18 February Monday

ഈ പ്രതിരോധം ലോകത്തിന‌് മാതൃക

ശ്രീജിത‌് ദിവാകരൻUpdated: Tuesday Jun 12, 2018


ഞായറാഴ്ച രാത്രി അവസാനിക്കുന്നത് സോഷ്യൽ മീഡിയയിലൂടെ രണ്ട് വാർത്തകൾ അറിഞ്ഞുകൊണ്ടാണ്. തിങ്കളാഴ്ച രാവിലെ ദിനപത്രങ്ങളിലും അതേവാർത്തകൾ പ്രാധാന്യത്തോടെയുണ്ട്. ഒന്ന് കേരളത്തിലാണ്. ആശങ്കയുടെ അനിശ്ചിതത്വത്തിൽ നിർത്തിയ നിപാ വൈറസ് പനി പൂർണമായും നിയന്ത്രണവിധേയമായി. രോഗബാധ സമം മരണം എന്ന ചിന്തയെ മാറ്റിമറിച്ച‌് നിപാ വൈറസിൽനിന്ന് പൂർണമുക്തി നേടിയ രണ്ടുപേരെ  ആരോഗ്യമന്ത്രി നേരിട്ട് സുരക്ഷാ ആവരണങ്ങളില്ലാതെ സന്ദർശിച്ചു. രോഗമുക്തയായ ഒരാൾ, നേഴ്‌സിങ് വിദ്യാർഥി എം അജന്യ തിങ്കളാഴ്ച ആശുപത്രി വിടുന്നു. രോഗബാധ ഇനിയാർക്കുമില്ല. എങ്കിലും ഈ മാസാവസാനംവരെ അതീവ ജാഗ്രത പുലർത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റൊരു വാർത്ത  ഉത്തർപ്രദേശിൽനിന്നാണ്. അവിടത്തെ മുഖ്യമന്ത്രി ആദിത്യനാഥ് ഒരു പൊതു പരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നതിന്റെ 50 കിലോമീറ്റർമാത്രം ദൂരെ കാഷിഫ് ജമീൽ എന്ന ചെറുപ്പക്കാരനെ ഒരു സംഘംപേർ വെടിവച്ചിടുന്നു. തൊണ്ടയിൽവരെ ബുള്ളറ്റ് തറച്ചനിലയിൽ ആശുപത്രിയിൽ എത്തിച്ച ഗുരുതരാവസ്ഥയിലുള്ള ചെറുപ്പക്കാരന്റെ ശസ്ത്രക്രിയ നാലുമണിക്കൂറോളം പൊലീസ് വൈകിപ്പിക്കുന്നു. ആരാണ് കാഷിഫ് ജമീൽ? മാസങ്ങളോളം ജാമ്യംപോലും നൽകാതെ ഉത്തർപ്രദേശ് സർക്കാർ ജയിലിൽ തള്ളിയ ഡോ. കാഫിൽ ഖാന്റെ സഹോദരൻ. എന്താണ് കാഫിൽ ഖാൻ എന്ന ഡോക്ടർ ചെയ‌്ത തെറ്റ്? മുഖ്യമന്ത്രി ആദിത്യനാഥിന്റെ  മണ്ഡലമായ ഗോരഖ്പുരിലെ സർക്കാർ മെഡിക്കൽ കോളേജിൽ ഓക്‌സിജൻ ലഭിക്കാതെ പിഞ്ചുകുഞ്ഞുങ്ങൾ മരിച്ചപ്പോൾ രാപ്പകലില്ലാതെ ഓടിനടന്ന് പുറത്തുനിന്നുവരെ ഓക്‌സിജനെത്തിച്ച് കുഞ്ഞുങ്ങളെ രക്ഷിക്കാൻ ശ്രമിച്ചു.

ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനത്തിൽനിന്നും ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനത്തുനിന്നുമുള്ള വാർത്തകളാണിത്. എങ്ങനെയാണ് രണ്ടു ഭരണകൂടങ്ങൾ പൊതുജനാരോഗ്യരംഗത്തെ കൈകാര്യം ചെയ്യുന്നത് എന്നതിന്റെ നേർച്ചിത്രമായ വാർത്തകൾ.

വർഷങ്ങൾക്കുശേഷം കോഴിക്കോട് നഗരത്തിൽ താമസിക്കാനെത്തി മാസങ്ങൾക്കുള്ളിലാണ് നിപാ വൈറസ് ബാധ പൊട്ടിപ്പുറപ്പെടുന്നത്. പത്തുപതിമൂന്നുവർഷംമുമ്പ് കോഴിക്കോട് നഗരത്തിൽ ജീവിക്കുമ്പോൾ ഏറ്റവും ആഹ്ലാദിച്ചിരുന്ന പെരുന്നാൾകാലത്തെ കാത്തിരിക്കുകയായിരുന്നു വന്നദിവസംമുതൽ. വൈകിട്ടോടെ സജീവമാകുന്ന കടകൾ, രാത്രി ബീച്ച്, വഴിനീളെയുള്ള ഭക്ഷണസാധ്യതകൾ, സന്തോഷത്തോടെ നഗരരാത്രികളെ ഉത്സവകാലമാക്കുന്ന മനുഷ്യർ. പക്ഷേ, നിപാ വൈറസ് ഭീതിയിലേക്കാണ് പെരുന്നാൾകാലം ആരംഭിച്ചത്. പേരാമ്പ്ര, കുറ്റ്യാടി പട്ടണങ്ങൾ അക്ഷരാർഥത്തിൽ ഒറ്റപ്പെട്ടുപോയി. ഭീതിദമായിരുന്നു മനുഷ്യാവസ്ഥകൾ. നഗരത്തിൽപ്പോലും ആളുകൾ മാസ്‌കും ധരിച്ച് പുറത്തിറങ്ങാൻ ആരംഭിച്ചു. മറ്റു നഗരങ്ങളിലുള്ളവർ കോഴിക്കോട്ടേക്ക് വരാൻ മടിച്ചു. ബസുകളിലും ട്രെയിനുകളിലും തിരക്ക‌് കുറഞ്ഞു. പെരുന്നാൾക്കച്ചവടത്തെ കാര്യങ്ങൾ ബാധിച്ചു.

ഇതിന് പ്രധാന കാരണം നിപാ വൈറസായിരുന്നില്ല. വാട്‌സാപ‌്, ഫെയ‌്സ്ബുക്ക് മെസെഞ്ചെർ എന്നു തുടങ്ങി സോഷ്യൽ മീഡിയയുടെ പല സാധ്യതകൾ ഉപയോഗിച്ച് അസംഖ്യം കള്ളക്കഥകൾ പടച്ചുവിടുന്ന മനുഷ്യരായിരുന്നു. കേട്ടതും കേൾക്കാത്തതും ഇവർ വാർത്തയാക്കി.  അതിനിടയിൽ സമാന്തരചികിത്സ എന്ന പേരിൽ തട്ടിപ്പുകൾ നടത്തുന്ന പല കച്ചവടക്കാരും അവരുടെ കപടവൈദ്യത്തിന്റെ വിൽപ്പനകേന്ദ്രമായി ഈ രോഗകാലത്തെ കണ്ടു. അവരുടെ ഭാഗത്തുനിന്നുള്ള നുണപ്രചാരണങ്ങളും കാറ്റിന്റെ വേഗത്തിൽ പടർന്നു.

ഒരുവശത്ത് രോഗം, മറുവശത്ത് ഇതേക്കുറിച്ചുള്ള കള്ളപ്രചാരണങ്ങളും കഥകളും. ഇതിനെ രണ്ടിനെയും ഒരുപോലെ പ്രതിരോധിച്ച് പൊതുജനാരോഗ്യരംഗത്തെ സംരക്ഷിക്കുക എന്നത് ഈ നാടിനോടുള്ള കർത്തവ്യമാണെന്നു കണ്ട് ഒരുമാസക്കാലത്തോളം ഊണും ഉറക്കവും ഉപേക്ഷിച്ച്, അക്ഷരാർഥത്തിൽ എണ്ണയിട്ടയന്ത്രംപോലെ പ്രവർത്തിച്ച ഒരു സർക്കാർ സംവിധാനം ഉണ്ടായിരുന്നു ഈ നാട്ടിൽ. അതിന്റെ വിജയമാണ് തിങ്കളാഴ്ച രോഗം മാറി വീട്ടിലേക്ക‌് പോയ നേഴ്‌സിങ‌് വിദ്യാർഥി എം അജന്യയുടെ ജീവൻ. വ്യാഴാഴ്ച അവസാന റൗണ്ട് പരിശോധനകൾകൂടി പൂർത്തിയാക്കി വീട്ടിലേക്ക‌് പോകാനൊരുങ്ങുന്ന മലപ്പുറം സ്വദേശി ഉബീഷ്. ഇവരുടെ ജീവനുമാത്രമല്ല, ഭീതിദമായ രീതിയിൽ പടർന്നുപിടിക്കാവുന്ന ഒരു വൈറസ് ബാധയെ നിയന്ത്രണവിധേയമാക്കിയതിന്, ഈ അക്ഷീണയത്‌നത്തിൽ പങ്കാളിയായ ഒാരോ മനുഷ്യനോടും ഈ നാട് കടപ്പെട്ടിരിക്കുന്നു.

എങ്ങനെയാണ് ഒരു സർക്കാർസംവിധാനം ഫലപ്രദമായും ജാഗ്രതയോടെയും പ്രതിജ്ഞാബദ്ധതയോടെയും പ്രവർത്തിക്കുന്നത് എന്നതിന്റെ ഉദാഹരണമായി, നിപാ വൈറസ് കാലത്തെ കേരളത്തിലെ പൊതുജനാരോഗ്യസംവിധാനത്തിന്റെ നടപടികൾ വരുംകാലത്ത് ലോകം മാതൃകയായി പഠിക്കും. വൈറസ് ബാധ സ്ഥിരീകരിക്കുകയും രോഗിയെ ശുശ്രൂഷിച്ചിരുന്ന ഒരു നേഴ്‌സ്, ലിനി സജീഷ്, മനുഷ്യമനഃസാക്ഷിയെ കണ്ണീരിലാക്കി വിടവാങ്ങുകയും ചെയ്തയോടെ കോഴിക്കോട് കേന്ദ്രീകരിച്ച് രോഗം നിയന്ത്രണവിധേയമാക്കാനുള്ള എല്ലാ നടപടികളും ആരംഭിച്ചു. ഏറ്റവും വിദഗ‌്ധരും പരിചയസമ്പന്നരുമായ ഡോക്ടർമാരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ആരോഗ്യമന്ത്രി കോഴിക്കോട് താവളമാക്കി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. ആരോഗ്യ ഡയറക്ടർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, സൂപ്രണ്ട് തുടങ്ങിയവർ എല്ലാത്തിനും നേതൃത്വം നൽകി. ജില്ലയിൽനിന്നുള്ള മന്ത്രിയായ ടി പി രാമകൃഷ്ണന്റെ പക്വതയോടെയുള്ള ഇടപെടലുകളും ഇൗ ഘട്ടത്തിൽ എടുത്തുപറയേണ്ടതാണ്.

രോഗബാധയുണ്ടെന്ന് സംശയമുള്ളവരെയെല്ലാം പരിശോധനകൾക്ക് വിധേയമാക്കി. പരിശോധനകൾക്കുമുമ്പേ  പൂർണമായ സുരക്ഷാസംവിധാനങ്ങൾ ഉറപ്പാക്കി. രോഗം സ്ഥിരീകരിച്ചവരെ അതീവ സുരക്ഷാസംവിധാനത്തിനുകീഴിലാക്കി. മൃതദേഹങ്ങൾ ബന്ധുക്കളുടെ സമ്മതത്തോടെ പ്രത്യേകമായി സംസ്‌കരിച്ചു. ഏതു ദുരന്തത്തിലും മുതലെടുപ്പ് നടത്താൻ ഒരുങ്ങി ഇറങ്ങിയവർ നടത്തിയ പ്രകോപനപരമായ ശ്രമങ്ങളെ സമചിത്തതയോടെ നേരിട്ടു. ഒരു വിട്ടുവീഴ്ചയും സുരക്ഷാസംവിധാനങ്ങളിൽ വരുത്തിയില്ല. ദുരന്തസ്ഥലത്തുനിന്ന‌് സെൽഫികളെടുക്കലോ പ്രസ്താവനകളിറക്കലോ അല്ല ദുരന്തനിവാരണകാലത്തെ സർക്കാർസംവിധാനങ്ങൾ ചെയ്യേണ്ടതെന്ന ഉത്തമബോധ്യം ഒാരോയിടത്തും പ്രകടമായിരുന്നു. നമ്മുടെ വിദഗ‌്ധരും അർപ്പിതമനസ്‌കരുമായ മെഡിക്കൽ ടീമിനെ വിശ്വാസത്തിലെടുത്ത് പ്രവർത്തിക്കുന്നതിനൊപ്പം കേന്ദ്ര മെഡിക്കൽ സംഘവുമായി അതിനെ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നതിലും വിജയിച്ചു. തെറ്റിദ്ധാരണകൾ ഒഴിവാക്കാനായി മെഡിക്കൽ ബുള്ളറ്റിനുകൾ പ്രസിദ്ധീകരിച്ചു. രോഗം പടരാനുള്ള സാധ്യതയെക്കുറിച്ച് ജനങ്ങളിലുണ്ടായ ഭീതി കുറയ്ക്കാനായി കൂടുതൽ വിവരങ്ങളെത്തിച്ചു. കള്ളത്തരം പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് കേസുകളെടുത്തു.

പ്രാണവായു കിട്ടാതെ പിഞ്ചുകുഞ്ഞുങ്ങൾ പിടഞ്ഞുമരിച്ച സംസ്ഥാനത്തെ ഭരണകർത്താക്കൾ ഇന്ത്യയുടെ വികസനത്തെക്കുറിച്ച് വാചാലരാകുന്ന കാലമാണ്. അതേകാലത്താണ് ഒരു അവകാശവാദവുമില്ലാതെ അക്ഷീണം ജാഗ്രതാപൂർവം പ്രതിജ്ഞാബദ്ധമായി പണിയെടുക്കുന്ന നമ്മുടെ  ആരോഗ്യവകുപ്പ് വ്യത്യസ്തമായത്.  ഒത്തൊരുമയോടെ ഒരു മഹാമാരിയെ ചെറുത്തത്. ചെറിയ കാര്യമല്ല. പടർന്നുപിടിച്ചാൽ നമ്മുടെ ഭാവനകളെ അട്ടിമറിക്കുന്ന, മഹാദുരന്തമാകാമായിരുന്ന ഒരു വൈറസ് ബാധയാണിത്.

ഇന്ന് കോഴിക്കോട് ഏതാണ്ട് പഴയ സാധാരണതയിലേക്ക‌് തിരിച്ചെത്തിയിട്ടുണ്ട്. തിയറ്ററുകളിലും പൊതുസ്ഥലങ്ങളിലും ഹോട്ടലുകളിലുമെല്ലാം തിരക്കുകൂടി. മിഠായിത്തെരുവ‌് വീണ്ടും സജീവമായി. പേരാമ്പ്ര, കുറ്റ്യാടി പട്ടണങ്ങളും സമീപഗ്രാമങ്ങളും വീണ്ടും ചിരിച്ചുതുടങ്ങി. ചെറിയ പെരുന്നാളിനെ ആവേശപൂർവം വരവേൽക്കാൻ കോഴിക്കോടിനാകുമെന്നാണ് ഈ ദിവസങ്ങൾ നമ്മളോട് പറയുന്നത്. ചെറുകിടകച്ചവടങ്ങൾ വിജയിക്കുമ്പോഴാണ് ഒരു ചെറിയ സമ്പ‌ദ‌്‌വ്യവസ്ഥയിൽ സമൂഹത്തിൽ അഭിവൃദ്ധിയുണ്ടാകുന്നത്, ഉത്സവകാലം സന്തോഷത്തിന്റേതുകൂടി ആകുന്നത്. തൽക്കാലം കോഴിക്കോട്ട‌് താമസിക്കുന്നയാൾ എന്നനിലയിൽ എനിക്ക് നന്ദിയുണ്ട്, നമ്മുടെ പൊതുജനാരോഗ്യമേഖലയുടെ ജാഗ്രതയോട്, ഭരണമെന്നത് ജനക്ഷേമമാണെന്ന് ഓർമിക്കുന്ന ആരോഗ്യവകുപ്പിനോട്, ഡോക്ടർമാരും നേഴ്‌സുമാരുംമുതൽ ശുചീകരണപ്രവർത്തകരും മൃതദേഹങ്ങൾ സംസ്‌കരിക്കുന്നവരുംവരെ അടങ്ങുന്ന ആരോഗ്യമേഖലാ പ്രവർത്തകരോട്.

(ഡൂൾ ന്യൂസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററാണ‌് ലേഖകൻ)

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top