14 July Tuesday

ഫസ്റ്റ് ബെല്ലടിച്ചു; കുട്ടികള്‍ ആവേശത്തിലായി

ഡോ. രതീഷ്‌ കാളിയാടന്‍Updated: Monday Jun 1, 2020

ഫസ്റ്റ് ബെല്ലടിച്ചു. കുട്ടികള്‍ ടെലിവിഷന്‍ സ്ക്രീനിന്  മുന്നില്‍ ആവേശത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആമുഖ സന്ദേശത്തോടെ ആരംഭിച്ച ഫസ്റ്റ് ബെല്‍ വിദ്യാഭ്യാസ ചരിത്രത്തിലെ എക്കാലവും ഓര്‍ക്കപ്പെടുന്ന നാഴികക്കല്ലാണ്. നായനാര്‍ സര്‍ക്കാറിന്‍റെ കാലത്ത് തുടക്കമിട്ട സാങ്കേതിക വിദ്യാധിഷ്ടിത പഠനം എന്ന ആശയം അതിന്‍റെ സമഗ്രതയില്‍ പ്രയോജനപ്പെടുത്താന്‍ പിണറായി സര്‍ക്കാര്‍വരെ കാത്തിരിക്കേണ്ടി വന്നു എന്നത് ഒരു യാദൃശ്ചികതയാവാം.  പൊതുവിദ്യാലയങ്ങള്‍ സാങ്കേതിക വിദ്യാസൗഹൃദവും നവീന ആശയങ്ങളെ പ്രയോഗിക്കാന്‍ പക്വവും ആയത് ഈ സര്‍ക്കാറിന്‍റെ കാലത്താണ്. നവകേരള സൃഷ്ടിയില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ മഹത്തായ സംഭാവന. ഇപ്പോള്‍ കുട്ടി വിദ്യാലയത്തില്‍ ആയാലും വീട്ടില്‍ ആയാലും പഠന പിന്തുണ നല്‍കാന്‍ തയ്യാറാണ് എന്ന്‍ തെളിയിക്കുകയാണ് നമ്മുടെ അധ്യാപകര്‍. ഉദ്ഘാടന സന്ദേശത്തില്‍ മുഖ്യമന്ത്രി സൂചിപ്പിച്ചതുപോലെ തുടര്‍പഠനത്തിന് കുട്ടികളെ സജ്ജമാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. കുറച്ചുകാലം നമ്മള്‍ ഈ വൈറസ്സിനൊപ്പം സഞ്ചരിക്കേണ്ടിവരും. ഏത് പ്രതിസന്ധിയിലും  നമ്മുടെ കുട്ടികളുടെ പഠനം ഒരു തടസ്സവുമില്ലാതെ മുന്നോട്ട് കൊണ്ടുപോകണം എന്നാണ്  സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ആ ആഗ്രഹത്തിന്‍റെ സഫലീകാരണമാണ് ഓണ്‍ ലൈന്‍ പഠനം.

ടീം ടീച്ചിങ്ങിന്‍റെ മനോഹാരിത വെളിപ്പെടുത്തി രണ്ടാംവര്‍ഷ ഹയര്‍സെക്കണ്ടറിയുടെ ഇംഗ്ലീഷ് ക്ലാസ്സോടെയാണ് ഫസ്റ്റ് ബെല്ലിലെ ആദ്യക്ലാസ് മുന്നേറിയത്. അവസരോചിതമായ വിവരണങ്ങളും സന്ദര്‍ഭോചിതമായ ഉദാഹരണങ്ങളും വിഷ്വല്‍കളും ഭാവവ്യതാസങ്ങളോടെയുള്ള പക്വമായ അവതരണവും ആ ക്ലാസ്സിനെ ആനന്തകരമാക്കി.  തുടര്‍ന്നുവന്ന ക്ലാസുകള്‍ക്ക് എല്ലാം ഈ ടെമ്പോ നിലനിര്‍ത്താനായില്ല എന്ന്‍ വിമര്‍ശനം ഉയര്‍ന്നേക്കാം. അത് സ്വാഭാവികമാണ്. പന്ത്രണ്ടാം ക്ലാസ്സില്‍ നിന്ന്‍ രണ്ടാം ക്ലാസില്‍ എത്തിയാലോ? വിമര്‍ശനങ്ങള്‍ എല്ലാം അപ്രസക്തമെന്ന് ബോധ്യപ്പെടും. ജഗ്ഗുവും താരയും ടീച്ചറും വരയും പാട്ടും ആട്ടവും എഴുത്തും വായനയും സ്വന്തം സൃഷ്ടികളും ചേര്‍ന്ന്‍ പഠനം ഒരിക്കല്‍ക്കൂടി രസകരമാക്കി. ഏറിയും കുറഞ്ഞും പഠനം രസകരമാക്കി അവതരിപ്പിക്കാനാണ് അവതാരകര്‍ എല്ലാം ശ്രമിച്ചത്.

പരിമിതികളാണ് ചുറ്റിലും. അനന്തവും അജ്ഞാതവുമായ പരിമിതികള്‍. ക്ലാസ്സില്‍ ജീവനുള്ള ഫയലുകള്‍ മാത്രം കൈകാര്യം ചെയ്ത് ശീലമുള്ളവരാണ് നമ്മുടെ അധ്യാപകര്‍. കുട്ടികളോട് വര്‍ത്തമാനം പറഞ്ഞും ചോദ്യങ്ങള്‍ ചോദിച്ചും ഉത്തരങ്ങള്‍ കേട്ടും മറുപടി പറഞ്ഞും പ്രവര്‍ത്തനങ്ങള്‍ നല്‍കിയും അവ വിലയിരുത്തിയും ശീലമുള്ളവര്‍. അതിനപ്പുറം മറ്റൊരു മാധ്യമത്തിന്‍റെയും നിര്‍മ്മാണ സാധ്യതകള്‍ വേണ്ടവിധം പ്രയോഗിച്ച് പരിചയമില്ലാത്തവര്‍. ടെലിവിഷന്‍ മാധ്യമത്തിന്‍റെയോ പരിപാടികള്‍ നിര്‍മ്മിക്കുന്നതിന്‍റെയോ സാങ്കേതികത്വങ്ങള്‍ ഒന്നും പരിചയമില്ലാത്ത സാധാരണ അധ്യാപകര്‍. അവര്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രകടിപ്പിച്ച ആത്മവിശ്വാസം വലുതാണ്‌. പൊതുവിദ്യലയങ്ങളുടെ സ്വകാര്യ അഹങ്കാരമാണവര്‍. അവര്‍ പ്രകടിപ്പിച്ച ആത്മവിശ്വാസമാണ് കേരളീയ വിദ്യാഭ്യാസത്തിന്‍റെ കരുത്ത്. പൂര്‍ണമായും പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ തയ്യാറാക്കിയതാണ് ഈ പരിപാടികള്‍. അധ്യാപനത്തിന്‍റെ വ്യതസ്ത സങ്കേതങ്ങളും തന്ത്രങ്ങളും  ആണ് ഇവിടെ ഉപയോഗിക്കാന്‍ ശ്രമിച്ചത്. ഓരോ സങ്കേതത്തിനും തന്ത്രതിനും അതിന്‍റെതായ സവിഷഷതകള്‍ ഉണ്ട്; ഒപ്പം പരിമിതിയും.

എങ്ങനെയാവണം കുട്ടികള്‍ക്കായി തയ്യാറാക്കുന്ന ടെലവിഷന്‍ പരിപാടികള്‍? അത് ക്ലാസ്മുറിയുടെ പശ്ചാത്തലത്തില്‍ എങ്ങനെ ഉപയോഗിക്കാം?  വീട്ടില്‍ ഇരുന്ന്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വിദൂര വിദ്യാഭ്യാസ സാധ്യതകള്‍ പ്രയോജനപ്പെടുത്തുമ്പോള്‍ ടെലവിഷന്‍ മാധ്യമം എങ്ങനെ പ്രയോജനപ്പെടുത്തണം? ഈ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടിയായി ഈ പരിപാടികള്‍ എന്ന അഭിപ്രായം എനിക്കില്ല. പക്ഷേ തുടക്കം എന്ന നിലയില്‍ ഇത് നിര്‍ണായകമായ ചുവടുവയ്പാണ്. ഒപ്പം ഓണ്‍ലൈന്‍ പഠനത്തിന് പ്രയോജനപ്പെടുത്താവുന്ന സങ്കേതവും ആയി ഇവ മാറിയിട്ടുണ്ട്.

ഇതോ ഓണ്‍ലൈന്‍?

കഴിഞ്ഞ കുറച്ചു നാളുകളായി അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാഭ്യാസ പ്രവര്‍ത്തകരുടെയും വിമര്‍ശകരുടെയും നാക്കില്‍ തത്തിക്കളിക്കുന്ന വാക്കാണ് ഓണ്‍ലൈന്‍. വിക്റ്റെര്‍സിലും അനുബന്ധ സംവിധാനത്തിലും നടക്കുന്നത് ഓണ്‍ലൈന്‍ ആണെന്നും അല്ലെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ വിക്റ്റെര്‍സില്‍ ഒരുക്കിയിട്ടുള്ളത് ഓണ്‍ലൈന്‍. ക്ലാസുകളല്ല. അത് ടെലിവിഷന്‍ പരിപാടിയാണ്. ടെലിവിഷന്‍ മാധ്യമം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നത് ആദ്യമല്ല. ഇന്ത്യയിലെ ടെലിവിഷന്‍റെ തുടക്കം തന്നെ ദില്ലിയില്‍ സ്കൂള്‍ ടെലവിഷന്‍ ആരംഭിച്ചുകൊണ്ടാണ്. പിന്നീട് യുനെസ്കോയുടെ സഹായത്തോടെ ആരംഭിച്ച സൈറ്റ് പദ്ധതിയും വിദ്യാഭ്യാസ പരീക്ഷണമായിരുന്നു. പക്ഷേ ഔപചാരിക വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി മുഴുവന്‍ കുട്ടികളും ടെലവിഷന് മുന്നില്‍ ഇരുന്ന്‍ പഠനം നടത്തുന്നത് ചരിത്രത്തില്‍ ആദ്യം. കോവിഡ് വ്യാപനത്തിന്‍റെ  പശ്ചാത്തലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കുന്നത് ഓണ്‍ലൈന്‍. പഠനമാണുതാനും. അപ്പോള്‍ വകുപ്പ് വിഭാവനം ചെയ്തതും വിക്റ്റെര്‍സ് നടപ്പിലാക്കിയതും തമ്മില്‍ പോരുത്തക്കേടുണ്ടോ? പ്രത്യക്ഷത്തില്‍ അങ്ങനെ തോന്നാം. എന്നാല്‍ നിങ്ങള്‍  ടെലിവിഷനില്‍ കണ്ടതും കേട്ടതും ഓണ്‍ലൈന്‍ പഠനത്തിന്‍റെ ഒരു ഭാഗമാണ്. അതിന് രണ്ടും മൂന്നും ചിലപ്പോള്‍ അതിലേറെയും ഘടകങ്ങള്‍ ചേരാനുണ്ട്. അവയിലേക്കുള്ള സൂചന നല്‍കിയാണ്‌ ഓരോ ക്ലാസ്സും ടെലവിഷനില്‍ അവസാനിപ്പിച്ചത് എന്ന്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ മനസ്സിലാകും.

സംവേദനക്ഷമതയും തത്സമയ പ്രതികരണ സാധ്യതയുമാണ്‌ ഓണ്‍ലൈന്‍ പഠനത്തിന്‍റെ പുതിയ സാധ്യതകള്‍. വ്യത്യസ്ത പ്ലാറ്റ്ഫോം ഇതിനായി പ്രയോജനപ്പെടുത്തുന്നുണ്ട്. കുട്ടികള്‍ വീട്ടില്‍ ഇരുന്ന് ചെയ്യേണ്ട തുടര്‍പ്രവര്‍ത്തനങ്ങള്‍, അധ്യാപകര്‍ ഓണ്‍ലൈന്‍ ആയി നല്‍കേണ്ട പിന്തുണ,  ഓണ്‍ലൈനില്‍ നടക്കേണ്ട തുടര്‍ചര്‍ച്ചകള്‍, കുട്ടികളുടെ ഉല്‍പന്നങ്ങള്‍ പങ്കുവയ്ക്കല്‍, മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍, തത്സമയം നല്‍കേണ്ട പ്രതികരണങ്ങള്‍... ഇവയെല്ലാം ചേര്‍ന്നാണ് ഒരു പാഠഭാഗം പൂര്‍ണമാവുന്നത്‌.

ഓണ്‍ലൈനില്‍ നമ്മളില്‍ മിക്കവരും പരിച്ചയിചിട്ടുള്ളത് ഒരുകൂട്ടം കോഴ്സുകള്‍ക്ക്  ഒരു പ്ലാറ്റ്ഫോം, അതില്‍ കുറേ പഠന പ്രവര്‍ത്തനങ്ങള്‍ എന്ന രീതിയാണ്. ഓണ്‍ലൈന്‍ പഠനത്തിന്‍റെ സാമ്പ്രദായിക രീതിയയായ ഒരു പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തുന്നതിന് പകരം വ്യത്യസ്തവും വേറിട്ടതുമായ വഴിയാണിത്. വൈവിധ്യപൂര്‍ണമായ സങ്കേതങ്ങള്‍ പരിചയപ്പെടുത്തുന്നു എന്നതും കുട്ടികളും രക്ഷിതാക്കളും നിത്യേനയെന്നോണം ഉപയോഗിക്കാറുള്ള നവസാമൂഹ്യ മാധ്യമങ്ങളെ എല്ലാം പ്രയോജനപ്പെടുത്തുന്നു എന്നതുമാണ്‌ ഈ പഠനത്തിന്‍റെ പ്രധാന സവിശേഷതകള്‍. മറ്റൊരര്‍ത്ഥത്തില്‍ ഓണ്‍ലൈന്‍ പഠന രീതിക്ക് പുതിയ രൂപഭാവങ്ങള്‍ സമ്മാനിക്കുന്ന പുതിയ പരീക്ഷണവും കേരളീയ വിദ്യാഭ്യാസത്തിന്‍റെ ജനകീയവും അനന്യവുമായ മാതൃകയുമാണിത്. കേരളത്തില്‍ നടക്കുന്നത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം  അല്ലായെന്നും കേവലം ടെലവിഷന്‍ പരിപാടിയാണെന്നും വാദിക്കുന്നവര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് വിഭാവനം ചെയ്തിട്ടുള്ള സമഗ്രമായ ഓണ്‍ലൈന്‍ പരിപാടി മനസ്സിലാക്കിയിട്ടില്ല എന്ന്‍ കരുതേണ്ടിവരും.

(പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ വിദ്യാഭ്യാസ വിദഗ്ധനാണ് ലേഖകന്‍)

 


പ്രധാന വാർത്തകൾ
 Top