25 May Monday

ധനമന്ത്രി ചെയ്യേണ്ടത്‌; സമ്പന്നരെ അതിസമ്പന്നരാക്കരുത്‌

പ്രൊഫ. കെ എൻ ഗംഗാധരൻ Updated: Wednesday Jan 29, 2020

വിൽപ്പനയിലെ തുടർച്ചയായ കനത്ത ഇടിവാണ്‌ സാമ്പത്തികസ്ഥിതി വഷളായി തുടരാൻ കാരണമെന്ന്‌ മനസ്സിലായ സ്ഥിതിക്ക്‌, വിൽപ്പന വർധിപ്പിക്കുകതന്നെയാണ്‌ പരിഹാരം. അതിന്‌ വാങ്ങുന്നവരുടെ എണ്ണവും അവരുടെ വരുമാനവും കൂട്ടണം.

ദൗർഭാഗ്യവശാൽ തലതിരിഞ്ഞ സമീപനമാണ്‌ ധനമന്ത്രി നിർമല സീതാരാമന്റേത്‌. സമ്പന്നരെ അതിസമ്പന്നരാക്കിയാൽ നിക്ഷേപവും തൊഴിലും വർധിക്കുമെന്ന്‌ ധനമന്ത്രി കരുതുന്നു. പ്രതിസന്ധി മറികടക്കാനെന്ന പേരിൽ 1.45 ലക്ഷം കോടിരൂപയാണ്‌ അവർക്ക്‌ കൈമാറിയത്‌. ലാഭനികുതി 30 ശതമാനമായിരുന്നത്‌ 22 ശതമാനമാക്കി. ഓഹരി നിക്ഷേപത്തിന്മേലുണ്ടായിരുന്ന അധിക സർചാർജ്‌ പിൻവലിച്ചു. പക്ഷേ, ഇവകൊണ്ടൊന്നും യാതൊരു ഫലവും ഉണ്ടായില്ല. പ്രതിസന്ധി രൂക്ഷമായി തുടരുന്നു. റിസർവ്‌ ബാങ്കാകട്ടെ തുടർച്ചയായി അഞ്ചുതവണ പലിശനിരക്ക്‌ താഴ്‌ത്തി. വാണിജ്യ ബാങ്കുകൾ വായ്‌പ നിരക്ക്‌ കുറയ്‌ക്കുകയും വ്യവസായികൾ കൂടുതൽ വായ്‌പ വാങ്ങുകയും ചെയ്യുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, വായ്‌പാതോത്‌ ഇടിയുകയാണുണ്ടായത്‌. വിൽക്കാൻ കഴിയില്ലെങ്കിൽ വായ്‌പയെന്തിന്‌ എന്നാണ്‌ വ്യവസായലോകത്തിന്റെ ചിന്ത. ഉൽപ്പാദനശേഷിയുടെ 31 ശതമാനം വിനിയോഗിക്കപ്പെടാതെ തുടരുന്നത്‌ അവരെ ആശങ്കപ്പെടുത്തുന്നു.

വൻതോതിൽ മൂലധന നിക്ഷേപം നടക്കണം

കാർഷിക–-വ്യവസായ മേഖലകളിൽ കുതിച്ചുചാട്ടം ഉണ്ടാക്കണമെങ്കിൽ വൻതോതിൽ മൂലധന നിക്ഷേപം നടക്കണം. സാമ്പത്തിക ശാസ്‌ത്രഭാഷയിൽ പറഞ്ഞാൽ ഒരു ‘ബിഗ്‌പുഷ്‌’തന്നെ വേണം. സർക്കാരിന്റെ കനത്ത മൂലധനനിക്ഷേപമാണ്‌ ബിഗ്‌പുഷിന്റെ രൂപം. എന്നാൽ, അത്തരമൊരു ബിഗ്‌പുഷ്‌ നൽകാനുള്ള കരുത്ത്‌ കേന്ദ്ര ഖജനാവിനില്ല. നോട്ടുനിരോധനവും ചരക്കുസേവന നികുതിയും സൃഷ്‌ടിച്ച ഉൽപ്പാദന–-വ്യാപാര തകർച്ച നികുതിസമാഹരണത്തെ കാര്യമായി ബാധിച്ചു. 19.6 ലക്ഷംകോടി രൂപയായിരുന്നു 2019–-20 ലെ നികുതി വരുമാനലക്ഷ്യം. രണ്ടുലക്ഷം കോടിരൂപയുടെ കുറവുണ്ടാകുമെന്നാണ്‌ വിദഗ്ധർ പറയുന്നത്‌. മൂന്നരലക്ഷം കോടിവരെ കുറവുണ്ടാകുമെന്നും കണക്കാക്കുന്നു. പ്രത്യക്ഷനികുതി വരുമാനം കഴിഞ്ഞ 20 വർഷത്തെ ഏറ്റവും താഴ്‌ന്ന നിലയിലെത്തുമെന്നാണ്‌ വിലയിരുത്തൽ. ചരക്കുസേവന നികുതി പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയരുന്നുമില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിൽപ്പനയിൽനിന്ന്‌ പ്രതീക്ഷിച്ചത്‌ 1.05 ലക്ഷംകോടി രൂപയാണ്‌. ഡിസംബർവരെ ലഭിച്ചത്‌ 17,000 കോടിരൂപമാത്രം.

വലിയതോതിൽ ബജറ്റേതര ധനസമാഹരണത്തെ ആശ്രയിക്കുകയാണ്‌ കേന്ദ്രസർക്കാർ ചെയ്‌തുപോരുന്നത്‌. ദേശീയ സമ്പാദ്യനിധിയിൽനിന്ന്‌ പൊതുമേഖലാ സ്ഥാപനങ്ങളെക്കൊണ്ട്‌ വായ്‌പയെടുപ്പിക്കുകയും പ്രത്യേക കടപ്പത്രങ്ങൾ വിറ്റ്‌ ധനസമാഹരണം നടത്തുകയുമാണ്‌ പിന്തുടരുന്ന രീതി. അത്തരം വായ്‌പകൾ ഒഴിവാക്കിയാണ്‌ കേന്ദ്രം ധനകമ്മിയുടെ കണക്കുകൾ പ്രസിദ്ധീകരിക്കുന്നത്‌. ധനകമ്മി 3.3 ശതമാനത്തിൽ നിർത്തുന്നത്‌ അങ്ങനെയാണ്‌. യഥാർഥ ധനകമ്മി 5.8 ശതമാനമാണ്‌. എന്നിട്ട്‌ ധനകമ്മി ചുരുക്കാൻ സംസ്ഥാന സർക്കാരുകളെ നിരന്തരം നിർബന്ധിക്കുകയും.

തീർച്ചയായും ധനമന്ത്രി ശ്രദ്ധനൽകേണ്ട ചില കാര്യങ്ങളുണ്ട്‌. രാജ്യത്തെ തൊഴിൽ ശക്തിയിൽ തൊണ്ണൂറ്‌ ശതമാനവും പണിയെടുക്കുന്നത്‌ അനൗപചാരിക മേഖലയിലാണ്‌. കൃത്യമായ വേതനമോ സേവനവ്യവസ്ഥകളോ ഇല്ലാത്ത മേഖലയാണിത്‌. മുതലാളിമാർ ആഗ്രഹിക്കുന്നത്‌ അനൗപചാരിക മേഖലയുടെ വിപുലീകരണമാണ്‌. അതായത്‌ സേവന വേതന വ്യവസ്ഥകൾ ഉറപ്പുള്ള ഔപചാരിക മേഖല ശോഷിപ്പിക്കുക. അതിനാണ്‌ തൊഴിൽ നിയമങ്ങളുടെ പരിഷ്‌കരണം. മിനിമം കൂലി ഉദാഹരണം. 2019ൽ മിനിമം കൂലിയിൽ കേന്ദ്രം വരുത്തിയ വർധന രണ്ടുരൂപയാണ്‌. 176 രൂപയിൽനിന്ന്‌ 178 ലേക്ക്‌. തികച്ചും അപര്യാപ്‌തമാണത്‌. പ്രത്യേകിച്ചും തുടർച്ചയായ വിലക്കയറ്റത്തിന്റെ സാഹചര്യത്തിൽ. പ്രതിദിന മിനിമം കൂലി 375 രൂപയാക്കണമെന്നാണ്‌ തൊഴിൽ മന്ത്രാലയത്തിന്റെ വിദഗ്‌ധ പാനൽ 2018 ജൂലൈയിൽ നിർദേശിച്ചത്‌. മിനിമം കൂലി തൊഴിലാളികളുടെ ജീവിതസുരക്ഷ മാത്രമല്ല ഉറപ്പാക്കുക. സാധനങ്ങളുടെയും സേവനങ്ങളുടെയും ആവശ്യം വളർത്തി ഉൽപ്പാദനവും തൊഴിലും വർധിപ്പിക്കും.

രാജ്യത്തെ ഏറ്റവും ബൃഹത്തായ തൊഴിലുറപ്പുപദ്ധതിയാണ്‌ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പുപദ്ധതി. ആവശ്യക്കാർക്ക്‌ പ്രതിവർഷം നൂറുദിവസത്തെ തൊഴിൽ ഉറപ്പുനൽകുന്ന പദ്ധതിയാണത്‌. രജിസ്റ്റർ ചെയ്യുന്ന തൊഴിലന്വേഷകരുടെ എണ്ണം ഓരോ വർഷവും കൂടിവരികയാണ്‌. രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്‌മയുടെ സൂചിക കൂടിയാണ്‌ പ്രസ്‌തുത വർധന. പദ്ധതിക്ക്‌ കൂടുതൽ തുക വകയിരുത്തുന്നതിനുപകരം, തുക വെട്ടിക്കുറയ്‌ക്കുകയാണ്‌ സർക്കാർ. 2019 –-20 ബജറ്റിൽ വകയിരുത്തിയത്‌ 60,000 കോടി രൂപയായിരുന്നു. മുൻവർഷം 61,084 കോടിരൂപയും. അനുവദിച്ച തുകയുടെ 98 ശതമാനവും ചെലവഴിച്ചു കഴിഞ്ഞു. സാമ്പത്തികവർഷം തീരാൻ മൂന്നുമാസം അവശേഷിക്കുകയാണ്‌. 15 സംസ്ഥാനങ്ങൾക്ക്‌ വേതനകുടിശ്ശിക ബാക്കിയാണ്‌. പ്രതിവർഷം ശരാശരി 46 ദിവസത്തെ തൊഴിൽമാത്രമേ നൽകുന്നുള്ളൂ. അടിയന്തരമായി തൊഴിൽദിനങ്ങൾ 150 ആയി ഉയർത്തണം. വേതനകുടിശ്ശിക തീർത്തുനൽകണം. കൂടുതൽ തുക ബജറ്റിൽ വകയിരുത്തണം. നഗരങ്ങളിലേക്കും തൊഴിലുറപ്പുപദ്ധതി വ്യാപിപ്പിക്കണം. ഇക്കാര്യത്തിൽ കേരളം മാതൃകയാണ്‌. അയ്യൻകാളി നഗര തൊഴിലുറപ്പുപദ്ധതി കേരളത്തിന്റെ സംഭാവനയാണ്‌.

പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി (പിഎം കിസാൻ) തുടങ്ങിയത്‌ 2018 ഡിസംബർ ഒന്നുമുതലാണ്‌. രണ്ട്‌ ഹെക്‌ടറിൽ താഴെ ഭൂമിയുള്ള നാമമാത്ര–-ചെറുകിട കൃഷിക്കാർക്ക്‌ മൂന്ന്‌ ഗഡുവായി പ്രതിവർഷം 6000 രൂപ നൽകുന്ന പദ്ധതിയാണിത്‌. 75,000 കോടിരൂപയാണ്‌ ഇടക്കാല ബജറ്റിൽ നീക്കിവച്ചത്‌. 12.5 കോടി കൃഷിക്കാർക്ക്‌ പ്രയോജനം ലഭിക്കുമെന്നും പ്രചരിപ്പിക്കപ്പെട്ടു. പിന്നീട്‌ എല്ലാ കൃഷിക്കാരെയും ഉൾപ്പെടുത്തി വിപുലീകരിച്ചു. 14.5 കോടി കൃഷിക്കാർ. പക്ഷേ, ഒരു രൂപപോലും അധികമായി വകയിരുത്തിയില്ല. പദ്ധതി നടപ്പാക്കുന്നതിൽ ഗുരുതരമായ വീഴ്‌ചകളും പോരായ്‌മകളുമുണ്ട്‌. പദ്ധതി ആരംഭിച്ച 2018 ഡിസംബർ 1 മുതൽ 2019 ജൂലൈ 31 വരെ രജിസ്‌റ്റർ ചെയ്‌ത 7.82 കോടി കൃഷിക്കാരിൽ 6.3 കോടി കൃഷിക്കാർക്ക്‌ മാത്രമാണ് മൂന്ന്‌ ഗഡു സഹായം ലഭിച്ചത്‌. 6.68 കോടി കൃഷിക്കാർക്ക്‌ ഒരു പൈസപോലും ലഭിച്ചില്ല. 36,000 കോടിരൂപമാത്രമാണ്‌ സർക്കാർ വിതരണം ചെയ്‌തത്‌. റവന്യു രേഖകളിൽ ഭൂമിയുടെ ഉടമസ്ഥൻ എന്ന്‌ രേഖപ്പെടുത്തിയവർക്ക്‌ മാത്രമാണ്‌ സഹായത്തിന്‌ അർഹത. പാട്ടക്കൃഷിക്കാരും പങ്കു കൃഷിക്കാരും കർഷകത്തൊഴിലാളികളും പദ്ധതിക്ക്‌ വെളിയിലാണ്‌. ഭൂരേഖപ്രകാരം ഭൂമിയുടെ ഉടമസ്ഥന്‌  ധനസഹായം ലഭിക്കുമ്പോൾ അതിൽ കൃഷി ചെയ്യുന്ന യഥാർഥ കൃഷിക്കാരൻ തഴയപ്പെടുന്നു. ധനസഹായത്തിന്റെ തോത്‌ വർധിപ്പിക്കുകയും കാർഷിക മേഖലയിലെ എല്ലാവർക്കും സഹായം ഉറപ്പാക്കുംവിധം പദ്ധതി വിപുലീകരിക്കുകയും വേണം.

പൊതുവിതരണശൃംഖല ശക്തിപ്പെടുത്തി വിലക്കയറ്റം നിയന്ത്രിക്കണം

വൻകിടക്കാർക്ക്‌ നികുതിയിളവ്‌ വച്ചുനീട്ടുന്നതിനുപകരം ഇടത്തരക്കാരുടെ നികുതിരഹിത വരുമാനപരിധി ഉയർത്തുകയാണ്‌ ആവശ്യം. നിലവിൽ രണ്ടരലക്ഷം രൂപയ്‌ക്ക്‌ നികുതിയില്ല. രണ്ടരമുതൽ അഞ്ചുലക്ഷം രൂപവരെ അഞ്ച്‌ ശതമാനവും അഞ്ച്‌ ലക്ഷംമുതൽ 10 ലക്ഷംവരെ 20 ശതമാനവും പത്തുലക്ഷത്തിന്‌ മുകളിൽ 30 ശതമാനവുമാണ്‌ നികുതിനിരക്ക്‌. ഇടത്തരം വരുമാനക്കാരുടെ നികുതിരഹിത പരിധി ഉയർത്തുന്നത്‌ ഉപഭോഗം ഉയർത്തും. സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ചലനാത്മകമാക്കും. താഴ്‌ന്ന വരുമാനക്കാരും ഇടത്തരം വരുമാനക്കാരും പൊതുവെ ഉപഭോഗത്തിനാണ്‌ മുൻതൂക്കം നൽകുക; സമ്പാദിക്കാനല്ല. ആദായനികുതി ഇളവിനേക്കാൾ സാർവത്രിക അടിസ്ഥാന വരുമാന പദ്ധതിയാണ്‌ അരവിന്ദ്‌ സുബ്രഹ്മണ്യം നിർദേശിക്കുന്നത്.

വിൽപ്പന ചുരുക്കുന്ന, അഥവാ, ഉപഭോഗം കുറയ്‌ക്കുന്ന പ്രധാന ഘടകമാണ്‌ വിലക്കയറ്റം. വില കൂടുമ്പോൾ കുറഞ്ഞ അളവിൽ മാത്രമേ സാധനങ്ങളും സേവനങ്ങളും വാങ്ങുകയുള്ളൂ. ചില്ലറവില സൂചിക 2014 ജൂലൈക്കുശേഷം ഏറ്റവും ഉയർന്ന തോതിൽ എത്തിയിരിക്കുന്നു. 2019 ഡിസംബറിൽ വിലസൂചിക 7.35 ശതമാനത്തിലേക്ക്‌ ഉയർന്നു. നവംബറിൽ 5.54 ശതമാനമായിരുന്നു. പച്ചക്കറി സാധനങ്ങളുടെ വിലവർധന 60 ശതമാനമാണ്‌. പൊതുവിതരണശൃംഖല ശക്തിപ്പെടുത്തി വിലക്കയറ്റം നിയന്ത്രിക്കണം.

ഉപഭോഗം കുറയുന്നതിന്റെ അടിസ്ഥാനകാരണം അനുദിനമെന്നോണം മൂർച്ഛിക്കുന്ന സാമ്പത്തിക അസമത്വമാണ്‌. ഞെട്ടിക്കുന്നതാണ്‌ ഓക്‌സ്‌ഫാം നൽകുന്ന കണക്കുകൾ. രാജ്യത്തെ ഒരു ശതമാനം വരുന്ന അതിസമ്പന്നർ ആകെ സമ്പത്തിന്റെ 42.5 ശതമാനത്തിന്‌ ഉടമകളാണ്‌. താഴെത്തട്ടിലെ 50 ശതമാനക്കാർ കൈവശം വയ്‌ക്കുന്നത്‌ സമ്പത്തിന്റെ 2.8 ശതമാനം ഭാഗം. അസമത്വത്തെ തകർക്കുന്ന നടപടികൾ മനഃപൂർവം സ്വീകരിക്കപ്പെട്ടാൽ മാത്രമേ ധനികരും ദരിദ്രരും തമ്മിലെ അന്തരം ഇല്ലാതാകുകയുള്ളൂ എന്ന്‌ റിപ്പോർട്ട്‌ അടിവരയിടുന്നു. അത്തരം നടപടികളിലേക്ക്‌ കേന്ദ്രം നീങ്ങുമെന്ന്‌ പ്രതീക്ഷിക്കുകവയ്യ. സമ്പന്നരുടെ കരങ്ങൾ ശക്തിപ്പെടുത്തിയാൽ മാത്രമേ നിക്ഷേപവും ഉൽപ്പാദനവും വർധിക്കൂ എന്നാണ്‌ കോൺഗ്രസിന്റെ എന്നപോലെ ബിജെപിയുടെ സാമ്പത്തിക സിദ്ധാന്തം. സമ്പന്ന കേന്ദ്രീകൃത സാമ്പത്തികനയത്തിന്റെ അടിത്തറയും ആ സിദ്ധാന്തംതന്നെ.


പ്രധാന വാർത്തകൾ
 Top