07 June Wednesday

നോട്ടുനിരോധനം രണ്ടാം പതിപ്പ്

വെബ് ഡെസ്‌ക്‌Updated: Tuesday May 23, 2023

നോട്ടുനിരോധനത്തിന്റെ ദുർദിനങ്ങളെ ഓർമിപ്പിച്ച് റിസർവ് ബാങ്ക് അറിയിപ്പ്. രണ്ടായിരത്തിന്റെ കറൻസി കൈവശമുള്ളവർ സെപ്തംബർ 30നു മുമ്പ് അവ കൈമാറി പകരം കറൻസി വാങ്ങണം. ആ തീയതി കഴിഞ്ഞാലുള്ള സ്ഥിതി ദുരൂഹതയിൽ നിർത്തുകയാണ് റിസർവ് ബാങ്ക്. അതു ജനങ്ങളെ ആശങ്കാകുലരാക്കുന്നു. 2016ലെ നോട്ടു നിരോധനത്തെ തുടർന്ന് മാർച്ച് 31നു ശേഷവും കറൻസി കൈവശമുള്ളവർ ആർബിഐയുടെ മേഖലാ ഓഫീസുകളിൽ ചെന്ന് കൈമാറണമായിരുന്നു. ഇല്ലെങ്കിൽ പൊലീസ് നടപടിയും അരലക്ഷം രൂപ പിഴയും. ആ ഗതികേട് ആവർത്തിക്കപ്പെടുമോ എന്നാണ് ജനങ്ങളുടെ ആശങ്ക.

നിരോധനമല്ല നിർദേശമാണ് റിസർവ്‌ ബാങ്കിന്റേത്‌. നിരോധിക്കാൻ അധികാരം കേന്ദ്ര സർക്കാരിനാണ്. കുപ്രസിദ്ധമായ നോട്ടുനിരോധനം ഏർപ്പെടുത്തിയത് 2016 നവംബർ എട്ടിനാണല്ലോ. നിലവിലുണ്ടായിരുന്ന അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറൻസികൾ പിൻവലിച്ചു. 86 ശതമാനം കറൻസി ഒറ്റയടിക്ക് ഇല്ലാതായി. പെരുവഴിയിൽ വച്ച് പോക്കറ്റടിച്ച അനുഭവം. പണമില്ലാതെ ജനങ്ങൾ നട്ടം തിരിഞ്ഞു. പരിഹാരമായാണ് അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും പുതിയ സീരീസിലുള്ള കറൻസികൾ അച്ചടിച്ചിറക്കിയത്‌. നികുതി വെട്ടിപ്പും കള്ളനോട്ടടിയും ഭീകരപ്രവർത്തനങ്ങളും തടയുകയായിരുന്നു നോട്ടുനിരോധനത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. അനധികൃത സമ്പാദ്യം കരുതിവയ്‌ക്കുന്നത്‌ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറൻസി രൂപത്തിലാണെന്നായിരുന്നു ധാരണ. പകരം വച്ചതോ ആയിരത്തിന്റെ സ്ഥാനത്ത് രണ്ടായിരത്തിന്റെ കറൻസിയും ! കള്ളപ്പണം രണ്ടായിരത്തിന്റെ കറൻസികളായി സൂക്ഷിക്കുന്നില്ല ആയിരത്തിന്റെ കെട്ടുകളായാണെന്നു സന്ദേശം !! കള്ളപ്പണത്തെക്കുറിച്ച് ഏതെങ്കിലും ധാരണയുള്ളവർക്കറിയാം, നോട്ടുകെട്ടുകളായല്ല, സ്വർണവും റിയൽ എസ്റ്റേറ്റുകളുമായാണ് സൂക്ഷിക്കപ്പെടുന്നതെന്ന്.

റിസർവ്‌ ബാങ്കിനെയും കേന്ദ്ര ക്യാബിനറ്റിനെയും പ്രയോഗത്തിൽ ഇരുട്ടിൽ നിർത്തിയായിരുന്നു നോട്ടു നിരോധനം. 2016 മാർച്ച് 15ന് കർണാടകത്തിലെ അഴിമതിനിരോധന കമ്മിറ്റി 500ന്റെയും ആയിരത്തിന്റെയും കറൻസികൾ റദ്ദാക്കണമെന്ന് പ്രധാനമന്ത്രി, ധനമന്ത്രി, ആർബിഐ ഗവർണർ എന്നിവർക്ക് കത്തെഴുതി. ആകെ കറൻസിയുടെ 85 ശതമാനം വരുന്ന അത്രയും കറൻസികൾ പിൻവലിച്ചാൽ ജനങ്ങൾ പണമില്ലാതെ വലയും എന്നായിരുന്നു റിസർവ് ബാങ്ക് മറുപടി. ഗവർണർ രഘുറാം രാജൻ നിരോധനത്തിന്‌ എതിരായിരുന്നു. സെപ്തംബർ നാലിന് അദ്ദേഹം രാജിവച്ചു. പുറകെയെത്തി നിരോധനവും. പ്രത്യാഘാതങ്ങളെക്കുറിച്ച് ഒരു പഠനവും നടത്തിയില്ല. വിദഗ്ധരുടെ അഭിപ്രായവും തേടിയില്ല. എല്ലാം നരേന്ദ്ര മോദിയുടെ മനോമുകുരത്തിൽ വിരിഞ്ഞവ. കേന്ദ്ര മന്ത്രിസഭയെയും വിശ്വാസത്തിലെടുത്തില്ല. ആറേ മുക്കാലിന്‌ ആരംഭിച്ച മന്ത്രിസഭായോഗ സ്ഥലത്തുനിന്ന് ഒമ്പതിനുശേഷമേ മന്ത്രിമാരെ പുറത്തുവിട്ടുള്ളൂ. ജപ്പാനുമായി ധാരണപത്രം ഒപ്പിടുന്ന കാര്യമായിരുന്നു മുഖ്യ അജൻഡ. സഹപ്രവർത്തകരെ മോദിക്ക്‌ അത്ര വിശ്വാസമായിരുന്നു ! എന്നാൽ, രഹസ്യങ്ങൾ അത്ര രഹസ്യമായിരുന്നില്ല. ഗുജറാത്തിലെ വൻകിട പണക്കാർക്ക് അറിയാമായിരുന്നു. അവർ കൃത്യമായി പ്രതിവിധിയും കൈക്കൊണ്ടിരുന്നു.

നിരോധനത്തെ അതിശക്തമായി പിന്തുണച്ച പ്രധാനമന്ത്രി കഴിഞ്ഞ ആറു കൊല്ലത്തിൽ ഒരിക്കൽപ്പോലും നോട്ടുനിരോധനത്തെ അനുകൂലിച്ച്‌ സംസാരിച്ചിട്ടില്ല. തീരുമാനം ആനമണ്ടത്തരമായെന്ന് അദ്ദേഹത്തിന് ബോധ്യമായോ? തെറ്റു സമ്മതിക്കാൻ അദ്ദേഹം തയ്യാറല്ല. അതാണ് മോദി രീതി. പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നുപോലും സാക്ഷാൽക്കരിച്ചില്ല. നികുതി വെട്ടിപ്പ് അനുസ്യൂതം തുടരുന്നു. വെട്ടിച്ച പണം വിദേശത്തേക്കു കടത്തുന്നു. കള്ളനോട്ടു വ്യാപാരവും തിരുതകൃതി. ഭീകരപ്രവർത്തനത്തിനുമില്ല കുറവ്. കറൻസി രഹിത സമ്പദ്‌വ്യവസ്ഥയിലേക്ക് കാര്യമായ മുന്നേറ്റം നടത്താനും ആയിട്ടില്ല. രാജ്യത്തെ കൊടുക്കൽ വാങ്ങലുകളിൽ നല്ലൊരുപങ്കും നിർവഹിക്കപ്പെടുന്നത് കറൻസി ഉപയോഗിച്ചുതന്നെ. ഇന്ത്യയിൽ കൃഷി, ചെറുകിട വ്യാപാരം, നാമമാത്ര- ചെറുകിട- ഇടത്തരം വ്യവസായങ്ങൾ എന്നിവയടങ്ങുന്ന അനൗപചാരികമേഖല, മൊത്തം സമ്പദ്‌വ്യവസ്ഥയുടെ 90 ശതമാനമാണ്. തന്മൂലമാണ് ഡിജിറ്റൽ വ്യവസ്ഥയിലേക്കുള്ള മാറ്റം മന്ദഗതിയിലാകുന്നത്‌.

മൊത്തം സമ്പദ്‌വ്യവസ്ഥയെ പിന്നോട്ടടിക്കാൻ മാത്രമേ നോട്ടുനിരോധനം സഹായിച്ചുള്ളൂ. എല്ലാ മേഖലകളും സ്തംഭിച്ചു. ദേശീയവരുമാനം ഇടിഞ്ഞു. തൊഴിലില്ലായ്മ പെരുകി. ആരെങ്കിലും ഈ കെടുതിക്ക് ഉത്തരം പറയാത്തെതെന്ത്?
നിരോധിത കറൻസിയുടെ 20 ശതമാനമെങ്കിലും തിരിച്ചു വരില്ല എന്നായിരുന്നു കണക്കുകൂട്ടിയത്‌. ഏതെങ്കിലും ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലല്ല കണക്ക്. ഒരു പഠനവും നടത്തപ്പെട്ടിരുന്നില്ല. നിരോധിച്ചത്രയും കറൻസി ബാങ്കുകളിൽ തിരിച്ചെത്തി. 2018ലെ റിസർവ് ബാങ്ക് റിപ്പോർട്ട് പ്രകാരം പിൻവലിക്കപ്പെട്ട 15.41 ലക്ഷം കോടി രൂപയുടെ സ്ഥാനത്ത് 15.3 ലക്ഷം കോടി രൂപ തിരിച്ചെത്തി. അതായത്‌ 99.3 ശതമാനം. നോട്ടുനിരോധനം ഭൂലോക പരാജയമായിരുന്നു. 2016നു ശേഷം രാജ്യത്ത്‌ കറൻസിയുടെ അളവ് വർധിക്കുകയാണുണ്ടായത്‌. 17.74 ലക്ഷം കോടിയിൽനിന്ന് 31.33 ലക്ഷം കോടിയിലേക്ക്.

കറൻസി ദൗർലഭ്യം മറികടക്കാൻ പുറത്തിറക്കിയ രണ്ടായിരത്തിന്റെ കറൻസിയുടെ അച്ചടി 2018–19ൽ തന്നെ ആർബിഐ നിർത്തിയിരുന്നു. 3.62 ലക്ഷം കോടിയാണ് അവശേഷിക്കുന്നത്. മൊത്തം കറൻസിയുടെ 10.8 ശതമാനം. അത്രയും കറൻസി അപ്രത്യക്ഷമായാൽ പകരമെന്ത് എന്നതിന്‌ ഉത്തരമില്ല. രണ്ടായിരത്തിന്റെ കറൻസിയിലാണ് കള്ളപ്പണം സൂക്ഷിക്കുന്നതെന്നു വ്യാഖ്യാനിച്ചാൽ, അത്തരം ഇടപാടുകളെ 2016 മുതൽ ന്യായീകരിക്കുകയായിരുന്നില്ലേ എന്ന ചോദ്യം ഉയരുന്നു. മാത്രമല്ല, നിരോധിച്ച ആയിരത്തിന്റെ  കറൻസിയുടെ രാജകീയ തിരിച്ചുവരവ് പ്രതീക്ഷിക്കുകയുമാകാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top