16 July Tuesday

മോദിയെ കാലേകൂട്ടി കണ്ട ഷേക്സ്പിയർ - ജോൺ ബ്രിട്ടാസ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Sep 4, 2023

ഷേക്സ്പിയറിന്റെ വിഖ്യാതകൃതിയായ വെനീസിലെ വ്യാപാരിയിലെ ഒരു സംഭാഷണശകലമുണ്ട്, “ചെകുത്താൻ വേദമോതും!” മുഖ്യകഥാപാത്രമായ അന്റോണിയോയുടെ ഡയലോഗിന്റെ പ്രസക്തി നാലു നൂറ്റാണ്ടു ക‍ഴിഞ്ഞിട്ടും തെളിഞ്ഞുനിൽക്കുകയാണ്. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആപ്തവാക്യവുമായി കേന്ദ്രസർക്കാർ രംഗത്തുവരുമ്പോൾ ഷേക്സ്പിയർ കൃതിയിലെ ഈ വാക്യം അർഥപൂർണമാകുകയാണ്.

ജനാധിപത്യത്തെ ശക്തിപ്പെടുത്താനെന്ന പേരിലാണ് പാർലമെന്റ് മുതൽ പഞ്ചായത്തു വാർഡ് തലംവരെയുള്ള തെരഞ്ഞെടുപ്പ് ഒന്നിച്ചു നടത്താനുള്ള നിർദേശവുമായി മോദി സർക്കാർ മുന്നോട്ടുപോകുന്നത്. അടിക്കടിയുള്ള തെരഞ്ഞെടുപ്പുകൾ നയപരമായ തളർച്ചയ്ക്കും വികസനമുരടിപ്പിനും വ‍ഴിവയ്ക്കുന്നുവെന്ന ഒരൊറ്റ ന്യായം മാത്രമാണ് ഈ നിർദേശത്തിന്റെ പ്രഭവകേന്ദ്രമായുള്ളത്. തെരഞ്ഞെടുപ്പ് എന്നത് ജനങ്ങളെ ശാക്തീകരിക്കാനുള്ള പ്രക്രിയയാണെന്നതു മറന്ന്, അത് സ്വന്തം നിലയ്ക്ക് ഒരു ലക്ഷ്യമായി മാറുന്നുവെന്ന പ്രതീതിക്കാണ് കേന്ദ്ര സർക്കാർതലത്തിൽ അടിവരയിടുന്നത്. മുൻകാലങ്ങളിൽ ഏകകക്ഷിഭരണം സ്ഥിരതയ്ക്കും വികസനത്തിനും അനിവാര്യമാണെന്ന വരേണ്യനിർദേശം ചർച്ചകൾക്കു വ‍ഴിവച്ചിരുന്നു. എന്താണ് വികസനം, ആരുടേതായിരിക്കണം വികസനം എന്നൊക്കെയുള്ള ചോദ്യങ്ങളോട്‌ മുഖംതിരിഞ്ഞുള്ള ചർച്ചകളാണ് അന്നു നടന്നത്. അതിന്റെ മറ്റൊരു പതിപ്പാണ് ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന സൂക്തം.

ബിജെപിയുടെ ഗൂഢലക്ഷ്യം
‘ഒരു നേതാവ്, ഒരു പ്രത്യയശാസ്ത്രം, ഒരു മതം, ഒരു സംസ്കാരം, ഒരു ഭാഷ’ എന്ന നിലപാടിന്റെ അനുബന്ധംമാത്രമാണ് ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ലക്ഷ്യവും. പാർലമെന്ററി സമ്പ്രദായത്തിനുപകരം പ്രസിഡൻഷ്യൽ രീതി കൊണ്ടുവരുന്നത് അസാധ്യമാണെന്ന തിരിച്ചറിവാണ് അതിന്റെ സ്വഭാവം ഗൂഢമായി പറിച്ചുനടാൻ ഇത്തരമൊരു ലക്ഷ്യം ഉയർത്തിപ്പിടിക്കുന്നത്. ത്രിതല ഭരണസംവിധാനമാണ് ഇന്ത്യയിൽ നിലവിലുള്ളത്– തദ്ദേശം, സംസ്ഥാനം, കേന്ദ്രം. സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണ്‌ ഇന്ത്യ എന്ന ഭരണഘടന, ഇതിന്റെ ഒന്നാം അനുച്ഛേദത്തിൽനിന്നാണ് ഈ ഭരണസംവിധാനരീതികൾ ഉത്ഭവിക്കുന്നത്. വൈവിധ്യമാർന്ന ഇന്ത്യക്ക്‌ ഫെഡറൽ സംവിധാനത്തിലൂടെ മാത്രമേ ഐക്യത്തോടെ മുന്നോട്ടുപോകാൻ ക‍ഴിയൂ എന്ന ഭരണഘടനാശിൽപ്പികളുടെ നിഗമനമാണ് ഇന്ത്യൻ ഭരണഘടനയ്ക്കു നിദാനമായത്. എന്നാൽ, മോദി ഭരണത്തിലാണെങ്കിൽ ഫെഡറൽ ഘടനയുടെ ഓരോ ശിലയും പി‍ഴുതെടുക്കപ്പെടുകയാണ്.

തെരഞ്ഞെടുപ്പു കമീഷനും ലോ കമീഷനും നിതി ആയോഗും പാർലമെന്ററി സമിതിയുമൊക്കെ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന വാദം മുന്നോട്ടു വച്ചിട്ടുണ്ട് എന്നാണ് കേന്ദ്ര ഭരണകക്ഷി വാദിക്കുന്നത്. എന്നാൽ, ഈ റിപ്പോർട്ടുകളിലൊക്കെ ഒട്ടേറെ ജാഗ്രതപ്പെടുത്തലുകളും സന്ദേഹങ്ങളും ഉണ്ടായിരുന്നുവെന്നത് വിസ്മരിക്കാൻ പാടില്ല. 2018ൽ ജസ്റ്റിസ് ബി എസ് ചൗഹാന്റെ നേതൃത്വത്തിലുള്ള ലോ കമീഷൻ ഇതേക്കുറിച്ച്‌ പ്രതിപാദിക്കുമ്പോൾ ഇതിന് സംസ്ഥാനങ്ങളുടെ അംഗീകാരം തേടേണ്ടതിന്റെ അനിവാര്യതയ്ക്ക് അടിവരയിടുന്നുണ്ട്. എന്നാൽ, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായി രൂപീകരിച്ചിരിക്കുന്ന കമ്മിറ്റിയുടെ പരിഗണനാവിഷയങ്ങൾ പരിശോധിക്കുമ്പോൾ ഫെഡറൽ തത്വങ്ങളെ ഉ‍ഴുതുമറിക്കുന്ന മോദി ഭരണത്തിന്റെ സ്ഥായിയായ രീതികൂടി മറനീക്കി പുറത്തുവരുന്നുണ്ട്. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ നടപ്പാക്കാനുള്ള ഭരണഘടനാഭേദഗതികൾക്ക് സംസ്ഥാനങ്ങളുടെ അംഗീകാരം വേണോ എന്നത് പരിഗണനാവിഷയങ്ങളിൽ എ‍ഴുന്നുനിൽക്കുന്നു. കോവിന്ദ് കമ്മിറ്റിക്കു നൽകുന്ന പരോക്ഷമായ ഒരു നിർദേശമാണിത്. മാത്രമല്ല, തദ്ദേശ തെരഞ്ഞെടുപ്പുകൾ സംസ്ഥാന തെരഞ്ഞെടുപ്പു കമീഷന്റെ പരിധിയിൽ വരുന്ന കാര്യമാണ്. കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന് അധികാരമുള്ളത് പാർലമെന്റ്–- -നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുമേൽ മാത്രമാണ്. ഒറ്റയടിക്ക്, ഒരു കമ്മിറ്റിയുടെ പരിഗണനാവിഷയങ്ങളിലൂടെ സംസ്ഥാനത്തിന്റെ പരിധിയിലുള്ള ഒരു വിഷയത്തെയാണ് കേന്ദ്രം കവർന്നെടുത്തിരിക്കുന്നത്.

ഒരു മുൻ രാഷ്ട്രപതിയെ രാഷ്ട്രീയകാര്യപരിപാടിക്ക് കരുവാക്കുക എന്നത്  ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു രീതിയാണ്. അധികാരത്തിലിരിക്കുമ്പോൾപ്പോലും ഇത്തരം പദവികളെ റബർ സ്റ്റാമ്പായിക്കാണുന്ന മോദി ഭരണത്തിന് ഇത് പുതുമയുള്ള കാര്യമായിരിക്കില്ല. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന നിർദേശത്തിനുമേൽ ഊഹാപോഹങ്ങൾ സൃഷ്ടിച്ചുകൊണ്ട് പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാനുള്ള തീരുമാനം പുറത്തുവന്ന രീതിയും പരിശോധിക്കപ്പെടേണ്ടതാണ്. മന്ത്രിസഭാ യോഗത്തിനു ശേഷമാണ് സാധാരണ പാർലമെന്റ് സമ്മേളനം ചേരുന്ന തീരുമാനം പ്രഖ്യാപിക്കപ്പെടുന്നത്. ഇക്കുറി പാർലമെന്ററി മന്ത്രി പ്രഹ്ലാദ് ജോഷി ഒരു സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.  പ്രവചനാതീതമായി പ്രവർത്തിക്കുന്നതിൽ ഹരം കാണുന്ന മോദിശൈലിയുടെ പ്രതിഫലനമാണ് പ്രഹ്ലാദ് ജോഷിയുടെ ഈ പോസ്റ്റ്. എന്തിനു വേണ്ടിയാണ് പ്രത്യേക സമ്മേളനം എന്ന് പാർലമെന്ററി മന്ത്രിക്കുപോലും അറിയില്ലെന്നത് മറ്റൊരു കാര്യം. മണിപ്പുരിനുമേൽ പ്രധാനമന്ത്രി സംസാരിക്കില്ലെന്ന വാശിക്കുമേൽ കഴിഞ്ഞ വർഷകാല സമ്മേളനം പൂർണമായി ഒഴുക്കിക്കളഞ്ഞവരാണ് ഒരു പ്രത്യേക സമ്മേളനവുമായി രംഗത്തുവരുന്നത് .  

മോദിക്ക്‌ പ്രതിപക്ഷപ്പേടി

മോദിയെ നേരിടാൻ ഒരൊറ്റ പ്രതിപക്ഷം എന്ന ആശയം രൂഢമൂലമാകുന്നതിന്റെ ഭാഗമായി മുംബൈയിൽ 28 രാഷ്ട്രീയ പാർടി ഒത്തുചേർന്നതിന്റെ പ്രഥമദിനത്തിലാണ് പാചകവാതകത്തിന് 200 രൂപ കുറച്ചുള്ള തീരുമാനം വന്നത്. പ്രതിപക്ഷസഖ്യ യോഗത്തിന്റെ രണ്ടാം ദിനത്തിലാണ് പ്രത്യേക സമ്മേളന പ്രഖ്യാപനം വന്നത്. അദാനിയുടെ കുംഭകോണത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ വന്ന ദിവസമെന്ന പ്രത്യേകതകൂടിയുണ്ട്. പ്രതിപക്ഷനിരയുടെ സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ച മൂന്നാംദിനമാണ് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ മുൻനിർത്തി ഒരു സമിതി ‘ഒരൊറ്റ തെരഞ്ഞെടു’പ്പിനുവേണ്ടി നിയോഗിക്കപ്പെട്ടത്. പ്രതിപക്ഷത്തിന്റെ നീക്കങ്ങൾ കേന്ദ്രഭരണ കക്ഷിയെ ഭയവിഹ്വലതയിലാ‍ഴ്ത്തിയതിന്റെ പ്രതിഫലനംകൂടിയാണിത്. പ്രതിപക്ഷ ഐക്യത്തിന്റെ തോത് ഇക്കുറി ഗണ്യമായി ഉയർത്തണമെന്നാണ് ഇന്ത്യാ സഖ്യത്തിന്റെ മുംബൈ സമ്മേളനത്തിലെ പ്രധാന തീരുമാനം. 543 ലോക്സഭാ സീറ്റിൽ 80 ശതമാനം സീറ്റുകളിലെങ്കിലും നേരിട്ടുള്ള പോരാട്ടം സാധ്യമാക്കിയാൽ ബിജെപി പരാജയപ്പെടുമെന്നത് യാഥാർഥ്യമാണെന്ന് മോദിപക്ഷ നിരീക്ഷകർപോലും സമ്മതിക്കുന്നു.

മോദി മാജിക്കാണ് തങ്ങളെ പിന്തുണയ്ക്കുന്ന ഘടകം എന്നുപറയാൻ ബിജെപി ഒരിക്കലും വൈമുഖ്യം കാണിച്ചിട്ടില്ല. എന്നാൽ, ഈ മാജിക് സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ വിലപ്പോകില്ലെന്ന യാഥാർഥ്യം കർണാടകത്തോടെ ബിജെപിക്ക് ബോധ്യപ്പെട്ടു. പ്രസിഡൻഷ്യൽ രീതിയിലുള്ള തെരഞ്ഞെടുപ്പു പ്രചാരണം സാധ്യമാക്കിയാൽ സംസ്ഥാന- തദ്ദേശ തെരഞ്ഞെടുപ്പുകളെ കൂടുതൽ ഫലപ്രദമായി സ്വാധീനിക്കാൻ ക‍ഴിയുമെന്നതാണ് ‘ഒരൊറ്റ തെരഞ്ഞെടു’പ്പിനുമേൽ പിടിച്ചു തൂങ്ങാൻ ബിജെപിക്ക് പ്രേരണയാകുന്നത്.

അടിക്കടിയുള്ള തെരഞ്ഞെടുപ്പുകൾ നയപരമായ തളർച്ചയ്ക്കു വ‍ഴിവയ്ക്കുമെന്ന ബിജെപിയുടെ വാദം ചില ബുദ്ധിജീവികൾക്ക് ഒറ്റനോട്ടത്തിൽ ഹൃദ്യമാകാൻ സാധ്യതയുണ്ട്. എന്നാൽ, തെരഞ്ഞെടുപ്പുകൾ എന്നും ചെലവേറിയതാണ്. ചെലവു ചുരുക്കാൻ ജനാധിപത്യംതന്നെ വേണ്ട’ എന്നു പറയുന്നതിന്റെ മിതമായ ഭാഷ്യമാണ് നയത്തളർച്ചയായി അവതരിപ്പിക്കപ്പെടുന്നത്. ഒറ്റക്കക്ഷി ആധിപത്യമാണ് ഇവർ ഇതിലൂടെ പണിതെടുക്കുന്നത്. എന്നാൽ, കൊട്ടിഘോഷിക്കപ്പെട്ട ഒറ്റക്കക്ഷി ആധിപത്യ സർക്കാരുകളേക്കാൾ ഇന്ത്യയിൽ സാമൂഹ്യവും സാമ്പത്തികവുമായ വ‍ഴിത്തിരിവുകൾ സൃഷ്ടിച്ചത് കൂട്ടുകക്ഷി സംവിധാനങ്ങളാണ്. ഇടതുപക്ഷം പുറമേ നിന്നു പിന്തുണകൊടുത്ത യുപിഎ ഉൾപ്പെടെയുള്ള ഭരണസംവിധാനങ്ങളെ വിലയിരുത്തിയാൽ ഇക്കാര്യം ബോധ്യപ്പെടും. ദാരിദ്ര്യനിർമാർജനത്തിനും ജനാധിപത്യ ശാക്തീകരണത്തിനും വലിയ പങ്കുവഹിച്ച തൊ‍ഴിലുറപ്പു പദ്ധതിയും വിവരാവകാശ നിയമവുമൊക്കെ വിചക്ഷണന്മാർ ആക്ഷേപിക്കുന്ന ‘ആടിക്കളിക്കുന്ന സംവിധാനങ്ങൾ’ കൊണ്ടുവന്നതാണ്. ഇന്ത്യയുടെ സാമൂഹ്യ -സാമ്പത്തിക ജീവിതത്തിൽ വിപ്ലവകരമായ മാറ്റത്തിനു വ‍ഴിവച്ച മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കിയത് വി പി സിങ്‌ സർക്കാർ ആണ്.

തിരുവനന്തപുരം വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി നൽകുകയെന്ന കേരളത്തിന്റെ, പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടിരുന്ന ആവശ്യം നടപ്പാക്കിയതിന് ഇവിടെ പ്രസക്തിയില്ലെങ്കിലും അതു പറഞ്ഞുപോകുന്നതിൽ തെറ്റില്ലതാനും. വി പി സിങ്‌ സർക്കാരിന്റെ ചെറിയ ഒരു തീരുമാനത്തിലൂടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി കിട്ടിയത്.  2000 കോടി രൂപ മുടക്കി കേരളം പണിതുയർത്തിയ കണ്ണൂർ വിമാനത്താവളത്തെ ഞെക്കിക്കൊല്ലാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യം പരാമർശിക്കാൻ നിർബന്ധിതനായത്.

മൂർത്തമായ സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ചാലും മോദി സർക്കാരിന്റെ കസർത്തുകളിലെ പൊള്ളത്തരം പുറത്തുവരും. യുപിഎ സർക്കാരിന്റെ 10 വർഷം ആഭ്യന്തര ഉൽപ്പാദനത്തിലെ ശരാശരി വളർച്ച നിരക്ക് 7.5 ശതമാനമായിരുന്നു. അഞ്ചാമത്തെ വലിയ സമ്പദ്ഘടനയായി ഇന്ത്യയെ ഉയർത്തിയെന്ന് അവകാശപ്പെടുന്ന മോദി ഭരണത്തിലെ ശരാശരി വളർച്ച നിരക്ക് 5.7 ശതമാനം മാത്രമാണ്.

ജനാധിപത്യം അട്ടിമറിക്കുന്നവർ
തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ അര ഡസൻ സർക്കാരുകളെങ്കിലും അട്ടിമറിയിലൂടെയും കാലുമാറ്റത്തിലൂടെയും ബിജെപി പിടിച്ചെടുത്തിട്ടുണ്ട്. മഹാരാഷ്ട്രയിൽ വികസനമരവിപ്പും നയത്തളർച്ചയും സൃഷ്ടിച്ചുകൊണ്ട് രാഷ്ട്രപതിഭരണം ചുമത്തി. മൂന്നുദിന പരീക്ഷണം ഉൾപ്പെടെയുള്ള രാഷ്ട്രീയവ്യായാമങ്ങളിൽ ഏർപ്പെട്ട് വികസനഗതിയെ എത്ര തടസ്സപ്പെടുത്തി? വികസനവും നയരൂപീകരണവുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബിജെപി അവകാശപ്പെടുമ്പോൾ അതിലടങ്ങിയ കാപട്യം വെളിപ്പെടുത്താൻ ഈ നടപടികൾമാത്രം പരിശോധിച്ചാൽ മതി. അടിക്കടി തെരഞ്ഞെടുപ്പു വരുന്നതുകൊണ്ട് ജനപ്രിയതയ്ക്കുമേൽ ഊന്നി സർക്കാരുകൾക്കു ദിശാബോധം നഷ്ടപ്പെടുമെന്നാണ് ബിജെപി പറയുന്ന മറ്റൊരു കാര്യം. രണ്ടു ലക്ഷം കോടി രൂപയുടെ നികുതിയിളവ് കോർപറേറ്റുകൾക്കു നൽകിയാൽ അത് ദിശാബോധത്തെ ഉദ്ദീപിക്കുന്ന നടപടി, ജനങ്ങൾ പട്ടിണി കിടക്കാതിരിക്കാൻ ഭക്ഷണം നൽകിയാൽ അത് കാലഹരണപ്പെട്ട ജനപ്രിയത! ഒരേസമയം സുതാര്യത പറയുകയും അതേസമയം ഇരുമ്പ് മറയിട്ടു വ്യവസായികളിൽനിന്ന് ആയിരക്കണക്കിന് കോടി രൂപ സ്വരൂപിക്കുകയും ചെയ്യുന്ന മോദി സ്റ്റൈൽ !

‘ഒരൊറ്റ തെരഞ്ഞെടു’പ്പിലേക്ക് ചക്രം ചവിട്ടണമെങ്കിൽ ജനാഭിലാഷത്തെ തിരസ്കരിക്കുന്ന ഒട്ടേറെ നടപടികളിൽ വ്യാപൃതമാകേണ്ടി വരും. ഭൂരിപക്ഷം നഷ്ടപ്പെട്ട സർക്കാരിനെ പുറത്താക്കാൻ അവിശ്വാസപ്രമേയം അവതരിപ്പിച്ചു പാസാക്കിയെടുത്താൽപ്പോരാ, ബദൽ സർക്കാർ ആരുടേതെന്നുകൂടി വോട്ടിനിട്ടു പാസാക്കണം. വിവരണാതീതമായ പണാധിപത്യത്തിന്റെയും കേന്ദ്ര ഏജൻസികളുടെ തീവ്ര ഇടപെടലുകളുടെയും പശ്ചാത്തലത്തിൽ കേന്ദ്രഭരണ കക്ഷിയുടെ ഇംഗിതത്തിനു വിരുദ്ധമായി വിശ്വാസപ്രമേയം പാസാക്കുക എന്നതുതന്നെ ഇന്നത്തെ യാഥാർഥ്യത്തിൽ അസാധ്യമായിക്കൊണ്ടിരിക്കുകയാണ്. അപ്പോ‍ഴാണ്, ബദലായി ഒരു സംവിധാനംകൂടി സ്ഥിരീകരിക്കപ്പെടണമെന്നു സമർഥിക്കപ്പെടുന്നത്. ഒട്ടേറെ സംസ്ഥാനങ്ങളിൽ ബിജെപി ഭരണം പിടിച്ചെടുത്തതുതന്നെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചാണെന്നതുകൂടി ഇവിടെ കൂട്ടി വായിക്കണം.
ജനാഭിലാഷമാണ് ജനാധിപത്യത്തിന്റെ മർമം. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആപ്തവാക്യത്തിലൂടെ ആത്യന്തികമായി ജനാഭിലാഷത്തിന്റെ തിരസ്കാരമാണ് നടക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top