04 February Saturday

ഇന്ത്യയുടെ ഹൃദയം തൊട്ട പ്രിയ എഴുത്തുകാരൻ

ജേക്കബ് 
ഏബ്രഹാംUpdated: Tuesday Dec 6, 2022

ഡൊമിനിക് ലാപിയർ - photo credit: Twitter


ചരിത്രത്തെയും രാഷ്ട്രീയത്തെയും പച്ചമനുഷ്യരുടെ കഥകളുമായി കൂട്ടിക്കെട്ടിയ എഴുത്തുകാരനായിരുന്നു അന്തരിച്ച ഫ്രഞ്ച് എഴുത്തുകാരൻ ഡൊമിനിക്ക് ലാപിയർ. മൗണ്ട്ബാറ്റൻ പ്രഭുവിന്റെ സ്ഥാനാരോഹണം മുതൽ ഗാന്ധി വധം വരെയുള്ള ഇന്ത്യൻ സ്വാതന്ത്ര്യസമരകഥ ഉദ്വേഗജനകമായി അവതരിപ്പിച്ച സ്വാതന്ത്ര്യം അർധരാത്രിയിൽ, കൽക്കത്തയിലെ റിക്ഷാ തൊഴിലാളികളുടെ നീറുന്ന ജീവിതത്തെ ആസ്പദമാക്കിയുള്ള സിറ്റി ഓഫ്‌ ജോയ്‌.. ഇന്ത്യൻ ചരിത്രത്തെ തന്റേതായ സവിശേഷ ശൈലിയിൽ സ്പർശിച്ച മഹാനായ എഴുത്തുകാരനാണ്‌ കഥാവശേഷനായത്‌.

സഹ എഴുത്തുകാരൻ ലാറി കോളിൻസിനൊപ്പം ലാപിയർ രചിച്ച ആറ്‌ പുസ്തകങ്ങളും 50 ലക്ഷം കോപ്പികളിലധികം വിറ്റുപോയി. പത്രപ്രവർത്തനത്തിന്റെയും സാഹിത്യരചനയുടെയും സമ്മിശ്രണമുള്ള ഹൃദയസ്പർശിയായ രചനാശൈലിയിലൂടെ ഇവരുടെ പുസ്തകങ്ങളെല്ലാം ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം നേടി. ലോക സാഹിത്യത്തിൽത്തന്നെ അപൂർവമായ എഴുത്ത് സൗഹൃദമായിരുന്നു ഇവരുടേത്‌. ഒരു സമയത്ത് കോളിൻസിന്റെ വീടിനടുത്തേക്ക് ഡൊമിനിക്ക് താമസംപോലും മാറി.
ഈ കൂട്ടുകെട്ടിന്റെ മൂന്നുവർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’. 1976ൽ പുസ്തകം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടതോടെ മലയാളി വായനക്കാർക്കിടയിലും ഇവർ പ്രശസ്തരായി. 1985ൽ എഴുതിയ സിറ്റി ഓഫ് ജോയ് എന്ന നോവലും വൻ സ്വീകാര്യത നേടി.

ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ ഈ കൃതിയുടെ റോയൽറ്റി തുക ഇന്നും കൊൽക്കത്തയിലെ കുഷ്ഠരോഗ നിർമാർജനത്തിനായുള്ള ജീവകാരുണ്യ പ്രവർത്തനത്തിനുവേണ്ടി അദ്ദേഹം നൽകിവരുന്നു. നോവൽ ആസ്പദമാക്കി റൊ ലാൻഡ് ജോഫ് അതേപേരിൽ സംവിധാനം ചെയ്ത ചലച്ചിത്രവും പ്രേക്ഷകശ്രദ്ധ നേടി.
ഇന്ത്യയുടെ ആത്മാവിനെ സ്പർശിച്ച എഴുത്തുകാരനായിരുന്നു അദ്ദേഹം. മദർ തെരേസയുമായി അടുത്ത ബന്ധം പുലർത്തി. ഒരു പത്രപ്രവർത്തകന്റെ അന്വേഷണത്വര അദ്ദേഹത്തിൽ നിറഞ്ഞുനിന്നു. "ഒരാൾക്ക് ഒരേ സമയം ഹെമിങ്‌വേയും മദർ തെരേസയും ആകാനാകില്ല’ എന്ന അദ്ദേഹത്തിന്റെ വാക്കുകൾ യുദ്ധസമാനമായ അന്തരീക്ഷങ്ങളിലെ എഴുത്തുകാരന്റെ നിസ്സഹായവസ്ഥ വെളിപ്പെടുത്തുന്നു.

തൊണ്ണൂറ്റിയൊന്നാം വയസ്സിൽ ഡൊമിനിക്ക് ലാപിയർ വിടവാങ്ങുമ്പോൾ മരിക്കാതെ കൂടുതൽ വായനകൾക്കായി ആ കൃതികൾ നാം വീണ്ടും തുറക്കുന്നതും അദ്ദേഹം ഇന്നും മലയാളിയുടെയും ഓരോ ഇന്ത്യാക്കാരന്റെയും വായാനാനുഭവവുമായി ചേർന്നുനിൽക്കുന്നതുകൊണ്ടാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top