03 December Friday

ഏകലോകം, ഏകാരോഗ്യം - ഡോ. ബി ഇക്ബാൽ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മഹാമാരിയാണ്  കോവിഡെങ്കിൽ നിപാ, സാർസ്, മെർസ്‌, എബോള തുടങ്ങിയ രോഗങ്ങൾ ഇരുപത്‌–- ഇരുപത്തൊന്നാം നൂറ്റാണ്ടുകളിലെ എപ്പിഡെമിക്കുകളാണെന്ന് പറയാവുന്നതാണ്.  ഒരു രാജ്യത്തെയോ  ഏതാനും രാജ്യങ്ങളിലെയോ ജനവിഭാഗങ്ങളെ  ബാധിക്കുന്ന പകർച്ചവ്യാധികളാണ് എപ്പിഡെമിക്കുകൾ (Epidemic). ലോകവ്യാപകമായി അതിവേഗം വ്യാപിക്കുന്ന  രോഗങ്ങളാണ് മഹാമാരികൾ (Pandemic).  ചില പ്രദേശങ്ങൾ മാത്രമായി ആവർത്തിച്ച് പ്രത്യക്ഷപ്പെടുന്ന നിയന്ത്രണപരിധിയിൽ വരുന്ന രോഗങ്ങളെ എൻഡമിക്ക്  (Endemic: പ്രാദേശികരോഗങ്ങൾ) എന്നും വിശേഷിപ്പിക്കുന്നു.

കടുത്ത രോഗലക്ഷണങ്ങൾ പ്രാരംഭഘട്ടത്തിൽത്തന്നെ പ്രകടിപ്പിക്കുകയും അടുത്തിടപെടുന്നവരിലേക്ക് മാത്രം പകരുകയും ചെയ്യുന്നതിനാൽ  നിപാ, എബോള, സാർസ്‌, മെർസ്‌ തുടങ്ങിയ പകർച്ചവ്യാധികൾ പ്രാരംഭഘട്ടത്തിൽത്തന്നെ കണ്ടെത്തി അതിവേഗം നിയന്ത്രണവിധേയമാക്കാൻ കഴിയും. രോഗികളെ വേർതിരിച്ച് ചികിത്സിച്ചും സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തി സമ്പർക്കവിലക്കേർപ്പെടുത്തിയുമാണ്‌  രോഗനിയന്ത്രണം. കോവിഡുമായി തട്ടിച്ച് നോക്കുമ്പോൾ ഇത്തരം വൈറസ് രോഗങ്ങളൊന്നും  മഹാമാരികളായി മാറിയിട്ടില്ല. എന്നാൽ മരണനിരക്ക് വളരെ കൂടുതലാണ്. നിപാ വിവിധ രാജ്യങ്ങളിലായി അഞ്ഞൂറിനടുത്താളുകളെ മാത്രമാണ് ബാധിച്ചത്. എന്നാൽ 252 പേർ മരിച്ചു. 40 മുതൽ 75 ശതമാനം വരെയായിരുന്നു വിവിധ രാജ്യങ്ങളിലെ മരണനിരക്ക്. 

ചൈനയിൽ 2002ൽ  ആരംഭിച്ച് 29 രാജ്യങ്ങളിലായി സാർസ്  (SARS: Severe Acute Respiratory Syndrome) 8096 പേരെ  ബാധിച്ചു. 774 പേർ മരണമടഞ്ഞു. മരണനിരക്ക് 9.6ശതമാനം. 2012 ൽ സൗദി അറേബ്യയിൽ പൊട്ടിപ്പുറപ്പെട്ട് 27 രാജ്യങ്ങളിൽ വ്യാപിച്ച  മെർസിന്റെ (MERS: Middle East Respiratory Syndrome) മരണനിരക്ക് സാർസിനേക്കാൾ വളരെ കൂടുതലായിരുന്നു. രോഗം ബാധിച്ചവരിൽ മൂന്നിലൊന്നും  മരണമടഞ്ഞു. രോഗം ബാധിച്ച 2519 പേരിൽ 866 പേർ മരിച്ചു. (മരണനിരക്ക് 34.3ശതമാനം). 1976 ൽ കോംഗോയിലും മധ്യാഫ്രിക്കൻ രാജ്യങ്ങളിലുമാണ് എബോള ആദ്യമായി കാണപ്പെട്ടത്. പിന്നീട് ഗാബൺ, ഉഗാണ്ട, സിയറ ലിയോൺ, ലൈബീരിയ, ഗിനി (Guinea) എന്നീ രാജ്യങ്ങളിലേക്കും രോഗം വ്യാപിച്ചു. ഇതിനകം 28,616 പേരെയാണ് എബോള ബാധിച്ചത്. മരണം 11,310. മരണനിരക്ക് 39.5ശതമാനം.

1998 ൽ മലേഷ്യയിലും തുടർന്ന് സിംഗപ്പുരിലുമാണ് നിപാ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. എൽനിനോ പ്രതിഭാസം മലേഷ്യൻ കാടുകളെ നശിപ്പിച്ചതിനെത്തുടർന്നാണ്  പ്രധാനമായും  കാട്ടിലെ കായ്കനികൾ ഭക്ഷിച്ച് ജീവിച്ചിരുന്ന വവ്വാലിൽനിന്നും നിപാ വൈറസ്, പന്നി തുടങ്ങിയ മൃഗങ്ങളിലേക്ക് വ്യാപിച്ചത്. പിന്നീട് ജനിതകമാറ്റം വന്ന്‌ മനുഷ്യരിലേക്കും പടർന്നു. മൃഗങ്ങളിൽനിന്നും മൃഗങ്ങളിലേക്ക് മാത്രം പകർന്നിരുന്ന നിപാ വൈറസ് ജനിതകമാറ്റം സംഭവിച്ചത് കൊണ്ടാകണം മനുഷ്യരിലേക്കും പിന്നീട്  മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും പടരുന്നത്.  മലേഷ്യയിൽ വച്ചാലുകളിൽ നിന്ന്‌ പന്നികളിലേക്കും തുടർന്ന് മനുഷ്യരിലേക്കും പകർന്നു.  

മലേഷ്യയിൽ 1998–-99 കാലത്ത് 265 പേരെ നിപാ ബാധിച്ചു.105 പേർ മരിച്ചു. സിംഗപ്പുരിൽ 11 പേരിൽ രോഗം കണ്ടെത്തി; ഒരാൾ മാത്രമാണ് മരിച്ചത്. 2001 ൽ ബംഗ്ലാദേശിലെ മെഹർപുരിൽ  രോഗം പ്രത്യക്ഷപ്പെട്ടു. ബംഗ്ലാദേശിൽ  263 പേരെയാണ്  ബാധിച്ചത്. ഇവരിൽ 196 (74.5ശതമാനം) പേരും മരിച്ചു.  2001 ൽ പശ്ചിമബംഗാളിലെ സിലിഗുരിയിൽ 71 പേരെ ബാധിച്ചു. 50 പേർ മരിച്ചു. 2007 ൽ നാദിയായിൽ 30 പേർക്ക് രോഗമുണ്ടായി അഞ്ച്‌ പേർ മരിച്ചു. 2018 മേയിൽ കേരളത്തിൽ നിപാ  ബാധ ഉണ്ടായി. 28 പേരിൽ രോഗ ലക്ഷണം കണ്ടെങ്കിലും18 പേരിലാണ് സ്ഥിരീകരിച്ചത്.17 പേർ മരിച്ചു. 2019 ജൂണിൽ കൊച്ചിയിൽ 23 കാരനെ  ബാധിച്ചെങ്കിലും ഭേദമായി.  കോഴിക്കോട്  അടുത്തകാലത്ത്‌ നിപാ  ബാധിച്ച് കുട്ടി മരിച്ചു.

നിരവധി പകർച്ചവ്യാധികൾ  വിവിധ ഘട്ടങ്ങളിലായി മൃഗങ്ങളിൽ നിന്ന്‌ മനുഷ്യരിലേക്ക്  സൂക്ഷ്മജീവികൾ കടന്നു വന്നതിന്റെ ഫലമായുണ്ടായവയാ‍ണ്.  ഇവയെ ജന്തുജന്യരോഗങ്ങൾ  (Zoonotic Diseases) ) എന്നാണ് വിളിക്കുക. മനുഷ്യരെ ബാധിക്കുന്ന 60 ശതമാനത്തോളം പകർച്ചവ്യാധികളും ജന്തുജന്യരോഗങ്ങളാണ്. വർഷംതോറും 250 കോടി പേരിൽ  ജന്തുജന്യരോഗങ്ങൾ കാണപ്പെടുകയും  ഇവരിൽ 27 ലക്ഷം പേർ മരിക്കുകയും ചെയ്യുന്നു. മനുഷ്യരിൽ മാത്രം കാണപ്പെടുന്ന വസൂരിയും പോളിയോയും ഒഴിച്ചുള്ള പ്ലേഗ്, ഫ്ലൂ, എയ്ഡ്സ്, കോവിഡ്, സാർസ്, മെർസ്, എബോള, നിപാ തുടങ്ങിയ മഹാമാരികൾ എല്ലാം തന്നെയും   മൃഗജന്യരോഗങ്ങളാണ്. ചില രോഗങ്ങൾ  കീടങ്ങൾ വഴിയാണ് മനുഷ്യരിലെത്തുന്നത്. ഇവയെ പ്രാണിജന്യ രോഗങ്ങളെന്നും ((Vector Born Diseases) ) വിളിക്കുന്നു.

കേരളത്തിൽ മൂന്നാം തവണ നിപാ കണ്ടെത്തിയതിനാൽ എച്ച് 1 എൻ 1, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ പോലെ നിപാ കേരളത്തിൽ പ്രാദേശികരോഗമായി ( (Endemic) ) മാറിക്കഴിഞ്ഞിട്ടുണ്ടോ എന്ന് നിർണയിക്കേണ്ടിയിരിക്കുന്നു. കേരളത്തിൽ കാണപ്പെടുന്ന വവ്വാലുകളിലുള്ള വൈറസുകളെ സംബന്ധിച്ച്  പഠനം നടത്തി ഇക്കാര്യം ശാസത്രീയമായി സ്ഥിരീകരിക്കേണ്ടതുണ്ട്. 

നിരവധി പകർച്ചവ്യാധികൾക്ക് കാരണമായ വൈറസുകളുടെ പ്രകൃതിദത്തവാഹകർ വവ്വാലുകളാണ്. എബോള, മീസിൽസ്, നിപാ, കൊറോണ വൈറസുകളെല്ലാം മനുഷ്യരിലെത്തിയത് വവ്വാലുകളിൽ നിന്നാണ്.  1200 വംശങ്ങളുള്ള വവ്വാലുകളിൽ ആറായിരത്തോളം വൈറസുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എങ്കിലും ശത്രുക്കളായി കണ്ട് അവയുടെ വംശനാശം വരുത്തുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. പ്രകൃതിചക്രത്തിലും പുനഃചക്രത്തിലും പരിസ്ഥിതിസംരക്ഷണത്തിലും സാമ്പത്തിക ഘടനയിലും മനുഷ്യാരോഗ്യ സംരക്ഷണത്തിലുമെല്ലാം  വവ്വാലുകൾ സുപ്രധാന പങ്ക് വഹിക്കുന്നു.  കീടങ്ങളെ പെരുകാതെ നിയന്ത്രിക്കുന്നത് വവ്വാലുകളാണ്.  ചെടികളിൽ പരാഗണം നടത്തുന്നതും അവയുടെ വിത്തുകൾ വിതരണം ചെയ്യുന്നതും  വവ്വാലുകളാണ്. പരിസ്ഥിതിനശീകരണത്തിന്റെ ഭാഗമായി വവ്വാലുകളുടെ ആവാസവ്യവസ്ഥയ്‌ക്ക്  കോട്ടം സംഭവിക്കുകയും അവയുടെ ആഹാരസ്രോതസ്സുകൾ കുറഞ്ഞു വരികയും ചെയ്യുന്നുണ്ട്. ഇതെല്ലാം സൃഷ്ട്രിക്കുന്ന സമ്മർദമാണ് (Stress)  വവ്വാലുകളുടെ ശരീരത്തിൽ നിന്ന്‌ വൈറസുകൾ പുറത്തേക്ക് വരാൻ കാരണമാകുന്നത്. 

മഹാമാരികളിൽ ഭൂരിപക്ഷവും മൃഗങ്ങളിൽ നിന്ന്‌ മനുഷ്യരിൽ എത്തിയ ജന്തുജന്യരോഗങ്ങളാണ്. മറ്റ് ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ വനനശീകരണത്തിന്റെയും വികസനപ്രവർത്തനങ്ങളുടെയും മറ്റും ഫലമായി നശിപ്പിക്കപ്പെട്ടുവരുന്നതുമൂലം  പല ജന്തുജാലങ്ങൾക്കും മനുഷ്യവാസസ്ഥലങ്ങളിലേക്ക് കുടിയേറേണ്ടിവരുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള മാംസവ്യവസായത്തിന്റെ ഭാഗമായി  മൃഗങ്ങളുമായി മനുഷ്യർക്ക് കൂടുതൽ അടുത്ത് ബന്ധപ്പെടേണ്ടിവരുന്നുണ്ട്.  ഇതിന്റെയെല്ലാം ഫലമായി മൃഗങ്ങളുടെ ശരീരത്തിൽ  അവയ്‌ക്ക് രോഗമുണ്ടാക്കാതെ കഴിയുന്ന വൈറസുകൾ  മനുഷ്യരിലേക്ക് നേരിട്ടോ, മറ്റ്  ജന്തുക്കളിലെത്തി ജനിതകവ്യതിയാനത്തിലൂടെ  രോഗവ്യാപന സാധ്യതയും തീവ്രതയും  വർധിച്ച്  പകർച്ചവ്യാധികൾക്ക് കാരണമാകുന്നു. സാർസും കോവിഡും ചൈനയിൽ ഉത്ഭവിച്ചത് വന്യമൃഗകമ്പോളങ്ങളിൽ (Wet markets) നിന്നായിരുന്നു. കാലാവസ്ഥാവ്യതിയാനവും രോഗാവിർഭാവത്തിനും രോഗവ്യാപനത്തിനും അനുകൂലസാഹചര്യമൊരുക്കുന്നു. ഇതെല്ലാം കണക്കിലെടുത്ത് കോവിഡ് അനുഭവത്തിന്റെ കൂടി അടിസ്ഥാനത്തിൽ മനുഷ്യരുടെ ആരോഗ്യം മാത്രമല്ല മൃഗങ്ങളുടെ ആരോഗ്യവും ആവാസവ്യവസ്ഥയും  പരിസ്ഥിതിയും സംരക്ഷിച്ചുകൊണ്ടുള്ള ‘ഏകലോകം, ഏകാരോഗ്യം’(One World One Health)  എന്ന ആശയം ലോകമെമ്പാടും അംഗീകരിക്കപ്പെട്ട് തുടങ്ങിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top