16 January Saturday

തിരിച്ചുവരവിന്റെ പ്രശ്‌നങ്ങൾ - പ്രൊഫ: കെ എൻ ഗംഗാധരൻ എഴുതുന്നു

പ്രൊഫ: കെ എൻ ഗംഗാധരൻUpdated: Thursday May 7, 2020

കോവിഡ്‌ ‐19 സാമൂഹ്യ ശരീരത്തിൽ സൃഷ്ടിക്കാൻ പോകുന്ന പ്രത്യാഘാതങ്ങൾ പ്രവചനാതീതമാണ്‌. രോഗം സ്ഥായിയായി നിയന്ത്രിക്കപ്പെടുമോ അതോ താൽക്കാലിക നിയന്ത്രണം മറികടന്ന്‌ രൂക്ഷഭാവം ആർജിക്കുമോ എന്നതും പ്രവചനാതീതമാണ്‌. എല്ലാ സംസ്ഥാനങ്ങളിലെയും എല്ലാ രാജ്യങ്ങളിലെയും കൃഷിയും വ്യവസായവും കച്ചവടവും നിശ്ചലമായിരിക്കുന്നു. ഒരു സ്ഥലത്തില്ലെങ്കിൽ മറ്റൊരു സ്ഥലത്ത്‌ എന്ന പതിവ്‌ ആശ്വാസവാക്കുകൾക്ക്‌ അർഥം നഷ്ടമായി. ലോകം തന്നെ രോഗശയ്യയിലാണ്‌. കേരളം അക്ഷരാർഥത്തിൽ നിശ്ചലമാണ്‌. എല്ലാ ഉൽപ്പാദന–-വ്യാപാര–-ഗതാഗത സംവിധാനങ്ങളും മരവിച്ചിരിക്കുന്നു. സർക്കാരിന്റെ നികുതിവരുമാനം പൂജ്യത്തിലെത്തി. ഈ സ്ഥിതിയിലേക്കാണ്‌ പ്രവാസികളുടെ വൻതോതിലുള്ള തിരിച്ചുവരവ്‌. ഗൾഫ്‌ മേഖലയും കോവിഡിന്റെ പിടിയിലാണ്‌. കോവിഡിനെ നിയന്ത്രിക്കുന്നതിൽ കേരളം കൈവരിച്ച അഭിമാനകരമായ നേട്ടം പരോക്ഷമായി ഗൾഫ്‌ മലയാളികളുടെ തിരിച്ചുവരവിന്‌‌ ആക്കം കൂട്ടുന്നുണ്ട്‌. എത്രപേർ തിരിച്ചുവരുമെന്നത്‌ പ്രവചനാതീതമാണ്‌. എത്രപേർ തിരിച്ചുപോകുമെന്നതും.

വാസ്‌തവത്തിൽ പ്രവാസികളുടെ തിരിച്ചുവരവ്‌ പുത്തരിയല്ല. 90 ശതമാനവും ഗൾഫ്‌ രാജ്യങ്ങളിലാണ്‌‌ പണിയെടുക്കുന്നത്‌. ശേഷിച്ചവർ അമേരിക്ക, ഇംഗ്ലണ്ട്‌, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്‌‌ തുടങ്ങിയ രാജ്യങ്ങളിലും. ഗൾഫ്‌ മേഖലയിൽ തന്നെ 39 ശതമാനം മലയാളികൾ യുഎഇയിലും 23 ശതമാനം സൗദി അറേബ്യയിലുമാണ്‌. ഗൾഫ്‌ രാജ്യങ്ങൾ വിദേശികൾക്ക്‌ പൗരത്വം അനുവദിക്കുന്നില്ല. ഗൾഫ്‌ കുടിയേറ്റത്തിന്റെ അത്രതന്നെ പഴക്കമുണ്ട്‌ കുടിയിറക്കത്തിനും. കുറേപേർ പോകുന്നതുപോലെ മറ്റു കുറേപേർ തിരിച്ചുവരുന്നതും സാധാരണയാണ്‌. എന്നാൽ, കോവിഡ്‌‐ 19 ഓടെ തിരിച്ചുവരവിന്‌ വേഗത കൈവന്നിരിക്കുന്നു. ഗൾഫ്‌ കുടിയേറ്റവും കുടിയിറക്കവും സംബന്ധിച്ച്‌ ആശ്രയിക്കാവുന്ന സ്ഥിതിവിവരങ്ങൾ സെന്റർ ഫോർ ഡെവലപ്‌മെന്റ്‌ സ്റ്റഡീസിന്റെയാണ്‌. 2018ലെ എട്ടാമത്തെയും ഒടുവിലത്തേതുമായ സർവേപ്രകാരം, 2018 വരെ 14.94 ലക്ഷം മലയാളികൾ പല കാലയളവുകളിലായി തിരിച്ചെത്തി. 2020 ആകുമ്പോഴേക്കും മൂന്നുലക്ഷംപേർ കൂടി തിരിച്ചെത്തുമെന്ന്‌ 2018ലെ ഗവേഷണപഠനം വിലയിരുത്തി.

കോവിഡ്‌ ‐19നു മുമ്പുതന്നെ കുടിയേറ്റത്തിന്റെ വേഗത കുറച്ചൊന്നു കുറഞ്ഞിരുന്നെങ്കിലും, തിരിച്ചുവരവിനു സമാന്തരമായി തിരിച്ചുപോക്കിന്റെ വേഗത കുറയാനാണ്‌ സാധ്യത. കോവിഡ്‌ മാത്രമല്ല അതിനു കാരണം. ഗൾഫ്‌ രാജ്യങ്ങളുടെ പ്രധാന വരുമാനമാർഗങ്ങളിലൊന്നാണ്‌ എണ്ണഖനനവും കയറ്റുമതിയും. എണ്ണവില ചരിത്രത്തിലെ ഏറ്റവും താഴ്‌ന്ന നിലയിൽ എത്തി. ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനം സൗദി അറേബ്യക്കാണ്‌. 12 ശതമാനം. ഏറ്റവും കൂടുതൽ മലയാളികൾ പണിയെടുക്കുന്നത്‌ യുഎഇയിലാണ്‌. രണ്ടാംസ്ഥാനത്ത്‌ സൗദിയാണ്‌. എണ്ണവിലയിലെ ചാഞ്ചാട്ടങ്ങൾ സ്വാഭാവികം എന്നു വിശേഷിപ്പിക്കാനാകില്ല. എണ്ണയ്‌ക്കുള്ള ആവശ്യമുയരുമ്പോഴാണ്‌ എണ്ണവില ഉയരുന്നത്‌. സാമ്പത്തികപ്രതിസന്ധിയിൽ ലോകരാജ്യങ്ങളാകമാനം ആടിയുലയുമ്പോൾ, പെട്ടെന്നൊരു വിലവർധന സാധ്യമല്ല. ഗൾഫ്‌ മേഖലയുടെ വരുമാനവർധന അനിശ്ചിതത്വത്തിലായിരിക്കുന്നു.


 

1970കളിൽ എണ്ണവില കുതിച്ചുയർന്നതോടെയാണ്‌ ഗൾഫ്‌ മേഖലയുടെ ആധുനികചരിത്രം ആരംഭിക്കുന്നത്‌. അതുവരെ, കൃഷിയും മീൻപിടിത്തവും കന്നുകാലി കച്ചവടവൂം മറ്റുമായിരുന്നു ജനങ്ങളുടെ ഉപജീവനമാർഗങ്ങൾ. എണ്ണ ഗൾഫ്‌ രാജ്യങ്ങൾക്ക്‌ പുതിയ സാമ്പത്തികശേഷി കൈവരുത്തി. പുതിയ കെട്ടിടങ്ങളും  വൈദ്യുതിനിലയങ്ങളും  വിമാനത്താവളങ്ങളും  തുറമുഖങ്ങളും  റോഡുകളും പാലങ്ങളും പണിയാനാരംഭിച്ചു. അതിന്‌ തൊഴിൽശക്തിയും സാങ്കേതികവിജ്ഞാനവും ആവശ്യമായി. ഗൾഫ്‌ മേഖല തൊഴിലന്വേഷകരായ മലയാളികൾക്കു മുന്നിൽ തുറന്നിടപ്പെട്ടു.

കഴിഞ്ഞ അഞ്ചുപതിറ്റാണ്ടിലെ സാമ്പത്തിക പ്രവർത്തനങ്ങൾ ഗൾഫിന്റെ മുഖഛായ തന്നെ മാറ്റി. ഇന്ന്‌ എണ്ണ കയറ്റുമതി വരുമാനമാർഗങ്ങളിൽ പ്രധാനമെങ്കിലും, ഒന്നുമാത്രമാണ്‌. ഇതര ഉൽപ്പന്നങ്ങളും അവയുടെ കയറ്റുമതിയും അഭിവൃദ്ധിപ്പെട്ടു. കുവൈത്തിന്റെ വരുമാനത്തിൽ 57 ശതമാനവും യുഎഇയുടെ വരുമാനത്തിൽ 71 ശതമാനവും എണ്ണ ഇതര മാർഗങ്ങളിലൂടെ ലഭിക്കുന്നതാണ്‌. വൻകിട ധനകാര്യസ്ഥാപനങ്ങളും ടൂറിസ്റ്റ്‌ കേന്ദ്രങ്ങളും ധാരാളമാണ്‌. സിമന്റ്‌, രാസവളം, രാസവസ്‌തുക്കൾ തുടങ്ങി നാനാതരം വസ്‌തുക്കൾ ഉണ്ടാക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. തൊഴിൽഘടനയിലും  മാറ്റങ്ങൾ സംഭവിച്ചു. കായികാധ്വാനത്തേക്കാൾ സാങ്കേതികപരിജ്ഞാനം ആവശ്യമായ തൊഴിലുകളുടെ എണ്ണം വർധിച്ചു. ഉയർന്ന വിദ്യാഭ്യാസം നേടിയ സ്വദേശികളുടെ ലഭ്യത, വിദേശ തൊഴിലാളികളുടെ ആവശ്യം കുറച്ചു. ഗൾഫ്‌ ജോലി ഗൾഫുകാർക്ക്‌ എന്ന ദേശീയവികാരം ശക്തമായി. ഈ പശ്ചാത്തലം മലയാളികളുടെ തിരിച്ചുവരവിന്‌ ആക്കംകൂട്ടി. സിഡിഎസിന്റെ പഠനപ്രകാരം തിരിച്ചുവന്നവരിൽ 29.4 ശതമാനം പേർ ജോലി നഷ്ടപ്പെട്ടും പിരിച്ചുവിടൽ മൂലവുമാണ്‌ തിരിച്ചുവന്നത്‌.

കേരളത്തിന്റെ ഉയർന്ന ആളോഹരി വരുമാനത്തിനും ആലങ്കാരിക സമ്പന്നതയ്‌ക്കും അടിത്തറ ഗൾഫ്‌ വരുമാനവും ടൂറിസം വരുമാനവുമാണ്‌. 2019 മാർച്ചിലെ സ്‌റ്റേറ്റ്‌ലെവൽ ബാങ്കേഴ്‌സ്‌ കമ്മിറ്റി റിപ്പോർട്ടുപ്രകാരം, സംസ്ഥാനത്തെ മൊത്തം ബാങ്ക്‌ നിക്ഷേപത്തിൽ 38.5 ശതമാനം പ്രവാസി നിക്ഷേപമാണ്‌. 493562 കോടി രൂപയിൽ 190055 കോടി രൂപ. വിനോദസഞ്ചാരമേഖലയിൽനിന്നുള്ള വരുമാനം 2009ൽ 13231 കോടിരൂപയായിരുന്നത്‌ 2018ൽ 36258 കോടിയായി വർധിച്ചു. തിരിച്ചുവരുന്നവരുടെ പുനരധിവാസം വലിയ വെല്ലുവിളിയാകും. ഗൗരവതരമായ സാമ്പത്തികവും സാമൂഹ്യവും സാംസ്‌കാരികവുമായ ഇടപെടലിലൂടെ മാത്രമേ പുനരധിവാസം സാധ്യമാകൂ. തൊഴിലും വരുമാനവും ഭാവി ജീവിതത്തിന്റെ ഉറപ്പും പിന്നിൽ ഉപേക്ഷിച്ചാണ്‌ ലക്ഷക്കണക്കിനാളുകൾ തിരിച്ചെത്തുന്നത്‌. തൊഴിലില്ലായ്‌മയും തകർന്ന സാമ്പത്തികഭദ്രത സൃഷ്ടിക്കുന്ന വ്യാകുലതയും പിരിമുറുക്കവും പെട്ടെന്നു പരിഹരിക്കപ്പെടുന്നില്ല. പുനരധിവാസത്തിലെ മുൻഗണന തൊഴിൽ ലഭിക്കുക തന്നെയാണ്‌.


 

ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ളവർ അപൂർവമല്ലെങ്കിലും, താരതമ്യേന കുറഞ്ഞ വിദ്യാഭ്യാസയോഗ്യതയുള്ളവരാണ്‌ കൂടുതൽ. പ്രൈമറിമുതൽ സെക്കൻഡറിവരെയുള്ളവർ 13.1 ശതമാനമാണ്‌. സെക്കൻഡറി മുതൽ ഹയർ സെക്കൻഡറിവരെ വിദ്യാഭ്യാസമുള്ളവർ 37.8 ശതമാനവും ബിരുദവും അതിനുമേലെയുമുള്ളവർ 29.1 ശതമാനവുമാണ്‌. പ്രൈമറിയിൽ താഴെയുള്ളവർ 3.7 ശതമാനമാണ്‌. ഗൾഫ്‌ മലയാളികളിൽ 13 ശതമാനമാണ്‌ വനിതകൾ. വനിതകളിൽ 53.7 ശതമാനവും ബിരുദധാരികളാണ്‌. പ്രൈമറി വിദ്യാഭ്യാസത്തിൽ താഴെ മാത്രം വിദ്യാഭ്യാസമുള്ളവരിൽ സ്‌ത്രീകളാണ്‌ കൂടുതൽ. സ്‌ത്രീകൾ 8.8 ശതമാനം. പുരുഷന്മാർ 2.8 ശതമാനം. ഏറ്റവും കൂടുതൽപേർ 24.7 ശതമാനം സെയിൽസ്‌മാന്മാരായും ഡ്രൈവർമാരായും തൊഴിലെടുത്തുവരുന്നു. കാഷ്യർ, അക്കൗണ്ടന്റ്‌ ജോലികളിൽ 6.5 ശതമാനം. സ്‌ത്രീകളിൽ 45 ശതമാനംപേർ നേഴ്‌സുമാരാണ്‌. 25.3 ശതമാനം 16–-30 വയോപരിധിയിൽപ്പെട്ടവരാണ്‌. 46.4 ശതമാനം 31–-45 വയോപരിധിയിൽപ്പെട്ടവരായുണ്ട്‌. 46–-60 വയോപരിധിയിൽപ്പെട്ടവർ 19 ശതമാനം വരും. വിദ്യാഭ്യാസത്തിനും തൊഴിൽ പരിചയത്തിനും അനുയോജ്യമായ തൊഴിൽ ലഭിക്കാത്ത ധർമസങ്കടം തിരികെവന്ന പ്രവാസികളെ വേട്ടയാടും.

തിരികെയെത്തുന്ന പ്രവാസികളെ താമസിപ്പിക്കാനായി മലപ്പുറം ഹജ്ജ്‌ ഹൗസിൽ സൗകര്യമൊരുക്കുന്നു

തിരികെയെത്തുന്ന പ്രവാസികളെ താമസിപ്പിക്കാനായി മലപ്പുറം ഹജ്ജ്‌ ഹൗസിൽ സൗകര്യമൊരുക്കുന്നു


 

ഗവൺമെന്റിനെ സംബന്ധിച്ചിടത്തോളം പ്രവാസികളുടെ പുനരധിവാസം മാത്രമല്ല പ്രശ്‌നം. ഗൾഫ്‌ വരുമാനത്തിലെ ഇടിവ്‌ സമ്പദ്‌വ്യവസ്ഥയുടെ ചലനാത്മകത കവരും. നികുതിവരുമാനത്തിൽ വൻതോതിലുള്ള ഇടിവുണ്ടാക്കും.കോവിഡ്‌ ‐19 ഇന്ത്യയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്‌ കേരളത്തിലാണ്‌. അതിനെ നിയന്ത്രിച്ചുനിർത്തുന്നതും കേരളമാണ്‌. സമാധാനത്തോടെയും ആരോഗ്യത്തോടെയും ജീവിക്കാവുന്ന സ്ഥലമാണ്‌ കേരളമെന്ന ഖ്യാതി, നിക്ഷേപകരെയും വിനോദസഞ്ചാരികളെയും നല്ലതോതിൽ ആകർഷിക്കും. ആരോഗ്യമേഖലയ്‌ക്കും വിദ്യാഭ്യാസമേഖലയ്‌ക്കും നൽകുന്ന നിക്ഷേപത്തിന്റെ ലാഭവിഹിതമാണത്‌. കേരളം ദൈവത്തിന്റെ സ്വന്തം നാടല്ല; മനുഷ്യരുടെ സ്വന്തം നാടാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top