07 July Tuesday

21ൽനിന്ന്‌ 2021ലേക്ക്‌

കെ ശ്രീകണ‌്ഠൻUpdated: Friday Oct 25, 2019


തിരുവനന്തപുരം
അഞ്ചിടത്തെ  ഉപതെരഞ്ഞെടുപ്പ്‌ വിധിയെഴുത്ത്‌ രാഷ്‌ട്രീയ കേരളത്തിന്റെ ബലാബലത്തിൽ നിർണായകവഴിത്തിരിവിന്‌ കളമൊരുക്കും. പാലായ്‌ക്കു പുറമെ  യുഡിഎഫ്‌ കോട്ടകളിൽ വലിയ വിള്ളൽവീഴ്‌ത്തിയതുമാത്രമല്ല ഈ ജനവിധിയുടെ മാറ്റ്‌ കൂട്ടുന്നത്‌. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ദിശാസൂചികയാണ്‌ തെളിഞ്ഞുവരുന്നത്‌. ഉപതെരഞ്ഞെടുപ്പ്‌ നടന്നത്‌ ഒക്ടോബർ 21 നാണ്‌.

അതിൽ എൽഡിഎഫിനുണ്ടായ വലിയ കുതിപ്പ്‌ ഇന്ധനമാകുന്നത്‌ 2021ലെ നിയമസഭാ പൊതുതെരഞ്ഞെടുപ്പിനും കൂടിയാണ്‌. എൽഡിഎഫ്‌ സർക്കാർ 2016ൽ അധികാരത്തിൽ വരുമ്പോൾ ഭരണപക്ഷത്തെ അംഗബലം 91 ആയിരുന്നു. അത്‌ 93 ആയി മാറിയെന്നത്‌ നിസ്സാരമല്ല. ഒരു മാസത്തിനിടെ ആറ്‌ ഉപതെരഞ്ഞെടുപ്പിൽ മൂന്നിലും ജയം. 54 വർഷത്തിനുശേഷം പാല, 23 വർഷത്തെ കുത്തക തകർത്ത്‌ കോന്നി, മൂന്നാംനിരയിൽനിന്ന്‌ ഒന്നാമതെത്തി വട്ടിയൂർക്കാവ്‌. 2016ൽ യുഡിഎഫ്‌ 21,149 വോട്ട്‌ വ്യത്യാസത്തിൽ നേടിയ എറണാകുളത്ത്‌ മൂന്ന്‌ വർഷത്തിനുശേഷം അവരെ വിറപ്പിച്ചു... ഇതെല്ലാം കേരള രാഷ്‌ട്രീയത്തിൽ ഉരുത്തിരിയുന്ന മാറ്റത്തിന്റെ ഗതിവേഗമാണ്‌ കാണിക്കുന്നത്‌. സാധാരണ ഭരണവിരുദ്ധവികാരം പ്രതിഫലിക്കുന്നതാണ്‌ ഉപതെരഞ്ഞെടുപ്പുകളുടെ ചരിത്രം. എന്നാൽ, ഇവിടെ അതുണ്ടായില്ല എന്ന്‌ അടിവരയിട്ട്‌ പറയാം.

സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങളും വികസനവും മുൻ ഭരണകാലത്തെ അഴിമതിയും അക്കമിട്ട്‌ നിരത്തിയാണ്‌ എൽഡിഎഫ്‌  പ്രചാരണത്തിലുടനീളം നിലയുറപ്പിച്ചത്‌. എന്നാൽ, എൻഎസ്‌എസിന്റെ ശരിദൂര സിദ്ധാന്തത്തിന്റെ മറപിടിച്ച്‌ ശബരിമല വിവാദം ചൂടുപിടിപ്പിച്ച്‌ നിർത്തി സർക്കാരിനെ ആക്രമിക്കുകയായിരുന്നു യുഡിഎഫിന്റെയും ബിജെപിയുടെയും ലക്ഷ്യം. അത്‌ ഗൗനിക്കാതെ വികസനക്ഷേമ പ്രവർത്തനങ്ങളിൽ കേന്ദ്രീകരിച്ചുതന്നെ മുന്നോട്ടുപോകാൻ എൽഡിഎഫ്‌ ശ്രദ്ധിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ  സ്വകാര്യവൽക്കരണം ഉൾപ്പെടെ കേന്ദ്രസർക്കാരിന്റെ  ജനവിരുദ്ധ നയങ്ങളും സാമ്പത്തികമാന്ദ്യവും അതുമൂലമുള്ള തിരിച്ചടിയും എൽഡിഎഫ്‌ പ്രചാരണ വിഷയങ്ങളാക്കി. ജനകീയവിഷയങ്ങളിലേക്ക്‌ കടക്കാതെ പ്രചാരണം ശബരിമലയിൽ ചുറ്റിത്തിരിക്കുകയായിരുന്നു യുഡിഎഫ്‌. അതിനു പുറമെ കിഫ്‌ബി, ട്രാൻസ്‌ഗ്രിഡ്‌ തുടങ്ങിയ പദ്ധതികളുടെ പേരിൽ നിരന്തരം അഴിമതി ആരോപിക്കുന്നതിൽ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ഉൾപ്പെടെയുള്ളവർ രസംപിടിച്ചു. ഇതെല്ലാം അവഗണിച്ച ജനങ്ങൾ ക്ഷേമ പ്രവർത്തനങ്ങളുടെ അനുഭവസാക്ഷ്യം നിരത്തി എൽഡിഎഫിനെ പിന്തുണച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ മുന്നോട്ടുവച്ചത്‌ 600 നിർദേശമടങ്ങിയ പ്രകടനപത്രികയായിരുന്നു. കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ അതിൽ 560 എണ്ണവും യാഥാർഥ്യമാക്കി. അവശേഷിക്കുന്നവ ഈ വർഷത്തിനകം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണ യോഗങ്ങളിൽ ആവർത്തിച്ചു.
പാലായിലെ ചരിത്രവിജയം ചൂണ്ടുപലകയാണെന്ന്‌ വ്യക്തമായിരുന്നു. എന്നാൽ, വിജയത്തിന്റെ തിളക്കം കുറയ്‌ക്കാൻ അത്‌ കേരള കോൺഗ്രസ്‌ ആഭ്യന്തര തർക്കത്തിന്റെ സൃഷ്ടിയാക്കി ജനവിധിയെ യുഡിഎഫ്‌ ഇടിച്ചുതാഴ്‌ത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ രാഷ്‌ട്രീയ സാഹചര്യം മാറിയെന്ന്‌ എൽഡിഎഫ്‌ ആവർത്തിച്ചു പറഞ്ഞത്‌ സമഗ്രമായ സൂചനയായിരിക്കുകയാണ്‌.

ഇനി അടുത്തവർഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ്‌. അതിനുശേഷം മാസങ്ങൾക്കുള്ളിൽ നിയമസഭയിലേക്കും. ഈ കാലയളവിനുള്ളിൽ സർക്കാർ ബഹുദൂരം കുതിക്കുമെന്ന്‌ വ്യക്തമായ സന്ദേശം പുറത്തുവന്നിട്ടുണ്ട്‌. നവകേരള നിർമിതി അടക്കമുള്ള കർമപരിപാടിയും ദേശീയപാത വികസനം ഉൾപ്പെടെയുള്ള സ്വപ്‌നപദ്ധതികളും യാഥാർഥ്യമാക്കുന്നതിനുള്ള പ്രയത്‌നമുണ്ടാകും. സാമുദായിക സമവാക്യങ്ങൾക്കും വെല്ലുവിളികൾക്കും അപ്പുറം ജനക്ഷേമവും തെളിഞ്ഞ രാഷ്‌ട്രീയവും കൈമുതലാക്കി 2021ലേക്കുള്ള എൽഡിഎഫ്‌ കുതിപ്പിന്‌ സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ്‌ കേരളം.


പ്രധാന വാർത്തകൾ
 Top