29 May Sunday

ഭീമ കൊറെഗാവും നീതിയുടെ ആസന്നനിലയും

എ സുരേഷ്‌Updated: Saturday Jan 1, 2022

ഇന്ത്യയുടെ ചരിത്രത്തിലേക്കും വർത്തമാനത്തിലേക്കും ഒരുപോലെ ശ്രദ്ധക്ഷണിക്കുന്ന ഭീമ കൊറെഗാവ്‌ യുദ്ധസ്‌മരണാദിനമാണ്‌ ജനുവരി ഒന്ന്‌. 1818ൽ മഹാരാഷ്‌ട്രയിലെ അധ:സ്ഥിതവിഭാഗമായ മഹറുകൾ സവർണ ബ്രാഹ്‌മണ നേതൃത്വത്തിലുള്ള പെഷവാ ഭരണത്തിനുമേൽ നേടിയ ചരിത്ര വിജയത്തിന്റെ ഓർമ. ബ്രിട്ടീഷുകാരോടൊപ്പം യുദ്ധത്തിൽ പങ്കെടുത്ത്‌ നിരവധി മഹർ പടയാളികൾ രക്തസാക്ഷികളായി. അവരുടെ ഓർമക്കായി സ്ഥാപിച്ച വിജയസ്‌തംഭം ദളിതുകളുടെ ആത്മാഭിമാനത്തിന്റെ പ്രതീകമായി നിലകൊണ്ടു. 1927 ജനുവരി ഒന്നിന്‌ അംബേദ്‌കർ നടത്തിയ സന്ദർശനമാണ്‌ മറവിയിലാഴുമായിരുന്ന ചരിത്രത്തെ വീണ്ടും ജ്വലിപ്പിച്ചുണർത്തിയത്‌. ദളിത്‌ എന്ന വാക്ക്‌ പോലും വ്യവഹാരങ്ങളിൽനിന്ന്‌ നിഷ്‌കാസനം ചെയ്യാൻ തിടുക്കപ്പെടുന്ന ബിജെപി സർക്കാർ ഈ സ്‌മരണയെ പലവിധത്തിൽ അവമതിക്കാൻ ശ്രമിക്കുന്നതിനിടെയാണ്‌ 2018ൽ ഭീമ കൊറെഗാവിന്റെ 200ാം വാർഷികം ആചരിക്കാൻ രാജ്യത്തെ ദളിത്‌ സംഘടനകളും പ്രവർത്തകരും എൽഗാർ പരിഷദ്‌ സംഘടിപ്പിച്ചത്‌.

പൂനെയിലെ ശനിവാർ വാഡയിൽ 2017 ഡിസംബർ 31ന്‌ നടന്ന ഒത്തുചേരലിൽ ഇരുനൂറ്റമ്പതോളം ദളിത്‌ സംഘടനകൾ പങ്കെടുത്തു. സമ്മേളനത്തിന്റെ അവസാനത്തിൽ അതിലേക്കു നുഴഞ്ഞുകയറി ശിവ്‌ പ്രതിഷ്‌ഠാൻ ഹിന്ദുസ്ഥാൻ, സമസ്‌ത ഹിന്ദു അഘാഡി തുടങ്ങിയ തീവ്ര ഹിന്ദുത്വ സംഘടനാ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടു. ചെറുത്തുനിൽപ്‌ സംഘർഷത്തിലേക്കു നീങ്ങി. കൂടുതൽ സംഘപരിവാർ അനുകൂലികൾ എത്തിയതോടെ കലാപാന്തരീഷമായി. സംഭവത്തിൽ രണ്ട്‌ യുവാക്കൾ കൊല്ലപ്പെട്ടു. അക്രമത്തിനു നേതൃത്വം കൊടുത്ത സംബാജി ഭിഡെ, മിലിന്ദ്‌ എക്‌ബോതെ എന്നിവർക്കെതിരെ പൂനെ േപാലീസ്‌ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തെങ്കിലും ദിവസങ്ങൾക്കകം കാര്യങ്ങൾ മാറിമറഞ്ഞു. എൽഗാർ പരിഷദ്‌ സംഘടിപ്പിച്ചവർക്കും പങ്കെടുത്ത പ്രമുഖർക്കുമെതിരെ കലാപത്തിന്‌ കേസെടുത്തു. പിന്നീട്‌ നടന്നത്‌ സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ ഭരണകൂട വേട്ടയുടെയും നീതിനിഷേധത്തിന്റെയും ഇരുണ്ട നാൾവഴിയാണ്‌. രാജ്യത്തെ ഉന്നതരായ ധൈഷണികരും പ്രൊഫസർമാരും മനഷ്യാവകാശ പ്രവർത്തകരും ആക്ടിവിസ്‌റ്റുമുൾപ്പെടെ ഒട്ടേറെപേർ പലഘട്ടങ്ങളിലായി അറസ്‌റ്റ്‌ ചെയ്‌ത ജയിലിലടയ്‌ക്കപ്പെട്ടു.

വിചാരണയും കുറ്റപത്രവുമില്ലാതെ നീണ്ട ജയിൽവാസത്തിനിടെ 84കാരനായ ഫാദർ സ്‌റ്റാൻസ്വാമി മരണത്തിനു കീഴടങ്ങി. വയോധികനായ കവി വരവരറാവുവിന്‌ ജാമ്യം ലഭിക്കാൻ കോടതിയുടെ ഇടപെടൽ വേണ്ടിവന്നു. അഭിഭാഷകയും മനുഷ്യാവകാശപ്രവർത്തകയുമായ സുധ ഭരദ്വാജിന്‌ ജാമ്യം ലഭിച്ചത്‌ അറസ്‌റ്റിലായി മൂന്നു വർഷം തികയുമ്പോൾ. കേസിന്റെ നാൾവഴിയിലൂടെ: 2018 ഫെബ്രുവരി: ആരോപണവിധേയനായ മിലിന്ദ്‌ എക്‌ബോതെ യെ പിടികൂടാത്തതിലും കേസന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിലും മഹാരാഷ്‌ട്ര സർക്കാരിനെയും അന്വേഷണ ഏജൻസികളെയും സുപ്രിംകോടതി വിമർശിച്ചു. ഏപ്രിൽ 22: അക്രമത്തിൽ വീട്‌ നഷ്ടപ്പെട്ട, പ്രധാന സാക്ഷിയായ 19 കാരി കിണറ്റിൽ മരിച്ചനിലയിൽ. മൊഴി പിൻവലിക്കാൻ അവരുടെ മേൽ സമ്മർദമുണ്ടായെന്ന്‌ ബന്ധുക്കൾ വെളിപ്പെടുത്തി. 2018 ജൂൺ 6: ദളിത്‌ ആക്‌ടിവിസ്‌റ്റും എൽഗാർ പരിഷദ്‌ സംഘാടകരിൽ ഒരാളുമായ സുധീർ ധാവ്‌ളെ, നാഗപൂർ യൂനിവേഴ്‌സിറ്റി പ്രൊഫസർ ഷോമ സെൻ, മനുഷ്യാവകാശ പ്രവർത്തകരായ റോണ വിൽസൺ, സുരേന്ദ്ര ഗാഡ്‌ലിങ്‌, മഹേഷ്‌ റൗട്ട്‌ എന്നിവരെ പൂനെ പൊലീസ്‌ യുഎപിഎ ചുമത്തി അറസ്‌റ്റ്‌ ചെയ്‌തു. ഗൂഢാലോചന, മാവോയിസ്‌റ്റുകൾക്കായി ആയുധക്കടത്ത്‌, ഫണ്ട്‌ ശേഖരണം തുടങ്ങിയ ആരോപണങ്ങൾ കൂടാതെ പ്രധാനമന്ത്രി മോഡിയെ വധിക്കാനും രാജ്യത്തിനെതിരെ കലാപം ചെയ്യാനും പദ്ധതിയിട്ടതിന്റെ ഇലക്‌ട്രോണിക്‌ രേഖകൾ പിടിച്ചെടുത്തതായും പൂനെ പൊലീസ്‌ വെളിപ്പെടുത്തുന്നു.

ആഗസ്‌റ്റ്‌: രാജ്യത്തിന്റെ പലഭാഗങ്ങളിലായി മാവോയിസ്‌റ്റ്‌ ബന്ധമാരോപിച്ച്‌ വീണ്ടും സമാന അറസ്‌റ്റുകൾ. മനുഷ്യാവകാശ പ്രവർത്തകരായ സുധ ഭരദ്വാജ്‌, വരവരറാവു, ഗൗതം നവലാഖ, അരുൺ ഫെരേര, വെർനൺ ഗോൺസാൽവസ്‌ എന്നിവർ അറസ്‌റ്റിൽ. ആഗസ്‌റ്റ്‌ 29: അറസ്‌റ്റ്‌ചെയ്‌തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട്‌ റൊമില ഥാപ്പർ, പ്രഭാത്‌ പട്‌നായിക്‌, സതീഷ്‌ ദേശ്‌പാണ്ഡെ, മായ ഡാർനൽ എന്നീ പ്രമുഖർ സുപ്രീം കോടതിയിൽ. കേസിന്റെ മെറിറ്റിൽ തൃപ്‌തരല്ലാത്ത കോടതി സെപ്‌തംബർ ആറ്‌ വരെ ഇവരെ വീട്ടുതടങ്കലിൽ പാർപ്പിക്കാൻ ഉത്തരവിട്ടു. സെപ്‌തംബർ 5: അറസ്‌റ്റ്‌ ചെയ്‌തത്‌ മാവോയിസ്‌റ്റ്‌ ബന്ധത്തിന്റെ പേരിലാണെന്നും രാഷ്‌ട്രീയ വിയോജിപ്പ്‌ കാരണമല്ലെന്നും മഹാരാഷ്‌ട്ര സർക്കാർ കോടതിയെ ബോധിപ്പിക്കുന്നു. സെപ്‌തംബർ 6: വീട്ടു തടങ്കൽ കാലാവധി സെപ്‌തംബർ 17വരെ കോടതി നീട്ടുന്നു. സെപ്‌തംബർ28: ആക്‌ടിവിസ്‌റ്റുകളുടെ അറസ്‌റ്റ്‌ തടയാൻ വിസമ്മതിച്ച സുപ്രീംകോടതി കേസ്‌ പ്രത്യേക അന്വേഷണ സംഘ(എസ്‌ഐടി)ത്തിനെ ഏൽപിച്ചു. 2020 ജനുവരി 22: മഹാരാഷ്‌ട്രയിൽ ശിവസേനയുടെ നേതൃത്വത്തിൽ അധികാരമേറ്റ പുതിയ സർക്കാർ കേസിൽ പുനരന്വേഷണത്തിന്‌ ഉത്തരവിട്ടു. ജനുവരി 24: കേസന്വേഷണം ധൃതിയിൽ എൻഐഎ ഏറ്റെടുക്കുന്നു. തീരുമാനം സംസ്ഥാനവുമായി ആലോചിക്കാതെയായതിനാൽ കേസ്‌ കൈമാറുന്നത്‌ സംബന്ധിച്ച്‌ മഹാരാഷ്‌ട്ര സർക്കാറും കേന്ദ്രവും തമ്മിൽ തർക്കമുയർന്നു. 2020 ഏപ്രിൽ 14: അംബേദ്‌കറുടെ 129 ാമത്‌ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ചെറുമകൻ ആനന്ദ്‌ ടെൽടുംബ്‌ഡയെ കേസുമായി ബന്ധപ്പെടുത്തി എൻഐഎ അറസ്‌റ്റ്‌ ചെയ്യുന്നു.

സുപ്രീംകോടതി അദ്ദേഹത്തിന്‌ ജാമ്യം നിഷേധിച്ചു. ആന്ധ്രയിലെയും തെലുങ്കാനയിലെയും നിരോധിത സംഘടനകളുമായും മാവോയിസ്‌റ്റുകളുമായും ബന്ധമുണ്ടെന്നും ആയുധം സംഭരിക്കുകയും സായുധപരിശീലനം നടത്തുകയും ചെയ്‌തെന്നും എൻഐഎ കോടതിയെ ബോധിപ്പിക്കുന്നു. ജൂലൈ 28: ഡൽഹി സർവകലാശാല അസോസിയേറ്റ്‌ പ്രൊഫ. ഹനി ബാബുവിനെ അറസ്‌റ്റ്‌ ചെയ്‌തു. കന്പ്യൂട്ടർ വിവരങ്ങൾ പങ്കുവെച്ചതായി ആരോപണം. സെപ്‌തംബർ 8: കബീർ കലാമഞ്ച്‌ പ്രവർത്തകരായ സാഗർ ഗോർഖെ, രമേഷ്‌ ഖയ്‌ചോർ, ജ്യോതി ജഗ്‌തബ്‌ എന്നിവരെ എൻഐഎ അറസ്‌റ്റ്‌ ചെയ്‌തു. സമ്മേളനത്തിൽ പ്രകോപനപരമായി സംസാരിച്ചുവെന്നും മാവോയിസ്‌റ്റ്‌, നക്‌സൽ ബന്ധമുണ്ടെന്നും ആരോപിച്ചു. ഒക്‌ടോബർ: ഫാദർ സ്‌റ്റാൻ സ്വാമിയുടെ ഉൾപ്പെടെ പുതിയ പരുകൾ ചേർത്ത്‌ എൻഐഎ പതിനായിരം പേജ്‌ കുറ്റപത്രം സമർപിച്ചു. എട്ടിന്‌ അദ്ദേഹത്തെ അറസ്‌റ്റ്‌ ചെയ്‌തു. ദളിതുകളെയും മുസ്ലിംകളെയും ഐക്യപ്പെടുത്തി ‘കേന്ദ്രത്തിലെ ഫാസിസ്‌റ്റ്‌ സർക്കാരി’നെ താഴെയിറക്കാൻ ഗൂഢാലോചന നടത്തിയതിന്‌ അദ്ദേഹത്തിനെതിരെ യുഎപിഎ ചുമത്തി. കൂടെ മാവോയിസ്‌റ്റ്‌ ബന്ധവും ആരോപിച്ചു. ഒക്‌ടോബർ 23: ആരോഗ്യകാരണത്താൽ സ്‌റ്റാൻസ്വാമിക്ക്‌ ഇടക്കാല ജാമ്യം അനുവദിക്കാൻ എൻഐഎ പ്രത്യേക കോടതി വിസമ്മതിച്ചു. നവംബർ 6: പാർക്കിൻസൺസ്‌ രോഗിയായ സ്‌റ്റാൻ സ്വാമിക്ക്‌ കൈകൊണ്ട്‌ വെള്ളമെടുത്ത്‌ കുടിക്കാൻ കഴിയാത്തതിനാൽ സ്‌ട്രോ ഘടിപ്പിച്ച സിപ്പർ വേണമെന്ന ലീഗൽ കൗൺസൽ അപേക്ഷയിൽ മറുപടിക്ക്‌ എൻഐ 20 ദിവസം സാവകാശം ചോദിച്ചു. നവംബർ 26: സ്‌ട്രോയും സിപ്പറും നൽകാനാവില്ലെന്ന്‌ കോടതിയിൽ എൻഐഎ അറിയിച്ചു. 2021 െഫബ്രുവരി 8: റോണ വിൽസന്റെ ലാപ്‌ടോപ്പിൽ വൈറസ്‌ ഉപയോഗിച്ച്‌ നുഴഞ്ഞുകയറി പുറത്തുനിന്ന്‌ നിക്ഷേപിച്ചതാണ്‌ പിടിച്ചെടുത്തതായി പറയുന്ന രേഖകളെന്ന്‌ അമേരിക്കയിലെ സൈബർ ഏജൻസി ആഴ്‌സണൽ കൺസൾട്ടിങ്‌ കണ്ടെത്തുന്നു.

ഫെബ്രുവരി 22: കവി വരവരറാവുവിന്‌ താൽക്കാലിക ജാമ്യം. മെയ്‌ 18: തലോജ ജയിലിൽവച്ച്‌ കോവിഡ്‌ ബാധിച്ച സ്‌റ്റാൻ സ്വാമിയുടെ പരിശോധനാഫലം നെഗറ്റീവ്‌. ആരോഗ്യസ്ഥിത വഷളായതിനെ തുടർന്ന്‌ 19ന്‌ മുംബൈ ജെജെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ അന്നുതന്നെ ജയിലിലേക്ക്‌ തിരിച്ചുകൊണ്ടുവന്നു.

24ന്‌ വീണ്ടും ആശുപത്രിൽ കൊണ്ടുപോയെങ്കിലും മടക്കി. 28ന്‌ മുംബൈ ഹൈക്കോടതി നിർദേശത്തതിൽ അദ്ദേഹത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ കോവിഡ്‌ പോസിറ്റീവ്‌ സ്ഥിരീകരിച്ചു. ജൂലൈ 4: ആരോഗ്യനില വഷളായ സ്‌റ്റാൻസ്വാമിയെ വെന്റിലേറ്ററിലേക്കു മാറ്റി. അഞ്ചിന്‌ അന്തരിച്ചു. ഒക്‌ടോബർ 23: 2018 ജനുവരി ഒന്നിലെ അക്രമത്തെക്കുറിച്ച്‌ അന്വേഷിക്കുന്ന കമ്മീഷനുമുന്പിൽ ഹാജരാവാൻ, കേസ്‌ അന്വേഷണത്തിനു നേതൃത്വം നൽകിയ മുംബൈ പൊലിസ്‌ മുൻ കമ്മിഷണർ പരംബിർ സിങ്‌, രഷ്‌മി ശുക്ല ഐപിഎസ്‌ എന്നിവരോട്‌ ആവശ്യപ്പെട്ടു. ഡിസംബർ 10: ലോക മനുഷ്യാവകാശ ദിനത്തിൽ അഭിഭാഷകയും മനുഷ്യാവകാശ പ്രവർത്തകയുമായ സുധ ഭരദ്വാജിന്‌ ജാമ്യം ലഭിച്ചു. സുധീർ ധാവ്‌ളെ ഉൾപ്പെടെയുള്ളവരുടെ ജാമ്യാപക്ഷേ തള്ളി. 81 കാരനായ വരവരറാവുവിന്റെ ജാമ്യം റദ്ദാക്കി ജയിലിലേക്ക്‌ തിരിച്ചുകൊണ്ടുവരണമെന്ന്‌ എൻഐഎ കോടതിയിൽ ആവശ്യപ്പെടുന്നു. രാജ്യത്തെ ഞെട്ടിച്ച പെഗാസസ്‌ ചോർത്തൽ കൂടി പുറത്തുവന്നസാഹചര്യത്തിൽ കേസ്‌ അന്വേഷണം പുതിയ വഴിത്തിരിവുകളിലെത്തിനിൽക്കുകയാണ്‌. ജനാധിപത്യത്തിന്റെയും നീതിന്യായ വ്യസ്ഥയുടെയും സകല മാനദണ്ഡങ്ങളും ലംഘിച്ച്‌ ഭരണകൂടം പൗരന്മാർക്കെതിരെ ഗൂഢാലോചനയും തെളിവു ചമയ്‌ക്കലും നടത്തിയ രാജ്യത്തെ അസാധാരണ സംഭവമായി മാറി ഭീമ കെറെഗാവ്‌ കേസ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top