07 July Tuesday

ജാതിമത ശക്തികള്‍ക്ക് തിരിച്ചടി

വി ബി പരമേശ്വരന്‍Updated: Friday Oct 25, 2019കേരള രാഷ്ട്രീയത്തെ ദശാബ്ദങ്ങളായി മലിനീകരിക്കുന്ന  ജാതിമത സാമുദായിക ശക്തികൾക്ക് ഇനി ജനവിധിയെ നിർണായകമായി സ്വാധീനിക്കാനുള്ള കെൽപ്പില്ലെന്ന് തെളിയിക്കുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലം. പതിവ് പോലെ ഇക്കുറിയും ജാതി മത സംഘടനകളിൽ പലതും ഇടതുപക്ഷത്തെ ഒരു പാഠം പഠിപ്പിക്കുമെന്ന് വീരസ്യം മുഴക്കി. സ്വന്തം സമുദായത്തിലെ സ്ഥാനാർഥികളെ നിർത്തണമെന്ന അന്ത്യശാസനവും ചിലർ നടത്തി. ഇതിന് ചെവികൊടുക്കാൻ സിപിഐ എമ്മും ഇടതുപക്ഷവും തയ്യാറായില്ലെന്ന് മാത്രമല്ല എതിർ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ എൽഡിഎഫ്‌ സ്ഥാനാർഥികളെ രംഗത്തിറക്കി. എൻഎസ്എസ് ശരിദൂരം പ്രഖ്യാപിച്ച് ഇടതുപക്ഷത്തിനെതിരെ പ്രചാരണരംഗത്ത് ഇറങ്ങിയപ്പോൾ, കോൺഗ്രസ് ഉറപ്പിച്ച സീറ്റിലാണ് ഏറ്റവും വലിയ ഭൂരിപക്ഷത്തിന് എൽഡിഎഫ്‌ സ്ഥാനാർഥി വിജയിച്ചത്.  ജാതി മത ഉപശാലകളിൽ സംസ്ഥാനരാഷ്ട്രീയം നിയന്ത്രിക്കാൻ കഴിയില്ലെന്ന്‌ ഇത്‌ ഒരിക്കൽ കൂടി വ്യക്തമാക്കി.

കോൺഗ്രസും ബിജെപിയുമാണ് തരാതരം പോലെ ജാതി മത സാമുദായിക ശക്തികളെ തെരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷത്തിനെതിരെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. വിമോചന സമരകാലം മുതലാണ് ഈ പ്രക്രിയ ആരംഭിച്ചത്. ജനകീയ മുന്നേറ്റങ്ങളിലൂടെ മതനിരപേക്ഷ ജനാധിപത്യ ഉള്ളടക്കത്തോടെ കേരളം മുന്നേറുന്ന വേളയിലാണ്  ഇത്‌ തടയുന്ന വിമോചനസമരമെന്ന അറുപിന്തിരിപ്പൻ പ്രസ്ഥാനം ഉടലെടുത്തത്. എല്ലാ ജാതി മത സംഘടനകളെയും അണിനിരത്തി കോൺഗ്രസ് തെരഞ്ഞെടുപ്പിലൂടെ രാജ്യത്ത് അധികാരമേറിയ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെ അട്ടിമറിച്ചു. എന്നാൽ 1967 ൽ ഇ എം എസിന്റെ നേതൃത്വത്തിൽ അധികാരത്തിൽ തിരിച്ചത്തി. ആ ഘട്ടമായപ്പോഴേക്കും കോൺഗ്രസ് പ്രേരണയാൽ വിമോചന സമരത്തിൽ പങ്കെടുത്ത പലരും തെറ്റുമനസ്സിലാക്കി ഇടതുപക്ഷത്തോടൊപ്പം ചേർന്നു. ഫാദർ വടക്കനും ബി വെല്ലിങ്ടണും തന്നെ ഉദാഹരണം. വെല്ലിങ്ടൺ 1967 ലെ ഇ എം  എസ് മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയുമായി.

സംവരണ വിഷയത്തിലും ജാതി സംഘടനകൾ ഇടതുപക്ഷത്തിനെതിരെ തിരിഞ്ഞു. നിലവിലുള്ള സംവരണസമ്പ്രദായം അശാസ്ത്രീയമാണെന്ന 1967 ലെ ഹൈക്കോടതിവിധിയെ തുടർന്നായിരുന്നു സംവരണപ്രശ്നം സജീവ ചർച്ചാവിഷയമായത്. ഇ എം എസ് സർക്കാർ നെട്ടൂർകമീഷനെ നിയമിച്ചത് ഈ ഘട്ടത്തിലാണ്. നിലവിലുള്ള സംവരണം അതേ പടി തുടരണമെന്ന് എസ്എൻഡിപി വാദിച്ചപ്പോൾ സാമ്പത്തിക സംവരണം വേണമെന്ന് എൻഎസ്എസ് വാദിച്ചു. സമുദായവാദം ജനങ്ങളെ മാർക്സിസ്റ്റ് വിരുദ്ധ ക്യാമ്പിൽ അണിനിരത്താനുള്ള അടവായി കോൺഗ്രസ് സമർഥമായി ഉപയോഗിക്കുകയും ചെയ്തു.

ഇരുസംഘടനകളും രാഷ്ട്രീയ പാർടിയുണ്ടാക്കിയത് ഈ ഘട്ടത്തിലായിരുന്നു. എൻഎസ്എസ് നാഷനൽ ഡെമോക്രാറ്റിക്ക് പാർടിക്കും(എൻഡിപി) എസ്എൻഡിപി സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർടിക്കും(എസ്ആർപി)രൂപം നൽകി. പരസ്പരം കടിച്ചുകീറിയ രണ്ട് സംഘടനകളും പിന്നീട് കരുണാകരൻ മന്ത്രിസഭയിൽ അംഗങ്ങളാകുന്നതാണ് കണ്ടത്.  എന്നിട്ടും 1987 ൽ ഒരു ജാതി മത സംഘടനയുടെയും പിന്തുണയില്ലാതെ ഇടതുപക്ഷം വിജയിച്ചു. അഖിലേന്ത്യാലീഗ് കൂടി ഇടതുപക്ഷ മുന്നണി വിട്ട ഘട്ടത്തിലാണ് ഈ വിജയം. എൻഡിപിയും എസ്‌ആർപിയും അപ്രത്യക്ഷമായി.

അവസാനമായി ശബരിമലയിലെ സ്ത്രീ പ്രവേശനമുയർത്തി കോൺഗ്രസും ബിജെപിയും ജാതി സമുദായ സംഘടനകളെ ഇടതുപക്ഷത്തിനെതിരെ തെരുവിലിറക്കി. എന്നാൽ   ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി അതീജീവിച്ച് എൽഡിഎഫ് വീണ്ടും മുന്നേറുന്ന കാഴ്ചയാണ് പാലയും കോന്നിയും വട്ടിയൂർക്കാവും നൽകുന്നത്. ജാതി മത സാമുദായിക സംഘടനകളുടെ മാത്രമല്ല അവരെ മുൻ നിർത്തി രാഷ്ട്രീയം കളിക്കുന്ന കോൺഗ്രസിനെയും ബിജെപിയെയും കേരളത്തിലെ ജനങ്ങൾ അവഗണിച്ചു. പാവപ്പെട്ട ജനങ്ങളുടെ പ്രശ്നങ്ങളുയർത്തി ജാതി മത സാമുദായിക വിഭാഗങ്ങളുടെ ഐക്യത്തിനെതിരെ മതനിരപേക്ഷ ജനപക്ഷ ഐക്യം രൂപീകരിച്ചാണ് ഇടതുപക്ഷം മുന്നോട്ടുപോകുന്നത്. ഈ ചുവരെഴുത്ത് വായിക്കാൻ ജാതി മത സംഘടനകളും വലതുപക്ഷ രാഷ്ട്രീയ കക്ഷികളും തയ്യാറാകുമെന്ന് പ്രതീക്ഷിക്കാം.


പ്രധാന വാർത്തകൾ
 Top