20 April Saturday
സ. പി കണ്ണൻനായർ ദിനം ഇന്ന്‌

കരുത്തുറ്റ സംഘാടകൻ

കെ ജെ തോമസ്‌Updated: Tuesday Mar 6, 2018


ദേശാഭിമാനിയുടെ ഇന്നത്തെ വളർച്ചയ്ക്ക് അടിത്തറയിട്ട പേരുകളിൽ മുൻനിരയിലാണ് സഖാവ് പി കണ്ണൻനായരുടെ സ്ഥാനം. കൊച്ചി കേന്ദ്രീകരിച്ച് ദേശാഭിമാനിയുടെ നായകസ്ഥാനത്ത് പ്രവർത്തിക്കുമ്പോഴാണ് ആകസ്മികമായി കണ്ണൻനായരുടെ അന്ത്യം. ആ വേർപാടിന് 2018 മാർച്ച് ആറിന് 28 വർഷമാകുന്നു. വടക്കെ മലബാറിൽ കൊടക്കാട്ടെ ദരിദ്ര കർഷകകുടുംബത്തിൽ ജനിച്ച് പ്രാഥമികവിദ്യാഭ്യാസം കഷ്ടിച്ച് പൂർത്തിയാക്കിയശേഷം ബീഡിതെറുപ്പ് തൊഴിലായി സ്വീകരിച്ച കണ്ണൻനായരുടെ പിൽക്കാലജീവിതം നിരന്തരപോരാട്ടത്തിന്റേതും സംഘാടനത്തിന്റേതുമാണ്.

സ്വാതന്ത്ര്യസമരകാലത്ത് നാടിനുവേണ്ടിയുള്ള പോരാട്ടത്തിന് ലക്ഷ്യബോധം നൽകാനാണ് ദേശാഭിമാനി പ്രവർത്തിച്ചത്. 1939ൽ പരസ്യപ്രവർത്തനം ആരംഭിച്ച കമ്യൂണിസ്റ്റ് പാർടിയുടെ പിൽക്കാലവളർച്ചയുടെയും സംഭാവനകളുടെയും ചരിത്രം ദേശാഭിമാനിയുടെ ചരിത്രംകൂടിയാണ്. പ്രചാരത്തിന്റെ വർധനയ്ക്കനുസൃതമായി സംസ്ഥാനത്തിനകത്ത് ഓരോ ജില്ലയിലും എഡിഷനുകൾ ആരംഭിക്കാനുള്ള വളർച്ചയിലേക്കാണ് നീങ്ങുന്നത്. ശാസ്ത്ര‐ സാങ്കേതിക രംഗത്തെയും മാധ്യമമേഖലയിലെയും മാറ്റങ്ങളും വളർച്ചയും ഉൾക്കൊണ്ട് ദേശാഭിമാനി പുതിയ തലത്തിലേക്ക് ഉയരുകയാണ്. 

സംസ്ഥാനത്ത് പ്രചാരത്തിൽ മൂന്നാമത് ദേശാഭിമാനിയാണ്. പുതിയ വായനക്കാരെ ആർജിക്കുന്നതിൽ മറ്റാരെയും വെല്ലാൻ ദേശാഭിമാനിക്ക് കഴിയുന്നു. മാത്രമല്ല, മറ്റേത് പത്രത്തേക്കാളും കൂടുതൽ ജനങ്ങളെ സ്വാധീനിക്കാൻ പ്രാപ്തിയുള്ള പത്രവുമാണ്. കാലാനുസൃത മാറ്റങ്ങൾ ഉൾക്കൊണ്ട് സമ്പൂർണ ദിനപത്രമായി ഉയർന്ന ദേശാഭിമാനിയുടെ നാൾവഴിയിൽ, ത്യാഗപൂർണമായ പ്രവർത്തനങ്ങളിലൂടെ ജീവിതംതന്നെ സമർപ്പിച്ച സഖാവ് കണ്ണൻനായരുടെ സംഭാവന അതുല്യമാണ്.

പ്രാഥമികവിദ്യാഭ്യാസം മാത്രമുള്ള സഖാവിന് പത്രരംഗത്ത് ശ്രദ്ധേയമായ നേട്ടംകൈവരിക്കാൻ കഴിഞ്ഞത് വിപ്ലവബോധവും തൊഴിലാളിവർഗ പ്രസ്ഥാനത്തോടുള്ള അചഞ്ചലമായ കൂറുംകൊണ്ടാണ്. 1943ൽ പാർടി അംഗമായി. 1948ലെ മെയ്ദിനത്തിൽ മുനയൻകുന്നിൽ നടന്ന സായുധ പൊലീസിന്റെ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മുനയൻകുന്ന് പോരാട്ടത്തിലെ ജീവിക്കുന്ന രക്തസാക്ഷിയായാണ് അദ്ദേഹം അറിയപ്പെട്ടത്. പൊലീസ് മർദനംമൂലം ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. 1946ൽ കരിവെള്ളൂർ കേസിൽ പ്രതിയായ സഖാവിനെപൊലീസ് ക്രൂരമായി മർദിച്ചു. അന്നും തടവറയിൽകിടക്കേണ്ടിവന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം 1950ൽ ഏതാനും മാസം സഖാവിനെ ജയിലിലടച്ചു.പിന്നീട് 1964ൽ 16 മാസം ജയിലിൽ കഴിയേണ്ടിവന്നു. ദേശാഭിമാനിയുടെ ചുമതലക്കാരൻ എന്നനിലയിൽ കൊച്ചിയിലേക്ക് പ്രവർത്തനകേന്ദ്രം മാറ്റിയതോടെ, പത്രത്തിന്റെ വളർച്ചയായി സഖാവിന്റെ ഏകലക്ഷ്യം.

വൻപ്രചാരം അവകാശപ്പെടുന്ന പ്രമുഖ മലയാളപത്രങ്ങൾ ആഗോളവൽക്കരണ‐ ഉദാരവൽക്കരണ നയത്തിന്റെ പ്രചാരകരായി മാറിയപ്പോൾ, ഒഴുക്കിനെതിരെ നീന്തിയാണ് ദേശാഭിമാനി വളർന്നത്. വാർത്താവിനിമയരംഗത്തെ സാങ്കേതികശേഷി, ധാർമിക‐ രാഷ്ട്രീയ അന്തരീക്ഷം മികവുറ്റതാക്കാനും സാമൂഹ്യപുരോഗതിയെ ഉത്തേജിപ്പിക്കാനും ഉപയോഗിക്കുന്നതിനുപകരം ആശയപരമായ വിധ്വംസകപ്രവർത്തനങ്ങൾക്കാണ് ബൂർഷ്വാ മാധ്യമങ്ങൾ ഉപയോഗിക്കുന്നത്. കേരളത്തിൽ സിപിഐ എമ്മിനെ ലക്ഷ്യമിട്ട്നടക്കുന്ന ഗീബൽസിയൻ പ്രചാരണങ്ങൾ തുറന്നുകാട്ടാനും മഹാഭൂരിപക്ഷം ജനങ്ങളെയും നേരിന്റെകൂടെ നിർത്താനും ദേശാഭിമാനിക്ക് ഫലപ്രദമായി സാധിക്കുന്നുവെന്നത് നിസ്സാര കാര്യമല്ല. പച്ചയായ സാമൂഹ്യയാഥാർഥ്യങ്ങളെ തമസ്കരിച്ചും തിരസ്കരിച്ചും നിസ്സാരവൽക്കരിച്ചും ജനങ്ങളെ ആലസ്യത്തിലേക്കും അരാഷ്ട്രീയത്തിലേക്കും തള്ളിവിടുന്ന ബൂർഷ്വാ മാധ്യമങ്ങളോട് ഇഞ്ചോടിഞ്ച് പൊരുതിയാണ് ദേശാഭിമാനി മുന്നേറുന്നത്. അതുകൊണ്ടുതന്നെ ദേശാഭിമാനിക്ക് എതിരാളികളുടെ നിരന്തരമായ ആക്രമണം നേരിടേണ്ടിവരുന്നു.

ഇന്ന് നാം ജീവിക്കുന്ന കേരളം നേടിയ പുരോഗതിയുടെ വലിയൊരളവ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സംഭാവനയാണ്. നിലനിൽക്കുന്ന പരിമിതികളെ അതിജീവിച്ച് പുതിയ കേരളം കെട്ടിപ്പടുക്കുക എന്ന മുദ്രാവാക്യം ഐക്യകേരള രൂപീകരണത്തിനുമുമ്പുതന്നെ കമ്യൂണിസ്റ്റ് പാർടി ഉയർത്തിയതും അതിന്റെ അടിസ്ഥാനത്തിൽ നവകേരളസൃഷ്ടിക്കായി പ്രവർത്തിച്ചതുമാണ്. നവോത്ഥാനമൂല്യങ്ങളെ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും പ്രയത്നിച്ചത് കമ്യൂണിസ്റ്റുകാരാണ്. കേരളത്തിന്റെ വികസനവും നേട്ടങ്ങളും നവോത്ഥാനമൂല്യങ്ങളും തകർക്കാനുള്ള വലതുപക്ഷശ്രമം ഊർജിതമായി നടക്കുന്ന ഘട്ടമാണിത്. അതിനെതിരായ തീവ്രപോരാട്ടത്തിലാണ് ഇടതുപക്ഷം. ഇടതുപക്ഷ സർക്കാരുകൾ സംസ്ഥാനത്തെ മാറ്റിയത് എപ്രകാരമാണെന്ന് അനുഭവിച്ചറിഞ്ഞവരാണ് കേരളജനത. യുഡിഎഫ് ഭരണം ആ നേട്ടങ്ങളെ എങ്ങനെയെല്ലാം തകർത്തു എന്ന് ജനം അനുഭവിച്ചറിഞ്ഞതാണ്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പ് ഈ അഴിമതിവാഴ്ചയ്ക്കുള്ള അവസാനത്തെ മുന്നറിയിപ്പായിരുന്നു. 2016 മെയ് 25ന് പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് മന്ത്രിസഭ അധികാരത്തിലെത്തി. മതനിരപേക്ഷതയിൽ അടിയുറച്ചുനിന്ന് കേരളത്തിൽ സമഗ്രവികസനം എത്തിക്കുമെന്ന എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കുന്നതിനുള്ള പരിശ്രമത്തിലാണ് കഴിഞ്ഞ രണ്ടുവർഷത്തോളമായി സർക്കാർ. ആഗോളവൽക്കരണ നയങ്ങൾക്ക് ബദലില്ലെന്ന കാഴ്ചപ്പാടിനെ തിരുത്തിയാണ് ഫെഡറൽ സംവിധാനത്തിന്റെ പരിമിതികളുണ്ടെങ്കിലും എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. രാജ്യത്ത് ആക്രമണോത്സുക വർഗീയ അജൻഡയും നവലിബറൽ നയങ്ങളും നടപ്പാക്കുന്ന ബിജെപി സർക്കാരിന് ബദലായി കേരള സർക്കാരിന്റെ നടപടികൾ മാറി. ഇത്തരം ബദൽനയം പൊരുതുന്ന ജനങ്ങൾക്കാകെ ആവേശവും വഴികാട്ടിയുമാണ്. കോൺഗ്രസിനും ബിജെപിക്കും ബദലായി ജനപക്ഷരാഷ്ട്രീയത്തിന്റെ നയരേഖയായി സംസ്ഥാന സർക്കാർ മാറുന്നു.

എന്നാൽ, മറുവശത്ത് നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഇന്ത്യയുടെ മതനിരപേക്ഷതയെയും ബഹുസ്വരതയെയും തകർക്കാനുള്ള ശ്രമത്തിലാണ്. ആവിഷ്കാരസ്വാതന്ത്ര്യം കടുത്ത ഭീഷണിയാണ് നേരിടുന്നത്. ജനാധിപത്യം പൂർണമായും അട്ടിമറിക്കുകയാണ്. ഏറ്റവും ഒടുവിൽ ത്രിപുരയിൽ നടന്ന തെരഞ്ഞെടുപ്പിൽ അധികാരദുർവിനിയോഗവും പണക്കൊഴുപ്പും പരമാവധി ഉപയോഗിച്ച് വിജയംകണ്ടു. ബിജെപിക്ക് എല്ലാവിധ ഒത്താശയും ചെയ്തുകൊടുത്തത് കോൺഗ്രസാണ്. 7.6 ലക്ഷം വോട്ടാണ് ഒറ്റയടിക്ക് ബിജെപിക്ക് മറിച്ചുനൽകിയത്. വിഘടനവാദികളെ പ്രോത്സാഹിപ്പിച്ച് ഒപ്പംനിർത്തിയ ബിജെപിതന്ത്രം നാടിനെ വീണ്ടും കലാപത്തിലേക്ക് തള്ളിവിടാനേ സഹായിക്കൂ. ത്യാഗോജ്വലമായ അനവധി സമരങ്ങളിലൂടെ ജനമനസ്സിലിടം നേടിയ ത്രിപുരയിലെ ഇടതുമുന്നണി ഈ തിരിച്ചടിയിൽനിന്ന് കൂടുതൽ കരുത്താർജിച്ച് തിരിച്ചുവരികതന്നെ ചെയ്യും. കേന്ദ്ര സർക്കാർ സൃഷ്ടിച്ച ദുരിതത്തിന്റെയും പീഡനത്തിന്റെയും വിദ്വേഷത്തിന്റെയും കഠിനനാളുകളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. എന്നാൽ, കോർപറേറ്റ്‐ വലതുപക്ഷ മാധ്യമങ്ങൾ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുന്നു. ഇത്തരം നീക്കങ്ങൾ ചെറുക്കാനും യഥാർഥ ജനപക്ഷരാഷ്ട്രീയത്തിന്റെ പ്രാധാന്യവും പ്രസക്തിയും കൂടുതലായി ജനങ്ങളെ ബോധ്യപ്പെടുത്താനുമുള്ള ദൗത്യമാണ് ദേശാഭിമാനി നിർവഹിക്കുന്നത്. സ. കണ്ണൻനായരുടെ സ്മരണ ഇത്തരം പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തും ഊർജവും പകരും
 

പ്രധാന വാർത്തകൾ
 Top