക്കാർ തീരുമാനിച്ചത് പാരിസ്ഥിതിക കാഴ്ചപ്പാടിന്റെ  ഉയർന്ന പ്രയോഗംകൂടിയാണ്. കർഷക പെൻഷനും ക്ഷേമനിധിയുംകൂടി നടപ്പാക്കിയതോടെ എത്രമാത്രം പ്രതിബദ്ധതയോടെ ബദൽ നയങ്ങൾ നടപ്പാക്കാൻ സംസ്ഥാന സർക്കാരിനു കഴിയുമെന്ന് തെളിയിക്കുകയാണ് ചെയ്തത്.

സേവനമേഖലകളിൽനിന്നും സർക്കാർ പിൻവാങ്ങുകയെന്നത് ഉദാരവൽക്കരണ നയത്തിന്റെ പ്രധാന മുദ്രാവാക്യങ്ങളിൽ ഒന്നാണ്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളെ കമ്പോളത്തിന്റെ താൽപ്പര്യങ്ങൾക്കായി വിട്ടുകൊടുക്കുകയാണ് കേന്ദ്ര സർക്കാരുകൾ ചെയ്യുന്നത്. അതേസമീപനം തന്നെയാണ് കേരളത്തിൽ യുഡിഎഫ് സർക്കാരും പിന്തുടർന്നിരുന്നത്. ലാഭകരമല്ലെന്നു പ്രഖ്യാപിച്ച് സ്കൂളുകൾ അടച്ചുപൂട്ടലും കോർപറേറ്റ് ആശുപത്രി വ്യാപനവുമായിരുന്നു അന്നത്തെ സവിശേഷത.

എന്നാൽ, എൽഡിഎഫ് സർക്കാർ ബദൽ നയത്തിന്റെ പ്രയോഗം ദീർഘവീക്ഷണത്തോടെ പ്രയോഗിച്ചത് ഈ മേഖലകളിലായിരുന്നു. സർക്കാർ സ്കൂളുകളെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സമഗ്രമായ പദ്ധതിയാണ് നടപ്പാക്കുന്നത്. സാധാരണക്കാരായ വിദ്യാർഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുകയാണ് സർക്കാർ ചെയ്യുന്നത്.

പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആരോഗ്യശൃംഖലാസംവിധാനത്തെ ആധുനികവൽക്കരിച്ചു. നിപായെയും കോവിഡ് മഹാമാരിയെയും പ്രതിരോധിക്കുന്നതിൽ ഈ സംവിധാനം വലിയ പങ്കാണ് വഹിച്ചത്.


 

ഉദാരവൽക്കരണനയം പൊതുമേഖലയെ കൈയൊഴിയുന്നതാണ്. കോൺഗ്രസ് ആരംഭിച്ച സ്വകാര്യവൽക്കരണം ബിജെപി ശക്തമായി പിന്തുടരുന്നു. ഇതേ നയമാണ് യുഡിഎഫ് സർക്കാരുകളും കേരളത്തിൽ പിന്തുടർന്നത്. അതിന്റെ ഭാഗമായി സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. എന്നാൽ, എൽഡിഎഫ് സർക്കാർ പൊതുമേഖലയെ ശക്തിപ്പെടുത്തി. സർക്കാർ സൗകര്യങ്ങൾകൂടി ഉപയോഗിച്ച് വിപണനമേഖലയെ വിപുലപ്പെടുത്തി. ഇതുവഴി പൊതുമേഖലാ വ്യവസായസ്ഥാപനങ്ങൾ തുടർച്ചയായി ലാഭമുണ്ടാക്കുന്ന സംസ്ഥാനമായി കേരളം മാറി. തൊഴിൽ നഷ്ടപ്പെടുത്തുന്ന വളർച്ചയാണ് ആഗോളവൽക്കരണം നടപ്പാക്കുന്നത്. എന്നാൽ, കേരളം മൂന്ന്‌ അടിസ്ഥാനമേഖലയിലും തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുകയാണ് ചെയ്തത്. കോവിഡ് കാലത്ത് ലോകത്ത് തൊഴിൽനഷ്ടം ഞെട്ടലുളവാക്കുന്നതാണ്. എന്നാൽ, ഈ പ്രതിസന്ധി കാലത്തും പുതിയതായി 50,000 പുതിയ തൊഴിൽ അവസരം സൃഷ്ടിക്കുന്നതിന് ഈ സർക്കാരിന് കഴിഞ്ഞെന്നത് ശ്രദ്ധേയം.

സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടത്തെ ചൂഷണവും അസമത്വവും വർധിപ്പിക്കാൻ ഉപയോഗിക്കുന്ന പ്രക്രിയ കൂടിയാണല്ലോ ആഗോളവൽക്കരണം. ഇതുവഴി ഡിജിറ്റൽ വിഭജനം വർധിക്കുന്നു. രാജ്യത്തെ വിവരസാങ്കേതിക വിദ്യയുടെ നിയന്ത്രണം വൻകിട കോർപറേറ്റുകൾക്കാണ്. ഈ നയത്തിന് ബദലായാണ് കേരളം കെ ഫോൺ പദ്ധതി നടപ്പാക്കുന്നത്. എല്ലാ ജനങ്ങൾക്കും ഇന്റർനെറ്റ് പ്രാപ്യത ഉറപ്പുവരുത്തുന്ന പദ്ധതി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അതിവേഗ നെറ്റ് സൗകര്യവും സൗജന്യ നിരക്കിൽ ഉറപ്പുവരുത്തുന്നു. സേവന മേഖലകളിൽ ഉൾപ്പെടെ ചുരുങ്ങിയ നിരക്കിൽ ഇന്റർനെറ്റ് സൗകര്യം ലഭിക്കുന്നതോടെ സമ്പദ്ഘടനയുടെ വളർച്ചയും ത്വരിതപ്പെടും  ഈ രംഗം കൈയടക്കിയിരിക്കുന്ന വൻകിട കുത്തകകളുടെ താൽപ്പര്യത്തിന് എതിരായി നാടിന്റെയും ജനങ്ങളുടെയും താൽപ്പര്യം സംരക്ഷിക്കുകയാണ് എൽഡിഎഫ് സർക്കാർ ചെയ്യുന്നത്.

പ്രയോഗത്തിൽ വന്നില്ലെങ്കിലും ക്ഷേമരാഷ്ട്രമെന്ന സങ്കൽപ്പമാണ് സ്വതന്ത്ര്യാനന്തരം ഇന്ത്യ സ്വീകരിച്ചത്.  ഈ കാഴ്ചപ്പാടിനെ കമ്പോളാധിഷ്ഠിത ഉദാരവൽക്കരണ നയങ്ങൾ പൂർണമായും കൈയൊഴിഞ്ഞു. എന്നാൽ, ബദൽ പ്രയോഗത്തിന് നേതൃത്വം നൽകുന്ന ഇടതുമുന്നണി സർക്കാർ ക്ഷേമ സങ്കൽപ്പത്തെ സമാനതകളില്ലാത്തവിധം വിപുലപ്പെടുത്തി. ക്ഷേമ പെൻഷനുകൾ കുടിശ്ശിക തീർത്തുനൽകുകയും 1400 രൂപയായി വർധിപ്പിക്കുകയും ചെയ്തു. കോവിഡ് കാലത്ത് ജീവനായുള്ള പലായനങ്ങളാണ് രാജ്യത്ത് നടന്നതെങ്കിൽ സുരക്ഷിതമാക്കി ചേർത്തുപിടിക്കുകയാണ് കേരളം ചെയ്തത്. എല്ലാ കുടുംബത്തിനും സൗജന്യ റേഷനും ഭക്ഷ്യധാന്യങ്ങളും നൽകുകയും ചികിത്സയും പ്രതിരോധവും സൗജന്യമാക്കുകയും ചെയ്ത സർക്കാർ നടപടി ഇതിന്റെ ഉദാത്തമാതൃകയാണ്.

1957 മുതൽ പല ഘട്ടത്തിലായി കേരളം ഭരിച്ച ഇടതുപക്ഷ സർക്കാരുകൾ നടപ്പാക്കിയ ക്ഷേമപ്രവർത്തനങ്ങളാണ് സവിശേഷമായ കേരള മാതൃകയ്‌ക്ക് വഴിയൊരുക്കിയത്. എന്നാൽ, സേവനമേഖലയുടെ വളർച്ചയ്‌ക്ക് അനുസൃതമായി കാർഷിക, വ്യവസായ ഉൽപ്പാദന മേഖലകളിൽ തളർച്ചയുണ്ടാകുന്നത് കേരള മാതൃകയുടെ ദൗർബല്യമായി ഇ എം എസ് തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആ സ്വയംവിമർശനം ഉൾക്കൊണ്ട് പിണറായി സർക്കാർ ഏറ്റെടുത്തു വിജയിപ്പിച്ച ദൗത്യങ്ങൾ പുതിയ കേരളമാതൃകയിലേക്ക് നയിച്ചു.

സർക്കാർ മുൻകൈയെടുത്തു നടപ്പാക്കിയ പദ്ധതികൾ വഴി കാർഷികോൽപ്പാദനത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കി. സുഭിക്ഷ കേരളം പദ്ധതി വഴി ഭക്ഷ്യോൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുകയാണ് കേരളം. പശ്ചാത്തല സൗകര്യവികസനത്തിൽ ഇപ്പോൾ കേരളം കൈവരിച്ച നേട്ടങ്ങളും എടുത്തുപറയേണ്ടതാണ്, അസാധ്യമെന്നു കരുതിയ ഗെയിൽ പദ്ധതിയുടെ പൂർത്തീകരണവും ദേശീയപാത വികസനവുമെല്ലാം സമ്പദ്ഘടനയ്‌ക്ക് ഉണർവുപകരുന്ന സംഭാവനകളാണ്.

പരിമിതികൾക്കകത്തുനിന്ന് ബദൽ നയങ്ങൾ നടപ്പാക്കുകയും ജനങ്ങൾക്ക് ആശ്വാസം പകരുകയും ഒപ്പം സമര ഉപകരണമായി പ്രവർത്തിക്കുകയും ചെയ്യുന്നതായിരിക്കണം ഇടതുപക്ഷ സർക്കാരുകൾ എന്ന കാഴ്ചപ്പാടിന്റെ ശരിയായ പ്രയോഗമാണ് പിണറായി സർക്കാർ ചെയ്യുന്നത്

ഇത്തരം ബദൽ പ്രയോഗങ്ങൾക്ക് നേതൃത്വം നൽകുന്നതിനോടൊപ്പം ശക്തമായ സമര ഉപകരണമായി മാറാനും എൽഡിഎഫ് സർക്കാരിനു കഴിഞ്ഞു. നോട്ട് നിരോധനം പ്രഖ്യാപിച്ച ഘട്ടത്തിൽ അതിന്റെ അപകടം തുറന്നുകാണിക്കുന്നതിനും സഹകരണമേഖലയെ സംരക്ഷിക്കുന്നതിനുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭയാകെ തെരുവിൽ സമരത്തിന് നേതൃത്വം നൽകി. സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ള കൃഷിയിലും സമവർത്തിപ്പട്ടികയിൽ ഉൾപ്പെട്ട കാർഷിക വ്യാപാരത്തിലും ഏകപക്ഷീയമായി കേന്ദ്രം കൊണ്ടുവന്ന നിയമങ്ങൾക്കെതിരെ ഫെഡറൽ തത്വങ്ങൾ ഉയർത്തി നിയമ പോരാട്ടത്തിനും സർക്കാർ തയ്യാറായി. ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയിലും നീതിന്യായ സംവിധാനത്തിലും തെരുവിലും ശക്തമായ പ്രക്ഷോഭങ്ങൾക്ക് ഈ സർക്കാർ നേതൃത്വം നൽകി.

പരിമിതികൾക്കകത്തുനിന്ന് ബദൽ നയങ്ങൾ നടപ്പാക്കുകയും ജനങ്ങൾക്ക് ആശ്വാസം പകരുകയും ഒപ്പം സമര ഉപകരണമായി പ്രവർത്തിക്കുകയും ചെയ്യുന്നതായിരിക്കണം ഇടതുപക്ഷ സർക്കാരുകൾ എന്ന കാഴ്ചപ്പാടിന്റെ ശരിയായ പ്രയോഗമാണ് പിണറായി സർക്കാർ ചെയ്യുന്നത്. ഇതിന്റെകൂടി ഭാഗമായാണ് സംവരണേതര വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുകൂടി സംവരണം ഏർപ്പെടുത്തിയത്. നിലവിൽ സംവരണം ലഭിച്ചുകൊണ്ടിരിക്കുന്നവരുടെ സംവരണത്തിൽ ഒരു കുറവും വരുത്താതെയാണ് ഇത് നടപ്പാക്കുന്നത്.

കേരളത്തിന്റെ വികസനത്തിനും ജനക്ഷേമത്തിനുംവേണ്ടി എൽഡിഎഫ് പ്രവർത്തിക്കുമ്പോൾ അതിനെ തകർക്കുന്നതിനാണ് യുഡിഎഫ്, ബിജെപി കൂട്ടുകെട്ട് ശ്രമിക്കുന്നത്. സ്വർണക്കടത്ത് അന്വേഷിക്കാൻ വന്ന കേന്ദ്രഏജൻസികൾ അതുചെയ്യാതെ അടിസ്ഥാനരഹിതമായി നാടിന്റെ വികസനം സ്തംഭിപ്പിക്കാനാണ് നോക്കുന്നത്. ലൈഫ് പദ്ധതിയും കെ ഫോണും തുടങ്ങി അതിവേഗ റെയിൽ പദ്ധതിയും ഉൾപ്പെടെയുള്ളവ സ്തംഭിപ്പിക്കുന്നതിനാണ് ഇവരുടെ നീക്കം. കോർപറേറ്റ് ആശ്രിതത്വമില്ലാതെ വികസനപദ്ധതികൾ നടപ്പാക്കാൻ ആവിഷ്കരിച്ച കിഫ്ബിയെ ഭരണഘടനാ വിരുദ്ധമാണെന്ന് വരുത്തിത്തീർക്കാൻ ഭരണഘടനാ സംവിധാനങ്ങളെവരെ ഉപയോഗിക്കുന്നു. സർക്കാരിന്റെ അവസാന മാസങ്ങളിൽ വികസനസ്തംഭനം ഉണ്ടാക്കുന്നതിനായി സാമ്പത്തിക സ്രോതസ്സുകളെ വളഞ്ഞിടാൻ നടത്തുന്ന ശ്രമം കേരളത്തിനെതിരായ യുദ്ധപ്രഖ്യാപനമാണ്.

ഏതുവിധേനയും ഇടതുപക്ഷത്തെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി ഈ നീക്കം നടത്തുന്നത്. പിന്നീട് ബിജെപിക്ക് വിഴുങ്ങാൻ സ്വയംതയ്യാറായി നിൽക്കുന്ന കോൺഗ്രസ് തൽക്കാലത്തേക്ക് അധികാരത്തിൽ വന്നോട്ടെ എന്നതാണ് ഇവരുടെ നയം. അതുകൊണ്ടുകൂടിയാണ് നാലായിരത്തിലധികം സീറ്റിൽ ബിജെപി മത്സരിക്കാതിരിക്കുന്നതും. എങ്ങനെയെങ്കിലും അധികാരത്തിൽ എത്തുകയെന്ന ഏക അജൻഡയുള്ള കോൺഗ്രസ് അതിനുവേണ്ടി തിരുവനന്തപുരം കോർപറേഷനിൽ ഉൾപ്പെടെ ബിജെപിക്കായി നിശ്ശബ്ദം പ്രവർത്തിക്കുകയും ചെയ്യുന്നു.

വികസനമുന്നണിയും കേരള വിരുദ്ധമുന്നണിയുമെന്ന നിലയിലേക്കുകൂടി ഈ തെരഞ്ഞെടുപ്പ് മാറിയിരിക്കുന്നു. കേരളത്തെ തകർക്കാൻ ശ്രമിക്കുന്നവരെ പരാജയപ്പെടുത്തേണ്ടത് നാടിന്റെ പൊതുതാൽപ്പര്യമാണ്. ഒപ്പം ഇന്ത്യയിൽ ശക്തിപ്പെട്ടു വരുന്ന കേന്ദ്ര വിരുദ്ധസമരത്തിനും മതനിരപേക്ഷ ജനാധിപത്യ മുന്നേറ്റത്തിനും സമാനതകളില്ലാത്ത കരുത്തുപകരുകയും ചെയ്യും.

(അവസാനിച്ചു)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top