20 February Wednesday

നിപാ വൈറസിന‌് ഒരു കേരള മരുന്ന‌്

കമൽറാം സജീവ‌്Updated: Wednesday Jun 6, 2018

 

കമൽറാം സജീവ‌്

കമൽറാം സജീവ‌്

സഞ്ചാരിയും ചിന്തകനുമായ രവീന്ദ്രൻ,  പേരാമ്പ്രയെപ്പറ്റി കേരളത്തിലെ ഏറ്റവും മനോഹരമായ ഇടനാട് എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. കടൽ ദൂരത്തല്ല, മലകൾ അടുത്താണ്, പുഴകളിലേക്കും ദൂരമില്ല, ചുരങ്ങളിലേക്കാണ് കൂടുതൽ അടുപ്പം. ശരിയാണ്. ലോർഡ് വെല്ലസ്ലിമുതൽ സെന്നിസായ്‌വ‌്‌വരെ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കുവേണ്ടി കുതിരകളോടൊപ്പം പോയിട്ടുണ്ട് ഈ വഴി. വില്യം ലോഗൻ ഒരുപാടുതവണ പേരാമ്പ്ര  കണ്ടിട്ടുണ്ട്. പേരാമ്പ്രയിലേക്ക് പൗരാണിക എടുപ്പുകളോ ആത്മീയസ്ഥലങ്ങളോ തേടി ആരും വരാറില്ല. കോഴിക്കോട് നഗരത്തിന് പെരുവണ്ണാമൂഴി, ജാനകിക്കാട്, കുറ്റ്യാടി  തുടങ്ങിയ മഹാ പ്രകൃതികളിലേക്കുള്ള വാതിൽ ഈ ഇടനാടാണ്. കോഴിക്കോട് വലിയങ്ങാടിയെ തേങ്ങ കൊണ്ടും അടയ്ക്ക, കുരുമുളകുകൾ കൊണ്ടും ചലിപ്പിക്കുന്ന എപ്പിസെന്റർ. ഗൂഗിൾ എർത്തിൽ നോക്കിയാൽ  ആർക്കും ഊഹിക്കാം മനുഷ്യരോടൊപ്പം എന്തെന്തു ജന്തുക്കൾ, സസ്യങ്ങൾ സഹജീവിതം ചെയ്യുന്നുണ്ടാകും ഇവിടെ എന്ന്. രാവിലെകളിൽ നഗരമായ കോഴിക്കോട്ടേക്കാണ് ബസുകളിൽ തിരക്ക്, അത് നാലുമണിക്ക് തൊട്ടിൽപാലത്തുനിന്ന‌് പുറപ്പെടുന്ന കോഴിക്കോട് റെയിൽവേ സ്റ്റഷേൻ ബസിൽ തുടങ്ങുന്നു. പേരാമ്പ്രയ‌്ക്ക് കോഴിക്കോട് നഗരം ജീവിതമാണ്, വ്യാപാരമാണ്, ചികിത്സയാണ്.  കഴിഞ്ഞ രണ്ടാഴ്ചകളിൽ ഇങ്ങനെയുള്ള  യാത്രകളിൽനിന്ന്  ഈ നാട് മാറിനിന്നു. നിപായുടെ ലേബൽ പതിഞ്ഞ്, നഗരത്തിലേക്കുള്ള  സിരയറ്റ് സ്തംഭിച്ചുപോകുമായിരുന്ന ഒരു ഇടനാടിന്റെ, സാമൂഹ്യഭ്രഷ്ടിലേക്ക് ഒതുക്കപ്പെടുന്നോ എന്ന ഭയം നിറഞ്ഞ ഹൃദയ സ്പന്ദനം നേരിട്ട് അറിഞ്ഞാണ് അവിടത്തെ താമസക്കാരൻ ഇതെഴുതുന്നത്.

വികസിത രാജ്യങ്ങളിലേതിനു സമാനമാണ് കേരള ആരോഗ്യമാതൃക എന്ന് ലോകാരോഗ്യസംഘടന അടക്കം പ്രകീർത്തിച്ചിട്ടുണ്ട്. Good Health at Low Cost, Good Health with Social justice and Equality-‐  ഇതാണ് കേരള ആരോഗ്യമേഖലയുടെ സവിശേഷത. സാമൂഹ്യ നീതിയുടെയും തുല്യതയുടെയും അടിസ്ഥാനത്തിലുള്ള ആധുനിക വൈദ്യശാസ്ത്രത്തിന്റെ ജനാധിപത്യവൽക്കരണമാണ് കേരളത്തിലെ ആരോഗ്യമേഖലയെ സവിശേഷമാക്കുന്നത്. ഇതിന്, രാഷ്ട്രീയവും സാമൂഹ്യശാസ്ത്രപരവുമായ ചില അടിസ്ഥാനങ്ങളുണ്ട്. കേരളത്തിന്റെ സാർവത്രിക വിദ്യാഭ്യാസവും ഉയർന്ന സാക്ഷരതയും, അതുവഴി ലഭിച്ച സാമൂഹ്യബോധം, ശാസ്ത്രബോധത്തിലധിഷ്ഠിതമായ യുക്തിവിചാരത്തിന് നവോത്ഥാനപ്രസ്ഥാനങ്ങളും ഇടതുബോധവും നൽകിയ പിന്തുണ, ആധുനിക മെഡിക്കൽ വിദ്യാഭ്യാസത്തിന്റെയും  പ്രാക്ടീസിന്റയും ജനപക്ഷപ്രയോഗം.

എൺപതുകളോടെ ആരോഗ്യമേഖലയിൽ കേരളം പ്രതിസന്ധികളെ നേരിട്ടുതുടങ്ങി. പൂർണമായും നിർമാർജനംചെയ‌്തെന്നു കരുതിയിരുന്ന മഞ്ഞപ്പിത്തം, കോളറ, മലേറിയ തുടങ്ങിയ രോഗങ്ങൾ തിരിച്ചുവന്നു. വൈകാതെ ഡെങ്കിപ്പനി, എലിപ്പനി, ചിക്കൻഗുനിയ, മസ്തിഷ്‌കജ്വരം, എച്ച‌്1എൻ1 തുടങ്ങിയ പുത്തൻ പകർച്ചവ്യാധികൾ പ്രത്യക്ഷപ്പെട്ടു. പ്രമേഹം, രക്താതിമർദം തുടങ്ങിയ ജീവിതശൈലീരോഗങ്ങളും കേരളത്തിൽ വർധിച്ചു. തൊണ്ണൂറുകളുടെ ആരംഭത്തോടെ പകർച്ചവ്യാധികളുടെയും ജീവിതശൈലീരോഗങ്ങളുടെയും സാന്നിധ്യമുള്ള ഇരട്ടരോഗഭാരം പേറുന്ന ജനസമൂഹമായി കേരളംമാറി. കുറഞ്ഞ മരണനിരക്കും കൂടിയ രോഗാതുരതയുമുള്ള സമൂഹമാണ് ഇപ്പോൾ കേരളം. ഈ  പ്രതിസന്ധിക്ക് തൊലിപ്പുറത്തുള്ള ചികിത്സയാണ് കേരളം സ്വീകരിച്ചിരുന്നത്. മെഡിക്കൽ കോളേജുകളടക്കമുള്ള സർക്കാർ ആശുപത്രികളെ അവഗണിച്ചു. ഇതോടെ, ആരോഗ്യമേഖലയിൽ കോർപറേറ്റുകൾ ആധിപത്യം സ്ഥാപിച്ചു. ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിലേക്കാൾ മാഫിയവൽക്കരണം ആരോഗ്യരംഗത്ത് ശക്തമായതും  കേരളത്തിൽതന്നെ.

എന്നാൽ, 1996ൽ ജനകീയാസൂത്രണത്തിന്റ ഭാഗമായി നടപ്പാക്കിയ അധികാരവികേന്ദ്രീകരണം ആരോഗ്യമേഖലയെ വിപ്ലവകരമായി നവീകരിച്ചു. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾമുതൽ ജില്ലാആശുപത്രികൾവരെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ചുമതലയിലായി, പ്രാദേശികാസൂത്രണത്തിന് പദ്ധതിവിഹിതം ലഭിച്ചു. ജനകീയാസൂത്രണം നടപ്പാക്കിത്തുടങ്ങിയ ആദ്യവർഷങ്ങളിൽത്തന്നെ സർക്കാർ ആശുപത്രികളിൽ ചികിത്സയ‌്ക്കെത്തുന്നവരുടെ എണ്ണം വളരെ കൂടി. ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, ഡോക്ടർമാർ, ആശുപത്രിജീവനക്കാർ എന്നിവരടങ്ങുന്ന കണ്ണികളുടെ ഫലപ്രദമായ ഏകോപനത്തിനാണ് ജനകീയാസൂത്രണം വഴിവച്ചത്. ഇതിന്റെ ഏറ്റവും മികച്ച ഗുണഫലമാണ് ഇപ്പോൾ നിപാ വൈറസ്ബാധ നിയന്ത്രിക്കുന്നതിൽ പ്രതിഫലിച്ചത്. തുടർച്ചയായ ഒരു ജനപക്ഷ ആരോഗ്യബോധം ഒരു ഇടതുഭരണരീതിയാണ് എന്ന് കാണാതിരിക്കാൻ വയ്യ.

കാരണം, നിപാ  വൈറസ് കേരളത്തിന്റെ ആരോഗ്യമേഖലയെ സംബന്ധിച്ച് പുതിയ വെല്ലുവിളിയായിരുന്നു. ലോകത്തെവിടെയുംപോലെ ഇവിടെയും പ്രതിരോധംമാത്രം പോംവഴി. പത്തുപേർക്ക് രോഗം ബാധിച്ചാൽ ഏഴിൽ കൂടുതൽ പേരും മരിക്കാൻ സാധ്യതയുള്ള രോഗം. നിപാ വൈറസിനെ നേരിടാൻ കോഴിക്കോട് മെഡിക്കൽകോളജ് കേന്ദ്രീകരിച്ച‌് നടന്നത് വിപ്ലവകരമായ ഒരു ജനകീയാരോഗ്യമുന്നേറ്റമാണ്. കോർപറേറ്റുവൽക്കരണം ആരോഗ്യമേഖലയിൽ സൃഷ്ടിച്ച അന്യവൽക്കരണത്തെയും ശാസ്ത്രവിരുദ്ധരായ ഫ്രിഞ്ച് ഗ്രൂപ്പുകളുടെ പ്രചാരണങ്ങളെയും ഒരേപോലെ നേരിട്ട്, സാമാന്യജനത്തെ മുൻനിർത്തി നടന്ന ഒരു ജനകീയാരോഗ്യസമരം. ഹോമിയോ ഡോക്ടർമാർ അവകാശവാദങ്ങൾ ഉന്നയിച്ചില്ല. ഇല്ല, പ്രതിരോധമരുന്നുകൾ ഞങ്ങൾക്ക് എന്ന് തുറന്നുപറഞ്ഞു. ആയുർവേദം എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വൈദ്യക്രിമിനലുകൾക്കെതിരെ നിയമനടപടിയുമായി ആയുർവേദ ഡോക്ടർമാർതന്നെ രംഗത്തെത്തി.

ഡോക്ടർമാരും നേഴ്‌സുമാരടക്കമുള്ള ആശുപത്രിജീവനക്കാരും മുന്നണിയിൽനിന്നത് ജനങ്ങളുടെ ആത്മവിശ്വാസം വർധിപ്പിച്ചു. പേരാമ്പ്രയിലെ ലിനി എന്ന നേഴ്‌സിന്റെ മരണം ജനങ്ങളുടെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു. ഈ മരണം നിപാ  വൈറസിനെതിരായ പ്രതിരോധപ്രവർത്തനത്തിന് ജാഗ്രതയും ഊർജവും വർധിപ്പിച്ചു.നിപായുമായി ബന്ധപ്പെട്ട ഓരോ കാര്യവും സുതാര്യമായിരുന്നു. ശാസ്ത്രത്തിന്റെ പരിമിതികൾ ഡോക്ടർമാർതന്നെ തുറന്നുപറഞ്ഞു. സാമ്പിൾ ശേഖരണം, ലാബ് പരിശോധന തുടങ്ങിയ ശാസ്ത്രീയപ്രവർത്തനങ്ങളുടെ പ്രതിസന്ധികൾ ജനകീയമായി വിശദീകരിക്കപ്പെട്ടു. മാധ്യമങ്ങളിൽ ഡോക്ടർമാരടക്കമുള്ള ആരോഗ്യപ്രവർത്തകർ അനുഭവം തുറന്നെഴുതി. അതിലൂടെ, നിപാ വൈറസിനെതിരായ പോരാട്ടം വൈദ്യശാസ്ത്രം ഒറ്റയ‌്ക്ക് നടത്തേണ്ടതല്ല, അതിന് ജനപങ്കാളിത്തം പ്രധാനമാണെന്ന സന്ദേശം നൽകാനായി. ആദ്യം രോഗം വന്ന ആളിൽനിന്ന് 15 പേർക്ക് രോഗംപകർന്നു എങ്കിൽ ആ 15 പേരിൽനിന്ന് 225 പേർക്ക് രോഗം പകരണം. ഇത് തിയററ്റിക്കൽ പ്രോബബിലിറ്റിയാണ്. ഈ പ്രോഗ്രഷൻ ഉണ്ടായില്ല. മാത്രമല്ല, ആദ്യം രോഗം വന്ന മിക്കവാറും എല്ലാവരും ആദ്യ രോഗിയുമായി കോൺടാക്ടുള്ളവരായിരുന്നു. അവരുടെ കോൺടാക്ടുകളിലാണ് പിന്നീട് രോഗം കാണപ്പെട്ടത്. രോഗം വ്യാപകമായി പടരുന്നില്ല എന്നത് രോഗനിയന്ത്രണ പരിപാടികളുടെ വിജയമാണ്.

കേരളത്തിലെ വൈദ്യശാസ്ത്രമേഖലയും ആരോഗ്യവകുപ്പും പുലർത്തിയ ജാഗ്രതയുടെ വിജയകഥകൂടിയാണ് കോഴിക്കോട്ട് കണ്ടത്. പകർച്ചവ്യാധികളുടെ യഥാർഥ കാരണം കണ്ടെത്തുന്നതിൽ മോശം റെക്കോഡുള്ള പ്രദേശങ്ങളിൽ ഒന്നുതന്നെയാണ്  കേരളം. എന്നിട്ടും ഇവിടെ കേരളം പതിവില്ലാത്ത പ്രതിരോധം പുലർത്തി. ബംഗ്ലാദേശിലെ മെഹർപുർ, നാവോഗാവ്  ജില്ലകളിൽ ഡസൻകണക്കിനുപേർ മരിച്ചശേഷമാണ് നിപാ  വൈറസാണ് രോഗകാരണമെന്ന് കണ്ടെത്താനായത്. 2001ൽ സിലിഗുരിയിൽ രോഗം പടർന്ന് ആറുമാസത്തിനുശേഷമാണ് നിപാ വൈറസ് സ്ഥിരീകരിക്കാനായത്. അപ്പോഴേക്കും രോഗം ബാധിച്ച 60ൽ 45 പേരും മരിച്ചിരുന്നു. യുപിയിലെ ഗൊരഖ്പുരിലും ബിഹാറിലെ മുസാഫർപുരിലും എല്ലാ വർഷവും കുട്ടികളുടെ കൂട്ടമരണംതന്നെ റിപ്പോർട്ട‌് ചെയ്യപ്പെടുന്നു. ഇവിടെ, നിപാ വൈറസ് ബാധിച്ച രണ്ടാമത്തെ ആളിൽതന്നെ കൃത്യമായി രോഗനിർണയം നടത്താൻ കഴിഞ്ഞുവെന്നത് വലിയ നേട്ടമാണ്. മണിപ്പാൽ സെന്റർ ഫോർ വൈറൽ റിസർച്ച് മേധാവി അരുൺകുമാറിന്റെ സ്ഥിരീകരണം വരുന്നതിനുമുമ്പേ കോഴിക്കോട് ജില്ലാ ഭരണകൂടവും ആശുപത്രി അധികൃതരും പകർച്ചവ്യാധി എന്ന നിലയിൽത്തന്നെ പ്രതിരോധപ്രവർത്തനം തുടങ്ങിക്കഴിഞ്ഞിരുന്നു. ഇവിടെ വിജയാഘോഷങ്ങൾ പാടിപ്പുകഴ്ത്താൻ, ഞങ്ങൾ ചെയ്തു, ഞങ്ങൾ വിജയിച്ചു എന്ന് സെൽഫി എടുത്ത് ചുമരിലിടാൻ  മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, സ്ഥലം എംഎൽഎകൂടിയായ എക്‌സൈസ്  മന്ത്രി എന്നിവർ ഒരിക്കൽപ്പോലും ശ്രമിച്ചില്ല. പക്ഷേ, മുഴുവൻ സമയവും അവർ രോഗപ്രതിരോധത്തിന്റെ ഭരണമെക്കാനിസമായി നിന്നു. പുറത്തുനിന്നുള്ള ശാസ്ത്രീയ സഹായം ഉപയോഗപ്പെടുത്തുമ്പോൾത്തന്നെ, കേരളത്തിലുള്ള വൈദ്യ വിദഗ‌്ധരുടെ ആത്മവിശ്വാസത്തിൽ കടുത്ത വിശ്വാസം പ്രകടിപ്പിച്ചു.

സംസ്ഥാന സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും മോണിറ്ററിങ് സംവിധാനം, ഡോക്ടർമാരടക്കമുള്ള ആരോഗ്യപ്രവർത്തകർ, ഉദ്യോഗസ്ഥർ, പൊതുജനം എന്നിവരെ കണ്ണികളാക്കി നടത്തിയ നടപടികളാണ് ഏറ്റവും ശ്രദ്ധേയം. പണ്ട് വസൂരിയും കുഷ്ഠവും മൂലമുണ്ടായിരുന്ന സാമൂഹ്യഭ്രഷ്ടിന്റെ സാഹചര്യം പേരാമ്പ്രയിലേക്ക് പടരാതെ അതിവേഗം നിർവീര്യമാക്കിയത് സർക്കാരിന്റെ ഉൾക്കാഴ്ചയുള്ള സാമൂഹ്യ ഇടപെടലാണ്. കേരളത്തിൽ ശക്തമായി വരുന്ന വൈദ്യശാസ്ത്രത്തിന്റെ ജനാധിപത്യവൽക്കരണം ഈ ഇടപെടലിനെ മൂർത്തമാക്കിയെന്നു പറയാം. ഇപ്പോൾ പേരാമ്പ്രക്കാർ  വീണ്ടും  യാത്ര ചെയ്യാൻ തുടങ്ങിയിരിക്കുന്നു. പേടിയിൽ ഒറ്റപ്പെട്ടുപോയ പേരാമ്പ്രക്കാരെ ആത്മബലത്തോടെ തിരിച്ചുവരാൻ ആത്മാർഥമായി സഹായിച്ച ആധുനിക വൈദ്യശാസ്ത്രത്തിനും സർക്കാരിന്റെ ജനകീയ ഇടപെടലിനും സല്യൂട്ട്. മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത ഒരു രോഗത്തിന് ആധുനിക വൈദ്യശാസ്ത്രത്തിനും പക്വമായ ഒരു പൗരസമൂഹത്തിനും അതിന്റെ ഭരണകൂടത്തിനും നൽകാനുള്ള മികച്ച ചികിത്സയാണ്, ഏറ്റവും ഫലപ്രദമായ മരുന്നാണ് കേരളത്തിൽ പരീക്ഷിക്കപ്പെട്ടിരിക്കുന്നത്. ഇവിടത്തെ ആരോഗ്യമേഖലയുടെ പുനഃസംഘാടനത്തിന് ഈ വിജയപാഠമാണ് അടിത്തറയാകേണ്ടത്.

(മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ അസിസ്്‌റ്റന്റ്‌ എഡിറ്ററാണ്‌ ലേഖകൻ)

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top