23 January Wednesday

മറക്കരുത‌്; നിപാ പഠിപ്പിച്ച പാഠം

ഡോ. അബ്ദുൾ ഗഫൂർUpdated: Wednesday Jun 20, 2018


നമ്മുടെ ആരോഗ്യപരിപാലന സംവിധാനത്തിന്റെ ശക്തിയും ദൗർബല്യവും തിരിച്ചറിയാൻ നിപാ ഇടയാക്കി. അടിയന്തര സാഹചര്യങ്ങളിൽ ഒറ്റക്കെട്ടായിനിന്ന്‌ പ്രവർത്തിക്കാൻ കഴിയുന്നു എന്നതാണ്‌ നമ്മുടെ ഏറ്റവും വലിയ ശക്തി. സാഹചര്യം  കണക്കിലെടുത്ത്‌ ഭരണസംവിധാനവും ആരോഗ്യപ്രവർത്തകരും രാഷ്ട്രീയ പാർടികളും മാധ്യമങ്ങളും പൊതുജനങ്ങളും ഒത്തുചേർന്ന്‌ പ്രവർത്തിക്കണം. പകർച്ചവ്യാധി നിയന്ത്രിക്കാനുള്ള ആശുപത്രികളിലെ  ദൈനംദിന പ്രവർത്തനങ്ങളിലെയും മുൻകരുതലുകളിലെയും അപര്യാപ്‌തതയാണ്‌ ഏറ്റവും വലിയ വെല്ലുവിളി. രാജ്യത്തെ പകർച്ചവ്യാധി നിയന്ത്രണ നയരൂപീകരണസമിതിയുടെ ഉപദേശകസമിതി അംഗമെന്ന നിലയിൽ നമ്മുടെ രാജ്യത്തെ ആശുപത്രികൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച്‌  ബോധവാനാണ്‌. രാജ്യവ്യാപകമായും സംസ്ഥാനവ്യാപകമായുമുള്ള പകർച്ചവ്യാധി നിയന്ത്രണസംവിധാനം രൂപീകരിക്കുന്നതിലേക്ക്‌ ഇനിയും ഏറെ ദൂരമുണ്ട്‌. ഈ ഹിമാലയൻ ദൗത്യത്തിലേക്ക്‌ എത്താൻ ഇനിയും വർഷങ്ങളെടുക്കും. ഇത്‌ വിജയത്തിലെത്താൻ ഇനിയും ദശകങ്ങൾ എടുക്കും. നിപായ‌്ക്കെതിരായ ഫലപ്രദമായ ഏകോപിത പ്രതികരണം ശുഭപ്രതീക്ഷ നൽകുന്നു.

രാജ്യത്ത്‌ 75,000 ആശുപത്രിയാണുള്ളത്‌. എല്ലാ ആശുപത്രിയിലും പകർച്ചവ്യാധി നിയന്ത്രണസംവിധാനങ്ങളുണ്ടാകേണ്ടതാണ്‌.  എന്നാൽ, 500ൽ താഴെ ആശുപത്രികളിൽമാത്രമേ പകർച്ചവ്യാധി പ്രതിരോധ സംവിധാനങ്ങളുള്ളൂ.  ഇതിൽ ഭൂരിഭാഗത്തിന്റെയും കാര്യക്ഷമതയെക്കുറിച്ച്‌ നമുക്ക്‌ അറിയില്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന 10 മുതൽ 20 ശതമാനം വരെയുള്ള രോഗികൾക്കാണ്‌ ആശുപത്രിയിൽനിന്ന്‌ രോഗം പിടിപെടുന്നത്‌. ഇവയിൽ കൂടുതലായും മരുന്നില്ലാത്ത പകർച്ചവ്യാധികളാണ്‌. ഇത്തരത്തിൽ രോഗം പകരുന്നവർക്ക്‌ പലർക്കും മരണംവരെ സംഭവിക്കാറുണ്ട്‌. ഇവരെ ഒറ്റയ്‌ക്ക്‌ ഒരു മുറിയിലോ ഐസൊലേഷൻ വാർഡിലോ ആണ്‌ പ്രവേശിപ്പിക്കുന്നത്‌. എല്ലാ ആശുപത്രിയിലും ഇത്തരം രോഗികളെ പ്രവേശിപ്പിക്കേണ്ടിവരും. ഇവരെ ശുശ്രൂഷിക്കുന്നതിന്‌ ആശുപത്രി ജീവനക്കാർ പ്രത്യേക കൈയുറകളും ഗൗണുകളും ധരിക്കേണ്ടിവരും. ആശുപത്രികൾ ശുചിത്വം പാലിക്കേണ്ടതും ആശുപത്രി ജീവനക്കാർ രോഗികളെ തൊടുന്നതിനുമുമ്പും ശേഷവും ആൽക്കഹോൾ സാനിറ്റൈസറും സോപ്പും ഉപയോഗിച്ച്‌ കൈകൾ ശുചീകരിക്കേണ്ടതും അത്യാവശ്യമാണ്‌. വളരെ ബൃഹത്തായ പകർച്ചവ്യാധി നിയന്ത്രണ പ്രോട്ടോക്കോൾ പാലിക്കുന്നതിന്‌ വലിയ സംവിധാനങ്ങളും അറിവും പ്രതിബദ്ധതയും അത്യാവശ്യമാണ്‌.

കേരളത്തിലെയും ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലെയും ആശുപത്രികളിൽ ഇത്തരം സംവിധാനം നടപ്പാക്കിയിട്ടില്ല. നിപാ പൊട്ടിപ്പുറപ്പെട്ടപ്പോൾ നമ്മൾ സ്വീകരിച്ച പകർച്ചവ്യാധി പ്രതിരോധ നടപടികളിൽ ഭൂരിഭാഗവും സാധാരണ ആശുപത്രികൾ ദൈനംദിനമായി സജ്ജരാകേണ്ടവയാണ്‌. എന്നാൽ, നിർഭാഗ്യവശാൽ ഇത്‌ സംഭവിക്കുന്നില്ല. ദുരന്തം ഉണ്ടാകുമ്പോഴാണ്‌ നമ്മൾ കണ്ണു തുറക്കുന്നത്‌.

നിപാ പൊട്ടിപ്പുറപ്പെട്ട ആദ്യ ദിവസങ്ങളിൽ പ്രതിരോധ പ്രവർത്തനവുമായി അടുത്തു പ്രവർത്തിക്കാനിടയായി. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിർദേശപ്രകാരം കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ സന്ദർശിച്ചു. ആശുപത്രിയിൽ ആളുകൾ തിങ്ങിനിറഞ്ഞിരുന്നു. ഇടനാഴിയിൽപ്പോലും രോഗികൾ കിടക്കുന്ന അവസ്ഥ. നിപാപോലെയുള്ള രോഗങ്ങൾ പ്രതിരോധിക്കുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന്‌ വെല്ലുവിളി നേരിടുന്ന സ്ഥിതി. പക്ഷേ, കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ വെല്ലുവിളികളെ  മറികടന്ന്‌ നിപാ പ്രതിരോധ സംവിധാനമുള്ള കേന്ദ്രമായി മാറി. നിപാ പകരുന്നത്‌ തടയുന്നതിലും വിജയിച്ചു. സർക്കാരിന്റെയും രാഷ്ട്രീയനേതാക്കളുടെയും കേന്ദ്രത്തിലെയും കേരളത്തിലെയും വിദഗ്‌ധരുടെയും സഹായത്തോടെയാണ്‌ നിപാ യൂണിറ്റ്‌ രൂപീകരിച്ചത്‌. രോഗികളിൽനിന്ന്‌ രോഗികളിലേക്കും ആരോഗ്യപ്രവർത്തകരിലേക്കും വൈറസ്‌ ബാധ ഉണ്ടാകാതിരിക്കാൻ ആരോഗ്യപ്രവർത്തകരും മറ്റു പ്രവർത്തകരും ചേർന്ന്‌ അക്ഷീണം പ്രവർത്തിച്ചു.

മുമ്പ‌് രാജ്യത്തും വിദേശത്തുമായി നിരവധി വൈറസ്‌ ബാധ മേഖലകളിൽ ഞാൻ പ്രവർത്തിച്ചിട്ടുണ്ട്‌. ആദ്യമായാണ്‌ ഉത്തരവാദിത്തത്തോടെയും എളിമയോടെയും പ്രവർത്തിക്കുന്ന ഒരു ആരോഗ്യമന്ത്രിക്കു കീഴിൽ ഒരു ടീം ഒരു കുടുംബത്തെപോലെ പ്രവർത്തിക്കുന്നത്‌ കാണുന്നത്‌. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും ഞാനടക്കമുള്ള വിദഗ്‌ധരിൽനിന്ന്‌ തുറന്ന മനസ്സോടെ ഉപദേശം സ്വീകരിക്കുകയും എല്ലാ സഹായങ്ങളും നൽകുകയും ചെയ്‌തു. പ്രതിപക്ഷ നേതാക്കളും അനാവശ്യമായ വിമർശങ്ങൾ ഉയർത്താതെ വേണ്ട പിന്തുണ നൽകി. കേന്ദ്ര ആരോഗ്യമന്ത്രാലയവും സഹായങ്ങൾ നൽകി. അച്ചടി‐ ദൃശ്യമാധ്യമങ്ങൾ വിഷയത്തെ ക്രിയാത്മകമായാണ്‌ സമീപിച്ചത്‌.

ഞങ്ങൾ ഒരു ടീമായും ഒരു കുടുംബമായുമാണ്‌ നിലകൊണ്ടത്‌. അന്താരാഷ്ട്ര സമൂഹത്തിൽനിന്ന്‌ അധികം സഹായങ്ങൾ തേടേണ്ടിയും വന്നില്ല. കേരളീയരും ഇന്ത്യക്കാരും എന്ന നിലയിൽ നാം നമ്മിൽ വിശ്വസിക്കുകയും നമ്മുടെ ശക്തി ലോകത്തിനു മുന്നിൽ കാണിച്ചുകൊടുക്കുകയും ചെയ്‌തു.
കഴിഞ്ഞ വർഷം നാം ദേശീയ പകർച്ചവ്യാധി നിയന്ത്രണ മാർഗനിർദേശങ്ങളും കർമപദ്ധതിയും രൂപീകരിച്ചു. ഇതിൽ പശ്ചാത്യ മാർഗനിർദേശങ്ങളിൽ നിന്നുമുപരിയായി ഒരു പരാമർശംകൂടി എഴുതിച്ചേർത്തിരുന്നു. ഇന്ത്യൻ ആശുപത്രികൾ തങ്ങളുടെ കഴിവിന്റെ പരമാവധി ഉപയോഗിച്ച്‌ പകർച്ചവ്യാധി പ്രതിരോധ മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്നായിരുന്നു അത്‌. എന്നാൽ, സർക്കാർ  ആശുപത്രികളിലും സാധാരണ സ്വകാര്യ ആശുപത്രികളിലും  ഈ മാനദണ്ഡങ്ങൾ പാലിക്കാനുള്ള വിഭവശേഷി ഉണ്ടായിരുന്നില്ല. ഈ പരിമിതികൾക്കുള്ളിൽനിന്ന‌് പലതും ചെയ്യാൻ നമുക്കാകും. പകർച്ചവ്യാധി നിർവ്യാപനത്തിനാണ്‌ പ്രഥമ പരിഗണന. അതിന്‌ കഴിയാവുന്നതെല്ലാം നാം ചെയ്യണം.

നമ്മുടേത്‌ അടക്കം എല്ലാ സംസ്ഥാനങ്ങളും ദേശീയ പകർച്ചവ്യാധി നിയന്ത്രണ മാർഗനിർദേശങ്ങൾ പാലിക്കാനായി ശ്രമിക്കുകയാണ്‌. കഴിഞ്ഞ ഒക്ടോബറിൽ കേരളത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത്‌ പകർച്ചവ്യാധി പ്രതിരോധ കർമപദ്ധതി നടപ്പാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ചേർന്നു. ഇതിനായി സംസ്ഥാനം കരട്‌  കർമപദ്ധതി  രൂപീകരിച്ചിട്ടുണ്ട്‌. പൊതുജനങ്ങളുടെ നിർദേശങ്ങൾകൂടി ചേർത്ത്‌ നടപ്പാക്കാനാണ്‌ തീരുമാനം. ഈ നയം എല്ലാ ആശുപത്രികളിലും നടപ്പാക്കേണ്ട സമയം അതിക്രമിച്ചു. സമർപ്പണത്തോടെയും ഐക്യത്തോടെയും തുടരുകയാണെങ്കിൽ നമുക്ക്‌ വിജയിക്കാനും രാജ്യത്തിന്‌ മാതൃകയാകാനും സാധിക്കും.

നിപായിൽനിന്ന്‌ മാറാൻ സമയമായി. പക്ഷേ, അത്‌ പഠിപ്പിച്ച പാഠം മറക്കരുത്‌.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top