09 May Sunday

സോഷ്യലിസമാണ്‌ ബദൽ - സീതാറാം യെച്ചൂരി എഴുതുന്നു

സീതാറാം യെച്ചൂരിUpdated: Saturday Nov 7, 2020


മഹത്തായ ഒക്‌ടോബർ സോഷ്യലിസ്‌റ്റ്‌ വിപ്ലവത്തിന്റെ വാർഷികം ഇത്തവണ ആഘോഷിക്കുന്നത്‌ ലോകത്തെ വലിയൊരുവിഭാഗം ജനങ്ങളും ഇരട്ടപ്രഹരത്തിന്റെ ഇരകളായിരിക്കുന്ന ഘട്ടത്തിലാണ്‌. ലോകമാകെ പടർന്നുപിടിച്ച കോവിഡ്‌–-19 മഹാമാരി ജനങ്ങളുടെ ജീവനും ജീവനോപാധിക്കും കടുത്ത പ്രഹരമാണ്‌ ഏൽപ്പിച്ചത്‌. കോവിഡിനെ തുടർന്നുള്ള അടച്ചിടലുകൾ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചു. മുതലാളിത്തലോകത്ത്‌ സാമ്പത്തിക തകർച്ച രൂക്ഷമാകുകയാണ്‌. ഈ സാഹചര്യത്തിൽ ഒക്‌ടോബർ വിപ്ലവത്തിന്റ പ്രാധാന്യവും മുതലാളിത്തത്തിനുമേൽ സോഷ്യലിസത്തിനുള്ള മേൽക്കൈയും വ്യക്തമാകുന്നു.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌. വിപ്ലവത്തിലൂടെ മുന്നോട്ടുവച്ച സാർവത്രിക വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യപരിപാലനം, സാമൂഹ്യസുരക്ഷ എന്നീ മേഖലകളിൽ ഉണ്ടാക്കിയ നേട്ടങ്ങൾ ലോക കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്‌ വലിയ ഉത്തേജനമായി. കൂടുതൽ രാജ്യങ്ങൾ സോഷ്യലിസ്‌റ്റ്‌ പാത സ്വീകരിക്കാനും നല്ല ലോകത്തിനായുള്ള ജനകീയ പോരാട്ടത്തിനും ഒക്‌ടോബർ വിപ്ലവം ഊർജം പകർന്നു. രണ്ടാം ലോകയുദ്ധത്തിൽ സോവിയറ്റ്‌ യൂണിയൻ നേതൃപരമായ പങ്കുവഹിച്ചതിലൂടെ ഫാസിസത്തെയും ഹിറ്റ്‌ലറെയും പരാജയപ്പെടുത്താനായി. ഫാസിസത്തിന്റെ വിപത്തിൽനിന്ന്‌ ലോകത്തെ മോചിപ്പിക്കാനും കോളനി രാജ്യങ്ങളുടെ മോചന പോരാട്ടങ്ങൾക്ക്‌ ഉത്തേജനം പകരാനും സാധിച്ചു. ഇതിനുപുറമെ ജനങ്ങൾക്ക്‌ സാമൂഹ്യസുരക്ഷ വാഗ്‌ദാനം നൽകി ‘ക്ഷേമ രാഷ്ട്രം’ എന്ന ആശയം സ്വീകരിക്കാൻ പല മുതലാളിത്ത രാജ്യങ്ങളെയും നിർബന്ധിതരാക്കി. സോഷ്യലിസ്‌റ്റ്‌ ആശയത്തിന്‌ ജനങ്ങളിൽനിന്ന്‌ വലിയതോതിലുള്ള പ്രതികരണങ്ങൾ ലഭിച്ചതോടെയാണ്‌ ഈ സമീപനം സ്വീകരിക്കാൻ തയ്യാറായത്‌.


 

ശാസ്‌ത്ര–-സാങ്കേതിക രംഗങ്ങളിലും വലിയ മുന്നേറ്റം സൃഷ്ടിക്കാൻ സോവിയറ്റ്‌ യൂണിയന്‌ സാധിച്ചു. ബഹിരാകാശ സാങ്കേതികവിദ്യയിൽ മുന്നിലെത്തിയതോടൊപ്പം മറ്റ്‌ ശാസ്‌ത്രമേഖലയിലെ നേട്ടങ്ങളും എടുത്തുപറയേണ്ടതാണ്‌. കലാരംഗത്തും സിനിമാമേഖലയിലും വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചു. സാമ്രാജ്യത്വത്തിന്റെ ലോകമേധാവിത്വം സ്ഥാപിക്കാനുള്ള ആക്രമണാത്മകമായ ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിരോധകോട്ട തീർത്തു. നിരവധി ദേശീയ വിമോചനപോരാട്ടങ്ങൾക്ക്‌ സോവിയറ്റ്‌ യൂണിയൻ പ്രചോദനവും കരുത്തുമായി മാറി.

സോവിയറ്റ്‌ യൂണിയന്റെ തകർച്ചയ്‌ക്കുശേഷം ആഗോള ധനമൂലധനത്താൽ നയിക്കുന്ന നവഉദാരവൽക്കരണ–-ആഗോളവൽക്കരണത്തിലൂടെ സാമ്രാജ്യത്വം നഗ്‌നമായ കടന്നാക്രമണം നടത്തുകയാണ്‌. സോവിയറ്റ്‌ യൂണിയന്റെ തകർച്ചയിലേക്ക്‌ നയിച്ച കാരണങ്ങൾ സിപിഐ എം പതിനാലാം പാർടി കോൺഗ്രസിൽ ‘പ്രത്യയശാസ്‌ത്ര പ്രമേയത്തിൽ’ വിശദമായി വിലയിരുത്തിയതാണ്‌. സാമ്രാജ്യത്വത്തിന്റെ കടന്നാക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കേണ്ടതുണ്ട്‌. അതത്‌ രാജ്യങ്ങളിലെ കമ്യൂണിസ്‌റ്റ്‌ പാർടികൾ സാർവദേശീയ തലത്തിൽത്തന്നെ പ്രത്യേക കർമപദ്ധതികൾക്ക്‌‌ രൂപം നൽകണം. നമ്മൾ ഇന്ത്യൻ സാഹചര്യത്തിൽനിന്നുകൊണ്ടും പദ്ധതി തയ്യാറാക്കണം.

കോവിഡ്‌ ഭീഷണി നേരിടൽ
കോവിഡിനെ നേരിട്ട രീതിയിൽ സോഷ്യലിസ്‌റ്റ്‌–-മുതലാളിത്ത രാജ്യങ്ങൾ തമ്മിലെ വൈരുധ്യം പ്രകടമാണ്‌. മഹാമാരി പടർന്നുപിടിച്ച ഘട്ടത്തിൽ മുതലാളിത്ത ലോകം എങ്ങനെ ഇതിനെ നേരിടണമെന്നറിയാതെ ചക്രശ്വാസം വലിക്കുകയാണ്‌. പെട്ടെന്നുള്ള രോഗപ്പകർച്ചയും മരണവും മഞ്ഞുമലയുടെ ഒരു അഗ്രം മാത്രമാണെന്ന്‌ വിദഗ്‌ധർ മുന്നറിയിപ്പുനൽകിയിട്ടും ഫലപ്രദമായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ മുതലാളിത്ത ലോകം പരാജയപ്പെട്ടു. എന്നാൽ, സോഷ്യലിസ്‌റ്റ്‌ രാജ്യങ്ങൾക്ക്‌ മഹാമാരി പടരുന്നത്‌ പെട്ടെന്ന്‌ നിയന്ത്രിക്കാനും സാമ്പത്തികപ്രവർത്തനം പുനരാരംഭിക്കുന്നതിനും‌ സാധിച്ചു.


 

കോവിഡ്‌ ആദ്യം പ്രത്യക്ഷപ്പെട്ട ചൈനയിൽ ഒക്‌ടോബർവരെ 85,000 ‌ രോഗികൾ മാത്രം. 4634 പേർ മരിച്ചു. ക്യൂബയിൽ 123 പേർക്ക്‌ ജീവൻ നഷ്ടപ്പെട്ടു. അമേരിക്കയുടെ സാമ്പത്തി ഉപരോധം നേരിടുമ്പോഴും രോഗം പടർന്നുപിടിക്കുന്നത്‌ നിയന്ത്രിക്കാനും നിരവധിയാളുകളുടെ ജീവൻ രക്ഷിക്കാനും ക്യൂബയ്‌ക്ക്‌ സാധിച്ചു. രോഗം വ്യാപകമായ അമ്പതിലേറെ രാജ്യങ്ങളിലേക്ക്‌ ഡോക്ടർമാരെ അയച്ചും മരുന്നും മെഡിക്കൽ ഉപകരണങ്ങൾ നൽകിയും സഹായിച്ചുകൊണ്ടിരിക്കുന്നു. വിയറ്റ്‌നാമിൽ ഇതുവരെ 139 പേർ മരിച്ചു. കോവിഡിന്റെ രണ്ടാം തരംഗത്തെ തടയുന്നതിന്‌ സാധിച്ചു. ജനങ്ങൾക്ക്‌ എല്ലാ അവശ്യസാധനങ്ങളും സൗജന്യമായി ലഭ്യമാക്കാൻ രാജ്യത്താകെ പ്രതിവാര സൂപ്പർ മാർക്കറ്റുകൾ ആരംഭിച്ചു.

സൗജന്യമായി അരി ഉറപ്പുവരുത്താൻ ‘റൈസ്‌‌ എടിഎമ്മുകൾ’ തുറന്നു. ഉത്തരകൊറിയയിൽ കോവിഡ്‌ മരണം റിപ്പോർട്ട്‌ ചെയ്‌തിട്ടില്ല. അടുത്തിടെ ഉണ്ടായ കൊടുങ്കാറ്റും വെള്ളപ്പൊക്കവും സൃഷ്ടിച്ച കെടുതിക്കിടയിലും ഇത്‌ ശ്രദ്ധേയമാണ്‌. വൻതോതിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയും ആളുകളെ പുനരധിവസിപ്പിച്ചിട്ടും രോഗം പടർന്നില്ല. മുമ്പെങ്ങുമില്ലാത്ത രീതിയിൽ മനുഷ്യരാശി ഭീഷണി നേരിടുന്ന ഘട്ടത്തിൽ നവഉദാരവൽക്കരണ മുതലാളിത്തവും സോഷ്യലിസവും തമ്മിലുള്ള വ്യത്യാസം വ്യക്തമായി പ്രകടമാകുകയാണ്‌ ഇതിലൂടെ.

1929–-30 കളിലെ മഹാമാന്ദ്യത്തിനുശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണ്‌ ലോകസമ്പദ്‌വ്യവസ്ഥ അഭിമുഖീകരിക്കുന്നതെന്നാണ്‌ ലോകബാങ്ക്‌ വ്യക്തമാക്കിയത്‌. ലോകജനതയുടെ ഭൂരിഭാഗത്തിന്റെയും ജീവനോപാധിയെ സാരമായി ബാധിക്കുന്നതാണ്‌ ഇപ്പോഴത്തെ സാമ്പത്തിക തകർച്ച. 2021ൽ 15 കോടി ആളുകൾ കടുത്ത ദാരിദ്ര്യത്തിലേക്ക്‌ വലിച്ചെറിയപ്പെടുമെന്നാണ്‌‌ മുന്നറിയിപ്പ്‌. കോവിഡാനന്തരകാലത്തും വൻതോതിൽ തൊഴിലവസരം നഷ്ടപ്പെടും. ഐഎൽഒയുടെ കണക്കുപ്രകാരം തൊഴിൽസമയം വെട്ടിക്കുറച്ചതിലൂടെ 2020ലെ രണ്ടാംപാദത്തിൽ 2019ലെ അവസാന പാദത്തേക്കാൾ 40 കോടി മുഴുവൻസമയ തൊഴിൽദിനങ്ങൾ നഷ്ടപ്പെട്ടു.

2020 (ഏപ്രിൽ–-ജൂൺ) രണ്ടാംപാദത്തിൽ ലോകത്തെ പ്രമുഖ രാജ്യങ്ങളിലെ മൊത്തആഭ്യന്തര ഉൽപ്പാദനം (ജിഡിപി) കുത്തനെ ഇടിഞ്ഞു. അടുത്തഘട്ടത്തിലും വളർച്ച ഇടിയുമെന്നാണ്‌ പ്രവചനം. ഇന്ത്യയിൽ 23.9 ശതമാനത്തിന്റെ ഇടിവാണുണ്ടായത്‌. എന്നാൽ, ചൈനയിൽ മാത്രം‌ വളർച്ച രേഖപ്പെടുത്തി‌. 3.2 ശതമാനം വളർച്ച‌ രണ്ടാംപാദത്തിൽ കൈവരിക്കാനായി. അടുത്ത പാദത്തിൽ ചൈനീസ്‌ സമ്പദ്‌വ്യവസ്ഥ 4.9 ശതമാനം വളർച്ച നേടും. 2020ൽ ചൈന ജിഡിപിയിൽ 6.1 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്ന്‌ അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്‌) പ്രതീക്ഷിക്കുന്നു. പ്രധാനപ്പെട്ട വികസിത മുതലാളിത്ത രാജ്യങ്ങളിലെ വളർച്ച മൈനസ്‌ 5.9 ശതമാനമായി ചുരുങ്ങും.


 

നവഉദാരവൽക്കരണത്തിന്റെ പാപ്പരത്തമാണ്‌ ഇപ്പോഴത്തെ സാമ്പത്തിക തകർച്ച വ്യക്തമാക്കുന്നത്‌. നവഉദാരവൽക്കരണത്തിന്റെ മുഖ്യലക്ഷ്യം പരമാവധി ലാഭമുണ്ടാക്കുക എന്നതാണ്‌. ഇതിനായി ലോകമാനമുള്ള ഭൂരിഭാഗം ജനങ്ങളെയും തൊഴിലാളിവർഗത്തെയും ചൂഷണം ചെയ്യുന്നു. ഇത്‌ സാമ്പത്തിക അസമത്വം രൂക്ഷമാക്കി‌. കോവിഡ്ക്കാലത്ത്‌ സാമ്പത്തിക മാന്ദ്യം രൂക്ഷമാകുമ്പോഴും ശതകോടിശ്വരന്മാർ ലാഭം വർധിപ്പിച്ച്‌ തടിച്ചുകൊഴുക്കുകയാണ്‌. ഭൂരിഭാഗം ജനങ്ങളുടെയും വാങ്ങൽശേഷി കുത്തനെ കുറയുന്നു എന്നത്‌ ഏറിവരുന്ന സാമ്പത്തിക അസമത്വത്തിന്റെ പ്രത്യാഘാതമാണ്‌. ഉൽപ്പാദിപ്പിക്കുന്നത്‌ വിറ്റഴിക്കാൻ കഴിഞ്ഞില്ലെങ്കിൽ വളർച്ച നിലയ്‌ക്കും. വളർച്ചയില്ലെങ്കിൽ ചൂഷണം വർധിപ്പിച്ചും ജനങ്ങളെ പിഴിഞ്ഞും ലാഭം ഉയർത്താൻ മുതലാളിത്ത രാജ്യങ്ങൾ ശ്രമിക്കും. ഇപ്പോൾ ലോകമാകെ ഇതാണ്‌ സംഭവിക്കുന്നത്‌.

തൊഴിലവസരങ്ങളും ചോദനവും ഉയർത്താൻ പൊതുചെലവ്‌ വർധിപ്പിക്കാനുള്ള നീക്കങ്ങളെ നവഉദാരവൽക്കരണ ശക്തികൾ തടയുന്നു. അതുകൊണ്ടുതന്നെ ഉത്തേജക പാക്കേജുകളിൽ ഊന്നൽ നൽകിയിരിക്കുന്നത്‌ സ്വകാര്യ നിക്ഷേപത്തിനാവശ്യമായ ഫണ്ട്‌ ലഭ്യമാക്കുന്നതിലാണ്‌. പൊതുനിക്ഷേപം ഉയർത്തുന്നില്ല. അതുകൊണ്ടുതന്നെ സാമ്പത്തിക തകർച്ചയുടെ ആഴം കുറയ്‌ക്കാൻ നവഉദാരവൽക്കരണവാദികൾക്ക്‌ ഒരുവിധ പരിഹാരമാർഗവും നിർദേശിക്കാനാകുന്നില്ല. ഇതുമൂലം സാമ്പത്തിക തകർച്ച കൂടുതൽ രൂക്ഷമാകും.


 

സാമ്പത്തികതകർച്ചയിൽനിന്ന്‌ ശ്രദ്ധതിരിക്കാനും ചൂഷണത്തിനെതിരെയുള്ള തൊഴിലാളിവർഗത്തിന്റെ പോരാട്ടങ്ങളെ തളർത്താനും വംശീയ, മത വർഗീയ വികാരങ്ങൾ ആളിപ്പടർത്തുകയാണ്‌ വലതുപക്ഷം. അധികാരകേന്ദ്രീകൃതമായ ഫാസിസ്‌റ്റ്‌ രാഷ്ട്രീയസമീപനം സ്വീകരിച്ച്‌ തൊഴിലാളികളെയും ജനങ്ങളെയും നിർബാധം ചൂഷണം ചെയ്യാനുള്ള സാഹചര്യം ഒരുക്കുകയാണ്‌ സാമ്രാജ്യത്വം. വർധിച്ചുവരുന്ന ചൂഷണത്തിനും ദുരിതത്തിനുമെതിരെ ശക്തിപ്പെട്ടുവരുന്ന ജനകീയ പ്രതിഷേധങ്ങളെ തകർക്കാനാണ്‌ ഇതിലൂടെ ശ്രമിക്കുന്നത്‌. അമേരിക്കയിലെ വംശീയതയും വിദേശികളോടുള്ള വിദ്വേഷവും ഇന്ത്യയിലെയും തുർക്കിയിലെയും മതവർഗീയവാദവും ബ്രസീലിലെ തീവ്രവലതുഫാസിസ്‌റ്റു ഭരണവും വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുകയാണ്‌. വൈകാരികത ഉയർത്തി ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കുക എന്ന സമീപനമാണ്‌ ലോകത്താകെയുള്ള വലതുപക്ഷ രാഷ്ട്രീയ കക്ഷികൾ പിന്തുടരുന്നത്‌.

ഈ സാഹചര്യത്തിൽ ഇന്ന്‌ നിലനിൽക്കുന്ന സാമ്പത്തികവും രാഷ്ട്രീയവും സാമൂഹ്യവുമായ പ്രശ്‌നങ്ങളെ നേരിടാൻ ഒക്‌ടോബർ വിപ്ലവവും അതിന്റെ നേട്ടങ്ങളും ലോകത്താകെയുള്ള തൊഴിലാളിവർഗത്തിന്‌ പ്രചോദനമായി തുടരും. പല രാജ്യങ്ങളിലും നടക്കുന്ന പോരാട്ടങ്ങൾക്ക്‌ ഒക്‌ടോബർ വിപ്ലവസ്‌മരണ കൂടുതൽ കരുത്തുപകരും. ജനങ്ങളുടെ പ്രയാസങ്ങൾക്ക്‌ പരിഹാരം കാണാൻ നവഉദാരവൽക്കരണ മുതലാളിത്തത്തിന്‌ സാധിക്കില്ല. മറിച്ച്‌, അത്‌ ജനങ്ങളുടെ ദുരിതം വർധിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. എന്തെങ്കിലും പരിഹാരം ഉണ്ടെങ്കിൽ അത്‌ മുതലാളിത്തത്തിന്‌ പുറത്തുനിന്നായിരിക്കും. സോഷ്യലിസത്തിലൂടെ മാത്രമാണ്‌ ജനങ്ങളുടെ ദുരിതം പരിഹരിക്കാനാകുക. സോഷ്യലിസമാണ്‌ ഏക ബദൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top