07 June Sunday

ഒറ്റക്കെട്ടായി അതിജീവിക്കും

കെ കെ ശൈലജ/എം എസ‌് അശോകൻUpdated: Friday Jun 7, 2019

ഒരു വർഷത്തെ ഇടവേളയിൽ നിപായുടെ രണ്ടാംവരവിനെ സർവസന്നാഹങ്ങളോടെയും പ്രതിരോധിച്ച‌് ശുഭാന്ത്യത്തിലേക്ക‌് എത്തിക്കുകയാണ‌് സംസ്ഥാന ആരോഗ്യവകുപ്പ‌്. കഴിഞ്ഞവർഷം സംസ്ഥാനത്താദ്യമായി കോഴിക്കോട്ട‌് നിപാ വൈറസ‌് ബാധ കണ്ടെത്തിയപ്പോൾ അതിനെതിരായ പോരാട്ടവും അതുവഴി അതിജീവനവും കേര‌ളത്തിന‌് പുതിയൊരു പാഠവും അനുഭവവുമായിരുന്നു; ലോകത്തിനും. അതിന‌ുശേഷവും സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും നിതാന്ത ജാഗ്രതയിൽ തന്നെയായിരുന്നെന്ന‌് ഇപ്പോഴത്തെ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഒരാളിൽ നിപാ വൈറസ‌് ബാധയുടെ ലക്ഷണങ്ങൾ കണ്ടെത്താനായതിനു പിന്നാലെ കൂടുതൽ പേരിലേക്ക‌് രോഗബാധയുണ്ടാകാതെ തടയാനും സമൂഹത്തെയാകെ ജാഗ്രതയോടെ അതിജീവനശ്രമത്തിനും പോരാട്ടത്തിനുമൊപ്പം നിർത്താൻ ആരോഗ്യവകുപ്പിനായി. വൈറസ‌് ബാധ സ്ഥിരീകരിച്ചതുമുതൽ കൊച്ചിയിൽ ക്യാമ്പ‌് ചെയ‌്ത‌് അവിശ്രമം പ്രവർത്തിക്കുകയാണ‌് ആരോഗ്യ മന്ത്രി  കെ കെ ശൈലജ. നിപായുടെ രണ്ടാംവരവിനെ കുറിച്ചും പ്രതിരോധപ്രവർത്തനങ്ങളെ കുറിച്ചും കെ കെ ശൈലജ പറയുന്നു.

കോഴിക്കോടിന്റെ പാഠം

കഴിഞ്ഞവർഷം കോഴിക്കോട്ട‌് നിപാ വൈറസ‌് ബാധ ഉണ്ടായശേഷം അടുത്തവർഷവും എവിടെയെങ്കിലും ഇതാവർത്തിക്കുമെന്ന‌് വിദഗ‌്ധരടക്കം മുന്നറിയിപ്പുനൽകിയിരുന്നു. ഇതിന‌ുമുമ്പ‌് നിപാ ബാധിച്ച ബംഗ്ലാദേശിന്റെയും പശ‌്ചിമബംഗാളിന്റെയും നിപാ വൈറസിനെ ആദ്യം കണ്ടെത്തിയ മലേഷ്യയുടെയും അനുഭവം അതായിരുന്നു. ബംഗ്ലാദേശിൽ വവ്വാൽ കാഷ‌്ഠവും സ്രവങ്ങളും കലർന്ന കള്ളുകുടിച്ചവർക്കാണ‌് നിപാ ബാധിച്ചത‌്. മലേഷ്യയിൽ പന്നികളിൽനിന്നാണ‌് രോഗം പകർന്നത‌്. രോഗപ്രതിരോധത്തിന്റെ ഭാഗമായി ആയിരക്കണക്കിന‌ു പന്നികളെ ഫാമുകളിൽ കൊന്നൊടുക്കി. ആ രാജ്യത്തിന്റെ സമ്പദ‌്ഘടനയെ തന്നെ ബാധിച്ച വിപത്തായി നിപാ മാറി. ഇതെല്ലാം കൊണ്ടുതന്നെ നമ്മളും കരുതലോടെയിരുന്നു. ഡിസംബർ–-ജൂൺ മാസങ്ങളിലാണ‌് നിപാ വൈറസുകളെ വഹിക്കുന്ന പഴംതീനി വവ്വാലുകളുടെ പ്രജനനകാലം. ഇക്കാലത്ത‌് ചില പ്രത്യേക  സാഹചര്യങ്ങളിലാണ‌് നിപാ വൈറസുകൾ മൃഗങ്ങളിലേക്കും മനുഷ്യരിലേക്കുമെല്ലാം പകരുന്നത‌്. വവ്വാലുകൾ കടിച്ച പഴവും മറ്റും കഴിക്കരുതെന്നും ശുചിത്വം പാലിക്കണമെന്നും സമൂഹത്തെ ബോധവൽക്കരിക്കുന്നത‌് തുടർന്നു. കൂടുതൽ ജാഗ്രത പാലിക്കാൻ സ്വകാര്യ ആശുപത്രികളോട‌് നിർദേശിച്ചു.

പനിയും മസ‌്തിഷ‌്ക ജ്വരവും ഉൾപ്പെടെ നിപായുടെ ലക്ഷണങ്ങളുമായി എത്തുന്ന കേസുകൾ മെഡിക്കൽ കോളേജുകളിലേക്ക‌് അയയ‌്ക്കാനും സാമ്പിളുകൾ വിദഗ‌്ധ പരിശോധനയ‌്ക്ക‌് അയക്കാനും ആവശ്യപ്പെട്ടു. അങ്ങനെ നൂറുകണക്കിന‌് സാമ്പിൾ ശേഖരിച്ചു. പരിശോധനയ‌്ക്ക‌് അയച്ചു. കഴിഞ്ഞമാസം കോഴിക്കോട‌് മെഡിക്കൽ കോളേജിലെത്തിയ ഒരു രോഗിയെ നിപാ ലക്ഷണങ്ങളോടെ ഐസലേറ്റഡ‌് വാർഡിൽ പ്രവേശിപ്പിക്കുകപോലുമുണ്ടായി. അതിന്റെയും ഫലം നെഗറ്റീവ‌് ആയിരുന്നതിനാൽ വാർത്തയൊന്നുമായില്ല. നിപാ വീണ്ടും വരരുതെന്ന‌് ആഗ്രഹിച്ചെങ്കിലും വന്നേക്കുമെന്ന ആശങ്ക അലട്ടിയിരുന്നു. രോഗലക്ഷണങ്ങൾ കണ്ടെത്തിയ അതേ നിമിഷംതന്നെ രോഗിയെ നിരീക്ഷിക്കാനും വൈറസിനെ കണ്ടെത്താനും കഴിഞ്ഞത‌് കോഴിക്കോട‌് അനുഭവം നന്നായി ഉൾക്കൊണ്ടതിനാലാണ‌്.
കോഴിക്കോട്ട‌് നിപായുടെ പാഠങ്ങൾ പിന്നീട‌് നമ്മളിൽനിന്ന‌് അന്താരാഷ‌്ട്ര സമൂഹവും ചോദിച്ചറിഞ്ഞു. അമേരിക്കയിലെ ബാൾട്ടിമോറിലെ വൈറോളജി ഇൻസ‌്റ്റിറ്റ്യൂട്ടിൽ നടന്ന മീറ്റിൽ മുഖ്യമന്ത്രിയോടൊപ്പം പങ്കെടുത്തു. ഇവിടെ പലരും അതിനെ പരിഹസിക്കുകയും ലളിതവൽക്കരിക്കുകയുമായിരുന്നു. എന്നാൽ, നമ്മുടെ അനുഭവങ്ങൾ ഗ്ലോബൽ വൈറോളജി നെറ്റ‌്‌വർക്കിന്റെ ഭാഗമായി വിവരിച്ചത‌് അവർ താൽപ്പര്യത്തോടെ ശ്രവിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ നിപാ വൈറസിനെ അതിജീവിക്കാൻ നമുക്ക‌് കഴിഞ്ഞതിനെ അവർ അഭിനന്ദിച്ചു. ഇതൊരു കൊലയാളി വൈറസാണ‌്. ജൈവായുധമായി യുദ്ധങ്ങളിൽ പ്രയോഗിക്കപ്പെട്ടേക്കാമെന്നു പോലും കേൾക്കുന്നു. ഇപ്പോഴും നമ്മൾ ജാഗ്രതയിൽ തന്നെയാണ‌്. ഐസിഎംആർ പങ്കാളിയായി ആഗോള തലത്തിലെല്ലാം നടക്കുന്ന ഗവേഷണങ്ങളിൽ നമ്മുടെ അനുഭവങ്ങളും പ്രയോജനപ്പെടുത്തുന്നുണ്ടെന്നത‌് പ്രധാന കാര്യമാണ‌്.

കൊച്ചിയിൽ  എത്തുമ്പോൾ


എറണാകുളം ജില്ലയിൽ എത്തുമ്പോൾ കോഴിക്കോട‌് അനുഭവത്തിൽനിന്നുണ്ടായ വലിയൊരു ആത്മവിശ്വാസമുണ്ട‌്. കോഴിക്കോട്ട‌് ആദ്യം എന്തുചെയ്യണമെന്നറിയാതെ പരുങ്ങിപ്പോയിരുന്നു. കൊച്ചിയിലേക്ക‌് എത്തുമ്പോൾ ഇത്തരം സാഹചര്യങ്ങളെ നേരിടാൻ ഒരു ഗൈഡ‌്‌ലൈനും പ്രോട്ടോക്കോളുമുണ്ട‌്. അതുകൊണ്ടുതന്നെ എവിടെ എന്തുചെയ്യണമെന്നതിൽ നിശ‌്ചയമുണ്ട‌്. നിപാ ഭീഷണി വന്നപ്പോൾ തന്നെ മെഡിക്കൽ കോളേജുകളിൽ ആവശ്യമായ സൗകര്യമൊരുക്കാനും ജില്ലാ തലത്തിൽ വിവിധ ചുമതലകളോടെ ടീമുകളെ സജ്ജമാക്കാനുമായി. മെഡിക്കൽ കോളേജുകളിൽ ക്ലീനിങ്‌ ജീവനക്കാർ ഉൾപ്പെടെ എല്ലാവർക്കും പരിശീലനം നൽകി. പരിശോധനാ ഫലം പോസിറ്റീവായി വരുന്നതുവരെ അതിനായി കാത്തിരിക്കാനാകില്ല. തലമുതൽ ശരീരമാകെ മൂടുന്ന പ്രത്യേക ഉടുപ്പുധരിച്ചാണ‌് രോഗിയുമായി സമ്പർക്കം പുലർത്തുന്ന ആംബുലൻസ‌് ഡൈവർ മുതൽ അറ്റൻഡർമാരും നേഴ‌്സുമാരുമൊക്കെ നിൽക്കുന്നത‌്. മൂന്നും നാലും മണിക്കൂർ അവർ അതിനുള്ളിലാണ‌്. കണ്ണിലേക്ക‌് വിയർപ്പൊഴുകി വീഴുന്നതുപോലും കൈകൊണ്ട‌് തുടയ‌്ക്കാനാകില്ല. അഴിച്ചുവച്ചാൽ പിന്നീട‌് അത‌് ഉപയോഗിക്കാനുമാകില്ല. വലിയൊരു യത‌്നമാണ‌് അവർ നിർവഹിക്കുന്നത‌്.
ഇതിനെല്ലാം ആരോഗ്യവകുപ്പിലെ മെഡിക്കൽ ടീമിനോടാണ‌് ഏറ്റവുമധികം നന്ദി പറയേണ്ടത‌്. എല്ലാം സ്വന്തം ഉത്തരവാദിത്തമായി ഏറ്റെടുത്ത‌് ഊണും ഉറക്കവും ഉപേക്ഷിച്ച‌് അവർ പ്രവർത്തിക്കുകയാണ‌്. ടീച്ചറൊന്ന‌് പറഞ്ഞാൽ മതി എന്നാണ‌്. ഇതൊന്നും ഇങ്ങനെയായിരുന്നില്ലെന്നാണ‌് ചിലർ പറഞ്ഞത‌്. സംസ്ഥാന സർക്കാരിന്റെ ആരോഗ്യപദ്ധതികളുടെയെല്ലാം ഭാഗമായി കഴിഞ്ഞ മൂന്നുവർഷമായി വിശ്രമമില്ലാത്ത പ്രവർത്തനങ്ങൾ നടക്കുകയാണ‌്. അതിന്റെയെല്ലാം ഭാഗമായി നല്ലൊരു ടീം സ‌്പിരിറ്റ‌് ഉണ്ടായിട്ടുണ്ട‌്. അത‌് എല്ലാരംഗത്തും പ്രകടവുമാണ‌്.
എന്തുകൊണ്ട‌് കേരളം
ജീവിത സൂചികകളിലെല്ലാം വളരെ ഉന്നതിയിലുള്ള കേരളത്തിൽ എന്തുകൊണ്ട‌് നിപാ പോലുള്ളവ ആവർത്തിക്കുന്നു എന്ന ചോദ്യം സ്വാഭാവികമാണ‌്. കേരളത്തിന‌ു പുറത്തും നിപാ പോലുള്ള ഗുരുതര രോഗബാധകളുണ്ടാകുന്നുണ്ട‌്. എന്നാൽ, അതൊന്നും ഇവിടത്തെപ്പോലെ റിപ്പോർട്ട‌് ചെയ്യപ്പെടുന്നില്ല. പ്രത്യേക രോഗം ബാധിച്ച‌് ഒരു പ്രദേശത്ത‌് കുറെപ്പേർ മരിക്കുന്നു. രോഗാണുവിന്റെ പ്രഹരശേഷി എപ്പോഴും ഒരുപോലെയാകില്ല. കുറെക്കഴിഞ്ഞ‌് അത‌് അടങ്ങുമ്പോൾ ആരും ശ്രദ്ധിക്കാതെ പോകും. മറ്റു പലയിടത്തും സംഭവിക്കുന്നത‌് അതാണ‌്. കേരളത്തിലെ കാര്യം അങ്ങനെയല്ല. രോഗാണുവിന്റെ പ്രഹരശേഷി മുഴുവൻ ഏറ്റുവാങ്ങാൻ നമ്മൾ നിൽക്കുന്നില്ല. പിടിച്ചുനിർത്താനുള്ള പ്രവർത്തനങ്ങൾ നടത്തും. അതുകൊണ്ട‌് എല്ലാ പകർച്ചവ്യാധിയും ഇവിടേക്ക‌് വരുന്നല്ലോ എന്നു വിലപിക്കുന്നതിൽ അർഥമില്ല. നമ്മൾ അതിനെയൊക്കെ തുരത്തുകകൂടിയാണ‌്.
വൈറോളജി ഇൻസ‌്റ്റിറ്റ്യൂട്ട‌് വേണം
കോഴിക്കോട്ട‌് നിപാ ബാധയുണ്ടായപ്പോൾ പുണെ വൈറോളജി ഇൻസ‌്റ്റിറ്റ്യൂട്ട‌് പോലൊന്ന‌് ഇവിടെ വേണമെന്ന‌് ആവശ്യപ്പെട്ടിരുന്നതാണ‌്. ഇപ്പോഴത്തെ സാഹചര്യത്തിൽ വീണ്ടും ആവശ്യമുന്നയിക്കും. പുണെ ഇൻസ‌്റ്റിറ്റ്യൂട്ട‌് പോലൊന്ന‌് തെക്കേയിന്ത്യയിൽ ഇല്ല. മണിപ്പാലിലെ സ്വകാര്യ ഇൻസ‌്റ്റിറ്റ്യൂട്ടിനെയാണ‌് തെക്കേയിന്ത്യൻ സംസ്ഥാനങ്ങൾക്ക‌് ആശ്രയിക്കാവുന്നത‌്. കോഴിക്കോട‌് വൈറോളജി ലാബ‌ിന‌് കഴിഞ്ഞമാസമാണ‌് ഭരണാനുമതിയായത‌്. കേന്ദ്രം മൂന്ന‌ു കോടി രൂപ അനുവദിച്ചു. ആ പണം മതിയാകില്ല. അഞ്ചു കോടി രൂപയെങ്കിലും ഇനിയും വേണ്ടിവരും. തിരുവനന്തപുരത്തെ ലാബിന്റെ നിർമാണം ഏറെക്കുറെ പൂർത്തിയാകുന്നു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top