06 December Monday

ഭൂമിയുടെ അവകാശികൾക്ക് പട്ടയം - പി കെ സജീവ്‌ എഴുതുന്നു

പി കെ സജീവ്‌Updated: Tuesday Sep 29, 2020

ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് ഉപാധിരഹിത പട്ടയം യാഥാർഥ്യമാക്കിയത്‌ എൽഡിഎഫ്‌ സർക്കാരാണ്‌. എഴുപതിനായിരത്തോളം ആദിവാസികൾ അധിവസിക്കുന്ന തൊടുപുഴയിൽ കഴിഞ്ഞ ദിവസം ആരംഭിച്ച പട്ടയവിതരണത്തോടെ കേരളത്തിന്റെ ചരിത്രംതന്നെ തിരുത്തിക്കുറിക്കുന്ന നടപടികളാണ്  സർക്കാർ നടപ്പാക്കിയത്. പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്  നിറവേറ്റിയിരിക്കുന്നത്.

ഭൂമിയോടു ബന്ധപ്പെട്ടല്ലാതെ മനുഷ്യവർഗത്തിനെന്നല്ല, സർവചരാചരങ്ങൾക്കും ജീവിതമില്ല. വെള്ളത്തിനും വായുവിനും ജീവനോപാധികൾക്കും പാർപ്പിടത്തിനുമെല്ലാം നമുക്ക് ആശ്രയവും ആധാരവും ഭൂമി മാത്രമാണ്. അതിനാൽതന്നെ ഭൂമിയും അതിനുമേലുള്ള അവകാശാധികാരവും ഏറ്റവും മുഖ്യമായിത്തീരുന്നു.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തെ വേർതിരിച്ചു നിർത്തുന്നതിൽ ഭൂമിയുടെ അവകാശികൾ ആരെന്നത് ഏറ്റവും പ്രസക്തമായ ഒന്നാണ്. പതിറ്റാണ്ടുകളായി സ്വന്തം ഭൂമിയിൽ ജീവിച്ചിട്ടുപോലും ആ ഭൂമിക്ക് അവകാശികൾ അവരല്ലെന്ന് ഭരണാധികാരികൾ പ്രഖ്യാപിക്കുന്ന സ്ഥിതി കേരളത്തിലുണ്ടായിരുന്നു. ജനിച്ചു ജീവിച്ച് മരിച്ചു പോകുന്ന മണ്ണ് തങ്ങൾക്കും തങ്ങളുടെ ഭാവിതലമുറകൾക്കും ലഭിക്കണമെന്നത് അതിനാൽതന്നെ ആഗ്രഹത്തിനപ്പുറത്ത് അവകാശമായി പരിണമിക്കുന്നതായി കാണാം.  കാട് അടങ്ങുന്ന ഭൂമിയെ തന്റെതന്നെ ഭാഗമായി കാണുകയും അതിന്റെ ജൈവികതയെ ഒരു പോറലുമേൽപ്പിക്കാതെ കാത്തുസംരക്ഷിക്കുന്ന മണ്ണിന്റെ നേരവകാശികളായ ആദിവാസികൾ, മറ്റ്‌ ജനവിഭാഗങ്ങൾക്കു ലഭ്യമായ പട്ടയത്തിനായുള്ള മുറവിളികൾ ഉയർത്തുമ്പോൾ അതിനെ ജനാധിപത്യ സർക്കാരുകൾക്ക് തള്ളിക്കളയാൻ കഴിയില്ല. ഭൂമിയെ തന്റെതന്നെ ജീവിതത്തിന്റെ ഭാഗമായി കാണുന്ന ഒരു ജനത, ജനാധിപത്യ ഭരണകൂടങ്ങളെ സൃഷ്ടിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നവരുമായ ആദിവാസികൾ ഭൂമിക്കായി ഉയർത്തുന്ന അവകാശവാദങ്ങൾക്ക് ജനാധിപത്യപ്രക്രിയ ആരംഭിച്ച കാലത്തേക്കാളും ചരിത്രമുണ്ട്.


 

കേരളത്തിന്റെ സാമൂഹ്യഘടനയിൽ വലിയതോതിലുള്ള മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന്  കാണാൻ കഴിയും. 1957ലും 1967ലും അധികാരത്തിൽ വന്ന ഇ എം എസ് സർക്കാർ കൊണ്ടുവന്ന ഭൂപരിഷ്കരണനിയമം, വിദ്യാഭ്യാസനിയമം, അധികാര വികേന്ദ്രീകരണത്തിനായുള്ള നീക്കങ്ങൾ എന്നിവ ഇതിന്‌ വൻതോതിൽ സഹായകമായി. ആദിവാസി ജനവിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കാൻ ഇടതുപക്ഷ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഭരണം മുൻകൈയെടുത്തു.

ഒന്നാം ഇ എം എസ് സർക്കാർമുതൽ ഇതിനായുള്ള ജാഗ്രതാപരമായ പ്രവർത്തനങ്ങളാണ്‌ നടത്തിയത്. കുടികിടപ്പവകാശംവഴി കുറഞ്ഞത് 10 സെന്റ് ഭൂമിയുടെ ഉടമസ്ഥത ലഭിക്കാനിടയായി. മിച്ചഭൂമിസമരവും കുടികിടപ്പു സമരവും കേരളത്തിന്റെ സാമൂഹ്യഘടന പൊളിച്ചെഴുതിയതിൽ നിർണായക പങ്കാണു വഹിച്ചത്. ഈ ഘട്ടത്തിലെല്ലാംതന്നെ അത്തരം പോരാട്ടങ്ങൾക്ക് ആദിവാസിജനത നൽകിയ പിന്തുണ ചരിത്രപരമാണ്.

കൊളോണിയൽ വാഴ്ചയുടെ കാലംമുതൽതന്നെ ആദിവാസികളെ അവരുടെ ഭൂമിയിൽനിന്ന്‌ വേർപെടുത്തുന്ന രീതി ആരംഭിച്ചു. ഭൂനികുതിയും പണ സമ്പദ്‌വ്യവസ്ഥയും ഏർപ്പെടുത്തിയതോടെ ഈ കാര്യങ്ങൾക്ക് ശമനമല്ല ഉണ്ടായത്. മറിച്ച്, കാലാകാലങ്ങളായി അവർ താമസിച്ചുപോന്ന വനങ്ങളിൽ അവർക്കുള്ള അവകാശം ഒരിക്കലും അംഗീകരിക്കുകപോലും ചെയ്യാത്ത സ്ഥിതിയാണുണ്ടായത്. ഈ കൊളോണിയൽ ചൂഷണത്തിനെതിരായാണ് ആദ്യകാല ഗിരിവർഗ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ഇതാകട്ടെ ഇന്ത്യയുടെ ചരിത്രത്തെത്തന്നെ പുതിയ ദിശയിലേക്ക് നയിക്കുന്നതാകുകയും ചെയ്തു. 

വലതുപക്ഷ ഭരണാധികാരികൾ  പിന്തുടരുന്ന മുതലാളിത്ത വികസനക്രമങ്ങൾ ആദിവാസിഭൂമിയിൽനിന്ന് അവരെ തുടർച്ചയായി അന്യവൽക്കരിച്ചു. ഒന്നാം ഇ എം എസ് സർക്കാർമുതൽ പിണറായി സർക്കാർവരെ നീണ്ടുനിൽക്കുന്ന ഇടതുപക്ഷ സർക്കാരുകൾ മാത്രമാണ് ആദിവാസിജനതയെ സംരക്ഷിച്ചുനിർത്തിയത്. ആദിവാസിഭൂമി തട്ടിയെടുക്കാൻ പലവിധ മാർഗങ്ങളാണ് ഗോത്രവർഗഇതരർ സ്വീകരിച്ചത്. 2016ൽ എൽഡിഎഫ്‌ ഇറക്കിയ പ്രകടനപത്രികയെ ആദിവാസി ജനവിഭാഗങ്ങൾ ശുഭപ്രതീക്ഷയോടെയാണ്‌ കണ്ടത്. പട്ടികവർഗക്ഷേമം എന്നതിൽ ഇപ്രകാരം പരാമർശമുണ്ട്:

"ആദിവാസികൾക്ക് അവരുടെ ഭൂമിയിലുള്ള അവകാശം സംരക്ഷിക്കുന്നതിനും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ കൈക്കൊള്ളും. ആദിവാസികളുടെ സമഗ്രവികസനത്തിന് ഭൂപ്രശ്നം പരിഹരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഭൂരഹിതരായ മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും ഒരേക്കർ ഭൂമിയെങ്കിലും പതിച്ചു നൽകുന്നതിനുള്ള നടപടി സ്വീകരിക്കും'' (പേജ് 52–-53).

ഇതേത്തുടർന്ന് അധികാരത്തിലെത്തിയ പിണറായി സർക്കാർ തങ്ങളുടെ വാഗ്ദാനം നിറവേറ്റാൻ പരിശ്രമിച്ചതായി കാണാം. പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് മറ്റുള്ളവർക്ക് എന്നതുപോലെതന്നെ പട്ടയം നൽകണമെന്ന് സംസ്ഥാന സർക്കാരിനോടും വിവിധ രാഷ്ട്രീയ നേതൃത്വങ്ങളോടും ഐക്യ മല അരയ മഹാസഭ നിരന്തരമായി ആവശ്യപ്പെട്ടുവരികയായിരുന്നു. മുമ്പ്‌ അധികാരത്തിൽ വന്നവരോട് ഇത്തരം ആവശ്യം ഉന്നയിക്കുകയും തെരഞ്ഞെടുപ്പിൽ പിന്തുണ നൽകുകയും ചെയ്തെങ്കിലും അധികാരത്തിലെത്തിയപ്പോൾ  വിസ്മരിക്കുകയായിരുന്നു.


 

ആദിവാസിഭൂമിക്ക്‌ പട്ടയം നൽകലുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളാണ് വിവിധ ഘട്ടങ്ങളിൽ ഉയർന്നുവന്നത്. നിയമപരമായും നയപരമായും സാങ്കേതികമായും ഇത്തരം പ്രശ്നങ്ങളോട് സന്ദർഭോചിതമായി ഇടപെടാൻ സംസ്ഥാനസർക്കാരിന്‌ സാധിച്ചിട്ടുണ്ട്. ആദിവാസിഭൂമിയുടെ പട്ടയവിതരണവുമായി ബന്ധപ്പെട്ട്  മൂന്ന് ഉത്തരവാണ് കേരള സർക്കാർ ഇറക്കിയിട്ടുള്ളത്. കേരള ഭൂപതിവ് പ്രത്യേക ചട്ടങ്ങൾപ്രകാരം പട്ടികവർഗ വിഭാഗക്കാർ കൈവശം വച്ചുവരുന്ന ഭൂമിക്ക്‌ പട്ടയം നൽകുന്നതിന്‌ നിർദേശം നൽകുകയും സുപ്രീംകോടതിയുടെ അനുമതി ലഭിച്ച 19,000 ഏക്കർ ഭൂമി ഭൂരഹിതർക്ക് നൽകണമെന്നതിനുള്ള നടപടി ത്വരിതപ്പെടുത്തുന്നതിന് റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, പട്ടികവർഗ വികസനവകുപ്പ് ഡയറക്ടർ എന്നിവരടങ്ങിയ സമിതി രൂപീകരിച്ച് ഉത്തരവിറക്കി.

ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ റവന്യൂ രേഖകളിൽ "പുരയിടം', "തരിശുനിലം' എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുള്ളതും വനംവകുപ്പിന്റെ ജണ്ടയ്ക്കുപുറത്ത് സ്ഥിതിചെയ്യുന്നതുമായ കൈവശഭൂമി 1964ലെ ഭൂപതിവു ചട്ടങ്ങളിലെ വ്യവസ്ഥകൾക്കു വിധേയമായി പതിച്ചുനൽകുന്നതിന് അനുമതി നൽകി.

തൊടുപുഴ താലൂക്കിൽ കരിമണ്ണൂർ ഭൂപതിവ് സ്പെഷ്യൽ തഹസിൽദാർ കാര്യാലയത്തിന്റെ പരിധിയിൽപ്പെട്ട പ്രദേശങ്ങളിലെ കൈവശഭൂമി 1964 ഭൂപതിവ് ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം പട്ടികജാതി/പട്ടികവർഗക്കാർ ഉൾപ്പെടെയുള്ള കൈവശക്കാർക്ക് നൽകുന്നതിന് ഭൂപതിവ് സ്പെഷ്യൽ തഹസിൽദാരെ അധികാരപ്പെടുത്തി സർക്കാർ ഉത്തരവിറക്കി.

2017ൽ ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മണിയാറൻകുടി, വണ്ണപ്പുറം എന്നിവിടങ്ങളിലെ ആദിവാസികൾക്ക്‌ പട്ടയം നൽകി.  വരുംമാസങ്ങളിൽ ആയിരക്കണക്കിന്‌ കുടുംബങ്ങൾക്ക്‌ പട്ടയം ലഭിക്കും. കൈവശഭൂമിക്ക്‌ പട്ടയം നൽകുക, സ്വകാര്യവൽക്കരണം രാജ്യത്ത് വ്യാപകമായതോടെ തൊഴിലും വിദ്യാഭ്യാസവും നഷ്ടപ്പെടുന്ന ദളിത്, ആദിവാസി സമൂഹങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്‌. ആദിവാസി ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിൽ സർക്കാർ കാണിക്കുന്ന ജാഗ്രതയെ ഗോത്രജനതയൊന്നാകെ പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നത്. ആദ്യമായാണ് പട്ടികവർഗജനതയ്ക്ക് വ്യാപകമായി പട്ടയം നൽകുന്ന തീരുമാനം ഉണ്ടായിട്ടുള്ളത്.  തലമുറകൾക്ക് ഓർത്തിരിക്കാനുള്ള ചരിത്രനിമിഷങ്ങളിലൂടെയാണ് പട്ടയലഭ്യതയിലൂടെ കേരളത്തിലെ ആദിവാസിജനത കടന്നുപോകുന്നത്.

(ഐക്യ മല അരയ മഹാസഭ ജനറൽ സെക്രട്ടറിയാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top