20 September Monday

പി കെ സി : പോരാളിയായ കമ്യൂണിസ്റ്റ്

എ വിജയരാഘവൻUpdated: Friday Jul 2, 2021

പുന്നപ്ര വയലാർ സമരനായകനായ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യ സംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് ഏഴു വർഷമാകുന്നു. പി കെ സി എന്ന മൂന്നക്ഷരത്തിലറിഞ്ഞ കമ്യൂണിസ്റ്റിന്റെ ജീവിതത്തെ പരിചയപ്പെടുമ്പോൾ ഉജ്വലമായ പോരാട്ട സമരചരിത്രത്തെയാണ് സ്പർശിക്കുന്നത്.  

കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിൽ നടന്ന പുന്നപ്ര–-വയലാർ സമരം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണ്. തൊഴിലാളികളുടെയും പണിയെടുക്കുന്നവരുടെയും ജീവിതം മെച്ചപ്പെടുത്താനുള്ള ജീവൻമരണ സമരമായിരുന്നു അത്‌.1946 ഒക്ടോബർ 24ന്‌ പുന്നപ്ര പൊലീസ് ക്യാമ്പ് ലക്ഷ്യമാക്കിയുള്ള പോരാട്ടത്തിന് നേതൃത്വം നൽകിയ ക്യാപ്റ്റനായിരുന്നു പി കെ സി . 22–-ാം വയസ്സിൽ വാരിക്കുന്തമേന്തി ദിവാൻ സർ സി പിയുടെ സേനയ്ക്കെതിരെയുള്ള ധീരോദാത്ത പോരാട്ടം സ്വന്തം ജീവൻ തൃണവൽഗണിച്ച് സഖാവ് ഏറ്റെടുത്തു. പൊലീസ് കാഞ്ചിവലിച്ചത് അൽപ്പം വൈകിയതുകൊണ്ടു മാത്രമാണ് ആ ജീവൻ രക്ഷപ്പെട്ടത്. അങ്ങനെ മരണത്തെ മുഖാമുഖം കണ്ട സമരധീരനായിരുന്നു. പോരാട്ടങ്ങളുടെ നിരവധി വഴികളിലൂടെ സഞ്ചരിച്ചു. അക്കാലത്ത് ആർജിച്ച ജീവിത ശൈലിയുടെ സ്വാധീനം അന്ത്യംവരെ കാത്തുസൂക്ഷിച്ചു.

വസൂരി പടർന്ന് ആലപ്പുഴയിൽ തൊഴിലാളികളും പാവപ്പെട്ടവരും അശരണരായി മരിച്ച ഘട്ടത്തിൽ അവർക്ക് തുണയായി രംഗത്തുവന്നത് കമ്യൂണിസ്റ്റുകാരായിരുന്നു. അതിനു നേതൃത്വം നൽകിയ സഖാവിന്റെ ജീവിതാനുഭവങ്ങൾ കോവിഡ്–-19ന്റെ ഈ വിപൽക്കാലത്ത് രോഗപ്രതിരോധ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്താനും പിണറായി വിജയൻ സർക്കാർ നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും ഉപകരിക്കും.

1941ലാണ് പി കെ സി കമ്യൂണിസ്റ്റ് പാർടി അംഗമാകുന്നത്. 1954ൽ സംസ്ഥാന കമ്മിറ്റി അംഗമായി. പാർടി ആലപ്പുഴ ജില്ലാ സെക്രട്ടറിയായും പാർടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായും പ്രവർത്തിച്ചു. പാർടിക്കകത്തെ ഇടത് വലത് വ്യതിയാനങ്ങൾക്കെതിരെ നടത്തിയ നിരന്തരപോരാട്ടം പി കെ സിയെ ശ്രദ്ധേയനാക്കി. വർഗ കാഴ്ചപ്പാടിലൂടെ പാർടിയെ മുന്നോട്ടു കൊണ്ടു പോകുന്നതിൽ വലിയ സംഭാവനയാണ് പി കെ സി നൽകിയത്. ആശയപരവും സംഘടനാപരവുമായ പ്രവർത്തനങ്ങളിൽ ഒരുവിധത്തിലുള്ള ചാഞ്ചല്യവും ബാധിക്കാത്ത ഉത്തമനായ മാർക്സിസ്റ്റ് ലെനിനിസ്റ്റായിരുന്നു ജീവിതാന്ത്യംവരെ.

പുന്നപ്ര- വയലാർ സമരത്തിനുശേഷം കോഴിക്കോട്ട് എത്തിയ പി കെ സി പിന്നീട് പാർടി നിർദേശപ്രകാരം തിരുവല്ല കേന്ദ്രീകരിച്ച്‌ പ്രവർത്തിച്ചു.1957ൽ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നശേഷമാണ് ഒളിവുജീവിതം അവസാനിപ്പിച്ച് ചന്ദ്രാനന്ദൻ എന്നപേരിൽ പൊതുപ്രവർത്തനം ആരംഭിക്കുന്നത്. 1964 ൽ ചൈനീസ് ചാരനായി മുദ്രകുത്തി ജയിലിലടച്ചു. അടിയന്തരാവസ്ഥക്കാലത്ത് ഒന്നരവർഷത്തോളം ജയിലിൽ. നീണ്ട ഒളിവുജീവിതവും ജയിൽവാസവുമെല്ലാം പി കെ സിയിലെ കമ്യൂണിസ്റ്റിനെ കൂടുതൽ കരുത്തനാക്കി.

വർഗബഹുജന സംഘടനകൾ വളർത്തിയെടുക്കുന്നതിൽ മാതൃകാപരമായ പ്രവർത്തനമായിരുന്നു പി കെ സിയുടേത്. പിൽക്കാലത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളും പ്രവർത്തകരുമായി ഉയർന്നുവന്ന നിരവധിപേരെ പാർടിയിൽ അണിനിരത്തുന്നതിൽ സഖാവ് വഹിച്ച പങ്ക് വളരെ വലുതാണ്. കേരളത്തിലെ പല കമ്യൂണിസ്റ്റ് നേതാക്കളെയും പോലെ നവോത്ഥാന പ്രസ്ഥാനത്തിലൂടെയാണ് പി കെ സി കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ എത്തുന്നത്. ശ്രീനാരായണഗുരുവിന്റെ ആദർശങ്ങളിൽ ആകൃഷ്ടനായി പൊതുരംഗത്ത് കടന്നുവന്നു. പി കൃഷ്ണപിള്ള അടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രസംഗത്തിൽ ആകൃഷ്ടനായാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കെത്തിയത്.

പൊതുപ്രവർത്തനത്തിലെ വിശുദ്ധിക്ക് മാതൃകയായി, അദ്ദേഹം വഹിച്ച ഓരോ സ്ഥാനവും മാറി. അമ്പലപ്പുഴയെ പ്രതിനിധാനം ചെയ്ത് നിയമസഭയിലെത്തിയ സഖാവ്, നല്ല പാർലമെന്റേറിയനായിരുന്നു. ജനകീയപ്രശ്നങ്ങൾ സഭയിൽ ഉന്നയിക്കുന്നതിനും ജനാധിപത്യവിരുദ്ധമായ നടപടികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനും പി കെ സി മുന്നിൽത്തന്നെ ഉണ്ടായി. ദേശാഭിമാനിയുടെ പ്രചാരം വർധിപ്പിക്കാനും കൂടുതൽ പതിപ്പുകൾ ആരംഭിക്കാനുമുള്ള പ്രവർത്തനങ്ങളിൽ ഭാഗഭാക്കായി. 1989 ജനുവരി നാലിന് ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റ് ആരംഭിച്ചപ്പോൾ വർഷങ്ങളോളം മാനേജരായി പ്രവർത്തിച്ചു.ചിന്താ പബ്ലിഷേഴ്സിന്റെ അമരക്കാരനായും പ്രവർത്തിച്ചു.

തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പറായും പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. ആ സ്ഥാനത്തുനിന്ന് അദ്ദേഹം നേടിയെടുത്ത ആദരവിന്റെയും സ്നേഹത്തിന്റെയും പ്രതിഫലനമായിരുന്നു അദ്ദേഹത്തിന്റെ പേരിൽ ശബരിമലയിൽ ഒരു റോഡുതന്നെ ഉണ്ടായിയെന്നത്. എത്തുന്ന ഏതു മേഖലയിലും തന്റെ അർപ്പണംകൊണ്ടും സ്നേഹ സവിശേഷമായ ഇടപെടൽ കൊണ്ടും ആദരം പിടിച്ചുപറ്റി. അതേസമയം, വർഗതാൽപ്പര്യങ്ങൾ ബലികഴിക്കാതെ മുന്നോട്ടുപോകുന്നതിലും ജാഗ്രത കാണിച്ചു.
സ. പി കെ സിയുടെ സ്മരണ പുതുക്കുന്ന ഈ സന്ദർഭത്തിൽ കേരളവും രാജ്യവും ലോകവുമെല്ലാം മഹാമാരിയുടെ കെടുതികളിലൂടെ കടന്നു പോവുകയാണ്. അദ്ദേഹത്തെപ്പോലെയുള്ള മഹാരഥന്മാർ കാട്ടിത്തന്ന പാതയിലൂടെയാണ് രണ്ടാം പിണറായി സർക്കാർ നീങ്ങുന്നത്. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ജനങ്ങളെ കാത്തു സൂക്ഷിച്ച സർക്കാർ അതേ ഉത്തരവാദിത്തങ്ങൾ നിറവേറ്റിക്കൊണ്ടിരിക്കുകയാണ്.

അതേ സമയം കേന്ദ്രം ഭരിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരാകട്ടെ ഈ മഹാമാരി കാലത്തും സാധാരണ ജനങ്ങളെ എത്ര കണ്ട് പിഴിഞ്ഞെടുക്കാമെന്നാണ് ആലോചിക്കുന്നത്. ദിനംപ്രതി ഇന്ധന വില വർധിപ്പിച്ചും പാചകവാതകത്തിന് അമിതമായി വിലകൂട്ടിയും കോർപറേറ്റ് സേവയ്ക്കുള്ള ത്വരയാണ് പ്രകടമാക്കുന്നത്. കോർപറേറ്റുകൾക്ക് ഗുണം കിട്ടുന്ന തരത്തിലാണ് കേന്ദ്ര സർക്കാർ എല്ലാ പദ്ധതികളും ആവിഷ്കരിക്കുന്നത്. മാത്രമല്ല ജനങ്ങളെ പൂർണമായും മറന്ന് വാക്സിൻ നയം പോലും പ്രാവർത്തികമാക്കാൻ ശ്രമിച്ചു. അവസാനം കോടതി ഇടപെട്ടതോടെയാണ് നയം തിരുത്താൻ തയ്യാറായത്. ഈ രീതിയിൽ നീങ്ങിയാൽ വാക്സിനേഷൻ പൂർത്തീകരിക്കാൻ ഇനിയും വർഷങ്ങളെടുക്കും.

കേരളം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. നൂതനാശയങ്ങൾ പ്രാവർത്തികമാക്കിയും വികസന വഴികളിൽ അനുദിനം മുന്നേറിയും എൽഡിഎഫ്‌ സർക്കാർ മാതൃക തീർക്കുന്നു. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടുന്ന ഈ ഘട്ടത്തിൽ പി കെ സിയുടെ സ്മരണ നമുക്ക് ആവേശം പകരുന്നതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top