06 June Saturday

കണ്ണീരോര്‍മയ‌്ക്ക‌് ഒരു വയസ്സ‌്

കെ കെ ശൈലജ/ ആരോഗ്യമന്ത്രിUpdated: Tuesday May 21, 2019

സിസ്റ്റർ ലിനി നമ്മെ വിട്ടുപിരിഞ്ഞിട്ട‌് ഒരു വർഷം തികയുകയാണ്. നിസ്വാർഥമായ ആതുര സേവനത്തിനിടയിൽ ജീവൻ ത്യജിക്കേണ്ടിവന്ന ഈ പെൺകുട്ടി മലയാളികളുടെ മനസ്സിൽനിന്ന് ഒരിക്കലും മാഞ്ഞുപോകില്ല. സമൂഹമാകെ ഭയപ്പെട്ടുപോയ അവസരമായിരുന്നു നിപാ വൈറസ്ബാധ സ്ഥിരീകരിച്ച ദിവസങ്ങൾ. കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് ഗ്രാമത്തിൽ സൂപ്പിക്കട എന്ന ഉൾപ്രദേശത്തുള്ള ഒരു കുടുംബത്തിലെ അംഗങ്ങളെയാണ് വൈറസ് ബാധിച്ചത്. വൈറസ് ബാധയേറ്റ നാലുപേരും മരണത്തിന് കീഴടങ്ങുകയുണ്ടായി. സാബിത്തിന്റെ മരണത്തിനുശേഷമാണ് രോഗബാധ നിപാ കാരണമാണെന്ന് കണ്ടെത്തുന്നത്. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽനിന്ന് മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് അയച്ച സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് നിപായുടെ സാന്നിധ്യം അറിഞ്ഞത്. 2018 മെയ് 19ന് തന്നെ നിപാ വൈറസിന്റെ സാന്നിധ്യത്തെക്കുറിച്ച് ധാരണയായിരുന്നു. എന്നാൽ, പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനകൂടി സ്ഥിരീകരിച്ചിട്ട് മാത്രമേ ഇക്കാര്യം പ്രഖ്യാപിക്കാൻ കഴിയുമായിരുന്നുള്ളൂ. മെയ‌് 20ന‌് പുണെയിൽനിന്നുള്ള റിസൾട്ടും വന്നു. നിപായുടെ സാന്നിധ്യം സ്ഥിരീകരിച്ചുകൊണ്ടായിരുന്നു അത്.

19 മുതൽതന്നെ ആരോഗ്യവകുപ്പും മറ്റ‌് വ്യത്യസ്ത വകുപ്പുകളും മന്ത്രി ടി പി രാമകൃഷ‌്ണനും  ജനപ്രതിനിധികളും അടക്കമുള്ളവരുടെ സഹകരണത്തോടെ പഴുതടച്ച പ്രചാരണ പ്രവർത്തനങ്ങളാണ് സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി ആദ്യത്തെ ഘട്ടത്തിൽ വൈറസ് ബാധിതരായ 18 പേർക്ക് പുറമേ കൂടുതൽ പേരിലേക്ക് രോഗപ്പകർച്ച ഉണ്ടാകുന്നത് തടയാൻ കഴിഞ്ഞു. മരണനിരക്ക് വളരെ കൂടിയ വൈറസ് ആയതിനാൽ രോഗം പിടിപെട്ട 18 പേരിൽ 16 പേരും മരണത്തിന് കീഴടങ്ങി. അജന്യ, ഉബീഷ് എന്നിവർ മരണത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ടത് വലിയ ആശ്വാസമായി. ഇതിനിടയിൽ മെയ് 21ന‌് നിപാ ബാധിതരെ തുടക്കത്തിൽ ശുശ്രൂഷിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ലിനി രോഗബാധമൂലം മരണപ്പെടാൻ ഇടയായത് എല്ലാവരെയും കടുത്ത ദുഃഖത്തിലാഴ‌്ത്തി. വളരെ ധീരമായ സമീപനമാണ് മരണത്തിനുമുമ്പിലും ലിനി സ്വീകരിച്ചത്. മരിക്കുന്നതിന് തൊട്ടുമുമ്പ് ഭർത്താവ് സജീഷിനെയും കുഞ്ഞുമക്കളെയും ഒരുനോക്കു കാണാൻ പോലുമാകാത്ത അവസ്ഥയിലും ധൈര്യം കൈവിടാതെ, കുഞ്ഞുമക്കളെ നന്നായി നോക്കണമെന്നും ഇനി തമ്മിൽ കാണാൻ കഴിയില്ലെന്നും സൂചിപ്പിച്ചുകൊണ്ട് ലിനി എഴുതിയ വാചകങ്ങൾ ഓരോ മലയാളിയുടെയും മനസ്സിൽ നൊമ്പരമുണർത്തുന്ന ഓർമകളായി നിൽക്കുകയാണ്. ലിനിയോടുള്ള വാക്കുപാലിച്ച് മക്കൾക്ക് ഒരു കുറവും വരാതെ സംരക്ഷിക്കാനുള്ള ജാഗ്രതയിലാണ് സജീഷ്. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന നേഴ്‌സുമാരും ഡോക്ടർമാരും മറ്റുപ്രവർത്തകരും എല്ലാമടങ്ങിയ ആരോഗ്യ സംവിധാനത്തിലെ മുഴുവൻ ആളുകൾക്കും ലിനി മാതൃകയും ആവേശവുമാണ്.

നിപാ വന്നയിടത്ത് വീണ്ടും വരില്ലെന്ന് ഉറപ്പുപറയാൻ കഴിയില്ലെന്നാണ് ശാസ്ത്രജ്ഞൻമാരുടെ നിഗമനം. ഡിസംബർ മുതൽ ജനുവരിവരെയുള്ള വവ്വാലുകളുടെ പ്രജനന കാലത്താണ് നിപാ ബാധയുണ്ടാകാൻ സാധ്യതയുള്ളത്. ഇത്തവണ ആരോഗ്യവകുപ്പ് നേരത്തെതന്നെ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിരുന്നു. എല്ലാ മെഡിക്കൽ കോളേജുകളിലും ഐസൊലേഷൻ വാർഡുകൾ തയ്യാറാക്കുകയും നേരിയ രോഗലക്ഷണങ്ങളെങ്കിലും ഉണ്ടാകുമ്പോൾ രോഗിയെ പരിശോധനയ‌്ക്ക‌് വിധേയമാക്കുകയും ചെയ്യുന്ന രീതിയാണ് സ്വീകരിച്ചത്. ജനങ്ങളുടെയിടയിൽ നല്ല ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. നാട് ഒരുമിച്ചുനിന്നാൽ ശുചിത്വവും രോഗപ്രതിരോധവും സൃഷ്ടിക്കാൻ നമുക്ക് കഴിയും. ലിനിയുടെ വേർപാടിന് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ കൈകോർക്കാമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top