14 July Tuesday

വെനസ്വേലയിൽ അട്ടിമറിനീക്കവുമായി അമേരിക്ക

പ്രകാശ്‌ കാരാട്ട്‌Updated: Thursday Feb 7, 2019

വെനസ്വേലയിൽ പ്രസിഡന്റ് നിക്കോളസ് മഡൂറോയുടെ നേതൃത്വത്തിലുള്ള നിയമാനുസൃതമായി പ്രവർത്തിക്കുന്ന ഗവൺമെന്റിനെതിരെ അമേരിക്ക യുദ്ധം പ്രഖ്യാപിച്ചിരിക്കയാണ്.

വലതുപക്ഷക്കാരനായ പ്രതിപക്ഷനേതാവ് ഗുഅയിഡോയെ ഇടക്കാല പ്രസിഡന്റായി അംഗീകരിച്ച് അമേരിക്കയിലെ ഡോണൾഡ് ട്രംപ് ഭരണം വെനസ്വേലയുടെ ആഭ്യന്തരകാര്യങ്ങളിൽ നിർലജ്ജം ഇടപെടുകയാണ്. നിയമവിരുദ്ധമായ ഈ നീക്കത്തിനൊപ്പം നിയമപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മഡൂറോക്ക് നൽകുന്ന പിന്തുണ പിൻവലിക്കാൻ വെനസ്വേലൻ സൈന്യത്തോട് അമേരിക്ക ആവശ്യപ്പെടുകയാണ്.

ജനുവരി 23നാണ് ഗുഅയിഡോ ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ചത്. ഉടൻതന്നെ അമേരിക്ക അതിന് അംഗീകാരം നൽകി. ഒരു അട്ടിമറിക്കുള്ള ശ്രമമാണിതെന്ന് വ്യക്തം. എന്നാൽ, നിയമാനുസൃതമുള്ള സർക്കാരിന് പ്രതിരോധ മന്ത്രിയും സൈനികമേധാവിയും പിന്തുണ തുടർന്നതോടെ ഈ നീക്കം പരാജയപ്പെട്ടു.  മഡൂറോക്ക് പിന്തുണയർപ്പിച്ച് വൻ ബഹുജനറാലിയും തലസ്ഥാനമായ കാരക്കാസിൽ നടന്നു. 

മഡൂറോയ്‌ക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ പ്രകടനം  നടത്തുന്ന തൊഴിലാളികൾ

മഡൂറോയ്‌ക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ പ്രകടനം നടത്തുന്ന തൊഴിലാളികൾ

 

ഇടതുപക്ഷമുന്നേറ്റത്തിന്റെ കേന്ദ്രം
വെനസ്വേലയുടെ പ്രസിഡന്റായി 1999ൽ ഹ്യൂഗോ ഷാവേസ് തെരഞ്ഞെടുക്കപ്പെടുകയും ബൊളിവാരിയൻ വിപ്ലവപ്രക്രിയക്ക് തുടക്കമിടുകയും ചെയ‌്തതോടെതന്നെ രാജ്യത്തെ വലതുപക്ഷ ദുഷ്പ്രഭുത്വം അമേരിക്കയുടെ പിന്തുണയോടെ ബൊളീവാരിയൻ ഗവൺമെന്റിനെ അട്ടിമറിക്കാനും ഭരണമാറ്റം ഉറപ്പുവരുത്താനുമായി പ്രയത്നിക്കുകയായിരുന്നു.

പ്രസിഡന്റ് ഷാവേസിനെ അട്ടിമറിക്കാൻ 2002ൽത്തന്നെ ശ്രമമുണ്ടായെങ്കിലും വൻ ജനകീയമുന്നേറ്റത്തെ തുടർന്ന് അത് പരാജയപ്പെട്ടു. അതിനുശേഷം അമേരിക്കൻ സാമ്രാജ്യത്വത്തിന്റെയും  മുതലാളിത്തശക്തികളുടെയും പൂർണ പിന്തുണയോടെ വലതുപക്ഷത്ത് നിലയുറപ്പിച്ച പ്രതിപക്ഷം ബൊളീവാരിയൻ ഗവൺമെന്റിനെ അട്ടിമറിക്കാനായി പ്രതിഷേധങ്ങളും ആക്രമണങ്ങളും പതിവാക്കി.

രണ്ട് പ്രധാന വസ‌്തുതകളാണ‌് വെനസ്വേലയിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് പിന്നിലുള്ളത്. ഒന്നാമതായി എണ്ണവില 2014മുതൽ കുത്തനെ കുറഞ്ഞതോടെ വെനസ്വേലൻ സമ്പദ‌്‌വ്യവസ്ഥ കൂപ്പുകുത്തി. അതിന്റെ ഫലമായി അവശ്യവസ‌്തുക്കൾക്ക‌് വിലക്കയറ്റമുണ്ടാകുകയും ഭക്ഷ്യവസ‌്തുക്കൾക്ക‌് ക്ഷാമം നേരിടുകയുംചെയ‌്തു.  വൻകിട മുതലാളിത്തത്തിന്റെ വിധ്വംസകപ്രവൃത്തികളും അമേരിക്ക ഏർപ്പെടുത്തിയ ഉപരോധവും സ്ഥിതി കൂടുതൽ വഷളാക്കി.

രണ്ടാമത്തേത് അന്താരാഷ്ട്രസാഹചര്യമാണ്. ഒന്നര പതിറ്റാണ്ടായി ലാറ്റിനമേരിക്കൻ ഇടതുപക്ഷം നേടിയ തുടർച്ചയായ വിജയങ്ങൾക്ക് ഇപ്പോൾ തിരിച്ചടി ലഭിച്ചുകൊണ്ടിരിക്കുകയാണ്.  അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ മേഖലയിലെ വലതുപക്ഷശക്തികൾ പ്രത്യാക്രമണത്തിന് തുടക്കമിട്ടതോടെയാണിത്. വലതുപക്ഷ ഗവൺമെന്റ് അർജന്റീനയിലും തീവ്രവലതുപക്ഷനേതാവ് ബ്രസീലിലും തെരഞ്ഞെടുക്കപ്പെട്ടതോടെ ശാക്തിക ബലാബലത്തിൽ മാറ്റം വന്നു.  പെറുവിലും കൊളംബിയയിലും ചിലിയിലും വലതുപക്ഷ സർക്കാരുകളാണ് അധികാരത്തിലുള്ളത്.  കൊളംബിയയിലെ ഇവാൻ ഡുകുവും ബ്രസീലിലെ ജയിർ ബൊൾസനാരോയും വെനസ്വേലൻ പ്രസിഡന്റ‌് മഡൂറോയെ അട്ടിമറിക്കുന്നതിൽ പ്രതിജ്ഞാബദ്ധരാണ്. പ്രസിഡന്റ് ട്രംപാകട്ടെ വെനസ്വേലയിലെ വലതുപക്ഷവുമായും ലാറ്റിനമേരിക്കയിലെ വലതുപക്ഷ സർക്കാരുകളുമായും കൈകോർത്തുകൊണ്ട് ഭരണമാറ്റത്തിനായി പ്രവർത്തിക്കുകയാണ്. പുതിയ നൂറ്റാണ്ടിലെ ഇടതുപക്ഷമുന്നേറ്റത്തിന്റെ കേന്ദ്രമായ  വെനസ്വേലയിലെ ഇടതുപക്ഷത്തെ അടിച്ചമർത്തേണ്ടത് ട്രംപിന് ആവശ്യമാണ്.

സ്വാതന്ത്ര്യത്തിനും ദേശീയ പരമാധികാരത്തിനും ഭീഷണി
വെനസ്വേലയിലെ പ്രസിഡന്റ് മഡൂറോവിനെ അട്ടിമറിക്കുന്നതിൽ ദൃഢമായ നിലപാടാണ് അമേരിക്കയുടേതെന്ന് വെനസ്വേലൻ എണ്ണവാങ്ങുന്നതിന് തടസ്സം സൃഷ്ടിച്ചതിൽനിന്ന‌് വായിച്ചെടുക്കാം.  വെനസ്വേലയിലെ പൊതുമേഖലാ എണ്ണ കമ്പനിയായ പിഡിവിഎസ്എയുടെ അമേരിക്കയിലുള്ള സ്വത്ത് അവർ കണ്ടുകെട്ടിക്കഴിഞ്ഞു. വെനസ്വേലൻ സമ്പദ‌്‌വ്യവസ്ഥയെ ഇത് ദോഷകരമായി ബാധിക്കും. കാരണം വെനസ്വേലൻ എണ്ണ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്നത് അമേരിക്കയാണ്. 

അമേരിക്ക നിയമവിരുദ്ധമായി വെനസ്വേലയിൽ ഇടപെടുന്നതിനെ പാശ്ചാത്യശക്തികളും പിന്തുണയ‌്ക്കുകയാണ്.  ഇടക്കാല പ്രസിഡന്റിനെ 11 യൂറോപ്യൻ രാഷ്ട്രങ്ങൾ അംഗീകരിച്ചുകഴിഞ്ഞു.  അതിനുമുമ്പ് ഫ്രാൻസും ബ്രിട്ടനും ജർമനിയും സ്പെയിനും മഡൂറോയോട് ഒരാഴ്ചയ‌്ക്കകം പുതിയ തെരഞ്ഞെടുപ്പ‌് നടത്താൻ ആവശ്യപ്പെട്ടു. അതിൽ പരാജയപ്പെട്ടാൽ ഇടക്കാല പ്രസിഡന്റിനെ അംഗീകരിക്കുമെന്നാണ് ഈ രാഷ്ട്രങ്ങൾ ഉയർത്തിയ ഭീഷണി. എന്നാൽ, ഈ ആവശ്യം വെനസ്വേല തള്ളിക്കളഞ്ഞു.  2018 മെയ് മാസത്തിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. പ്രതിപക്ഷത്തിലെ ഒരു വിഭാഗം ബഹിഷ‌്‌കരിച്ച തെരഞ്ഞെടുപ്പിൽ മഡുറോക്ക് 67.8 ശതമാനം വോട്ടാണ് ലഭിച്ചത്. 

മഡൂറോയെ അധികാരത്തിൽനിന്ന‌് മാറ്റാനായി സൈനികമായി ഇടപെടുന്നതിനെക്കുറിച്ചാണ് ഡോണൾഡ് ട്രംപ് ഇപ്പോൾ ആലോചിക്കുന്നത്. അമേരിക്കൻ പ്രത്യേക സേനയിലെ 5000 പേരെ അയൽരാജ്യമായ ബൊളീവിയയിൽ വിന്യസിച്ചുകഴിഞ്ഞു.  മറുഭാഗത്താകട്ടെ റഷ്യയും ചൈനയും അട്ടിമറിശ്രമത്തെ ശക്തമായി അപലപിക്കുകയും മഡൂറോ സർക്കാരിന് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ‌്തു. ഈ രണ്ട് രാഷ്ട്രങ്ങളുടെയും ദൃഢമായ നിലപാട് കാരണം യുഎൻ രക്ഷാസമിതിയിലുടെ വെനസ്വേലൻ ഇടപെടലിന് നിയമസാധുത നേടാനുള്ള അമേരിക്കയുടെയും പാശ്ചാത്യശക്തികളുടെയും നീക്കം പരാജയപ്പെട്ടു.

വെനസ്വേലയുടെ സ്വാതന്ത്ര്യത്തിനും ദേശീയ പരാമാധികാരത്തിനും ഗുരുതരമായ ഭീഷണി നേരിടുന്ന ഈ ഘട്ടത്തിൽ ലോകത്തെങ്ങുമുള്ള ജനാധിപത്യവാദികളും സാമ്രാജ്യത്വവിരുദ്ധ ശക്തികളും മഡൂറോ ഗവൺമെന്റിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും സാമ്രാജ്യത്വ കുതന്ത്രങ്ങളെ ശക്തമായി അപലപിക്കുകയും വേണം.  അമേരിക്കൻ നടപടിയെ വിമർശിക്കാതെ ഒഴിഞ്ഞുമാറുകയാണ് മോഡി ഗവൺമെന്റ്. പ്രശ്നത്തിന് ജനാധിപത്യപരവും സമാധാനപരവുമായ പരിഹാരം വേണമെന്നുമാത്രമാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. അട്ടിമറിക്കെതിരെ ശബ്ദിക്കാൻ ഇന്ത്യയും തയ്യാറാകണം.


പ്രധാന വാർത്തകൾ
 Top