31 July Saturday

ഡിജിറ്റൽ ക്ലാസും മാനസികാരോഗ്യവും - ഡോ. ജയപ്രകാശ് ആർ എഴുതുന്നു

ഡോ. ജയപ്രകാശ് ആർUpdated: Thursday Jun 10, 2021

വർത്തമാനകാലത്ത് ഡിജിറ്റൽ ക്ലാസ് ഒഴിവാക്കാൻ കഴിയാത്ത ഒരു പഠന ഉപാധിയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഡിജിറ്റൽ ക്ലാസ് രണ്ടാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. കോവിഡ് മഹാമാരിയും അതിന്റെ ഭാഗമായി ആവിഷ്കരിക്കപ്പെട്ട ഡിജിറ്റൽ ക്ലാസും കുട്ടികളിൽ ഉണ്ടാക്കുന്ന മാനസിക–-- ശാരീരിക വെല്ലുവിളികൾ നിരവധിയാണ്.  സ്കൂൾ ക്ലാസുകൾ ഇല്ലാതായി... കളിയിടങ്ങൾ അപ്രത്യക്ഷമായി... കുട്ടികളുടെ പരസ്പര സമ്പർക്കം ഇല്ലാതായി... അനുഭവങ്ങൾ പരസ്പരം പങ്കുവച്ചും ഇടപഴകിയും അവർ ആർജിക്കുന്ന പരസ്പര സമ്പർക്ക മാനസിക പിന്തുണ ഇല്ലാതായി... ഇതോടൊപ്പംതന്നെ ചേർത്ത് വായിക്കേണ്ടതാണ് കോവിഡ് മഹാമാരിയും ലോക്ഡൗണും അനുബന്ധ നിയന്ത്രണങ്ങളും കുടുംബങ്ങളിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക–- -സാമൂഹ്യ–- -മാനസിക പ്രതിസന്ധികൾ. കുടുംബങ്ങൾ അഭിമുഖീകരിക്കുന്ന ഈ പ്രശ്നങ്ങളും കുട്ടികളിൽ മാനസിക പിരിമുറുക്കം സൃഷ്ടിക്കുന്നതാണ്.


ശാരീരിക- മാനസിക വെല്ലുവിളികൾ 

ഒരു വർഷം നീളുന്ന ഡിജിറ്റൽ ക്ലാസ് നമുക്ക് നൽകുന്ന അനുഭവങ്ങൾ നിരവധിയാണ്. ഈ വിഷയത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടന്നുവരുന്നു. കേരളത്തിലെ തെക്ക്- വടക്ക് സ്കൂളുകളിൽ ഡിജിറ്റൽ ക്ലാസുകൾ കുട്ടികളിൽ സൃഷ്ടിക്കുന്ന ശാരീരിക–-- മാനസിക വെല്ലുവിളികളെക്കുറിച്ച് ഒരു ടെലിഫോൺ -വീഡിയോ അഭിമുഖ പഠനം കഴിഞ്ഞ വർഷം നടത്തുകയുണ്ടായി. ഡിജിറ്റൽ ക്ലാസ് തുടങ്ങി ആറ്‌ മാസം കഴിഞ്ഞാണ് ഈ പഠനം നടത്തിയത്. കുട്ടികളെയും അവരുടെ അച്ഛനമ്മമാരെയും ടെലിഫോൺ അഭിമുഖ പഠനത്തിൽ ഉൾപ്പെടുത്തുകയുണ്ടായി. ഡിജിറ്റൽ ക്ലാസുകൾ കുട്ടികളിൽ സൃഷ്ടിച്ച ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നിരവധിയാണ്.  ഒരു ദിവസം സിബിഎസ്‌ഇ–-ഐസിഎസ്‌ഇ വിദ്യാലയങ്ങളിൽ 3 മുതൽ -5 വരെ മണിക്കൂർവരെ നീളുന്ന ഡിജിറ്റൽ ക്ലാസുകളാണ് നടന്നുവരുന്നത്. ഇതുകൂടാതെ 2- മുതൽ 3 മണിക്കൂർവരെ നീളുന്ന ഡിജിറ്റൽ സ്വകാര്യ ട്യൂഷനും! എല്ലാംകൂടി ഒരു ദിവസം 5 മുതൽ 8 മണിക്കൂർവരെ നീളുന്ന ഡിജിറ്റൽ ക്ലാസ് ഒരു കുട്ടി സഹിക്കേണ്ടിവരുന്നു.  ഒരു സെഷൻ ഒരു മണിക്കൂറിലേറെവരെ നീളുന്നു. സ്വകാര്യ കേന്ദ്രീയ വിദ്യാലയങ്ങളിലെ കുട്ടികളിലാണ് ഇത് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. കുട്ടികളും അച്ഛനമ്മമാരും ഒരേപോലെ ഇതിൽ ഉൽക്കണ്ഠാകുലരാണ്. എന്നാൽ, സർക്കാർ സ്കൂളുകളിൽ ഡിജിറ്റൽ ക്ലാസുകളുടെ ദൈർഘ്യം പരമാവധി 2 മുതൽ -3 മണിക്കൂർ മാത്രമാണ്. കുട്ടികളിൽ ഉണ്ടാകുന്ന ശാരീരിക അസ്വാസ്ഥ്യങ്ങൾ കഴുത്ത് വേദന, കണ്ണ് വേദന, തലവേദന, മുതുക് വേദന, പൊണ്ണത്തടി എന്നിവയാണ്.

ഓൺലൈൻ ക്ലാസുകൾ സൃഷ്ടിക്കുന്ന മാനസിക പ്രശ്നങ്ങൾ നിരവധിയാണ്. പഠന മാനസിക സമ്മർദം, ഉൽക്കണ്ഠ, ശ്രദ്ധക്കുറവ്, ഉറക്കക്കുറവ്, വികൃതി, ദേഷ്യം, സ്വഭാവപ്രശ്നങ്ങൾ, ആത്മവിശ്വാസക്കുറവ് എന്നിവ വളരെ പ്രധാനമാണ്. ഇത്തരത്തിൽ മാനസിക വെല്ലുവിളികൾ അഭിമുഖീകരിക്കുന്ന നിരവധി കുട്ടികളെ എസ്‌എടിയിലെ ബിഹേവിയറൽ പീഡിയാട്രിക്സിലും സമാന ഒപികളിലുംഅച്ഛനമ്മമാർ കൊണ്ടുവരുന്നുണ്ട്. ഒരു രണ്ടാം ക്ലാസുകാരനെ ഇടവിട്ടുള്ള വയറുവേദനയും ഛർദിയുമായി കൊണ്ടുവന്നു. നീണ്ടുനിന്ന മാനസിക വിലയിരുത്തലിൽ കുട്ടിയുടെ ശാരീരിക പ്രശ്നങ്ങൾക്ക് കാരണം ഡിജിറ്റൽ ക്ലാസിനുശേഷം നടത്തിയ ഓൺലൈൻ പരീക്ഷയിൽ മാർക്ക് കുറഞ്ഞുപോയതിന്റെ മാനസിക സമ്മർദമാണെന്ന് കണ്ടെത്തുകയുണ്ടായി (സൊമറ്റോഫോം ഡിസോർഡർ). ഇത്തരം മാനസിക സമ്മർദങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ കുട്ടികളിലും കൗമാരക്കാരിലും വിഷാദരോഗമടക്കമുള്ള ഉയർന്ന മാനസിക രോഗാതുരത സൃഷ്ടിക്കുന്നതിനു കാരണമായി തീരും. അച്ഛനമ്മമാർ നിസ്സഹായരാണ്.


 

ഇത്തരം മാനസികപിരിമുറുക്കങ്ങൾക്കു പുറമെയാണ് നിരന്തരമായ സ്മാർട്ട് ഫോൺ ഉപയോഗംവഴി ഇപ്പോൾ കുട്ടികളിൽ പുതുതായി  സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന "സ്ക്രീൻ അഡിക്‌ഷൻ'. കഴിഞ്ഞ ദിവസം ഒപിയിൽ ഒരു എട്ടാം ക്ലാസുകാരിയെ കൊണ്ടുവന്നു. ക്ലാസ് ഏഴുവരെ വളരെ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. ഇപ്പോൾ ഡിജിറ്റൽ ക്ലാസുപോലും അറ്റൻഡ് ചെയ്യുന്നില്ല. പഠനത്തിൽ പിന്നോക്കം പോയി. അഥവാ അറ്റൻഡ്‌ ചെയ്താലും ടീച്ചർ പറഞ്ഞാൽക്കൂടി വീഡിയോ ഓൺ ചെയ്യുകയില്ല. മുഴുവൻ സമയവും സ്മാർട്ട് ഫോണുമായി മുറിയിൽ വാതിലടച്ച് ഇരുന്ന്‌ കൊറിയൻ ബാൻഡായ ബിടിഎസിന്റെ മ്യൂസിക് വീഡിയോയും കൊറിയൻ സിനിമയും കാണുകയാണ് പതിവ്. മുറിയിൽനിന്ന് പുറത്തുവന്ന്  ആരുമായും മിണ്ടുകയില്ല. സമ്പർക്കവും കുറവ്. എന്തെങ്കിലും ചോദിച്ചാൽ ദേഷ്യപ്പെടും. വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങി വയ്ക്കാൻ ശ്രമിച്ചാൽ അവരുമായി അക്രമത്തിൽ ഏർപ്പെടും. നീണ്ടുനിന്ന മാനസിക അഭിമുഖത്തിൽ കുട്ടിതന്നെ കുട്ടിയുടെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി. തനിക്ക് ഇപ്പോൾ ഈ സ്ക്രീൻ ടൈം സ്വഭാവം നിയന്ത്രിക്കാൻ കഴിയുന്നില്ല! കുട്ടിക്ക് സ്ക്രീൻ അഡിക്‌ഷനാണ്. മദ്യപരിൽ കാണുന്ന മദ്യാസക്തിയുടെ അതേ മാനസികാവസ്ഥ. മാതാപിതാക്കൾ തികച്ചും നിസ്സഹായർ. മിക്കവീടുകളിലെയും സ്ഥിതി ഇതാണ്.

കുട്ടികൾ ഡിജിറ്റൽ ക്ലാസുകൾ കഴിഞ്ഞാലും സ്മാർട്ട് ഫോൺ സ്വകാര്യമായി കൈകാര്യം ചെയ്യുന്ന അവസ്ഥയാണുള്ളത്. വീഡിയോ ഗെയിം, പോർണോഗ്രഫി (അശ്ലീലചിത്രങ്ങൾ), വിവിധ മ്യൂസിക് ബാൻഡുകൾ എന്നിങ്ങനെ നീളുന്നു കുട്ടികളുടെയും കൗമാരക്കാരുടെയും താൽപ്പര്യങ്ങൾ... നീണ്ടുനിൽക്കുന്ന ഡിജിറ്റൽ ക്ലാസ് കഴിയുമ്പോൾ കുട്ടികളിൽനിന്ന് സ്മാർട്ട് ഫോൺ അച്ഛനമ്മമാർ വാങ്ങിവയ്‌ക്കുന്ന ശീലം ഇല്ല. അഥവാ അതിന് ശ്രമിച്ചാൽ കുട്ടികളും കൗമാരക്കാരും വഴങ്ങുകയില്ല. ടീച്ചർമാർക്കും അച്ഛനമ്മമാർക്കുമായി ഇപ്പോൾ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന ഓൺലൈൻ സെഷനുകളിൽ ഉയരുന്ന ചോദ്യവും ഇതാണ്.

ഇന്നത്തെ കോവിഡ് മഹാമാരിയുടെ അവസ്ഥയിൽ ഡിജിറ്റൽ ക്ലാസുകളും മൊബൈൽ ഫോൺ ഉപയോഗവും ഒഴിവാക്കാൻ സാധിക്കുകയില്ല. അതുകൊണ്ട് ഇത്തരം വെല്ലുവിളികൾ (ന്യൂ നോർമൽ) നേരിടുന്നതിന് അച്ഛനമ്മമാരെയും വിദ്യാർഥികളെയും അധ്യാപകരെയും സജ്ജരാക്കുകയാണ് വേണ്ടത്. മൊബൈൽ ഫോൺ ഉപയോഗം കുട്ടികളിൽ സൃഷ്ടിക്കുന്ന മാനസിക വെല്ലുവിളികൾ വിലയിരുത്തി അത് നേരിടുന്നതിനായി കുട്ടികളുടെയും കൗമാരക്കാരുടെയും ഇടയിൽ പ്രവർത്തിക്കുന്ന മാനസികാരോഗ്യ വിദഗ്‌ധരുടെ ദേശീയ സംഘടന (ഐഎസിഎഎം) ഒരു ഓൺലൈൻ ദേശീയ ശില്പശാല സംഘടിപ്പിച്ച് ചർച്ചകളുടെ അടിസ്ഥാനത്തിൽ ഒരു രേഖ അടുത്തിടെ  പ്രസിദ്ധീകരിക്കുകയുണ്ടായി.

നിർദേശങ്ങൾ
മണിക്കൂറുകൾ നീളുന്ന ദൈർഘ്യമേറിയ ഡിജിറ്റൽ സെഷനുകൾ ഒഴിവാക്കി ഒരു ക്ലാസ് ടൈം മുക്കാൽ മണിക്കൂറാക്കി നിജപ്പെടുത്തുക. സെഷനുകൾക്ക് ഇടവേള നൽകുക.
ഒരു ദിവസത്തെ മൊത്തം ഡിജിറ്റൽ ക്ലാസ് സമയം 2- മുതൽ 3 വരെ മണിക്കൂറാക്കി പരിമിതപ്പെടുത്തുക. നിലവിലെ ഡിജിറ്റൽ ക്ലാസുകൾക്കു പകരം അധ്യാപക–- -വിദ്യാർഥി സമ്പർക്കം ഉറപ്പുവരുത്തുന്ന ലൈവായ ഓൺലൈൻ ക്ലാസുകളിലേക്ക് മാറ്റം വരുത്തുക.

‘ആരോഗ്യകരമായ സ്ക്രീൻ ടൈം' ഉപയോഗത്തിനായി കുട്ടികളെയും അച്ഛനമ്മമാരെയും സജ്ജരാക്കുക. നിശ്ചിത സമയങ്ങളിൽ മാത്രമായി സ്ക്രീൻ ടൈം നിജപ്പെടുത്തുക.
നിരന്തരമായ സ്ക്രീൻ ഉപയോഗം നമ്മൾ അറിയാതെതന്നെ നമ്മളെ സ്ക്രീൻ അഡിക്‌ഷനിലേക്ക് നയിക്കുമെന്ന വസ്തുത കുട്ടികളോട് പറഞ്ഞ് സ്ക്രീൻ അഡിക്‌ഷൻ  പ്രവണതയെ സ്വയം പ്രതിരോധിക്കുന്നതിന് അവരെ സജ്ജരാക്കുക. ഇതിനായി മാനസികാരോഗ്യ വിദഗ്‌ധരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ലൈവായ ഓൺലൈൻ സെഷനുകൾ കുട്ടികൾക്കും അച്ഛനമ്മമാർക്കും ടീച്ചർമാർക്കുമായി വെവ്വേറെയായി സംഘടിപ്പിക്കുക. ഈ വിഷയത്തിൽ അച്ഛനമ്മമാർ കുട്ടികൾക്ക് മാതൃകയാകാൻ ശ്രമിക്കണം.

പഠനവിഷയങ്ങൾക്കൊപ്പം പ്രകടനപരമായ കലാരൂപങ്ങളുടെ കലാകാരന്മാരെക്കൂടി ഉൾപ്പെടുത്തിയുള്ള ഓൺലൈൻ സെഷനുകൾ ഇടകലർത്തി അവതരിപ്പിക്കുക. ഇത്തരം സെഷനുകളിൽ കലാഭിരുചിയുള്ള കുട്ടികൾക്കുകൂടി അവസരം നൽകുക.

സോഷ്യൽ മീഡിയയുടെ സഹായത്തോടെ അധ്യാപക, -അച്ഛനമ്മമാർ,- കുട്ടികളുടെ  ഗ്രൂപ്പുകൾ ക്ലാസ് ടീച്ചർ സംഘടിപ്പിക്കുക. വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിന് അച്ഛനമ്മമാർക്കും വിദ്യാർഥികൾക്കും ഈ ഗ്രൂപ്പിൽ അവസരം നൽകുക. ഇത്തരം ചർച്ചകളിൽ ആരോഗ്യകരമായ സ്ക്രീൻ ടൈം ശീലത്തെക്കുറിച്ച് ടീച്ചർമാർക്ക് സംസാരിക്കാവുന്നതാണ്. സ്വകാര്യ സ്കൂളുകളിലടക്കം ഈ നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തുക.

(തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് എസ്‌എടി ആശുപത്രിയിലെ ശിശുരോഗവിഭാഗം അഡീഷണൽ പ്രൊഫസറും ചൈൽഡ് 
സൈക്യാട്രിസ്റ്റുമാണ് ലേഖകൻ)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top