06 December Monday

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌ ; ജനാധിപത്യത്തിനും ഫെഡറലിസത്തിനും ഭീഷണി - പ്രകാശ്‌ കാരാട്ട്‌ എഴുതുന്നു

പ്രകാശ്‌ കാരാട്ട്‌Updated: Thursday Jan 14, 2021


ഭരണഘടനയുടെയും പാർലമെന്ററി ജനാധിപത്യത്തിന്റെയും അടിത്തറയ്‌ക്കെതിരെ മോഡി സർക്കാരും ബിജെപിയും മറ്റൊരു കടന്നാക്രമണംകൂടി ആസൂത്രണം ചെയ്യുകയാണ്‌. 2020 ഡിസംബറിലെ അവസാനവാരം ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’ എന്ന ആശയം പ്രചരിപ്പിക്കാൻ ബിജെപി 25 വെബിനാറാണ്‌ നടത്തിയത്‌. പ്രധാനമന്ത്രി നരേന്ദ്ര മോഡി ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’ എന്ന ആവശ്യം തുടർച്ചയായി പ്രസംഗത്തിലൂടെ പ്രഖ്യാപിക്കുന്നു. ഈ സാഹചര്യത്തിലാണ്‌ ബിജെപിയുടെ വെബിനാർ പ്രചാരണം. നവംബർ 26നു ഭരണഘടനാ ദിനത്തിൽ നടന്ന 80–-ാമത്തെ പ്രിസൈഡിങ് ഓഫീസർമാരുടെ സമ്മേളനത്തിലാണ്‌ ഏറ്റവും അവസാനമായി പ്രധാനമന്ത്രി ഈ ആവശ്യമുന്നയിച്ചത്‌.

ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്തേണ്ടതിന്റെ ആവശ്യകതയാണ്‌ ബിജെപി വെബിനാറുകളിൽ ഉയർത്തിപ്പിടിച്ചത്‌. ഇതിലൂടെ തെരഞ്ഞെടുപ്പുചെലവ്‌ കുറയ്‌ക്കാം, തുടർച്ചയായ തെരഞ്ഞെടുപ്പ്‌ സൃഷ്ടിക്കുന്ന മാതൃകാ പെരുമാറ്റച്ചട്ടം വികസനപ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു, ഉദ്യോഗസ്ഥരുടെ ശ്രദ്ധ വികസനത്തിൽനിന്ന്‌ തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുന്നു തുടങ്ങിയ വാദങ്ങളാണ്‌ മുന്നോട്ടുവയ്‌ക്കുന്നത്‌. ഒരു വെബിനാറിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി ഭൂപേദ്ര യാദവ്‌ നടത്തിയ പ്രസ്‌താവന ഏറെ ശ്രദ്ധിക്കേണ്ടതാണ്‌. ‘‘ജനാധിപത്യത്തിലെ ഒരു ഉപകരണം മാത്രമാണ്‌ തെരഞ്ഞെടുപ്പ്‌. എന്നാൽ, തുടർച്ചയായ തെരഞ്ഞെടുപ്പുകൾ കാണിക്കുന്നത്‌ ജനാധിപത്യത്തിന്റെ ഒരു ഉദ്ദേശ്യം മാത്രമാക്കി തെരഞ്ഞെടുപ്പുകൾ പരിണമിക്കുന്നു എന്നാണ്‌. തെരഞ്ഞെടുപ്പ്‌ ഭരണനിർവഹണത്തെ പിന്നിലാക്കുന്നു’’–-എന്നാണ്‌ ഭൂപേദ്ര പറഞ്ഞത്‌. തുടർച്ചയായ തെരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിന്‌ ഭൂഷണമല്ല, ഭരണനിർവഹണത്തിനാണ്‌ പ്രാധാന്യം നൽകേണ്ടതെന്ന സന്ദേശമാണ്‌ ഇതിലൂടെ ബിജെപി നൽകുന്നത്‌. കർഷകസമരവുമായി ബന്ധപ്പെട്ട്‌ നീതി ആയോഗ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസർ അമിതാബ്‌ കാന്ത്‌ പറഞ്ഞത്‌ ‘ഇന്ത്യയിൽ ജനാധിപത്യം കൂടുതലാണ്‌‌, അതുകൊണ്ടാണ്‌ കർഷകർക്ക്‌ സമരം ചെയ്യാൻ കഴിയുന്നത്‌’ എന്നാണ്‌.


 

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌ ’എന്നത്‌ ‘ഒരു രാജ്യം ഒരു നേതാവ്‌’എന്ന യുക്തിയുടെ വിപുലീകരണമാണെന്ന്‌ പകൽ പോലെ വ്യക്തം. ‘ഇക്കാര്യത്തിൽ സംവാദത്തിന്റെ ആവശ്യമില്ല, ഇത്‌ ഇന്ത്യയുടെ ആവശ്യമാണ്’ എന്നാണ്‌‌ നേതാവ്‌ പ്രഖ്യാപിച്ചത്‌. എല്ലാ തലത്തിലുമുള്ള തെരഞ്ഞെടുപ്പും‌ ഒന്നിച്ചുനടത്തുന്നതിന്‌ ഭരണഘടനയിൽ മാറ്റംവരുത്തേണ്ടത്‌ ആവശ്യമായിവരും. ഇത്‌ പാർലമെന്ററി ജനാധിപത്യത്തിന്റെ മൗലികമായ സ്വഭാവത്തെത്തന്നെ മാറ്റിമറിക്കും. ഫെഡറലിസത്തെ തന്നെ ഇത്‌ നശിപ്പിക്കും. ലോക്‌സഭ–-നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്തുന്നത്‌ ഭരണഘടനാപരമായി നിയമനിർമാണസഭകൾക്കുള്ള‌ ഉത്തരവാദിത്തത്തിൻമേലുള്ള അനാവശ്യ ഇടപെടലായിരിക്കും. നിലവിലുള്ള ഒരു സർക്കാരിനെ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കുകയോ, ഒരു പണ ബിൽ സഭയിൽ പരാജയപ്പെടുകയോ ചെയ്‌താൽ സർക്കാർ രാജിവയ്‌ക്കാൻ നിർബന്ധിതമാകുന്നു. പകരം സർക്കാർ രൂപീകരിക്കാൻ സാധിച്ചില്ലെങ്കിൽ സഭ പിരിച്ചുവിട്ട്‌ ഇടക്കാല തെരഞ്ഞെടുപ്പ്‌ നടത്തുകയാണ്‌ പതിവ്‌.

2017ൽ നീതി ആയോഗ്‌ അതിന്റെ ഒരു സംവാദത്തിനായി തയ്യാറാക്കിയ പ്രബന്ധത്തിലും 2018ൽ നിയമ കമീഷൻ കരട്‌ റിപ്പോർട്ടിലും ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌’ എന്ന നിർദേശം മുന്നോട്ടുവച്ചിരുന്നു. നിലവിലെ നിയമസഭകളുടെ കാലാവധി വെട്ടിക്കുറച്ചോ, കാലാവധി ദീർഘിപ്പിച്ചോ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുകൾകൂടി നടത്തുക. അല്ലെങ്കിൽ അഞ്ചു വർഷത്തിനിടയിൽ രണ്ട്‌ തെരഞ്ഞെടുപ്പ്‌ മാത്രമായി ചുരുക്കുക എന്നായിരുന്നു നിർദേശം. ഇടക്കാലത്ത്‌ നിയമസഭകൾ പിരിച്ചുവിടുന്നതും തുടർന്ന്‌ ഇടക്കാല തെരഞ്ഞെടുപ്പ്‌ നടത്തേണ്ടിവരുന്നതും‌ ഒഴിവാക്കാൻ നിശ്ചിത കാലാവധി നിഷ്‌കർഷിക്കുകയെന്ന നിർദേശം അപകടകരമാണ്‌.

കാലാവധിക്കുമുമ്പ്‌ ലോക്‌സഭ പിരിച്ചുവിടേണ്ടിവന്നാൽ, ശേഷിക്കുന്ന കാലാവധി തീരുംവരെ പ്രസിഡന്റിന്‌ ഭരണനിർവഹണ അധികാരം നൽകുന്ന വ്യവസ്ഥയുണ്ടാക്കുക, പുതിയ സഭ നിലവിൽ വരുന്നതുവരെ പ്രസിഡന്റ്‌‌ നിയോഗിക്കുന്ന അംഗങ്ങൾ ഉൾപ്പെടുന്ന മന്ത്രിസഭയുടെ ഉപദേശത്തോടെ ഭരണം നടത്തുകയെന്ന നിർദേശം‌ പ്രസിഡന്റിനെ എക്‌സിക്യൂട്ടീവിന്റെ തലവനാക്കും. പിൻവാതിലിലൂടെ പ്രസിഡൻഷ്യൽ രീതി കൊണ്ടുവരലാണ്‌ ഇത്‌. സംസ്ഥാന നിയമസഭകൾക്ക്‌ ഇതേ മാതൃകയാണ്‌ നിർദേശിക്കുന്നത്‌. നിശ്ചിത കാലാവധി നിശ്ചയിച്ചാൽ ഭരണകക്ഷിക്ക്‌ സഭയിൽ ഭൂരിപക്ഷമുണ്ടെങ്കിലും സഭ പിരിച്ചുവിട്ട്‌ നേരത്തെ തെരഞ്ഞെടുപ്പ്‌ നിർദേശിക്കാൻ സാധിക്കില്ല.

നിയമനിർമാണസഭകൾക്ക്‌ ഒരു സർക്കാരിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയശേഷം പുതിയ സർക്കാർ രൂപീകരിക്കാനുള്ള അവകാശമുണ്ട്‌. ഇത്‌ ഇല്ലാതാക്കുന്ന നിർദേശമാണ്‌ നിയമ കമീഷന്റേത്‌.

ലോക്‌സഭയിൽ അവിശ്വാസപ്രമേയം അവതരിപ്പിക്കുമ്പോൾ തന്നെ ബദൽ സർക്കാരിന്റെ നേതാവിനെ നിർദേശിച്ചുള്ള പ്രമേയവും അവതരിപ്പിക്കണമെന്ന്‌ നിയമ കമീഷൻ നിർദേശിച്ചിരുന്നു. നിയമനിർമാണസഭകൾക്ക്‌ ഒരു സർക്കാരിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയശേഷം പുതിയ സർക്കാർ രൂപീകരിക്കാനുള്ള അവകാശമുണ്ട്‌. ഇത്‌ ഇല്ലാതാക്കുന്ന നിർദേശമാണ്‌ നിയമ കമീഷന്റേത്‌. സംസ്ഥാന നിയമനിർമാണസഭകളെയും സർക്കാരുകളെയും നിയന്ത്രിക്കുന്ന കേന്ദ്രീകൃത നിയന്ത്രണമാണ്‌ ഇത്തരം സംവിധാനത്തിലൂടെ സ്ഥാപിക്കപ്പെടുക. ഗവർണർമാരുടെ വിവേചന അധികാരത്തെ ആശ്രയിച്ചണ്‌ സംസ്ഥാന സർക്കാരുകൾ‌ നിലനിൽക്കുക. ഏത്‌ നേതാവാണ്‌ സർക്കാർ രൂപീകരിക്കേണ്ടതെന്ന്‌ തീരുമാനിക്കാൻ ഗവർണർമാർക്ക്‌ സാധിക്കും. ജഗദീപ്‌ ഝാക്കർ, ഭഗത്‌സിങ്‌ കോശിയാരി, ആരിഫ്‌ മൊഹമ്മദ്‌ ഖാൻ എന്നിവരെപ്പോലെ കേന്ദ്ര സർക്കാരിന്റെ കളിപ്പാവകളായ ഗവർണർമാർക്ക്‌ സൃഷ്ടിക്കാൻ കഴിയുന്ന പ്രശ്‌നങ്ങൾ ഊഹിക്കാവുന്നതേയുള്ളൂ.

പാർലമെന്റിലേക്കും നിയമസഭകളിലേക്കും ഒന്നിച്ച്‌ തെരഞ്ഞെടുപ്പ്‌ നടത്താൻ ഭരണഘടനാപരമായ നിരവധി കടമ്പയുണ്ട്‌. ഭരണഘടനയിലെ 83, 85, 172, 174, 356 അനുച്ഛേദങ്ങൾ ഭേദഗതി ചെയ്യണം. ഇതിനുപുറമെ ജനപ്രാതിനിധ്യനിയമവും ചട്ടങ്ങളും ഭേദഗതി ചെയ്യണം. 2014ലെ തെരഞ്ഞെടുപ്പ്‌ പ്രകടനപത്രിക മുതൽ ബിജെപി തുടർച്ചയായി ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌’ എന്ന ആശയം മുന്നോട്ടുവയ്‌ക്കുന്നുണ്ട്‌. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഔദ്യോഗിക പദവിയുടെ ഭാഗമായി ഇത്തരത്തിൽ നിർദേശിക്കുന്നു. ഈ നിർദേശം ഗൗരവമായി നടപ്പാക്കുന്നതിനുള്ള പാതയിലാണ്‌ ബിജെപി. അതിനാണ്‌ പ്രചാരണങ്ങളും സംവാദങ്ങളും നടത്തുന്നത്‌. ഭരണഘടനാ ഭേദഗതികളും മാറ്റങ്ങളും ഇതിന്‌ ഒരു പ്രധാന തടസ്സമാണെന്ന ചിന്താഗതി‌‌ തെറ്റിദ്ധാരണയാണ്‌. സ്വേച്ഛാധിപത്യരീതിയിലേക്ക്‌ നീങ്ങുന്ന ഭരണകക്ഷിക്ക്‌ ഇത്‌ ഒരു പ്രശ്‌‌നമല്ല. ജമ്മു കശ്‌മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞതിലൂടെയും 370 അനുച്ഛേദം റദ്ദാക്കിയതിലൂടെയും ഭരണഘടനയുടെ കഴുത്തുഞെരിച്ചത്‌ നമ്മൾ കണ്ടതാണ്‌.

പാർലമെന്റിൽ മോഡി സർക്കാർ ഇത്തരമൊരു തീരുമാനവുമായി വരുമ്പോൾ പ്രതിപക്ഷ പാർടികൾ വളരെ ഗൗരവത്തോടെ കാണേണ്ടതാണ്‌. കോൺഗ്രസ്‌ ഇക്കാര്യത്തിൽ ജാഗ്രതയോടെ നീങ്ങണം. 370 അനുച്ഛേദം റദ്ദാക്കലിൽ കോൺഗ്രസ്‌ ‌സ്വീകരിച്ച ചാഞ്ചാട്ട മനസ്സ്‌ ബിജെപി പൂർണമായും ചൂഷണം ചെയ്‌തു. പ്രാദേശിക പാർടികൾക്ക്‌‌, പ്രത്യേകിച്ച്‌ അധികാരത്തിൽ ഇരിക്കുന്ന പാർടികൾക്കാണ്‌ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’‌ എന്ന സ്വേച്ഛാധിപത്യ സമീപനത്തിൽ ഏറെ നഷ്ടം നേരിടുക.

സംസ്ഥാനങ്ങൾക്ക്‌ നിലവിലുള്ള പരിമിതമായ സ്വയംഭരണാവകാശം നഷ്ടപ്പെടും. നിയമസഭകൾ പിരിച്ചുവിട്ട്‌ നേരത്തെ തെരഞ്ഞെടുപ്പ്‌ നടത്താനുള്ള ജനാധിപത്യ അവകാശം, നിയമസഭാ തെരഞ്ഞെടുപ്പിന്‌ രാഷ്ട്രീയ അജൻഡ തീരുമാനിക്കാനുള്ള അവകാശം എന്നിവ കവർന്നെടുക്കുകയാണ്‌ ഒന്നിച്ചുള്ള തെരഞ്ഞെടുപ്പിലൂടെ. അവസാരവാദ നിലപാടുകൾ സ്വീകരിക്കുന്ന ബിജെഡി (ഒഡിഷ), ടിആർഎസ്‌ (തെലുങ്കാന), വൈഎസ്‌ആർസിപി (ആന്ധ്ര) തുടങ്ങിയ പാർടികളുടെ നിലപാടുകളാണ്‌ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്ത്‌ ഫെഡറലിസത്തിനുനേരെ കടന്നാക്രമണം നടത്താൻ മോഡി സർക്കാരിനെ പ്രേരിപ്പിച്ചത്‌. യാഥാർഥ്യം മനസ്സിലാക്കിക്കൊണ്ട്‌ ഈ നിർദയവും ജനാധിപത്യവിരുദ്ധവും ഫെഡറൽ വിരുദ്ധവുമായ നീക്കത്തിനെതിരെ പ്രാദേശിക പാർടികൾ ഉയിർത്തേഴുന്നേൽക്കണം. മറ്റ്‌ പ്രതിപക്ഷ പാർടികളുമായി പ്രാദേശിക പാർടികൾ യോജിച്ചുനിന്നാൽ ഭരണഘടനയെ വഞ്ചിക്കുന്ന ബിജെപിയുടെ നീക്കത്തെ പരാജയപ്പെടുത്താനാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top