25 July Sunday

അമേരിക്കൻ മോഡലോ പാർലമെന്ററി ജനാധിപത്യമോ

പി രാജീവ്‌Updated: Wednesday Jan 29, 2020

1841 ബ്രിട്ടനിൽ വിക്ടോറിയ രാജ്ഞി അധികാരത്തിലിരിക്കുന്ന സന്ദർഭത്തിൽ പാർലമെന്റിൽ നടത്തേണ്ട നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങളോട് രാജ്ഞി വിയോജിപ്പ് പ്രകടിപ്പിച്ചു. ആ ഭാഗങ്ങളിൽ മാറ്റംവരുത്തണമെന്ന് അവർ നിർദേശിച്ചു. എന്നാൽ, മന്ത്രിസഭ തങ്ങൾ തയ്യാറാക്കിയ പ്രസംഗത്തിൽ മാറ്റംവരുത്താൻ തയ്യാറായില്ല. അതിനെ തുടർന്ന് രാജ്ഞി അതേ പ്രസംഗം തന്നെ വായിക്കാൻ നിർബന്ധിതമായെന്ന് ചരിത്രം. ഇതാണ് ബ്രിട്ടീഷ് പാർലമെന്ററി സംവിധാനത്തിന്റെ സവിശേഷത. രാജ്ഞിയുടെ പ്രസംഗമെന്നത്, നടത്താൻ പോകുന്ന നയപരിപാടികളെയും പാസാക്കാൻ ഉദ്ദേശിക്കുന്ന നിയമങ്ങളെയും സംബന്ധിച്ച് മന്ത്രിസഭ തയ്യാറാക്കുന്ന പ്രസംഗമാണ്. അതിന്റെ പൂർണമായ ഉത്തരവാദിത്തം മന്ത്രിസഭയ്‌ക്കാണ്.

ഈ രീതിയാണ് ഇന്ത്യൻ ഭരണഘടനയും പിന്തുടരുന്നത്. അതുകൊണ്ടാണ് ഗവർണറുടെ പ്രസംഗമെന്നത് ഗവൺമെന്റിന്റെ പ്രസംഗമാണെന്ന് പറയുന്നത്. അതിൽ മാറ്റംവരുത്താൻ ഗവർണർക്ക് അധികാരമുണ്ടോയെന്ന ചോദ്യം പലതവണ ഇന്ത്യയിൽ ഉയർന്നിട്ടുണ്ട്. ഗവർണറെ സംബന്ധിച്ച ഭരണഘടനാ കാഴ്‌ചപ്പാട് വിശദീകരിച്ച കഴിഞ്ഞ ലക്കത്തിന്റെ വായനക്കാർ പലരും ഇതുസംബന്ധിച്ച് കൂടുതൽ വിശദീകരണങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സ്ഥലപരിമിതിമൂലം അതിലേക്ക് കടക്കുന്നില്ല. എന്നാൽ, ഇതുസംബന്ധിച്ച് പ്രശസ്‌ത പാർലമെന്റേറിയനായ ഭൂപേശ് ഗുപ്തയുടെ നിലപാട് പാർലമെന്ററി സംവിധാനത്തെക്കുറിച്ചുള്ള ഭരണഘടനാ ചർച്ചകളുടെ തുടർച്ചയായി കാണാൻ കഴിയും. “മന്ത്രിസഭ തയ്യാറാക്കിയ പ്രസംഗത്തിൽ മാറ്റംവരുത്താനുള്ള വിവേചനാധികാരം ഭരണഘടന ഗവർണർക്ക് നൽകുന്നില്ല. ഗവർണറുടെ പ്രസംഗമെന്നത് മന്ത്രിതല പ്രസ്‌താവനയാണെന്നത് നമ്മുടെ ഭരണഘടന അനുസരിച്ചും കീഴ്‌വഴക്കം അനുസരിച്ചും ബ്രിട്ടീഷ് പാർലമെന്ററി സംവിധാനമനുസരിച്ചും വ്യക്തത വരുത്തിയിട്ടുള്ള കാര്യമാണ്. നമ്മുടെ ഭരണഘടന പിന്തുടരുന്നത് ബ്രിട്ടീഷ് പാർലമെന്ററി സംവിധാനമാണ്.’’

ഇന്ത്യൻ ഭരണഘടനാ അസംബ്ലി നടത്തിയ പലതലത്തിലുള്ള ചർച്ചകളെ തുടർന്നാണ് ബ്രിട്ടീഷ് പാർലമെന്ററി സംവിധാനം പിന്തുടരാൻ നിശ്ചയിച്ചത്. പ്രധാനമായും മൂന്നു കാഴ്ചപ്പാടുകളാണ് ഉണ്ടായിരുന്നത്. ഒന്ന് ബ്രിട്ടീഷ് പാർലമെന്ററി സംവിധാനത്തിലുള്ള ഭരണനിർവഹണ സംവിധാനവും നിയമനിർമാണസഭയും നീതിന്യായസംവിധാനവും. രണ്ടാമത്തേത്‌ അമേരിക്കൻ മോഡലായ പ്രസിഡൻഷ്യൽ ഭരണസംവിധാനം. തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റും അവരിൽ കേന്ദ്രീകരിക്കുന്ന അധികാര സംവിധാനങ്ങളും. മൂന്നാമതായി സ്വിറ്റ്‌സർലൻഡ്‌ മാതൃകയിലുള്ള സമ്മിശ്രസംവിധാനവും ഒരു ന്യൂനപക്ഷം മുന്നോട്ടുവച്ചിരുന്നു.
ഭരണഘടനാ അസംബ്ലി അംഗീകരിച്ച പ്രമേയം അവതരിപ്പിച്ചുകൊണ്ട് ജവാഹർലാൽ നെഹ്‌റു ഇപ്രകാരം പറഞ്ഞു. “ഇന്ത്യയെ പരമാധികാര റിപ്പബ്ലിക്കായി ഈ പ്രമേയം പ്രഖ്യാപിക്കുന്നു. നമ്മൾ ഇതുവരെ റിപ്പബ്ലിക് എന്ന വാക്ക് പ്രയോഗിച്ചിട്ടില്ല. പക്ഷേ, സ്വതന്ത്ര ഇന്ത്യ റിപ്പബ്ലിക്കല്ലാതെ മറ്റൊന്നുമല്ലെന്ന് നിങ്ങൾക്ക് എല്ലാവർക്കും
അറിയാം.”ഭരണഘടനയുടെ കരട് രൂപങ്ങളിലേക്ക് പോകുന്നതിനു മുമ്പുതന്നെ എങ്ങനെയായിരിക്കണം ഇന്ത്യൻ ഭരണഘടനയെന്നതു സംബന്ധിച്ച് ഇതിന്റെ അടിസ്ഥാനത്തിൽ അംഗങ്ങൾക്ക് അഭിപ്രായം പ്രകടിപ്പിക്കുന്നതിനു സന്ദർഭം നൽകിയിരുന്നു. അതിനു സഹായകരമായി അഞ്ചു ഭാഗങ്ങളിലായി 27 ചോദ്യം എല്ലാ അംഗങ്ങൾക്കും നൽകിയിരുന്നു. അതിൽ 12–-ാമത്തെ ചോദ്യം ഏതു സ്വഭാവത്തിലുള്ള ഭരണസംവിധാനമാണ് വേണ്ടത് എന്നതു സംബന്ധിച്ചായിരുന്നു. നേരത്തെ പരാമർശിച്ച മൂന്നു രീതികളും ഇതിൽ സൂചിപ്പിക്കുന്നുണ്ട്.

കേന്ദ്രത്തിലെയും പ്രവിശ്യകളിലെയും ഭരണഘടനയെ സംബന്ധിച്ച കാഴ്ചപ്പാടുകളെ രൂപപ്പെടുത്തുന്നതിനായി രണ്ടു കമ്മിറ്റികൾ നിശ്ചയിക്കുന്നുണ്ട്. കേന്ദ്രത്തിന്റെ കമ്മിറ്റിയുടെ അധ്യക്ഷൻ ജവാഹർലാൽ നെഹ്‌റുവും പ്രവിശ്യകളുടേത് സർദാർ വല്ലഭ്‌ഭായ് പട്ടേലുമായിരുന്നു. അവരുടെ റിപ്പോർട്ടുകൾ ബ്രിട്ടീഷ് പാർലമെന്ററി സംവിധാനത്തിന് അനുകൂലമായിരുന്നു. ‘ശക്തമായ കേന്ദ്രത്തോടെയുള്ള ഫെഡറൽ ഘടന എന്ന കാഴ്ചപ്പാടാണ് അംഗീകരിക്കപ്പെട്ടത്. നെഹ്‌റു സമർപ്പിച്ച റിപ്പോർട്ടിൽ ‘പ്രസിഡന്റിനെ അദ്ദേഹത്തിന്റെ ചുമതലകൾ നിർവഹിക്കുന്നതിൽ ഉപദേശിക്കുന്നതിനും സഹായിക്കുന്നതിനും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഒരു മന്ത്രിസഭയുണ്ടായിരിക്കുമെന്ന് വ്യക്തമാക്കി. എന്നാൽ, പ്രവിശ്യകളിലെ ഗവർണർമാരുടെ പദവിയെ സംബന്ധിച്ച് വ്യത്യസ്‌ത അഭിപ്രയങ്ങൾ ഉയർന്നു. അമേരിക്കയിൽ സംസ്ഥാനങ്ങളിലെ ഗവർണർമാർക്കുള്ളതുപോലെ ഭരണനിർവഹണാധികാരം ഉണ്ടാകണമെന്നതായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. എന്നാൽ, തത്വത്തിൽ അംഗീകരിച്ച ബ്രിട്ടീഷ് പാർലമെന്ററി സംവിധാനത്തിന്റെ കാഴ്ചപ്പാടിന് അത് എതിരായിരിക്കുമെന്ന നിലപാടാണ് ഭൂരിപക്ഷം പേരും സ്വീകരിച്ചത്. പട്ടേലിന്റെ നേതൃത്വത്തിലുള്ള സമിതി തയ്യാറാക്കിയ റിപ്പോർട്ടിൽ മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് ഗവർണർ പ്രവർത്തിക്കണമെന്നും അധികാരങ്ങൾ ദുർവിനിയോഗം ചെയ്യരുതെന്നും വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കി.

പാർലമെന്ററി ജനാധിപത്യത്തെ സംബന്ധിച്ചും വ്യത്യസ്‌ത കാഴ്ചപ്പാടുകളുണ്ടായി. അതിലൊന്ന് നിയമനിർമാണസഭ മന്ത്രിമാരെ തെരഞ്ഞെടുക്കുകയും അവർ ചേർന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുകയുമെന്നതായിരുന്നു. എന്നാൽ, അത് കൂട്ടായ ഉത്തരവാദിത്തമില്ലാതാക്കുമെന്നും ഓരോ മന്ത്രിയും വ്യക്തിപരമായ ഉത്തരവാദിത്തത്തിലേക്ക് ചുരുങ്ങുമെന്നും സർദാർ വല്ലഭ്‌ഭായ് പട്ടേൽ വ്യക്തമാക്കി. ഈ ചർച്ചയിൽ ഇടപെട്ടുകൊണ്ട് പാർലമെന്ററി സംവിധാനമാണ് നമ്മൾ അംഗീകരിച്ചതെന്ന് നെഹ്‌റു വ്യക്തമാക്കി. “പാർലമെന്ററി സംവിധാനമോ പ്രസിഡൻഷ്യൽ സംവിധാനമോ വേണ്ടതെന്ന ചോദ്യത്തിന് നമ്മൾ ഉത്തരം കണ്ടെത്തി. പാർലമെന്ററി സംവിധാനം അംഗീകരിച്ചതോടെ അധികാരങ്ങൾ മന്ത്രിസഭയിലും നിയമസഭകളിലുമാണ്. അത് പ്രസിഡന്റിൽ അല്ലതന്നെ.”

ഈ കാഴ്‌ചപ്പാടിന് അനുസരിച്ചാണ് ഭരണഘടന തയ്യാറാക്കുന്ന അംബേദ്കറുടെ നേതൃത്വത്തിലുള്ള ഡ്രാഫ്റ്റിങ് കമ്മിറ്റി ഓരോ ആർട്ടിക്കിളും തയ്യാറാക്കുന്നത്. എന്നാൽ, ഇതിന്റെ ചർച്ചയിലും വോട്ടെടുപ്പിലും അമേരിക്കൻ മോഡൽ നിലപാടുകാർ വീണ്ടും ഭേദഗതികൾ അവതരിപ്പിച്ചു. ‘യൂണിയൻ ഓഫ് ഇന്ത്യയുടെ തലവനും ചീഫ് എക്‌സിക്യൂട്ടീവും പ്രസിഡന്റ് ഓഫ് ഇന്ത്യ എന്ന് അറിയപ്പെടും’ എന്ന ഭേദഗതി കെ ടി ഷാ അവതരിപ്പിച്ചു. ചില അംഗങ്ങൾ അതിനോട് യോജിച്ചു. എന്നാൽ, ഭൂരിപക്ഷവും നേരത്തെ അംഗീകരിച്ച നിലപാട് ആവർത്തിച്ചു. പൊതുചർച്ചയിൽ ഇടപെട്ടുകൊണ്ട് അംബേദ്കർ ഇന്ത്യ അംഗീകരിക്കുന്ന പാർലമെന്ററി കാഴ്ചപ്പാടിനെ ലളിതമായി വിശദീകരിച്ചു. “ഇംഗ്ലീഷ് ഭരണഘടനയിൽ എന്താണോ രാജാവിന്റെ സ്ഥാനം അതേ സ്ഥാനമായിരിക്കും ഈ കരട് ഭരണഘടനയിൽ പ്രസിഡന്റിനുണ്ടാകുക. അദ്ദേഹം രാഷ്ട്രത്തിന്റെ തലവനായിരിക്കും, പക്ഷേ, ഭരണത്തിന്റെ (എക്‌സിക്യൂട്ടീവിന്റെ) തലവനായിരിക്കുകയില്ല. അദ്ദേഹം രാഷ്ട്രത്തെ പ്രതിനിധാനം ചെയ്യുന്നു, പക്ഷേ ഭരിക്കുന്നില്ല. അദ്ദേഹം രാഷ്ട്രത്തിന്റെ പ്രതീകമാണ്. എന്നാൽ, മന്ത്രിസഭയുടെ ഉപദേശത്താൽ ബന്ധിതനാണ്. അവരുടെ ഉപദേശത്തിന് വിരുദ്ധമായി ഒന്നും ചെയ്യാൻ കഴിയില്ലെന്ന് മാത്രമല്ല അവരുടെ ഉപദേശമില്ലാതെ ഒന്നും പ്രവർത്തിക്കാനും കഴിയില്ല.” ഈ വാചകങ്ങൾ പാർലമെന്ററി സംവിധാനത്തെ സംബന്ധിച്ച അടിസ്ഥാന കാഴ്‌ചപ്പാടാണ്.

എന്നാൽ, പ്രയോഗത്തിൽ ഇത് പലപ്പോഴും ലംഘിക്കപ്പെട്ടിട്ടുണ്ട്. ആ സന്ദർഭങ്ങളിൽ സുപ്രീംകോടതി ഭരണഘടനയുടെ ഈ കാഴ്ചപ്പാട് ഉയർത്തിപ്പിടിച്ചാണ് പലപ്പോഴും നിർണായകവിധികൾ പ്രഖ്യാപിച്ചിട്ടുള്ളത്. ശംഷേർസിങ് കേസിലെ സുപ്രീംകോടതി വിധി ഇന്ന് ഏറെ പ്രസക്തമാണ്. “എവിടെയൊക്കെയാണോ പ്രസിഡന്റിന്റെയും ഗവർണറുടെയും അധികാരവിനിയോഗത്തിന് അവരുടെ സംതൃപ്തി [satisfaction] ആവശ്യപ്പെടുന്നത് അത് പ്രസിഡന്റിന്റെയോ ഗവർണറുടെയോ വ്യക്തിപരമായ സംതൃപ്തിയല്ല. പകരം അത് പാർലമെന്ററി സംവിധാനത്തെ അടിസ്ഥാനപ്പെടുത്തിയ ഭരണഘടനാ ബോധത്തിൽനിന്നും പ്രസിഡന്റിനും ഗവർണർക്കുമുള്ള സംതൃപ്തിയാണ്. അതിന്റെ അർഥം ഇതാണ്, ഏതു മന്ത്രിസഭയുടെ ഉപദേശത്തിലും സഹായത്തിലുമാണോ പ്രസിഡന്റോ  ഗവർണറോ പ്രവർത്തിക്കേണ്ടത് ആ മന്ത്രിസഭയുടെ സംതൃപ്തിയല്ലാതെ മറ്റൊന്നുമല്ല അത്. ’’ ഇതോടൊപ്പം ഒരു താക്കീതുകൂടി ഉന്നത നീതിപീഠം നടത്തി. “മന്ത്രിസഭയുടെ ഉപദേശത്തിനു വിരുദ്ധമായി ഒരു സമാന്തര ഭരണസംവിധാനം ഉണ്ടാക്കുന്നതിന് ഭരണഘടന ഗവർണറെ അനുവദിക്കുന്നില്ല. ’’

പാർലമെന്ററി ജനാധിപത്യത്തെ സംബന്ധിച്ച് അന്ന് ഭരണഘടനാ അസംബ്ലി തീർപ്പുകൽപ്പിച്ചതും സുപ്രീംകോടതി പല വിധികളിലൂടെയും ഊട്ടിയുറപ്പിക്കുകയും ചെയ്‌ത നിലപാടുകൾ വീണ്ടും തുറക്കാനുള്ള ശ്രമങ്ങളെ ഭരണഘടന തന്നെ പ്രതിരോധിക്കും. (തുടരും).

ഭാഗം അഞ്ച്‌:

ആരാണ്‌ ഗവർണർ

ഭാഗം നാല്‌:

ലാഹിരിയുടെ ഇടപെടലും മൗലികാവകാശങ്ങളും

ഭാഗം മൂന്ന്‌:

‘ജസ് സോളി’യോ ‘ജസ് സാൻഗ്യുനിസോ’

ഭാഗം രണ്ട്‌:

‘ഭരണഘടന: ചരിത്രവും സംസ്‌കാരവും’ - ആമുഖത്തിന്റെ ദർശനം

ഭാഗം ഒന്ന്‌:

ഭരണഘടന: ചരിത്രവും സംസ്‌കാരവും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top