26 March Tuesday

മുതലാളിത്തത്തെ ഇനിയും പ്രതീക്ഷിക്കുന്നവരോട് നിപാ ചെറുത്തു നില്‍പ്പ് ചിലത് പറയുന്നുണ്ട്

അജിത് കേരളവര്‍മUpdated: Wednesday Jun 6, 2018

 

അജിത് കേരളവര്‍മ

അജിത് കേരളവര്‍മ

മ്പദ്ഘടന ഉദാരവത്കരിക്കുന്ന സമയത്ത് എത്ര സ്വപ്നങ്ങളാണ് നമ്മളില്‍ അവര്‍ നട്ടുപിടിപ്പിച്ചത്. കമ്പോളം സമ്പൂര്‍ണമായി തുറന്നു കൊടുക്കുന്നതോടെ, 'കാര്യശേഷിയില്ലാത്ത' പൊതുമേഖല മുഴുവന്‍ സ്വകാര്യ മേഖലക്ക് കൈപിടിച്ചേല്‍പ്പിക്കുന്നതോടെ, ഇവിടെ സ്വര്‍ഗസുന്ദരമായ വാഗ്ധത ഭൂമിയിലേക്കുള്ള വാതിലുകള്‍ തുറക്കപ്പെടും എന്നല്ലേ അവര്‍ പറഞ്ഞു തന്നത്. രാഷ്ട്രത്തിന്റെ ചങ്ങലകളില്ലാത്ത സ്വതന്ത്ര വ്യവഹാരങ്ങള്‍ വ്യക്തികളെ കൂടുതല്‍ ഉത്പ്പാദനക്ഷമതയുള്ളവരാക്കി മാറ്റുമെന്നും അത് രാഷ്ട്രത്തിന്റെ സമഗ്ര പുരോഗതിയിലേക്ക് നയിക്കുമെന്നും അവര്‍ പറഞ്ഞു പഠിപ്പിച്ചു. സ്വകാര്യമേഖലയെ ഭയക്കേണ്ടതില്ലെന്നും അവര്‍ ഉപഭോക്താക്കളെ ആകൃഷ്ടരാക്കാന്‍ വിലകുറച്ച്  മത്സരിക്കുന്നതിലൂടെ സാധനങ്ങളും സേവനങ്ങളും നമുക്ക് ഏറ്റവും കുറഞ്ഞ തുകക്ക് ലഭ്യമാകുമെന്നും പറഞ്ഞു പഠിപ്പിച്ചു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഉദാരവത്കരിച്ചതിന്റെ മുപ്പതു വര്‍ഷത്തോടടുക്കുമ്പോള്‍ എന്ത് കാര്യശേഷിയുള്ള സംവിധാനമാണ് അവര്‍ നിര്‍മിച്ചു തന്നത് എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ശരിയാണ് കുളങ്ങരയുടെ ഭാഷയിലുള്ള അംബരചുംബികളായ കെട്ടിടങ്ങളും തലങ്ങും വിലങ്ങും ഓടുന്ന ആഡംബര വാഹനങ്ങളും, ഇന്നുവരെ കാണാത്ത പ്രൌഡഗംഭീര വസ്ത്രങ്ങള്‍, ശീതള പാനീയങ്ങള്‍, വൈദേശിക രുചിക്കൂട്ടുകള്‍ തീഗോളത്തിന് മുകളില് നിന്നിട്ടാനെങ്കിലും അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ കഴിവുകള്‍ വിലക്കെടുക്കാന്‍ കുറെ വ്യവസായബിസിനസ് സംരംഭങ്ങളും തുറന്നു തന്നു. ഈയ്യോബിന്റെ പുസ്തകത്തിലെ ബിരിയാണി പോലെ ഉദാരവത്കരണ നയങ്ങള്‍ കടന്നുവന്നു.

എന്നാല്‍ നിപ്പ വൈറസ് പോലുള്ള ഭീഷണികള്‍ ഒരു കൊച്ചു സംസ്ഥാനത്ത് മരണത്തിന്റെ വ്യാപാരിയായി വന്നെത്തുന്നിടത്ത് സ്വതന്ത്രകമ്പോളത്തില്‍ പ്രവര്‍ത്തിക്കുന്ന മുതലാളിത്തം എത്ര 'കാര്യക്ഷമമായി' (efficient)  പ്രവര്‍ത്തിച്ചു എന്ന് വിലയിരുത്താനാവുമോ? മനുഷ്യന്‍ ഭീതിയുടെ നിലയില്ലാക്കയത്തിലേക്ക് വീണ് പോകുമ്പോള്‍, വീണു പോയവനെ അവന്റെ സമൂഹം തന്നെ എഴുന്നേല്‍ക്കാനാവാത്ത വിധം നിലത്തുകിടത്താന്‍ സാധ്യതയൊരുങ്ങുമ്പോള്‍, പരിഭ്രാന്തിയുടെയും ഉത്തരമില്ലാത്ത ചോദ്യങ്ങളുടെയും കാറ്റിനേക്കാള്‍ വേഗമാര്‍ന്ന സംശയങ്ങളുടെയും ചുഴിയിലേക്ക് നിസഹായരായി ഒരു ജനത കൂപ്പുകുത്താന്‍ ഒരുങ്ങുമ്പോള്‍ എന്തായിരുന്നു എല്ലാം വിലയ്ക്ക് വാങ്ങാന്‍ ഒരുമ്പെട്ട അതേ മുതലാളിത്തത്തിന് വാഗ്ദാനം ചെയ്യാനുണ്ടായിരുന്നത്?

പൊതുമേഖലയെ കണ്ണിലെ കൃഷ്ണമണി പോലെ നോക്കുന്ന ഒരു സംസ്ഥാനമാണ്, ലാഭാനഷ്ട്ട കണക്കുപുസ്തകം സൂക്ഷിച്ചുവക്കാതെ പൊതുജനാരോഗ്യം കാത്തു സൂക്ഷിക്കാന്‍ പണിയെടുക്കുന്ന ഒരു ഗവണ്‍മെന്റാണ്, അല്ലാതെ നമ്മളില്‍ സ്വപ്‌നങ്ങളൊക്കെ നട്ടുവളര്‍ത്തിയ ഈ കമ്പോളമാണോ ഇത്തരം ഒരു രോഗത്തെ നേരിടാന്‍ ഇറങ്ങിപ്രവര്‍ത്തിച്ചത്? ശരിയാണ് ഇത്തരം ഒരു ഔട്ട്‌ബ്രേക്കിന്റെ സാധ്യതയെക്കുറിച്ച് ചിന്തിച്ചത് ഒരു സ്വകാര്യ മേഖലയിലെ ഡോക്ടറാണ് എന്ന് വാദത്തിനു പറയാം, പക്ഷെ അതിനു ശേഷം ഇതിനെ പിടിച്ചു നിര്‍ത്താന്‍ മുന്നിട്ടറങ്ങിയത്  ആരാണ്?

ലാഭം (profit) നോക്കി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ മേഖലക്കും ആരോഗ്യ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ (prevention) ഒരു താല്‍പര്യവും കാണുകയില്ല, ഇല്ലെങ്കില്‍ അവര്‍ക്ക് അത്തരം പ്രവര്‍ത്തനങ്ങള്‍ സാധ്യമല്ല എന്ന് തന്നെ പറയാം. ആളുകളെ ബോധവത്കരിക്കുന്നതിനും, രോഗം പകര്‍ന്ന/പകരാന്‍ സാധ്യതയുള്ള വഴികള്‍ മുഴുവന്‍ കണ്ടെത്തുന്നതിനും, രോഗം ബാധിക്കാന്‍ സാധ്യതയുള്ള ആളുകളെ എത്രയും പെട്ടന്ന് കണ്ടെത്തി അവര്‍ക്ക് പരിശോധനകളും ചികിത്സയും ലഭ്യമാക്കുന്നതിനും, അതുവഴി കൂടുതല്‍ ആളുകളിലേക്ക് രോഗം പടരുന്നത് തടയുന്നതിനും പൊതുമേഖല ആരോഗ്യ സ്ഥാപങ്ങള്‍ക്കും മാത്രമേ സാധിക്കുകയുള്ളൂ എന്ന് സംശയമന്യേ പറയാവുന്നതാണ്. ഒന്ന് ചിന്തിച്ചു നോക്കുക, ഒരു സ്വകാര്യ സ്ഥാപനമാണ് നിപാ കൈകാര്യം ചെയ്യുന്നത് എന്നുള്ളത്...

കേരള സര്‍ക്കാര്‍ നിപായുമായി ബന്ധപ്പെട്ട ചികിത്സാചിലവുകളെല്ലാം ഏറ്റെടുക്കും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. നിപാ ഔട്ട്‌ബ്രേക്ക് ഉണ്ടായ കോഴിക്കോട് ജില്ലയിലെ നിരീക്ഷണത്തിലുള്ള രണ്ടായിരത്തി നാനൂറു  കുടുംബങ്ങളും, മലപ്പുറം ജില്ലയിലെ നൂറ്റി അമ്പതോളം കുടുംബങ്ങളും പുറത്തിറങ്ങാന്‍പോലുമാകാതെ കഴിയുകയാണ്. ചിന്തിച്ചിട്ടുണ്ടോ ഇവര്‍ എങ്ങനെ ഭക്ഷണം കഴിക്കുമെന്ന്? ചിന്തിച്ചിട്ടുണ്ടോ ഇവരുടെ പ്രാഥമിക ആവശ്യങ്ങള്‍ എങ്ങനെ നിറവേറ്റുമെന്ന്? അവിടെയും അവര്‍ക്കുവേണ്ട ആവശ്യ സാധനങ്ങളെല്ലാം സര്‍ക്കാര്‍ അവരുടെ വീടുകളില്‍ എത്തിച്ചുകൊടുക്കാന്‍ നടപടികള്‍ എടുത്തിരിക്കുകയാണ്. നിരീക്ഷണത്തിലുള്ളവരുടെ പരിശോധനകള്‍, ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷാ ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍ ഇവയൊക്കെ വഹിക്കുന്നത് പൊതുമേഖല തന്നെ. ഇതിനോക്കെ പുറമേ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ലാഭേച്ഛേയില്ലാത്ത പ്രവര്‍ത്തനങ്ങളും.

മേല്‍പ്പറഞ്ഞവയില്‍ എന്തെങ്കിലും സ്വതന്ത്രകമ്പോള മുതലാളിത്തത്തിന് വാഗ്ദാനം ചെയ്യാന്‍ കഴിയുമോ? വീണ്ടും ഇല്ല എന്ന് തന്നെ നിസംശയം പറയേണ്ടി വരും. മുതലാളിത്തിന്റെ അടിസ്ഥാനം തന്നെ എങ്ങനെയും ലാഭം കണ്ടെത്തുക എന്നതിലാണ്. മാര്‍ക്കേസിന്റെ വാക്കുകളില്‍ കുറച്ചു മാറ്റം വരുത്തിയാല്‍ ഇങ്ങനെ പറയാം: 'എപ്പോഴാണോ തീട്ടത്തിന് മൂല്യമുണ്ടാവുന്നത്, അന്ന് മലദ്വാരങ്ങളിലെല്ലാം പ്രൈസ് ടാഗുകള്‍ തുന്നിക്കെട്ടപ്പെടും'. മുതലാളിത്ത പ്രത്യയശാസ്ത്രങ്ങള്‍ ഉത്പ്പാദനക്ഷമതയും (productivity) കാര്യക്ഷമതയൊന്നും  (efficiency) ഒക്കെ വാഗ്ദാനം ചെയ്യുമ്പോള്‍, ഇതെല്ലാം ആര്‍ക്കുവേണ്ടിയുള്ളതെന്നു  ചോദിക്കേണ്ടതുണ്ട്. അവര്‍ തരുന്ന വികസനം എന്നത് മഹാഭൂരിപക്ഷം സാധാരണജനതയുടെ മുതുകിന് മുകളില്‍ കെട്ടിപ്പോക്കുന്നതാണ്.

നവഉദാരീകരണം, ലോക ബാങ്കിന്റെയും, അന്താരാഷ്ട്ര നാണയ നിധിയുടെയും സൈല്‍സ് വാഹനത്തില്‍ വികസനം വേണോ, വികസനം വേണോ എന്ന് ചോദിച്ചു ഓരോ പിന്നോക്ക രാജ്യങ്ങളുടെയും വാതില്‍ക്കല്‍ ചെന്ന് മുട്ടി വിളിച്ചു. പൊതുമേഖലയിലെ ചെലവുകള്‍ വെട്ടിച്ചുരുക്കാന് (austerity) രാജ്യങ്ങളെ നിര്‍ബന്ധിതരാക്കി. സ്വകാര്യ മൂലധനം അവിടങ്ങളില്‍ മുഴുവന്‍ പമ്പുചെയ്തു. ശാസ്ത്ര ഗവേഷണങ്ങള്‍ എല്ലാം സ്വകാര്യമേഖലക്ക് ഉപകാരപ്പെടുന്ന വിധത്തില് രൂപപ്പെടുത്തി. ലോകവ്യാപാര സംഘടനയിലൂടെ സാധനങ്ങളും, സേവനങ്ങളും, അറിവും, വിജ്ഞാനവുമെല്ലാം കമ്പോള നിയമങ്ങള്‍ക്കു വിധേയമാക്കി. ചിന്തിച്ചിട്ടുണ്ടോ, അവര്‍ മുന്നോട്ടുവച്ച 'ഗാന്ധിജിയുടെ കിനാശ്ശേരി' ഒരു വാദത്തിനെങ്കിലും യാഥാര്‍ത്യമായിട്ടുണ്ടോ എന്ന്? ഒരു വളരെ ചെറിയ ന്യൂനപക്ഷത്തെ പണക്കാരാക്കി എന്നതല്ലാതെ സാധാരണക്കാര്‍ എന്ത് നേടി. പാളക്കു പകരം ഡിസ്‌പോസിബള്‍ പ്ലേറ്റുകള്‍ തരാം എന്ന് പറഞ്ഞു വഞ്ചിച്ചുകൊണ്ട് കോരന്റെ കുംബിളിലെ കഞ്ഞി പോലും അവര്‍ അടിച്ചോണ്ട്‌പോയി.

മുതലാളിത്ത ഭ്രാന്തന്‍ വികസനം പ്രകൃതിയെ ഇല്ലാതക്കിക്കൊണ്ടിരിക്കുന്നു. വായുവും ജലവും മലിനമാക്കി. മുതലാളിത്തത്തിന്റെ കീഴിലെ ഗവേഷണങ്ങള്‍ മലിനമായ വായുവിലും ജലത്തിലുംവരെ  അവര്‍ കമ്പോളത്തിന്റെ സാധ്യതകള്‍ കണ്ടെത്തി. പണമുള്ളവര്‍ക്ക് വാട്ടര്‍ പ്യൂരിഫെയരുകള്‍ അവര്‍ വാഗ്ദാനം ചെയ്തു. ചൂട് കൂടിയ അന്തരീക്ഷത്തിനു പരിഹാരമായി എയര്‍ കണ്ടീഷന്‍ വ്യാപാരം വ്യാപകമാക്കി. മലിനമായ അന്തരീക്ഷത്തിനു പരിഹാരം കണ്ടെത്തിയതോ പണം മുടക്കി വീട്ടില്‍ വക്കാവുന്ന എയര്‍ പ്യൂരിഫെയരുകള്‍. ഈ മലിനമായ മണ്ണിലും, വായുവിലും, വെള്ളത്തിലും, ഉയര്‍ന്ന ചൂടിലും ഭൂരിപക്ഷം ജനങ്ങളെയും മുതലാളിത്ത വികസനത്തിന് വേണ്ടി പണിയെടുക്കാന്‍ തള്ളിവിട്ടുകൊണ്ട് അവര്‍ 'ശുദ്ധ' വായുവും, ജലവും, അന്തരീക്ഷവും ആസ്വദിച്ചു. ശരിക്കും മുതലാളിത്തം 'കാര്യക്ഷമം' തന്നെയല്ലേ? ഉത്പ്പാദനക്ഷമമല്ലേ? ലാഭം ഉണ്ടാക്കുന്ന കാര്യത്തിലും, അവശജനതയെ കൂടുതല്‍ അവശരാക്കുന്നതിലും അവര്‍ എഫിഷ്യന്റും, പ്രോഡക്ടീവും ആണെന്ന് പറയാം.

കാലാവസ്ഥാവ്യതിയാനം പുതിയ രോഗങ്ങള്‍ക്കും, രോഗ വ്യാപനങ്ങള്‍ക്കും കാരണമാവുന്നു എന്ന് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. നിപാ വൈറസ് വ്യാപനത്തിനും കാലാവസ്ഥാ വ്യതിയാനം കാരണമാകാന്‍ സാധ്യതയുണ്ടെന്നും പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. ഒരു വശത്ത് മുതലാളിത്തം രോഗ കാരണമാവുകയും, മറുവശത്ത് ലാഭംകേന്ദ്രീകൃത സ്വകാര്യ മേഖല രോഗത്തിന് മുന്‍പില്‍ വേഗത്തില്‍ കീഴടങ്ങുന്ന സാധാരണ ജനങ്ങളെ ചികിത്സക്കും മരുന്നിനും വിലയിട്ടുകൊണ്ട് അകറ്റി നിര്‍ത്തുന്നു. ജീവിതശൈലീ രോഗങ്ങള്‍ക്കും, സൗന്ദര്യവര്‍ദ്ധക മരുന്നുകള്‍ക്കും വേണ്ടി ഗവേഷണങ്ങള്‍ പൊടിപൊടിക്കുമ്പോള്‍, ദരിദ്രരാജ്യങ്ങളിലെ ജനങ്ങളില്‍ കണ്ടുവരുന്ന രോഗങ്ങള്‍ ഗവേഷണങ്ങളില്‍ അവഗണിക്കപ്പെടുന്നു. ഇങ്ങനെ ഓരോ മേഖല എടുതുനോക്കിയാലും മഹാഭൂരിപക്ഷം ജനങ്ങളും ഈ മുതലാളിത വികസന മാതൃകയില്‍ പുറംതള്ളപ്പെടുന്നതായി കാണാം.

അവര്‍ ഇനിയും വരും മുതലാളിത്ത വികസന മാതൃകയുടെ, നവലിബറല്‍ നയങ്ങളുടെ കാര്യക്ഷമതയുടെയും, ഉത്പ്പാദനക്ഷമതയുടെയും സ്വപ്‌നങ്ങളും മുന്നിലോട്ടു നീട്ടിക്കൊണ്ട്. അതിപ്പോ മന്‍മോഹന്റെ രൂപത്തിലും, മോഡിയുടെ രൂപത്തിലും വരാം. ചോദ്യങ്ങളുണ്ടാവണം... ആരുടെ വികസനമെന്ന് തിരിച്ചു ചോദിക്കണം.

ഇവിടെയാണ് ഒരു ബദല്‍ വികസന മാതൃക ശ്രദ്ധേയമാകുന്നത്. നഷ്ട്ടത്തിലായ പൊതുമേഖലയെ വീണ്ടെടുക്കുന്ന, പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്ന, പൊതുജനാരോഗ്യം സംരക്ഷിക്കുന്ന ഒരു ഇടതു പക്ഷ ബദല്‍. പറയത്തക്ക വിഭവസമ്പത്തൊന്നും കയ്യിലില്ലെങ്കിലും, തകര്‍ത്തുകൊണ്ടിരിക്കുന്ന ഫെഡറലിസത്തിന്റെ വാള്‍ മുകളിലിരിക്കുന്നുവെങ്കിലും പറ്റാവുന്ന സാധ്യതകളെല്ലാം പയറ്റിനോക്കുന്ന ഒരു സോഷ്യലിസ്റ്റ് ബദല്‍.

നിപായെ കേരളം എങ്ങനെ നേരിട്ടു എന്നത് തന്നെ നോക്കുക. ഇന്ന് ലോകത്തിലെ പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലെ ചര്‍ച്ചയാണ് കേരളം നിപായെ എങ്ങനെ നേരിട്ടുകൊണ്ടിരിക്കുന്നു എന്നത്. നിപായില്‍ മാത്രമല്ല, കേരളം ഒരു സമ്പല്‍ സമൃദ്ധിയുടെയും പിന്‍ബലമില്ലാതെ നേടിയെടുത്ത പൊതുജനാരോഗ്യനേട്ടങ്ങളുടെ  സൂചകങ്ങളിലും ലോകത്തിനു അത്ഭുതമാണ്. രാജ്യം വിടാന്‍ വിമാനം പിടിച്ചുനില്‍ക്കുന്ന രോഗാണുക്കളെ വരെ വിളിച്ചിരുത്തി ഊണുകൊടുക്കുന്ന ഈര്‍പ്പമുള്ള അന്തരീക്ഷവും, ജനസാന്ദ്രതയും, വെള്ളക്കെട്ടുകളും മറ്റും നിലനില്‍ക്കെ തന്നെ ഈ കൊച്ചു സമൂഹം ആരോഗ്യമായിരിക്കുന്നത് ലോകത്തിനു മാതൃകയാവുന്നതില്‍ അത്ഭുതപ്പെടെണ്ടതില്ല. ഇവിടെ ഇച്ഛാശക്തിയുള്ള ഒരു ഇടതുപക്ഷത്തിന്റെ സാനിധ്യമുണ്ടെന്നുള്ളത് തന്നെയാണ് ഉത്തരം.

അപകടകരമായ ഒരു പ്രവര്‍ത്തനത്തിനിറങ്ങുമ്പോള്‍ മുതലാളിത്തം അവര്‍ കൂലിക്കെടുത്തവരെ അപകട മുനമ്പിലേക്ക് തള്ളിവിടും. അതിന്റെ രാഷ്ട്രീയ നേതൃത്വം ഏറ്റവും സുരക്ഷിതമായ ഇടത്ത് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ വിജയവും കാത്തിരിക്കും. ചെന്നൈയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ജനജീവിതം ദുരിതമയമായപ്പോള്‍ പ്രധാനമന്ത്രി ഹെലികോപ്ടര്‍ യാത്ര നടത്തി തിരികെ പോയത് ഓര്‍ക്കുക. നിപായെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ഏറ്റവും തലപ്പത്തുള്ളവര്‍ അതിന് നേരിട്ടിറങ്ങി എന്നതാണ് കോഴിക്കോടിന്റെ അനുഭവം. മന്ത്രിമാര്‍ മുതല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍മാരും സീനിയര്‍ ഡോക്ടര്‍മാരുമെല്ലാം പകര്‍ന്ന ആ ആത്മവിശ്വാസത്തിലാണ് ഒരു ജനത, പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍, രോഗം കീഴടക്കുമോ എന്ന് ആശങ്കപ്പെട്ടവര്‍ എല്ലാം അഭൂതമായൊരു ചെറുത്ത് നില്‍പിന്റെ ഭാഗമായത്. വീണു പോയവര്‍ ഉപേക്ഷിക്കപ്പെടില്ല എന്ന ബോധ്യത്തില്‍ നിന്നാണ് അസാമാന്യമായ ഐക്യദാര്‍ഢ്യത്തിന്റെ അനുഭവത്തിലൂടെ കോഴിക്കോടും കേരളവും കടന്നു പോയത്.

(ജെഎന്‍യുവിലെ ഗവേഷകനാണ് ലേഖകന്‍)

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top