27 September Wednesday
ഇന്ന് ഒഞ്ചിയം രക്ത സാക്ഷിത്വത്തിന്റെ 
75‐-ാം വാർഷികദിനം

ചരിത്രത്തെ ജീവരക്തംകൊണ്ട് ചുവപ്പിച്ചവർ

വെബ് ഡെസ്‌ക്‌Updated: Sunday Apr 30, 2023

ചരിത്രത്തെ ജീവരക്തംകൊണ്ട് ചുവപ്പിച്ചവരാണ് ഒഞ്ചിയത്തെ കമ്യൂണിസ്റ്റ് വിപ്ലവകാരികൾ. സ്വതന്ത്ര ഇന്ത്യയിലെ നിർദയമായ ഭരണകൂടനീതിക്കിരയായി ഒഞ്ചിയത്തിന്റെ മണ്ണിൽ വെടിയേറ്റുവീണ എട്ട്‌ കമ്യൂണിസ്റ്റ് വിപ്ലവകാരികളുടെയും ഒഞ്ചിയം ജനതയുടെയും ധീരോദാത്തമായ ചെറുത്തുനിൽപ്പിന്റെ സ്മരണയ്ക്ക് 75 വയസ്സ് തികഞ്ഞു. കോർപറേറ്റ് ഹിന്ദുത്വവാഴ്ച സൃഷ്ടിക്കുന്ന അത്യന്തം ഗുരുതരമായ ഒരു ചരിത്രസന്ധിയിലൂടെ രാജ്യവും ജനതയും കടന്നുപോകുന്ന സന്ദർഭത്തിലാണ് ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ സ്മരണ പുതുക്കുന്നത്. നവഫാസിസ്റ്റ് അധികാരശക്തികൾക്കെതിരായ പോരാട്ടത്തിന് കരുത്തും പ്രചോദനവും നൽകുന്ന ജീവത്യാഗത്തിന്റെയും പ്രതിരോധത്തിന്റെയും ചരിത്രസ്മരണയാണ് ഒഞ്ചിയം രക്തസാക്ഷികൾ നമുക്ക്  പകർന്നുനൽകുന്നത്.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽത്തന്നെ ഒഞ്ചിയം പുരോഗമനാശയങ്ങൾക്ക് വേരോട്ടമുള്ള മണ്ണായി കഴിഞ്ഞിരുന്നു. വാഗ്ഭടാനന്ദഗുരുദേവന്റെ ആദർശങ്ങളിൽ ആകൃഷ്ടരായ യുവാക്കളായിരുന്നു അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ജാതിപ്രമാണിത്വത്തിനുമെതിരായ സമരങ്ങൾക്ക് ഒഞ്ചിയത്തിന്റെ മണ്ണിൽ തുടക്കമിട്ടത്. നവോത്ഥാനസമരങ്ങളിലൂടെയാണ് ഒഞ്ചിയം ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരായ പോരാട്ടവഴികളിലേക്ക് കടന്നുവരുന്നത്. സാമൂഹ്യമായി അവഗണനയും അടിച്ചമർത്തലും ചൂഷണവും അനുഭവിച്ച ജനങ്ങളുടെ സംഘടിതമുന്നേറ്റമാണ് 1937-ൽ ഒഞ്ചിയത്തിന്റെ ഭാഗമായ വള്ളിക്കാട് നടന്ന മലബാർ കർഷകസമ്മേളനത്തിലൂടെ പ്രകടമായത്. 1939 ഡിസംബർ 29-നാണ് കമ്യൂണിസ്റ്റ് പാർടിയുടെ പ്രഥമസെല്‍ ഒഞ്ചിയത്ത് രൂപം കൊള്ളുന്നത്. ഭക്ഷ്യക്ഷാമത്തിനും ബ്രിട്ടീഷ് നയങ്ങൾക്കുമെതിരായ പോരാട്ടങ്ങളിലൂടെ ജന്മിത്വത്തിന്റെ നൃശ്ശംസതകൾക്കെതിരെ ഒഞ്ചിയം ഉണരുകയായിരുന്നു.

1942-ൽ രൂക്ഷമായ ഭക്ഷ്യക്ഷാമവും കോളറ, വസൂരി തുടങ്ങിയ മഹാവ്യാധികളും ജനങ്ങളെ വേട്ടയാടിയപ്പോൾ അവർക്ക് ഭക്ഷണമെത്തിക്കാനും രോഗപരിചരണം നടത്താനും കമ്യൂണിസ്റ്റ് പാർടി പ്രവർത്തകർ മുന്നിട്ടിറങ്ങി. ഒരിറ്റ് കഞ്ഞിവെള്ളം കുടിക്കാൻ ഒരുമണി അരിപോലും കിട്ടാതെ പാവങ്ങൾ പട്ടിണികിടക്കുന്ന അവസ്ഥയിലാണ് അധികാരിവർഗത്തിന്റെ സംരക്ഷണയിൽ കരിഞ്ചന്തലോറികൾ കടന്നുപോയത്. പൂഴ്ത്തിവയ്പിനും കരിഞ്ചന്തയ്ക്കുമെതിരെ ഒഞ്ചിയത്തും പരിസരപ്രദേശത്തും പൊതുവെ മലബാറിലുടനീളം സമരങ്ങൾ പൊട്ടിപ്പുറപ്പെട്ടു. കമ്യൂണിസ്റ്റുകാരുടെ മുൻകൈയിലാണ് സമരമെന്ന് മനസ്സിലാക്കിയ മദിരാശി ഗവൺമെന്റ് സായുധപൊലീസിനെ ഇറക്കി നാടെങ്ങും നരനായാട്ട് നടത്തി. ഈയൊരു പ്രക്ഷുബ്ധമായ ചരിത്രസാഹചര്യത്തിലാണ് ഒഞ്ചിയം വെടിവയ്പും എട്ട്‌ കമ്യൂണിസ്റ്റ് വിപ്ലവകാരികളുടെ ധീരോദാത്തമായ രക്തസാക്ഷിത്വവും സംഭവിച്ചത്.


 

സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരെ കത്തിജ്വലിച്ചുനിന്ന കുറുമ്പ്രനാട്ടിലെ ചോരയിൽകുതിർന്ന പോരാട്ടങ്ങളുടെ സ്മരണയാണ് ഒഞ്ചിയം രക്തസാക്ഷിത്വം. അത് കേരളത്തിലെയും ഇന്ത്യയിലെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ പോരാട്ടങ്ങളുടെയും ആത്മസമർപ്പണത്തിന്റെയും ചരിത്രത്തെയാണ് അനുസ്മരിപ്പിക്കുന്നത്. കൽക്കത്തയിൽ നടന്ന രണ്ടാം പാർടി കോൺഗ്രസിന്റെ തീരുമാനങ്ങൾ റിപ്പോർട്ടുചെയ്യാൻ ഒഞ്ചിയത്ത് കുറുമ്പ്രനാട് താലൂക്ക് പാർടി യോഗം നടക്കുന്നുവെന്ന വിവരമറിഞ്ഞാണ് മലബാർ പൊലീസ് ഇരച്ചെത്തിയത്. ദേശരക്ഷാസംഘമെന്ന പേരിൽ പ്രവർത്തിച്ചിരുന്ന ജന്മി പ്രമാണിവർഗത്തിന്റെ ഗുണ്ടാസംഘങ്ങളുടെ സഹായത്തോടുകൂടിയാണ് ഒഞ്ചിയത്തെ നരഹത്യ നടന്നത്. നിരപരാധികളായ കർഷക സഖാക്കളെ വീടുകൾ പരതി കസ്റ്റഡിയിലെടുക്കുന്ന പൊലീസ്‌രാജിനെതിരെ ഉയർന്ന പ്രതിഷേധ സമരമുഖത്താണ് വെടിവയ്പുണ്ടായത്. അളവക്കൻ കൃഷ്‌ണൻ, മേനോൻ കണാരൻ, പുറവിൽ കണാരൻ, പാറോള്ളതിൽ കണാരൻ, കെ എം ശങ്കരൻ, സി കെ ചാത്തു, വി പി ഗോപാലൻ, വട്ടക്കണ്ടി രഘൂട്ടി എന്നീ എട്ട്‌ സഖാക്കൾ പിടഞ്ഞുവീണു. ഈ രണധീരരുടെ മൃതദേഹം ഒഞ്ചിയത്തെ പൊടിമണലിൽ ചോരയിൽ കുതിർന്നു കിടന്നു. മൃതദേഹങ്ങൾ ലോറിയിൽ കയറ്റി വടകരയ്‌ക്ക്‌ കൊണ്ടുപോകുകയായിരുന്നു. വൈകിട്ട്‌ പുറങ്കര കടപ്പുറത്ത്‌ ഒറ്റക്കുഴി വെട്ടി സംസ്‌കരിച്ചു. തുടർന്ന് ഒഞ്ചിയത്തും പരിസരപ്രദേശത്തും പൊലീസ് നടത്തിയ നരനായാട്ടിലാണ് സഖാക്കൾ മണ്ടോടി കണ്ണനും കൊല്ലാച്ചേരി കുമാരനും ലോക്കപ്പ് മുറിയിൽ ക്രൂരമർദനങ്ങൾക്കിരയായതിനെ തുടർന്ന് രക്തസാക്ഷിയാകുന്നത്.

നിയോലിബറൽ നയങ്ങൾക്കും ഹിന്ദുത്വവർഗീയതയ്ക്കും ബദൽ വികസന സമീപനവും ഭരണനടപടികളും സ്വീകരിച്ചുകൊണ്ട് നവകേരളത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളാണ് പിണറായി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. എല്ലാവർക്കും ഭക്ഷണവും കുടിവെള്ളവും വീടും വൈദ്യുതിയും തൊഴിലും വരുമാനവും ഉറപ്പുവരുത്തിക്കൊണ്ട് കോർപറേറ്റ് അനുകൂല നയങ്ങൾക്ക് ബദൽ സൃഷ്ടിക്കുകയാണ് കേരളം. ഡോ.അമർത്യാ സെന്നിനെപ്പോലുള്ള വിശ്വപ്രസിദ്ധരായ സാമ്പത്തികശാസ്ത്രജ്ഞർ നിയോലിബറൽ നയങ്ങൾക്കെതിരായ ക്ഷേമോന്മുഖവും വികസനോന്മുഖവുമായ മാതൃകയായിട്ടാണ് കേരളം മുന്നോട്ടുകൊണ്ടുപോകുന്ന ബദൽനയങ്ങളെ കാണുന്നത്.

ഭരണഘടനയുടെ ഫെഡറൽതത്വങ്ങളെയാകെ കാറ്റിൽപ്പറത്തിക്കൊണ്ട് സംസ്ഥാനങ്ങൾക്കുള്ള വിഭവവിഹിതവും കടമെടുക്കാനുള്ള അവകാശങ്ങളും നിരന്തരമായി പരിമിതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് മോദിസർക്കാർ. സംസ്ഥാന സർക്കാരിന്റെ എല്ലാ വികസനപദ്ധതികൾക്കും തുരങ്കംവയ്ക്കുന്ന സമീപനമാണ് കേന്ദ്രസർക്കാരിനുള്ളത്. ഈ പ്രതികൂലതകളെയെല്ലാം നേരിട്ടുകൊണ്ട് ഒരു നവകേരള സൃഷ്ടിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുകയാണ് പിണറായി സർക്കാർ. ദേശീയതലത്തിൽ ഇസ്ലാമോഫോബിയയെ രാഷ്ട്രതന്ത്രമാക്കിക്കൊണ്ട് ഭൂരിപക്ഷ മതധ്രുവീകരണമുണ്ടാക്കാനുള്ള കുത്സിതമായ നീക്കങ്ങളാണ് മോദി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷയെപ്പോലും അപകടപ്പെടുത്തുന്ന തരത്തിലാണ് ബിജെപിയും അവരുടെ കേന്ദ്രസർക്കാരും പ്രവർത്തിക്കുന്നതെന്നാണ് പുൽവാമയുമായി ബന്ധപ്പെട്ട് മുൻ ജമ്മു കശ്മീർ ഗവർണർ നടത്തിയിട്ടുള്ള വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നത്. കോർപറേറ്റ് പ്രീണനവും വർഗീയവൽക്കരണവും നടത്തി ഇന്ത്യ എന്ന ആശയത്തെതന്നെ ഇല്ലാതാക്കുന്ന നയമാണ് ഹിന്ദുത്വവാദികൾക്കുള്ളത്. ഇതിനെതിരായ പോരാട്ടങ്ങൾക്ക് കരുത്ത് പകരുന്നതാണ് ഒഞ്ചിയം രക്തസാക്ഷികളുടെ ധീരസ്മരണ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top