19 October Saturday

ഓങ്ങല്ലൂർ പ്രസംഗത്തിന്റെ സമകാലിക പ്രസക്തി

പി രാജീവ്‌Updated: Monday Feb 4, 2019

1944ൽ ഓങ്ങല്ലൂരിൽ സമ്മേളിച്ച നമ്പൂതിരി യോഗക്ഷേമസഭയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത് ഇ എം എസ് നടത്തിയ പ്രസംഗത്തിന് എഴുപത്തഞ്ചാം വർഷത്തിൽ സവിശേഷമായ പ്രാധാന്യമുണ്ട്. പത്തു വർഷം സമുദായത്തിന്റെ ഒരു പ്രവർത്തനത്തിലും പങ്കെടുക്കാതിരുന്നതിനുശേഷമാണ് ഇ എം എസ് ഓങ്ങല്ലൂരിൽവച്ച് വീണ്ടും സമുദായ സംഘടനയുടെ പ്രധാന ചുമതല ഏറ്റെടുക്കുന്നത്. ഈ പത്തുവർഷം അദ്ദേഹത്തെയും കേരളീയ സമൂഹത്തെയും സംബന്ധിച്ച് ചരിത്ര പ്രാധാന്യമുള്ള കാലമാണ്. കോൺഗ്രസ്, കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടി എന്നിവയിലുള്ള രാഷ്ട്രീയ പ്രവർത്തനത്തിന്റെ തുടർച്ചയിൽ കമ്യൂണിസ്റ്റ് പാർടി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയതാണ് പൊതുവായ സവിശേഷത. കമ്യൂണിസ്റ്റ് പാർടിയുടെ പ്രവർത്തകനായി മാറിയ ഇ എം എസ് 1943ൽ ബോംബെയിൽ  നടന്ന ഒന്നാം പാർടി കോൺഗ്രസിൽവച്ച് കേന്ദ്ര കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. അതിനുശേഷമാണ് വീണ്ടും യോഗക്ഷേമസഭയുടെ അധ്യക്ഷനാകാനുള്ള ക്ഷണം സ്വീകരിക്കുന്നത്.

പത്തുകൊല്ലംമുമ്പ് സമുദായ പ്രസ്ഥാനത്തിൽനിന്ന‌് വിട്ടുനിന്നതിനും വീണ്ടും ചുമതല ഏറ്റെടുക്കുന്നതിനും തന്റേതായ വാദങ്ങൾ ഇ എം എസ് ഈ പ്രസംഗത്തിൽ വിശദീകരിക്കുന്നുണ്ട്. സമുദായ പ്രവർത്തകരുടെ ഉദ്ദേശ്യമെല്ലാം നേടിക്കഴിഞ്ഞിരിക്കുന്നുവെന്നും രാഷ്ട്രീയ പ്രവർത്തനംമാത്രമേ ആവശ്യമുള്ളൂവെന്നും കരുതിയതുകൊണ്ടല്ല താൻ വിട്ടുനിന്നത് എന്ന്  ഇ എം എസ് വ്യക്തമാക്കുന്നു. ‘‘ കാൽനൂറ്റാണ്ടുകാലത്തെ സമുദായ പ്രവർത്തനത്തിന്റെ ഫലം സമുദായത്തിലെ ചെറിയൊരു വിഭാഗത്തെമാത്രമേ സ്പർശിച്ചിട്ടുള്ളൂവെന്നും സമുദായത്തിലെ ബഹുഭൂരിപക്ഷം സ്ത്രീ–-പുരുഷന്മാർ അജ്ഞതയുടെയും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പിടിയിൽത്തന്നെ കിടക്കുകയാണെന്നും എനിക്കന്ന് ബോധ്യമുണ്ടായിരുന്നു. അങ്ങനയുള്ള സമുദായത്തെ ഇനി മുന്നോട്ടുനീക്കേണ്ടത് ഏതുവഴിക്കാണെന്നും അതിനെന്തുചെയ്യണമെന്നും എനിക്ക് വ്യക്തമായ അഭിപ്രായമുണ്ടായിരുന്നു.’’ എന്നാൽ, തന്റെ അഭിപ്രായം സഭയ‌്ക്കും സഭയുടെ അഭിപ്രായം തനിക്കും സ്വീകാര്യമായിരുന്നില്ലെന്നും അതുകൊണ്ടാണ് സമുദായ പ്രവർത്തനം അവസാനിപ്പിച്ചതെന്നും ഇ എം എസ് വ്യക്തമാക്കുന്നു.
പുരോഗമനപരമായ മാറ്റം

എന്നാൽ, സമുദായത്തിനകത്തുണ്ടായിരുന്ന വ്യത്യസ‌്ത അഭിപ്രായങ്ങളുടെ ഏറ്റുമുട്ടലിനൊടുവിൽ നമ്പൂതിരി സമുദായത്തിൽ പുരോഗമന നിലപാട് സ്വീകരിച്ചിരുന്നവർപോലും പഴയ ആചാരങ്ങളിലേക്ക് മടങ്ങുന്ന അവസ്ഥയുണ്ടായി. ആചാര പരിഷ‌്കാരങ്ങളുടെ നേതൃനിരയിലുണ്ടായിരുന്നവർതന്നെ അതിനെ തള്ളിപ്പറയുന്ന സ്ഥിതിയുണ്ടായി. ‘‘ഞാൻ കേട്ട കഥ ശരിയാണെങ്കിൽ കാത‌ുമുറിച്ച് കമ്മലിട്ടു തുടങ്ങിയിരുന്ന ഒരന്തർജനം വീണ്ടും കാത‌ുവലുതാക്കുന്നതിനെയും ‘ചിറ്റൂ' പണിയുന്നതിനെയും കുറിച്ചും സ്വപ്നം കാണാൻ തുടങ്ങിയിരിക്കുന്നു’’ എന്ന അനുഭവത്തിൽനിന്നുകൂടിയാണ് പാർടി കേന്ദ്ര കമ്മിറ്റി അംഗമായിരിക്കുമ്പോൾത്തന്നെ വീണ്ടും സമുദായ സംഘടനയുടെ നേതൃത്വം ഏറ്റെടുക്കാൻ ഇ എം എസ് തയ്യാറാകുന്നത്. 

അതോടൊപ്പംതന്നെ നമ്പൂതിരിയെ  മനുഷ്യനാക്കുന്ന ഉത്തരവാദിത്തം യോഗക്ഷേമസഭ ഏറ്റെടുക്കേണ്ടാതാണെന്നും ഇ എം എസ് വ്യക്തമാക്കുന്നു. എന്നും പാട്ടത്തെമാത്രം ആശ്രയിച്ച് ജീവിക്കാൻ കഴിയില്ലെന്നും പണിയെടുത്ത് മനുഷ്യരെപ്പോലെ ജീവിക്കുന്നതിന‌് നമ്പൂതിരിമാരും തയ്യാറാകണമെന്നും ആധികാരികമായി അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. മറ്റു സമുദായത്തിൽപ്പെട്ടവർ ചെയ്യുന്നതുപോലെ വ്യവസായങ്ങൾ ആരംഭിക്കാനും നമ്പൂതിരിമാരും തയ്യാറാകേണ്ടതുണ്ട്. നമ്പൂതിരിയെ അന്ധകാരത്തിൽനിന്ന‌് പുറത്തുകൊണ്ടുവന്ന് മനുഷ്യനാക്കുന്നതിനാണ് അധ്യക്ഷനെന്ന നിലയിൽ ഇ എം എസ് ലക്ഷ്യംവയ്ക്കുന്നത്. ഓങ്ങല്ലൂർ പ്രസംഗത്തിനുശേഷം മലബാറിൽ പൊതുവെ നമ്പൂതിരി സമുദായത്തിന്റെ കാഴ്ചപ്പാടുകളിൽ പുരോഗമനപരമായ മാറ്റംവന്നു. വിദ്യാഭ്യാസം, തൊഴിൽ, വ്യവസായം എന്നിങ്ങനെ വിവിധ തലങ്ങളിലെ ഇടപെടലുകൾ വിശകലനം ചെയ്യുന്ന ദൗത്യംകൂടി ഈ പ്രസംഗം നിർവഹിക്കുന്നുണ്ട്.

സ്വാതന്ത്ര്യാനന്തരം ജനാധിപത്യ സർക്കാരുകൾ അധികാരത്തിൽ വന്നതോടെ പൊതുവെ സ്ഥിതിഗതികളിൽ മാറ്റമുണ്ടായി. സമുദായങ്ങൾക്കകത്ത് സംഘടനകൾ നടപ്പാക്കാൻ ശ്രമിച്ച പരിഷ്കാരങ്ങൾക്ക‌് വേഗം വർധിച്ചു. ഇ എം എസ് സർക്കാർ നടപ്പാക്കിയ പരിഷ്കാരങ്ങൾ ആധുനിക കേരളത്തിലേക്കുള്ള യാത്രയുടെ വേഗം വർധിപ്പിച്ചു. നവോത്ഥാനമൂല്യങ്ങൾക്ക് അനുസൃതമായ പുരോഗമനപരമായ നടപടികൾക്ക് തുടക്കംകുറിച്ചു. എന്നാൽ, ഇന്നത്തെ അനുഭവങ്ങൾ മേൽക്കൂരയ‌്ക്കകത്ത് നിലനിൽക്കുന്ന ജീർണതകൾ പുറത്തുകൊണ്ടുവന്നു. നവോത്ഥാനവും തുടർച്ചയിൽ ജനാധിപത്യസമൂഹവും ഇല്ലാതാക്കിയെന്നു കരുതിയിരുന്ന പല അനാചാരങ്ങളും അമ്പരപ്പിക്കുന്ന രീതിയിൽ തിരിച്ചുവരുന്നു. കാത‌് മുറിച്ച് കമ്മലിട്ടവർ വീണ്ടും കാത‌് വലുതാക്കുന്നതിനെക്കുറിച്ച് സ്വപ്നം കാണുന്നുവെന്ന് ഇ എം എസ് പറഞ്ഞതുപോലെ നവോത്ഥാനത്തിന്റെ സമ്പന്നമായ ചരിത്രമുള്ളവരും പഴയകാല ആചാരങ്ങളെ മുറുകെപ്പുണരുന്നവരായി മാറിയിരിക്കുന്നു. വിവിധ പ്രദേശങ്ങളിൽ വിവാഹം കഴിക്കാൻ പറ്റാതിരിക്കുന്ന സ്ത്രീകളുടെ കണക്കുകൾവരെ ഉദ്ധരിക്കുന്ന ഇ എം എസ് തന്റെ ദീർഘമായ അധ്യക്ഷപ്രസംഗത്തിൽ നല്ലൊരു പങ്കും സ്ത്രീപക്ഷത്തുനിന്നാണ് സംസാരിക്കുന്നത്. അവർ അനുഭവിക്കുന്ന ദുരിതങ്ങളുടെ അവസാനത്തിനാണ് യോഗക്ഷേമസഭയിലൂടെ അദ്ദേഹം ശ്രമിക്കുന്നതെന്നും ഇന്ന് പ്രസക്തം.

രാജ്യത്തെ ഇതര പ്രദേശങ്ങളിൽനിന്ന‌് വ്യത്യസ‌്തമായി കേരളത്തിലെ കമ്യൂണിസ്റ്റ് പാർടി സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു. സാമൂഹ്യമായും പിന്തിരിപ്പൻശക്തികൾക്കെതിരായ സമരം കൂടാതെ അത‌് ‘സങ്കുചിതമായ സമുദായ മനോഭാവ'മാണെന്നു പറഞ്ഞ് അതിനെ അവഗണിച്ചുകൊണ്ട് കേരളത്തിൽ പുരോഗമനപ്രസ്ഥാനം വളർത്താൻ കഴിയില്ലെന്ന് ഇ എം എസ് കണ്ടിരുന്നു. ‘‘ ജാതി മേന്മയ‌്ക്കെതിരായ സമരത്തിൽനിന്ന‌് ഒഴിഞ്ഞുനിന്നുകൊണ്ടുള്ള "ദേശീയത്വം' കേരളത്തെ സംബന്ധിച്ചിടത്തോളം രാമനില്ലാത്ത രാമായണംപോലെ അസംബന്ധമാണ്’’ എന്ന് ഇ എം എസ് ഈ പ്രസംഗത്തിൽ സൂചിപ്പിക്കുന്നുണ്ട്. ഈ കാഴ്ചപ്പാടോടെയാണ് നവോത്ഥാനപോരാട്ടങ്ങളുടെ ഗുണപരമായ തുടർച്ചയ‌്ക്ക് കമ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിൽ നേതൃത്വം നൽകിയത്.
കാലം ആവശ്യപ്പെടുന്നത‌് ഐക്യത്തോടെയുള്ള പ്രവർത്തനം

ഇന്നത്തെ സാഹചര്യം കമ്യൂണിസ്റ്റ് പാർടി നേതാക്കൾ വീണ്ടും സാമുദായികപ്രവർത്തനം നടത്തേണ്ടിവരുന്ന തനിയാവർത്തനത്തെ ആവശ്യപ്പെടുന്നില്ലെങ്കിലും കമ്യൂണിസ്റ്റ് പ്രസ്ഥാനവും നവോത്ഥാനപാരമ്പര്യമുള്ള സംഘടനകളും ആ മൂല്യങ്ങളുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ ഐക്യത്തോടെ പ്രവർത്തിക്കേണ്ടതുണ്ട്. അതാണ് വനിതാമതിലിലും അതിന്റെ തുടർച്ചയായ പ്രവർത്തനങ്ങളിലും കാണുന്നത്. വിവിധ തരത്തിലുള്ള പ്രചാരവേലകളിൽ കുരുങ്ങി പഴയകാലത്തിന്റെ ഇരുണ്ടയറകളിൽ ജീവിക്കുന്നവരായി മാറുന്നവരെ മനുഷ്യരാക്കുന്നതിനാണ് ഇന്നിന്റെ പ്രവർത്തനം ശ്രമിക്കുന്നത്.
ഇക്കാര്യത്തിലും പ്രസക്തമായ ചില നിരീക്ഷണങ്ങൾ ഇ എം എസ് നടത്തുന്നുണ്ട്. അതിലൊന്ന് സമുദായ സംഘടനകളുടെ യോജിപ്പോടെയുള്ള പ്രവർത്തനമാണ്. ഓരോ സമുദായത്തെയും വ്യത്യസ്തമായ രീതിയിൽ ശ്വാസംമുട്ടിക്കുന്ന പഴയ സാമൂഹ്യഘടന അവയുടെ പൊതുശത്രുവാണെന്നും അതിനെ നശിപ്പിക്കുകയാണ് ഈ സംഘടനകളുടെ പൊതുതാൽപ്പര്യമെന്നും ഇ എം എസ് വ്യക്തമാക്കുന്നുണ്ട്. കേരളത്തിലെ നവോത്ഥാനപോരാട്ടങ്ങളിൽ ചരിത്രപരമായ പങ്ക് വഹിച്ച ഓരോ സംഘടനയും ഇന്ന് തിരിഞ്ഞുനോക്കേണ്ടതുണ്ട്. തങ്ങൾ എതിർത്തുതോൽപ്പിച്ച പിന്തിരിപ്പൻ ആചാരങ്ങൾ ഇന്ന് എവിടെയാണ് നിൽക്കുന്നത്. പുതിയ കാലത്ത് ഉയർന്നുവരുന്ന അനാചാരങ്ങൾ ഈ സംഘടനകളുടെ പൊതുശത്രുവായി മാറിയിരിക്കുന്നു. ഈ കാഴ്ചപ്പാടോടെ ഓരോ സംഘടനയും നവോത്ഥാനമൂല്യങ്ങളുടെ സംരക്ഷണമെന്ന പൊതുമുദ്രാവാക്യത്തിൽ ഐക്യപ്പെടേണ്ടതുണ്ട്. അതാണ് ഇന്നത്തെ നവോത്ഥാന സംരക്ഷണ മുന്നണിയിൽ പ്രതിഫലിക്കുന്നത്.
രണ്ടാമതായി സാമുദായിക സംഘടനകൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങളോടും ട്രേഡ‌് യൂണിയനുകൾ, കിസാൻ സഭ  തുടങ്ങിയ ജനകീയ പ്രസ്ഥാനങ്ങളോടും കഴിയുന്നത്ര യോജിച്ച് പ്രവർത്തിക്കാൻ തയ്യാറാകേണ്ടിയിരിക്കുന്നുവെന്നും ഈ പ്രസംഗത്തിൽ ഇ എം എസ് സൂചിപ്പിച്ചു. ഇന്നത്തെ കേരളത്തിലും ഈ  ഐക്യപ്പെടൽ പ്രസക്തമാണ്. യാഥാസ്ഥിതികത്വവും പുരോഗമനവും എന്ന നിലയിലുള്ള ധ്രുവീകരണത്തിൽ നവോത്ഥാനചരിത്രമുള്ള സംഘടനകളും പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളും വർഗ ബഹുജന പ്രസ്ഥാനങ്ങളും യോജിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. ഇവയെല്ലാം ഉൾക്കൊള്ളുന്ന ഒരു പൊതു ഫ്ലാറ്റ്ഫോമിനു മാത്രമേ ഈ കാലത്തിന്റെ ഉത്തരവാദിത്തം നിർവഹിക്കാൻ കഴിയുകയുള്ളൂ.

വീണ്ടും സമുദായ സംഘടനയുടെ ഭാഗമാകുന്ന സന്ദർഭത്തിൽ ഇ എം എസ് പറഞ്ഞ കാര്യം ഇന്നത്തെ യോജിച്ച പ്രവർത്തനത്തിനും വഴികാട്ടിയാണ്. ‘‘കമ്യൂണിസ്റ്റ് പാർടിയുടെയും യോഗക്ഷേമസഭയുടെയും ആദർശങ്ങൾ തമ്മിൽ വ്യത്യാസമുണ്ടെന്നത് വാസ്തവമാണ്. കമ്യൂണിസം സ്ഥാപിക്കുകയാണ് കമ്യൂണിസ്റ്റ് പാർടിയുടെ ഉദ്ദേശ്യമെങ്കിൽ, നമ്പൂതിരിമാരെ രക്ഷിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയുമാണ് യോഗക്ഷേമസഭയുടേത്. പക്ഷേ, നമ്പൂതിരി ഇന്നെന്തുചെയ്യണമെന്ന കാര്യത്തിൽ പാർടിയും സഭയും തമ്മിൽ യാതൊരു അഭിപ്രായവ്യത്യാസവുമില്ല. ......... കമ്യൂണിസം സഭ സ്വീകരിക്കണമെന്ന് കമ്യൂണിസ്റ്റുകാരോ കമ്യൂണിസത്തെ എതിർക്കണമെന്ന് മറ്റുള്ളവരോ പറയുന്നതിന്റെ അർഥം ഈ പ്രവൃത്തിപദ്ധതി നടപ്പിലാക്കരുതെന്ന് മാത്രമാണ്.’’

 ഇന്നത്തെ കേരളത്തിൽ നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ ഇതേ കാഴ‌്ചപ്പാടോടെയുള്ള യോജിച്ച പ്രവർത്തനം ആവശ്യമാണ്. സമൂഹത്തെ പുറകോട്ടുകൊണ്ടുപോകാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ  കമ്യൂണിസ്റ്റുകാരും നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളും ചേർന്ന് വിശാലമായ യോജിപ്പോടെയുള്ള പ്രവർത്തനത്തെയാണ് കാലം ആവശ്യപ്പെടുന്നത്. അതിന‌് ഇ എം എസിന്റെ ഓങ്ങല്ലൂർ പ്രസംഗം ഇന്നും വെളിച്ചം പകരുന്നു.


പ്രധാന വാർത്തകൾ
 Top