16 January Saturday

ഡിവൈഎഫ്ഐയുടെ നാലുപതിറ്റാണ്ട്‌ - പി എ മുഹമ്മദ്‌ റിയാസ്‌ എഴുതുന്നു

പി എ മുഹമ്മദ്‌ റിയാസ്‌Updated: Tuesday Nov 3, 2020


"ഭഗത് സിങ്ങും ഞാനുമൊക്കെ ആ കാലഘട്ടത്തിൽ ആഗ്രഹിച്ചതാണ് ഇതുപോലെ ഒരു ദേശീയ യുവജനപ്രസ്ഥാനം പടുത്തുയർത്തണമെന്ന്. പക്ഷേ, സാധിച്ചില്ല. ഞങ്ങൾ യുവജനങ്ങളുടെ കരുത്തിനെയും ആത്മധൈര്യത്തെയും രാഷ്ട്രസ്വാതന്ത്ര്യത്തിനായി പ്രയോഗിച്ചു. ഭഗത് സിങ്ങും  സുഖ്ദേവും രാജ്ഗുരുവും രക്തസാക്ഷികളായി. ഞങ്ങൾക്ക് പൂർണ ലക്ഷ്യത്തിലെത്താൻ കഴിഞ്ഞില്ല. ഇന്ന് ഭഗത് സിങ്‌ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ നിങ്ങളെ അഭിവാദ്യം ചെയ്യാൻ അദ്ദേഹം എത്തുമായിരുന്നു. എനിക്ക് ഇപ്പോൾ വയസ്സ് എൺപതിനോട് അടുത്തു. ഇനി അധിക കാലം ജീവിച്ചു എന്നുവരില്ല. പക്ഷേ, ഇന്ന് ഒരു സംതൃപ്തിയുണ്ട്‌.  നിങ്ങൾക്ക്, ഈ സംഘടനയ്‌ക്ക് നാടിനെ രക്ഷിക്കാൻ കഴിയും. സാമ്രാജ്യത്വവിരുദ്ധസമരം നടത്താനും കഷ്ടപ്പെടുന്നവരെ സംരക്ഷിക്കാനും നിങ്ങൾക്ക് സാധിക്കും'.

1980 നവംബർ ഒന്നുമുതൽ മൂന്നുവരെ ഗദർ രക്തസാക്ഷി കർത്താർ സിങ്‌ സരഭയുടെ ജന്മനാടായ പഞ്ചാബിലെ ലുധിയാനയിൽ ചേർന്ന ഡിവൈഎഫ്ഐ രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്ത അറുനൂറോളം പ്രതിനിധികളെ ആവേശം കൊള്ളിച്ച ഈ വാക്കുകൾ കിഷോരി ലാലിന്റെതായിരുന്നു. ലാഹോർ ഗൂഢാലോചനക്കേസിൽ മൈനർ ആയിരുന്നതിനാൽ വധശിക്ഷ ജീവപര്യന്തമായി ചുരുക്കിക്കിട്ടിയ കിഷോരി ലാലിന്റെ വാക്കുകൾ! ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ജ്വലിക്കുന്ന രക്തസാക്ഷിത്വമായ  ഭഗത് സിങ്ങിന്റെ സഹപ്രവർത്തകന്റെ വാക്കുകൾ.

ഖാലിസ്ഥാൻ തീവ്രവാദികളുടെ വിഘടന മുദ്രാവാക്യങ്ങൾക്കെതിരായി യുവജനങ്ങൾ പൊരുതിക്കൊണ്ടിരിക്കുന്ന ഘട്ടത്തിൽ പഞ്ചാബിൽ ഡിവൈഎഫ്ഐ പിറവിയെടുത്തു. സമാനതകളില്ലാത്ത സമരത്തിന്റെയും സഹനത്തിന്റെയും അതിജീവന പോരാട്ടത്തിന്റെയും ചരിത്രമെഴുതിയ സംഘടന 40 വർഷം പൂർത്തിയാക്കുകയാണ്. ഇരു നൂറ്റാണ്ടുകാലത്തെ കൊളോണിയൽവിരുദ്ധ പോരാട്ടങ്ങളിലൂടെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായി മാറി, മതനിരപേക്ഷതയുടെയും മതസൗഹാർദത്തിന്റെയും ആഗോള മാതൃകയായിരുന്ന ഇന്ത്യയെ മതരാഷ്ട്രമാക്കാൻ പ്രതിജ്ഞയെടുത്തവരുടെ ധൃതരാഷ്ട്രാലിംഗനത്തിൽ ലോകത്തെ ഏറ്റവും സമ്പന്നമായ ഭരണഘടനപോലും തകർക്കപ്പെടുന്ന കാഴ്ചയാണ് ഇന്ന് രാജ്യത്ത് അരങ്ങേറുന്നത്. മതനിരപേക്ഷതയും സോഷ്യലിസവും ജനാധിപത്യവും ഉറപ്പുനൽകിയ ഭരണഘടനയുടെ താളുകൾ ഓരോന്നായി ചീന്തിയെടുത്ത് ഇന്ത്യൻ ജനതയ്‌ക്കുനേരെ ചുരുട്ടി എറിയുന്നവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. സ്വന്തം രാഷ്ട്രപിതാവിന്റെ ജീവനെടുത്തവരുടെ കൈയിൽ അധികാരം ഏൽപ്പിച്ചുകൊടുത്ത നിസ്സഹായാവസ്ഥ ലോകത്ത് മറ്റേത് രാജ്യത്തുണ്ട്?


 

സാമ്രാജ്യത്വവിരുദ്ധത മുറുകെപ്പിടിച്ച് ജനാധിപത്യപരവും പുരോഗമനപരവുമായ സാമൂഹ്യവ്യവസ്ഥ കെട്ടിപ്പടുക്കുക എന്നത് പ്രധാന കടമയായി കാണുന്ന ഡിവൈഎഫ്ഐക്ക് രൂപീകരണ കാലത്തേക്കാൾ പ്രസക്തി കൈവന്നിരിക്കുന്ന വർത്തമാനത്തിലാണ് നാം ജീവിക്കുന്നത്. "എല്ലാവർക്കും വിദ്യാഭ്യാസം എല്ലാവർക്കും തൊഴിൽ' എന്ന മുദ്രാവാക്യത്തിന്, രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിൽനിഷേധം നടക്കുന്ന ഇന്നത്തെ ഇന്ത്യയിൽ പ്രാധാന്യം വർധിക്കുകയല്ലേ ചെയ്യുന്നത്.

വർഗീയതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ മതനിരപേക്ഷതയ്‌ക്കായി പോരാടിയ സമ്പന്നമായ ചരിത്രമുള്ള പ്രസ്ഥാനത്തിന്റെ നിലപാടുകൾ ജാതിയുടെയും മതത്തിന്റെയും പേരിൽ പൗരന്മാരെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ഭരണകൂടത്തിന്റെ കാലത്ത് മങ്ങലേൽക്കാതെ നിൽക്കുക തന്നെയല്ലേ.

രൂപീകരണ സമ്മേളനത്തിൽ തയ്യാറെടുപ്പുകൾക്കിടയിൽ ഭീകരവാദികളുടെ തോക്കിനിരയായ അരുൺ സിങ്‌ ഗിൽ, പഞ്ചാബിലെ സംസ്ഥാന ഭാരവാഹികളായിരുന്ന ഗുർനാം സിങ്‌ ഉപ്പലും സോഹൻ സിങ്‌ ദേശായിയും മുതൽ തമിഴ്നാട്ടിലെ തിരുനെൽവേലിയിലെ അശോകും വെഞ്ഞാറമൂട്ടിലെ ഹഖ് മുഹമ്മദും മിഥിലാജും തൃശൂരിലെ സനൂപും ഉൾപ്പെടെ ഡിവൈഎഫ്ഐയുടെ ശുഭ്രപതാക പിടിച്ചു എന്ന ഒറ്റക്കാരണംകൊണ്ട് പിന്നിട്ട 40 വർഷം എത്ര സഖാക്കൾക്ക് രക്തസാക്ഷിത്വം വരിക്കേണ്ടി വന്നിട്ടുണ്ട്.  ആശയം തോൽക്കുന്നിടങ്ങളിൽ ആയുധമെടുത്തവർക്ക് മുന്നിൽ നാലു പതിറ്റാണ്ടിനിടയിൽ ഒരിക്കൽപ്പോലും പതറിപ്പോയിട്ടില്ല എന്നതാണ് രാജ്യത്തെ പുരോഗമന വിപ്ലവ യുവജനപ്രസ്ഥാനത്തിന്റെ വിജയം.

ദക്ഷിണാഫ്രിക്കയുടെ വിമോചനനായകൻ നെൽസൺ മണ്ടേലയെ വെള്ളക്കാരന്റെ വർണവെറിയൻ ഭരണകൂടം തടവിലിട്ടപ്പോൾ "ഇരുണ്ട വൻകരനിറഞ്ഞ് കത്തും തീപ്പന്തം നീ മണ്ടേല'എന്ന് മുദ്രാവാക്യം വിളിച്ച് ഐക്യദാർഢ്യം പ്രകടിപ്പിച്ച അതേ ആവേശം സാമ്രാജ്യത്വവിരുദ്ധ സാർവദേശീയ രാഷ്ട്രീയം ബൊളീവിയയിൽ യാങ്കി ഭരണകൂടത്തിന്റെ അട്ടിമറിയെ അതിജീവിച്ച് ലൂയിസ് ആഴ്സ് അധികാരത്തിൽ വന്നപ്പോഴും ന്യൂസിലൻഡിൽ ജസിൻഡ ആർഡേൻ അധികാരം നിലനിർത്തുമ്പോഴും ഡിവൈഎഫ്ഐക്ക് ഉണ്ടാകുന്നുണ്ട്.

തൊഴിലില്ലായ്മയ്‌ക്കും അഴിമതിക്കും നിയോലിബറൽ സാമ്പത്തികനയങ്ങൾക്കും എതിരായി, ജാതീയതയ്ക്കും നവോത്ഥാനമൂല്യങ്ങൾ തകർക്കപ്പെടുന്ന വിധത്തിൽ വളരുന്ന ആൾദൈവങ്ങൾക്കും ആത്മീയവ്യാപാരത്തിനും എതിരായി, സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുന്ന മയക്കുമരുന്ന് - ലഹരി മാഫിയകൾക്കെതിരായി യൗവനത്തിന്റെ ചോരത്തിളപ്പോടെതന്നെയാണ് ഡിവൈഎഫ്ഐ ഇന്നും പ്രതികരിക്കുന്നത്.


 

രാജ്യത്തിന്റെ ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾക്ക് ഒരു വിലയും കൽപ്പിക്കാത്ത നിലയിൽ തീവ്ര ഹിന്ദുത്വനിലപാടുകൾ കേന്ദ്ര സർക്കാർ മുൻകൈയിൽത്തന്നെ നടപ്പാക്കുമ്പോഴും സർക്കാർവിരുദ്ധ സമരങ്ങൾ ആളിപ്പടരേണ്ടുന്ന ഘട്ടങ്ങളിൽ അതിർത്തിയിൽ സംഘർഷങ്ങൾ പതിവാകുമ്പോഴും ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾ അധികാരശക്തിയെ ഉപയോഗിച്ച് ഹനിക്കുമ്പോഴും ജുഡീഷ്യറിയും അന്വേഷണസംവിധാനങ്ങളും എല്ലാം ഭരിക്കുന്നവരുടെ ഇംഗിതങ്ങൾക്കൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോഴും പോരാട്ടങ്ങൾ മഹായുദ്ധങ്ങളാക്കി പരിവർത്തനപ്പെടുത്തേണ്ട കാലമാണ് ഇതെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

സാമൂഹ്യബോധവും ഉത്തരവാദിത്തവുമില്ലാത്ത, അരാഷ്ട്രീയവൽക്കരിക്കപ്പെട്ട തലമുറയാണ് ഇന്നത്തെ യുവത്വമെന്ന് വിധിയെഴുതിയവർക്കിടയിലാണ് ലോകം വിറങ്ങലിച്ച മഹാമാരിക്കാലത്ത് സജീവമായ ഇടപെടലുകളുമായി ഡിവൈഎഫ്ഐ ശ്രദ്ധേയമായത്. ഡൽഹിയിലും മുംബൈയിലും കൊൽക്കത്തയിലുമുൾപ്പെടെ രാജ്യത്തെ വിവിധ ഇടങ്ങളിൽ കോവിഡ് സന്നദ്ധപ്രവർത്തനങ്ങളും മൊബൈൽ മെഡിക്കൽ സംവിധാനങ്ങളുമായി ഡിവൈഎഫ്ഐ നിറഞ്ഞുനിന്നു.

റീസൈക്കിൾ കേരളയിലൂടെ 11 കോടി രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ കേരളത്തിലെ ഡിവൈഎഫ്ഐമാതൃക അന്താരാഷ്ട്ര മാധ്യമങ്ങളിൽവരെ വലിയ ചർച്ചയായി. കോവിഡ് രോഗികളുടെ കൂടെ എഫ്‌എൽസിടി വളന്റിയർമാരായും ശവസംസ്കാരംപോലും ഏറ്റെടുത്ത് സന്നദ്ധ പ്രവർത്തകരായി. രക്തദാനവും പ്ലാസ്മാദാനവും നിർവഹിച്ചും ഏറ്റവും വലിയ സാമൂഹ്യസന്നദ്ധ പ്രസ്ഥാനമായും പാരിസ്ഥിതിക പ്രസ്ഥാനമായും മാറി. 40 വർഷം പിന്നിടുമ്പോഴും ചടുലമായ ഇടപെടലുകളിലൂടെ യൗവ്വനം കാത്തുസൂക്ഷിക്കുന്ന പ്രസ്ഥാനമാണ് ഡിവൈഎഫ്ഐ എന്ന് തെളിയിക്കുന്നതാണ് സമീപകാലങ്ങളിൽ സമരസന്നദ്ധ -സംഘടനാ പ്രവർത്തനങ്ങളിലെ ഇടപെടലുകൾ. റിക്രൂട്ട്മെന്റ്‌ എന്ന വാക്കുപോലും മറന്ന് കരാർ നിയമനങ്ങളും താൽക്കാലിക നിയമനങ്ങളും മാത്രമാക്കി യുവജനങ്ങളെ വെല്ലുവിളിക്കുന്ന രാജ്യത്ത്, ബൃഹത്തായ പോരാട്ടങ്ങൾക്ക് കാലം കാതോർക്കുകയാണ്.

പിന്നിട്ട നാളുകളിൽ നിർവഹിച്ചതുപോലെ, ശരിയായ രാഷ്ട്രീയപ്രവർത്തനങ്ങളിൽ പങ്കുകൊള്ളാൻ രാജ്യത്തെ യുവത്വത്തിന് ദിശാബോധം നൽകുക എന്നതാണ് നാലുപതിറ്റാണ്ട് പൂർത്തിയാക്കുമ്പോൾ ഡിവൈഎഫ്ഐക്ക് മുന്നിലെ ഏറ്റവും പ്രധാന ഉത്തരവാദിത്തം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top